April 20, 2025 |

ബോളിവുഡ് സിനിമയില്‍ നിന്ന് ചരിത്രം പഠിച്ചവര്‍; തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന പൗരാണിക സ്മാരകങ്ങള്‍

മുസ്ലീം വിദ്വേഷം സമൂഹത്തില്‍ പടര്‍ത്തുക, അതുവഴി സംഘപരിവാറിന് രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ടതാണ് ‘ഛാവ’യും

സത്താറ എം.പി ഉദയരാജ് ഭോസ്ലേ മറാത്ത സാമ്രാജ്യാധിപനായിരുന്ന ഛത്രപതി ശിവാജിയുടെ പിന്‍ഗാമിയാണെന്നാണ് അറിയപ്പെടുന്നത്. പക്ഷേ അദ്ദേഹം ചരിത്രം പഠിച്ചിരിക്കുന്നത് ബോളിവുഡ് സിനിമകളില്‍ നിന്നായിരിക്കാനാണ് സാധ്യത. ‘എന്തിനാണ് ഇങ്ങനെയൊരു ശവകുടീരം? ഒരു ജെ.സി.ബി കൊണ്ടുവന്ന് ഇളക്കി മാറ്റണം അത്, ഔറംഗസീബ് ഒരു കള്ളനും കൊള്ളക്കാരനുമായിരുന്നു.”-ഉദയരാജ് ഭോസ്ലേ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിച്ചു. ബി.ജെ.പി നേതാവ് നവനീത് റാണ ഈ പ്രസ്താവന ഏറ്റെടുത്തു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും. ഇതൊരു ചരിത്രസ്മാരകമായതിനാല്‍ നിയമപരമായ വഴിയിലൂടെ മാത്രമേ അത് മാറ്റാനാകൂ എന്ന് പ്രഖ്യാപിച്ചുവെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും ഔറംഗസീബ് സ്മാരകം തകര്‍ക്കണം എന്നതില്‍ സംശയമില്ല. ബാബ്രി പള്ളി തകര്‍ത്തത് പോലെ ഔറംഗസീബ് സ്മാരകവും തകര്‍ക്കണമെന്ന വാശിയിലാണ് സംഘപരിവാര്‍. നാഗ്പൂരില്‍ കലാപത്തിന് തിരികൊളുത്തി കഴിഞ്ഞു അവര്‍.aurangzeb tomb; chhaava is a historical bollywood movie

‘ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്നമല്ല, ഛത്രപതി ശിവജിയുടെ സേനയില്‍ ധാരാളം മുസ്ലീങ്ങളുണ്ടായിരുന്നു’ -എന്ന് പിന്നീട് ഉദയ്രാജ് ഭോസ്ലേ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. മധ്യപ്രദേശിലെ ബഹ്റാന്‍പൂരിലെ ആശിര്‍ഗഢ് കോട്ടയുടെ പരിസരത്ത് നിധി കുഴിച്ചിട്ടിട്ടുണ്ട് എന്ന് കരുതി രാത്രികാലങ്ങളില്‍ അവിടെയെത്തി മണ്ണ് മാന്തുന്ന അതേ യുക്തിയാണ് ഔറംഗസീബിന്റെ ശവകുടീരം നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബി.ജെ.പി/സംഘപരിവാര്‍ ആള്‍ക്കൂട്ടത്തിന്റേത്. ഔറംഗസീബ് കൊള്ളക്കാരനായിരുന്നുവെന്നും ആശിര്‍ഗഢ് കോട്ടപരിസരത്ത് മുഗളര്‍ കുഴിച്ചിട്ട നിധിയുണ്ട് എന്നും ആളുകള്‍ക്ക് വിവരം ലഭിച്ചത് ഒറ്റ സ്ഥലത്ത് നിന്നാണ്- ‘ഛാവ’ എന്ന വിക്കി കൗശല്‍ നായകനായ ബോളിവുഡ് സിനിമയില്‍ നിന്ന്.

chhaava bollywood movie

ഛാവ സിനിമയില്‍ നിന്നുള്ള ഭാഗം

മുസ്ലീം വിദ്വേഷം സമൂഹത്തില്‍ പടര്‍ത്തുക, അതുവഴി സംഘപരിവാറിന് രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ടതാണ് ‘ഛാവ’യും. ശിവജി കാരന്തിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ ഔറംഗസീബും ശിവാജിയുടെ പുത്രനായ സംബാജിയും തമ്മിലുള്ള യുദ്ധവും സംബാജിയുടെ കൊലപാതകവുമാണുള്ളത്. അക്കാലത്തെ രണ്ട് നാട്ടുരാജാക്കന്മാര്‍ തമ്മില്‍ അധികാരത്തിന്റെ പുറത്തുള്ള ബലാബലത്തെ ഹിന്ദു-മുസ്ലീം പ്രശ്നമായി അവതരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ഔറംഗസീബ് ഇതേപോലെ തന്നെയാണ് മറ്റ് മുസ്ലീം രാജാക്കന്മാരെ നേരിട്ടിരുന്നത് എന്നും സംബാജിയും ശിവജിയും ധാരാളം ഹിന്ദു ഭരണാകാരികളെ കീഴടക്കിയാണ് ഛത്രപതി പദവിയില്‍ എത്തിയത് എന്നും സിനിമ മറച്ച് പിടിക്കുന്നു. ഹിന്ദു പ്രതിനിധിയായ സംബാജിയെ ക്രൂരമായി വധിക്കുന്ന മുസ്ലീം പ്രതിനിധിയായ ഔറംഗസീബിലൂന്നിയാണ് സിനിമയുടെ ആഖ്യാനം. വൈകാരികതയ്ക്ക് നിറം പിടിപ്പിച്ച്, ശാരീരിക പീഡന രംഗങ്ങള്‍ വലിച്ച് നീട്ടി മനുഷ്യത്വം മരവിച്ച ഒരു ഭീകരനായി ഔറംഗസീബിനെ ചിത്രീകരിക്കുക വഴി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വെറുപ്പ് വളര്‍ത്തിയെടുക്കുകയാണ് സിനിമ.

‘ഛാവ’ സിനിമയെ തുടര്‍ന്നുണ്ടായിട്ടുള്ള വൈകാരിക പ്രതികരണങ്ങളോടുള്ള മറുപടി എന്ന നിലയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം.എല്‍.എയായ അബു അസിം അസ്മി, ഔറംഗസീബ് മികച്ച ഭരണാധികാരിയായിരുന്നുവെന്ന് പറഞ്ഞതാണ് പുതിയ പ്രശ്നങ്ങളുടെ ആരംഭം. ‘ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള, രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചിട്ടുള്ള ഒരു നല്ല ഭരണാധികാരിയായിരുന്നു ഔറംഗസീബ്. അദ്ദേഹവും ശിവജിയും തമ്മിലുള്ള പ്രശ്നം രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള മത്സരം മാത്രമായിരുന്നു. അതില്‍ ഹിന്ദു-മുസ്ലീം പ്രശ്നമൊന്നുമില്ല. ചരിത്രകാരന്മാര്‍ പലപ്പോഴും ഔറംഗസീബിനെ തെറ്റായാണ് ചിത്രീകരിച്ചിട്ടുള്ളത്’-എന്നതായിരുന്നു മാന്‍ഖുര്‍ക് ശിവാജി നഗറില്‍ നിന്നുള്ള എം.എല്‍.എയായ അബു അസ്മി പ്രതികരിച്ചത്. അത് മഹാരാഷ്ട്രയില്‍ വലിയ വൈകാരിക പ്രശ്നമായി മാറുകയും രാജ്യദ്രോഹകുറ്റം ചുമത്തി അബു അസ്മിക്കെതിരെ കേസെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സെഷനില്‍ നിന്ന് അബു അസ്മിയെ സസ്പെന്‍ഡ് ചെയ്തു. അതേസമയം നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ചിരുന്ന മുഗളര്‍ ബലപ്രയോഗത്തിലൂടെ മുസ്ലീം മതത്തിലേക്ക് ഹിന്ദുക്കളെ മാറ്റാന്‍ ശ്രമിച്ചതിന് യാതൊരു തെളിവുകളുമില്ലെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ആ രീതിയില്‍ മുസ്ലീം പരിവര്‍ത്തനത്തിന് മുഗളര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ എത്രയോ ഇരട്ടിയായി മാറിയേനെ എന്നും ചരിത്രകാരന്മാര്‍ പറയുന്നു.

തുടര്‍ന്ന് പഴയ ഔറംഗാബാദ് ജില്ലയിലെ -നിലവിലെ ഛത്രപതി സംബാജി നഗര്‍ ജില്ല- ഖുല്‍ദാബാദില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഔറംഗസീബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന് പറഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ കലാപമാരംഭിച്ചു. ഈ ചരിത്ര സ്മാരകം നൂറ്റാണ്ടുകളായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ‘ഛാവ’ സിനിമയ്ക്ക് ശേഷം പെട്ടെന്ന് ഈ ചരിത്രസ്മാരകത്തിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായി. ഹിന്ദു-മുസ്ലീം സമൂഹങ്ങള്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന ശാന്തമായ പ്രദേശങ്ങളിലൊന്നാണ് ഖുല്‍ദാബാദ്. ഈ ചരിത്ര സ്മാരകം ആ പ്രദേശത്തിന്റെ സമ്പദ്ഘടനയുടെ ഭാഗവുമാണ്.

aurangzeb tomb

ഔറംഗസീബിന്റെ ശവകുടീരം

ഈ സ്മാരകത്തിനെതിരായ സംഘപരിവാര്‍ നീക്കങ്ങളെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി ഫട്നാവിസ് തന്നെ ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകമാണെന്നും ഇതിനെതിരായ വികാരം ശക്തമാണെങ്കിലും നിയമനടപടികളിലൂടെ മാത്രമേ ഇത് മാറ്റാനാകൂ എന്നും വിശദീകരിച്ചു. 1958-ലെ ‘ദ ഏന്‍ഷ്യന്റ് മൊണെമെന്റ്സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്റ് റിമൈന്‍സ് ആക്ട്’ പ്രകാരം സംരക്ഷിക്കപ്പെടുന്ന പുരാതന, ചരിത്രസ്മാരകമാണ് ഔറംഗസീബ് ശവകുടീരം. ഈ നിയമത്തിന്റെ 16, 20എ, 20ബി ചട്ടങ്ങള്‍ പ്രകാരം ഇതിന്റെ മതപരമായ സ്വഭാവം കണക്കിലെടുത്ത് സംരക്ഷിക്കേണ്ടതും ഈ സ്വഭാവത്തിന് അനുസൃതമല്ലാത്ത കൂട്ടിച്ചേര്‍ക്കലുകളോ മാറ്റങ്ങളോ ഇവിടെ വരുത്താന്‍ പാടുള്ളതുമല്ല. 1991-ലെ ആരാധനാലയങ്ങള്‍ സംബന്ധിച്ച നിയമവും ഈ ശവകുടീരത്തിന് ബാധകമാണ്. ഈ ശവകുടീരം തകര്‍ക്കാനുള്ള ഏത് ശ്രമവും ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായിരിക്കും.

1980-കള്‍ മുതല്‍ ബാല്‍താക്കറെ ഔറംഗസീബിനെതിരെ നടത്തുന്ന പ്രചരണങ്ങളുടെ തുടര്‍ച്ച കൂടിയാണിത്. ഇതിന്റെ ഭാഗമായാണ് ഔറംഗബാദ് ജില്ലയുടെ പേര് 2022-ല്‍ സംബാജി നഗര്‍ എന്നാക്കി ബി.ജെ.പി സര്‍ക്കാര്‍ മാറ്റിയത്. രാജ്യത്തെ മുസ്ലീങ്ങളെ ക്രൂരന്മാരും വഞ്ചകരും എന്നയര്‍ത്ഥത്തില്‍ ‘ഔറംഗസീബ് കി ഔലാദ്’ അഥവാ ഔറംഗസീബിന്റെ പിന്‍ഗാമികള്‍ എന്ന് സംഘപരിവാര്‍ സംഘടനകള്‍ വിശേഷിപ്പിക്കാന്‍ ആരംഭിച്ചതും ഈ പ്രചരണത്തിന്റെ തുടര്‍ച്ചയായാണ്.aurangzeb tomb; chhaava is a historical bollywood movie

Content Summary: aurangzeb tomb; chhaava is a historical bollywood movie

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×