അസമിലെ പൗരത്വ പ്രശ്‌നം: പതിറ്റാണ്ടുകൾ മുമ്പേ അംബേദ്കർക്കും തലവേദന; പരിഹാരം കണ്ടതെങ്ങനെ?

ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്ന കാലത്ത് തന്നെ അസമിലെ കുടിയേറ്റവും പൗരത്വവും സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു.

അസമിലെ പൗരത്വവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ വീണ്ടും ദേശീയ ശ്രദ്ധ നേടുകയാണ്. അടുത്തിടെ അസമിലെ 27 ആളുകളെ വിദേശികളെന്ന് പ്രഖ്യാപിച്ച ട്രൈബ്യൂണലുകളുടെ വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. എന്നാൽ ഈ പ്രശ്‌നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്ന കാലത്ത് തന്നെ അസമിലെ കുടിയേറ്റവും പൗരത്വവും സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു. അന്നത്തെ ഭരണഘടനാ നിമാണ സമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബി.ആർ. അംബേദ്കർ ഈ വിഷയത്തിൽ വിശദമായ മറുപടിയും നൽകിയിരുന്നു.

1947-ലെ വിഭജനത്തിന് പിന്നാലെ കിഴക്കൻ പാകിസ്ഥാനിൽനിന്നും (ഇന്നത്തെ ബംഗ്ലാദേശ്) പശ്ചിമ പാകിസ്ഥാനിൽനിന്നും ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലേക്ക് കുടിയേറി. പഞ്ചാബിനൊപ്പം അസമും ഈ കുടിയേറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. 1949 ഓഗസ്റ്റ് 10 മുതൽ 12 വരെ ഭരണഘടനാ സഭയിൽ ഇന്ത്യൻ പൗരത്വം എങ്ങനെ നിർവചിക്കണമെന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അസമിലെ കുടിയേറ്റം പ്രധാന വിഷയമായി ഉയർന്നു. അംബേദ്കർ പിന്നീട് പറഞ്ഞത്, ഭരണഘടനയിലെ മറ്റേതൊരു വകുപ്പിനേക്കാളും കൂടുതൽ തലവേദന സൃഷ്ടിച്ച വിഷയമാണ് പൗരത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകളെന്നാണ്. പല കരടുകളും തയ്യാറാക്കി ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ കരടിലെ വ്യവസ്ഥകൾ

ഭരണഘടനയുടെ ആദ്യ കരടിലെ ആർട്ടിക്കിൾ 5 (ഇന്നത്തെ ഭരണഘടനയിലെ ആർട്ടിക്കിൾ 5) പ്രകാരം ആർക്കൊക്കെയാണ് ഇന്ത്യൻ പൗരത്വം ലഭിക്കുകയെന്ന് നിർദേശിച്ചിരുന്നു. ഇന്ത്യയിൽ ജനിച്ചവർ, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യയിൽ ജനിച്ചവർ, ഭരണഘടന പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള അഞ്ച് വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ എന്നിവർക്ക് പൗരത്വം ലഭിക്കുമെന്നാണ് ഇതിൽ പറയുന്നത്.

1950ലെ ഒരു ഭരണഘടനാ സഭാ യോഗം

അതേസമയം പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർക്കായി പ്രത്യേക വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നു. 1948 ജൂലൈ 19-ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കും അതിന് ശേഷം എത്തിയവർക്കും വ്യത്യസ്ത മാനദണ്ഡങ്ങളായിരുന്നു നിർദേശിച്ചിരുന്നത്. പിന്നീട് പൗരത്വ നിയമം രൂപപ്പെടുത്തേണ്ട ചുമതല പാർലമെന്റിനായിരിക്കുമെന്നും കരട് വ്യവസ്ഥകൾ വ്യക്തമാക്കിയിരുന്നു.

അസമിന്റെ ആശങ്ക

അസമിൽ നിന്നുള്ള ഭരണഘടനാ സഭാംഗം രോഹിണി കുമാർ ചൗധരി അന്നത്തെ ചർച്ചയിൽ ശക്തമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. കിഴക്കൻ ബംഗാളിൽനിന്നുള്ള എല്ലാവർക്കും സ്വമേധയാ പൗരത്വം നൽകാൻ പാടില്ല, അസമിലേക്ക് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് അനധികൃതമായി കുടിയേറിയവരെ വേർതിരിച്ചറിയണം, ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകരാൻ പാടില്ല, അസമിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ സംസ്ഥാനത്തിന് പ്രത്യേക അധികാരം നൽകണം… തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശങ്കകൾ. അസമിന്റെ സാംസ്‌കാരികവും ജനസംഖ്യാപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

അംബേദ്കറുടെ മറുപടി

ചൗധരിയുടെ ആശങ്കകൾക്ക് മറുപടി നൽകിയ അംബേദ്കർ, കരട് വ്യവസ്ഥകൾ തെറ്റായി മനസ്സിലാക്കിയതാണെന്ന് ആശങ്കകൾക്ക് കാരണമെന്ന് വ്യക്തമാക്കി. 1948 ജൂലൈ 19-ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാണ് സ്വമേധയാ പൗരത്വം ലഭിക്കുന്ന വ്യവസ്ഥ ബാധകമായിരുന്നത്. അതിന് ശേഷം വന്നവർക്ക് സ്വമേധയാ പൗരത്വമില്ല. 1948 ജൂലൈ 19-ന് ശേഷം അസമിലെത്തിയവർ പൗരത്വത്തിനായി അപേക്ഷ നൽകുകയും നിർദിഷ്ട കാലയളവ് ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെന്ന് തെളിയിക്കുകയും സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കേണ്ടതുമാണെന്ന് അംബേദ്കർ വിശദീകരിച്ചു.

അപേക്ഷകരുടെ ഉദ്ദേശ്യം പരിശോധിക്കാനും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനാണോ എത്തിയതെന്ന് വിലയിരുത്താനുമുള്ള അധികാരം ഉദ്യോഗസ്ഥന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ‘വാതിലുകൾ പൂർണമായി തുറന്നിട്ടിരിക്കുകയാണ്’ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അംബേദ്കർ വ്യക്തമാക്കി.

1938-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ അസം സഖ്യസർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഹമ്മദ് സഅദുള്ള, രോഹിണി കുമാർ ചൗധരി തുടങ്ങിയവർ

അംബേദ്കറുടെ വിശദീകരണങ്ങൾക്ക് ശേഷം ഭരണഘടനാ സഭ അദ്ദേഹത്തിന്റെ ഭേദഗതികൾ അംഗീകരിച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പൗരത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭരണഘടനയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഭാഗങ്ങളിലൊന്നാണെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് 1955-ൽ പൗരത്വ നിയമം നിലവിൽ വന്നു. 1985-ലെ അസം ഉടമ്പടിക്ക് പിന്നാലെ പൗരത്വ നിയമത്തിൽ സെക്ഷൻ 6A ഉൾപ്പെടുത്തി. ഇതനുസരിച്ച് 1966 ജനുവരി 1 മുതൽ 1971 മാർച്ച് 24 വരെ അസമിലെത്തിയ ചില വിഭാഗം കുടിയേറ്റക്കാർക്ക് നിശ്ചിത വ്യവസ്ഥകൾ പ്രകാരം പൗരത്വം നേടാനുള്ള അവസരം അനുവദിച്ചു. ഈ വ്യവസ്ഥയാണ് പിന്നീട് സുപ്രീംകോടതിയിൽ ദീർഘകാല നിയമപോരാട്ടത്തിന് വഴിവെച്ചത്.

അംബേദ്കറുടെ നിലപാടിന്റെ പ്രസക്തി

അസമിലെ പൗരത്വ ചർച്ചകൾ ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. എന്നാൽ ഭരണഘടന രൂപംകൊണ്ട കാലത്തുതന്നെ കുടിയേറ്റം, ജനസംഖ്യാ സന്തുലിതാവസ്ഥ, മനുഷ്യാവകാശം, ദേശീയ സുരക്ഷ എന്നിവ തമ്മിൽ എങ്ങനെ സന്തുലനം പാലിക്കാമെന്ന ചോദ്യമാണ് അംബേദ്കറെയും ഭരണഘടനാ സഭയെയും അലട്ടിയിരുന്നത്. വിഭജനത്തെ തുടർന്ന് അഭയം തേടിയവരോട് നീതി പുലർത്തുകയും അതോടൊപ്പം നിയന്ത്രണങ്ങളില്ലാത്ത കുടിയേറ്റം അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അംബേദ്കറുടെ നിലപടുകളുടെ അടിസ്ഥാനം. ഇന്നും പൗരത്വ ചർച്ചകളിൽ ഈ ഭരണഘടനാ സമീപനം പ്രസക്തമാണ്.

Content Summary: how Dr. B.R. Ambedkar addressed Assam’s concerns and how those constitutional debates continue to influence today’s citizenship discourse, including the Citizenship Act and Section 6A.

This post was last modified on July 16, 2026 5:12 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment