അസം നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരേ ഗുരുതര ആരോപണം. കോണ്‍ഗ്രസ് നയിച്ച പ്രതിപക്ഷ സഖ്യത്തിന് ബിജെപിയുടെ വിജയക്കുതിപ്പിനെ തടയാന്‍ കൃത്യമായ തന്ത്രങ്ങളില്ലായിരുന്നുവെന്നും, പ്രചാരണം തികച്ചും ആസൂത്രണമില്ലാത്തതും അര്‍ദ്ധമനസ്സോടെയുള്ളതുമായിരുന്നുവെന്നും റൈജോര്‍ ദള്‍ നേതാവ് അഖില്‍ ഗൊഗോയ് തുറന്നടിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതിപക്ഷത്തെ ചുരുക്കം ചില സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ഗൊഗോയ്.
ശിവസാഗര്‍ മണ്ഡലത്തില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അഖില്‍ ഗൊഗോയ്, പ്രതിപക്ഷത്തിന്റെ പരാജയകാരണങ്ങള്‍ അക്കമിട്ടു നിരത്തി. ബിജെപിക്ക് വളരെ വ്യക്തമായ പദ്ധതികളുണ്ടായിരുന്നപ്പോള്‍, പ്രതിപക്ഷത്തിന്റേത് അവസാന നിമിഷം നടത്തിയ തയ്യാറെടുപ്പുകള്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സീറ്റ് വിഭജന ചര്‍ച്ചകള്‍ അനാവശ്യമായി നീണ്ടുപോയത് തിരിച്ചടിയായി. സഖ്യം പ്രഖ്യാപിക്കാന്‍ വൈകിയത് ബിജെപിക്കെതിരെ ശക്തമായ ഒരു ബദല്‍ തന്ത്രം രൂപീകരിക്കുന്നതിന് തടസ്സമായെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം ക്രമക്കേടുകള്‍ പോലുള്ള സാങ്കേതിക കാരണങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, ബിജെപിയുടെ ആസൂത്രിതമായ അഞ്ചോ ആറോ തന്ത്രങ്ങളെ നേരിടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.
മണ്ഡല പുനര്‍നിര്‍ണ്ണയവും വോട്ടര്‍ പട്ടികയിലെ പ്രത്യേക പുതുക്കലുമാണ് ബിജെപി പയറ്റിയ പ്രധാന തന്ത്രമെന്ന് അഖില്‍ ഗൊഗോയ് ആരോപിച്ചു. മുസ്ലീം വോട്ടുകള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളുടെ എണ്ണം 22 ആയി വെട്ടിച്ചുരുക്കിയ ബിജെപി, ബാക്കിയുള്ളവ ഹിന്ദു മണ്ഡലങ്ങളാക്കി മാറ്റി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കുടിയൊഴിപ്പിക്കല്‍, ബംഗ്ലാദേശി കുടിയേറ്റം, പാകിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഹിന്ദു-മുസ്ലീം ധ്രുവീകരണത്തിനാണ് അവര്‍ ശ്രമിച്ചത്. അസമിലെ ജനങ്ങളെ രക്ഷിക്കാന്‍ കുടിയൊഴിപ്പിക്കല്‍ മാത്രമാണ് മാര്‍ഗ്ഗമെന്ന് അവര്‍ പ്രചരിപ്പിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. വികസന രാഷ്ട്രീയം, ക്ഷേമപദ്ധതികള്‍, തീവ്രദേശീയത, മാധ്യമങ്ങളെ സ്വാധീനിക്കല്‍ എന്നിവയും ബിജെപി ഫലപ്രദമായി ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സഭയ്ക്കകത്ത് പ്രതിപക്ഷം നിശബ്ദത പാലിച്ചതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവായിരുന്ന ദേബബ്രത സൈകിയ ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയില്‍ മിണ്ടാതിരിക്കുകയായിരുന്നു. സഭയില്‍ താന്‍ ഒറ്റയ്ക്കാണ് ശബ്ദമുയര്‍ത്തിയത്. ശിവസാഗറില്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തത് സഭയില്‍ ശബ്ദമുയര്‍ത്താന്‍ ഒരാളെ വേണമെന്ന ആഗ്രഹം കൊണ്ടാണ്. എന്നാല്‍ തൊട്ടടുത്ത മണ്ഡലമായ നസീറയില്‍ മത്സരിച്ച ദേബബ്രത സൈകിയ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടത് ജനങ്ങളുടെ ഈ മനോഭാവം കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അസമില്‍ വേണ്ടത്ര സമയം ചെലവഴിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി തവണ അസം സന്ദര്‍ശിച്ചപ്പോള്‍, കോണ്‍ഗ്രസ് നേതാക്കള്‍ വെറും രണ്ടു ദിവസത്തെ സന്ദര്‍ശനം കൊണ്ട് പ്രചാരണം അവസാനിപ്പിച്ചു. സഖ്യകക്ഷികള്‍ ഒരുമിച്ച് പ്രചാരണം നടത്തുന്നതില്‍ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുതിര്‍ന്ന നേതാക്കളായ പ്രദ്യോത് ബോര്‍ദോലോയിയും ഭൂപന്‍ ബോറയും പാര്‍ട്ടി വിട്ടത് പരാജയത്തിന്റെ സൂചനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഖില്‍ ഗൊഗോയിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ചുമലില്‍ ചവിട്ടിയാണ് അഖില്‍ ഗൊഗോയ് ശിവസാഗറില്‍ ജയിച്ചതെന്നായിരുന്നു സൈകിയയുടെ മറുപടി. ഈ ധൈര്യം തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു കാണിക്കേണ്ടിയിരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ച അഖിലിന്റെ പാര്‍ട്ടി എത്ര സീറ്റുകള്‍ നേടിയെന്നും സൈകിയ ചോദിച്ചു. അസം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ മീര ബോര്‍ത്താക്കൂര്‍ ഗോസ്വാമിയും ഗൊഗോയിക്കെതിരെ രംഗത്തെത്തി. ശിവസാഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ഇവിഎമ്മിന് പോലും അഖിലിനെ രക്ഷിക്കാനാകുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. 126 അംഗ നിയമസഭയില്‍ 102 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 100 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് വെറും 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
Content Summary: Assam Assembly elections, Raijor Dal leader Akhil Gogoi criticizes the Congress-led alliance. NDA secured a landslide victory,
This post was last modified on May 8, 2026 8:47 am
Leave a Comment