വയനാട് ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയാകുമോ എന്നു പലരോടും ചോദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പരാജയത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയം വോട്ടര്‍മാരെ സ്വാധീനിക്കില്ല എന്നായിരുന്നു ഇടതുപക്ഷത്ത് നിന്ന് ഉള്‍പ്പെടെ കിട്ടിയ മറുപടി. യുഡിഎഫ് അനുകൂല തരംഗത്തിന് സാധ്യതയുണ്ടെങ്കില്‍ എല്ലാ വിവാദങ്ങളും അപ്രസക്തരാകുമെന്നായിരുന്നു പല നിരീക്ഷകരുടെയും പക്ഷം.
പത്തുവര്‍ഷമായി ഭരണം തുടരുന്ന മുന്നണിയെ പ്രതിയല്ല, ഒരു പതിറ്റാണ്ടായി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയാണ് സാമ്പത്തിക വിവാദത്തിന്റെ പ്രതി കൂട്ടില്‍ നില്‍ക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയ്ക്ക് പുനര്‍ജ്ജനിയേകാന്‍ നാട് മുഴുവന്‍ പരിശ്രമിക്കുകയും അതില്‍ വിജയം നേടുകയും ചെയ്യുന്നതിനിടയില്‍ കുറ്റാരോപിതരായി നില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസിന്, കേവലം അഞ്ചോ ആറോ ദിവസം കൂടി അതിജീവിക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ ശനിയാഴ്ച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെളിപ്പെടുത്തലും, നിര്‍ബന്ധിക്കപ്പെട്ടതുപോലെ കെ പിസി സി പ്രസിഡന്റ് നടത്തിയ കണക്ക് അവതരിപ്പിക്കലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ആരോപണങ്ങളുടെയും ചോദ്യങ്ങളുടെയും ഉരുള്‍പൊട്ടലിനാണ് വഴിയൊരുക്കിയത്. എത്രയൊക്കെ ന്യായീകരിക്കാനും പ്രതിരോധിക്കാനും നോക്കിയിട്ടും ഉയര്‍പ്പിന് കഷ്ടപ്പെടുകയാണ് കോണ്‍ഗ്രസ്.
കണക്ക് പറഞ്ഞാല്‍ കാര്യങ്ങള്‍ തീരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ഇലക്ഷന് തൊട്ടു മുമ്പായി അവര്‍ക്ക് പറ്റിയ തന്ത്രപരമായ പിഴവായി വലിയ ശനിയിലെ കണക്ക് അവതരണം. ചോദ്യങ്ങള്‍ തീരുകയല്ല കൂടുകയാണുണ്ടായത്.
കെപിസിസി പ്രസിഡന്റ് നല്‍കിയ വിശദാംശങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരേയൊരു കാര്യം ഒരു വീട് പോലും ഇതുവരെയായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെതായി നിര്‍മാണം തുടങ്ങിയിട്ടില്ല, അതായത്, ഒരു കല്ല് പോലും അതിനായി നീക്കിയിട്ടില്ല. ഷാഫി പറമ്പില്‍ എംപി ഞായറാഴ്ച്ച ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത് ഇപ്രകാരമാണ്; ‘ മുഴുവന്‍ കണക്കുകളും പുറത്തു വിട്ടു, ഇനി ജനത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണം’. എന്തായിരുന്നു ആ വാഗ്ദാനം. 100 വീടുകള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കും. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത മേഖലകളില്‍ സഹായം എത്തിക്കും- ഷാഫി പറഞ്ഞതിന്‍ പ്രകാരം- ഈ വാഗ്ദാനം- വീട് നിര്‍മിച്ചു നല്‍കല്‍- ഇനി നടപ്പാക്കാന്‍ പോകുന്നതേയുള്ളൂ.
2024 ഓഗസ്റ്റ് 19 ന്, കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഒരു ‘ആപ്പ്’ പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് 21 മുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഈ ആപ്പിലൂടെ മാത്രമെ പണം സ്വീകരിക്കാവൂ എന്നും മറ്റൊരു തരത്തിലുള്ള പിരിവും നടത്തരുതെന്നും അസന്നിഗ്ധമായി പ്രസ്താവിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായിരുന്നു. സംഭാവന നല്‍കുന്നവര്‍ക്ക് രസീത് നല്‍കും, എത്രപേര്‍ എത്ര രൂപ നല്‍കിയെന്നും ആപ്പ് വഴിയറിയാം. കേള്‍ക്കുമ്പോള്‍ തീര്‍ത്തും സുതാര്യമായ പ്രവര്‍ത്തനം.
2026 ഏപ്രില്‍ 4-ന് സണ്ണി ജോസഫ് കണക്ക് പറഞ്ഞപ്പോള്‍ പൂര്‍ണമായി നഷ്ടപ്പെട്ടത് ഈ സുതാര്യതയാണ്. കാരണം, എല്ലാം സുതാര്യമാക്കാന്‍ കൊണ്ടുവന്ന ആപ്പ് ഇന്നില്ല. അത് പിന്‍വലിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. ആകെ പണം 5,38,21,632 കോടിയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞാല്‍ ജനം വിശ്വസിക്കണമെങ്കില്‍ അത്രയെ അകൗണ്ടില്‍ വന്നിട്ടുള്ളൂവെന്ന് തെളിയിക്കുക കൂടി വേണം. എന്നാല്‍ ഒമ്പത് ലക്ഷത്തിന് മേല്‍ മുടക്കി ഉണ്ടാക്കി, അകാലത്തില്‍ ക്ലോസ് ചെയ്ത ആപ്പിനെ കോണ്‍ഗ്രസ് കഥയില്‍ കൊണ്ടുവരുന്നില്ല. എന്തിന് ഒരു ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പോലും എടുത്ത് ഉയര്‍ത്തി കാട്ടാന്‍ അഡ്വക്കേറ്റ് കൂടിയായ കെപിസിസി പ്രസിഡന്റിന് സാധിച്ചില്ല.
5.38 കോടി ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി 5.42 ഏക്കര്‍ വാങ്ങുന്നു. ഈ ഭൂമിയില്‍ 1100 ചതുരശ്ര അടിയില്‍ ആദ്യഘട്ടത്തില്‍ 50 വീടും, മേപ്പാടി പഞ്ചായത്തിലെ തന്നെ ഏഴാഞ്ചിറ ഭാഗത്ത് അടുത്ത ഘട്ടത്തില്‍ 50 വീടുകള്‍ കൂടി നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ മേപ്പാടിയിലെ കുന്നുംപറ്റയില്‍ മൂന്നേക്കര്‍ 24.5 സെന്റ് ഭൂമി 3,68.36,388 കോടി നല്‍കി വാങ്ങി. മറ്റൊരു 2.18 ഏക്കറിന് 2,50,30.272 കോടിയും നല്‍കി. ഭൂമി വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസ് പിരിച്ച 1.05 കോടിയും കെപിസിസിക്ക് കൈമാറിയിരുന്നു. തികയാതെ വന്നപ്പോള്‍ കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്നും 97,51,212 രൂപ കൂടിയെടുക്കേണ്ടി വന്നു. ഇതില്‍ കുന്നുംപറ്റയിലെ മൂന്നേക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. 2.18 ന്റെ രജിസ്‌ട്രേഷനും മാറ്റുമായി 79 ലക്ഷത്തിലധികം ഇനിയും വേണമെന്നാണ് പ്രസിഡന്റ് സമ്മതിക്കുന്നത്.
കണക്ക് അവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസ് നേരിടുന്ന പ്രധാന ചോദ്യം, പിരിച്ച പണത്തെ പ്രതിയല്ല, കാണിച്ച വിശ്വാസ വഞ്ചനയിലാണ്. ദുരിതബാധിതര്‍, പാടിയില്‍ താമസിച്ചിരുന്നവര്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട ദുരന്തബാധിതര്‍ എന്നിവര്‍ക്ക് പാര്‍പ്പിടം ഒരുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.
ഈ വര്‍ഷം ഫെബ്രുവരി 26 ന് വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധി വാദ്രയും ചേര്‍ന്ന് കുന്നുംപറ്റയിലെ ഭൂമിയില്‍ ഭവന നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. അതിജീവനത്തിന്റെ പാതയില്‍ ഒപ്പം ഉണ്ടാകും എന്ന് നെഞ്ചില്‍ കൈവച്ചു പറയുന്നു എന്നായിരുന്നു ചടങ്ങില്‍ രാഹുല്‍ ഗാന്ധി വൈകാരികമായി പറഞ്ഞത്. സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നു, അതെല്ലാം മാറി നിര്‍മാണം പൂര്‍ത്തിയാക്കി വീടുകള്‍ എത്രയും വേഗം കൈമാറുമെന്ന് ഉറപ്പും രാഹുല്‍ ഗാന്ധി നിസ്സഹായരായ കുറെ മനുഷ്യര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ദുരന്തഭൂമിയിലെ കാഴ്ച്ചകള്‍ കണ്ണില്‍ നിന്നും മായുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
ഇനി, 2026 മാര്‍ച്ച് 28-ലേക്കു വരാം. ഫെബ്രുവരിയില്‍ കല്ലിട്ട്, നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് രാഹുലും പ്രിയങ്കയും സര്‍വ്വ കോണ്‍ഗ്രസുകാരും പറഞ്ഞുപോയ സ്ഥലത്ത് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ലെന്ന് കണ്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വന്നു, സിപിഎം അടക്കം എതിര്‍ഭാഗത്തുള്ള രാഷ്ടീയക്കാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമായും നേരിടേണ്ടി വന്ന ചോദ്യവുമതായിരുന്നു; കല്ലിട്ടിട്ടും പണി തുടങ്ങാത്തത് എന്തുകൊണ്ട്? അതിന് മാര്‍ച്ച് 26 ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നായിരുന്നു. സത്യം പകല്‍പോലെ തെളിഞ്ഞതായിരുന്നിട്ടും, പണി തുടങ്ങിയെന്ന അവകാശത്തില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നിന്നു.
ഏപ്രില്‍ നാലിലേക്ക് വരാം. ദുഃഖശനിക്ക് മൗനത്തിന്റെ ദിനം എന്നൊരു വിശേഷണം കൂടിയുണ്ട്. വിശ്വാസികളെല്ലാവരും ഉയര്‍പ്പിനായി നിശബ്ദമായി കാത്തിരിക്കുന്ന ദിനം. ആ ദിവസം തന്നെയാണ് കോണ്‍ഗ്രസ് മൗനം വെടിഞ്ഞ് അവരില്‍ തറച്ചിരിക്കുന്ന വിവാദത്തിന്റെ ആണികള്‍ വലിച്ചൂരാന്‍ തിരഞ്ഞെടുത്തത് എന്നത് യാദൃശ്ചികമോ വിധി നിര്‍ണയമോ എന്നറിയില്ല. ആരോപണങ്ങളുടെ കല്ലറ പൊളിക്കാമെന്ന് കരുതി കെപിസിസി പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളില്‍ ഒന്ന്, കൈയിലെ പൈസയെല്ലാം തീര്‍ന്നുവെന്നാണ്. വ്യക്തമാക്കിയാല്‍, വീട് വയ്ക്കാന്‍ ഒന്നും മിച്ചമില്ല. പക്ഷേ, ഇനിയതിന് വേണ്ടി പിരിക്കില്ല, പാര്‍ട്ടി തന്നെ പണം ചെലവാക്കും. കേള്‍ക്കുമ്പോള്‍ ത്യാഗപൂര്‍ണമായ സമര്‍പ്പണം പോലെ അനുഭവപ്പെടാം. എന്നാല്‍ സണ്ണി ജോസഫ് തിരുത്തിയത് രാഹുല്‍-പ്രിയങ്കമാര്‍ മുതല്‍ സതീശന്‍ വരെയുള്ളവരുടെ അവകാശവാദങ്ങളാണ്.
കൈയില്‍ പണമില്ലാത്തതുകൊണ്ട് വീട് നിര്‍മാണം തുടങ്ങാന്‍ പറ്റിയിട്ടില്ല എന്ന് സണ്ണി ജോസഫും ഷാഫി പറമ്പിലും സമ്മതിക്കുമ്പോള്‍ പണി തുടങ്ങിയെന്ന് മാര്‍ച്ച് 28 ന് വി ഡി സതീശന്‍ വെല്ലുവിളി പോലെ പറഞ്ഞത് വെറും നുണയായി പോകുന്നു.
വോട്ട് ചെയ്യാന്‍ ഇനി മൂന്നു ദിവസമേ ബാക്കി നില്‍ക്കുന്നുള്ളൂ. കോണ്‍ഗ്രസിന്റെ കണക്ക് പറച്ചില്‍ അവര്‍ക്ക് വിനയാകുമെന്ന് പറയാനാകുന്നില്ല. അവര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത അധികമുണ്ടെന്നിരിക്കെ തന്നെ പറയട്ടെ, അന്ത്യവിധിയില്‍ അവര്‍ കോലാടുകളായി മാറ്റി നിര്‍ത്തപ്പെടുകയാണെങ്കില്‍ അത് വാഗ്ദാന ലംഘനത്തിന്റെ പാപം മൂലമായിരിക്കും.
‘നീ ദൈവത്തിന് ഒരു നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റാന്‍ താമസം വരുത്തരുത്… നേര്‍ച്ച നേര്‍ന്നിട്ട് അത് കഴിക്കാതിരിക്കുന്നതിനേക്കാള്‍ നേരാതിരിക്കുന്നതാണ് നല്ലത്. നിന്റെ വായ് നിന്നെ പാപത്തില്‍ വീഴ്ത്താന്‍ ഇടയാക്കരുത്.’- സഭാപ്രസംഗകന്റെ ഈ വാചകം ഓര്‍മയിലിരിക്കട്ടെ.
Content Summary: Controversies surrounding Congress’s Wayanad fund and its accounting. mundakkai chooralmala landslide and rehabilitation
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.