വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെൺകുട്ടിയുടെ ചിത്രത്തിന്റെ ക്രെഡിറ്റ് നീക്കം ചെയ്ത് വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ. ചിത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾക്കിടയിലാണ് ഫോട്ടോഗ്രാഫർ നിക്ക് ഊട്ടിന്റെ പേര് നീക്കം ചെയ്ത് അറിയില്ലെന്ന് ചേർത്തത്.
തെക്കൻ വിയറ്റ്നാമിൽ യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ് കരഞ്ഞു കൊണ്ട് ഓടുന്ന ഒമ്പതു വയസുകാരിയുടേതാണ് നാപാം ഗേൾ എന്ന് പേരിട്ട ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. അഞ്ച് പതിറ്റാണ്ടോളമായി ഈ ചിത്രത്തിന്റെ ഉടമസ്ഥാവകാശം നിക്ക് ഊട്ടിന്റെ പേരിലായിരുന്നു. യുഎസ് വാര്‍ത്താ ഏജന്‍സിയായ എപിയുടെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഊട്ടിന് 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ നേടിക്കൊടുത്ത ചിത്രമാണിത്. യുഎസിലെ യൂട്ടായിൽ പ്രദർശിപ്പിച്ച സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ദി സ്ട്രിങ്ങർ എന്ന ഡോക്യുമെന്ററിയിൽ ചിത്രത്തിന്റെ ഉടമസ്ഥാവകാശം എന്‍ബിസി ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് അവകാശപ്പെടുന്നുണ്ട്. 20 ഡോളറിനു ഗുയെന്‍ താന്‍ ഗെ എപിയ്ക്കു ഫോട്ടോ വില്‍ക്കുകയായിരുന്നുവെന്നും ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.
ഫോട്ടെയെടുത്ത സ്ഥലം, അകലം, അന്നേ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക്ക് ഊട്ട് ആകില്ല അതെടുത്തത് എന്നാണ് വേള്‍ഡ് പ്രസ് ഫോട്ടോയുടെ വിലയിരുത്തല്‍. എന്നാല്‍ ഫോട്ടോയെടുത്തത് താന്‍ തന്നെയാണെന്നാണ് നിക്ക് ഊട്ടിന്റെ അവകാശവാദം. ചിത്രത്തിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന് മാത്രമേ നിക്ക് ഊട്ടിനെ നീക്കം ചെയ്യൂവെന്നും ലഭിച്ച അവാർഡിനെ ബാധിക്കില്ലെന്നും വേൾഡ് പ്രസ്സ് ഫോട്ടോ വ്യക്തമാക്കി. ചിത്രത്തെ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നുവെങ്കിലും, ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ചിത്രത്തെ ഇപ്പോഴും പരിഗണിക്കുന്നതെന്ന് വേൾഡ് പ്രസ് ഫൗണ്ടേഷൻ പറഞ്ഞു.
ഈ അവകാശവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ എപി ആന്തരിക അവലോകനം നടത്തുകയും ഈ മാസം 96 പേജുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. നാല് മാസത്തിനുള്ളിൽ ഈ വിഷയത്തിൽ ഇത് രണ്ടാമത്തെ റിപ്പോർട്ടാണിത്. ക്രെഡിറ്റ് മാറ്റുന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല എന്ന് ഏജൻസി പറഞ്ഞു. ക്രെഡിറ്റ് മാറ്റുന്നതിൽ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല, എന്നാൽ അത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം എപിയുടെ ഗ്ലോബൽ ന്യൂസ് പ്രൊഡക്ഷൻ വൈസ് പ്രസിഡന്റ് ഡെർൾ മക്ക്രഡൻ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. നിക്ക് ഉട്ട് ഈ ചിത്രം എടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന കൃത്യമായ തെളിവുകളൊന്നുമില്ലെന്നും ഡെർൾ മക്ക്രഡൻ പറഞ്ഞു. ക്യാമറ വിശകലനം, രംഗത്തിന്റെ 3D പുനർനിർമ്മാണം എന്നിങ്ങനെ നിരവധി കടമ്പകൾ കടന്നാൽ മാത്രമേ ഗുയെന്‍ താന്‍ ഗെയുടെ വാദം അംഗീകരിക്കാൻ സാധിക്കൂവെന്ന് എപി വ്യക്തമാക്കി.
ഗുയെന്റെ സഹോദരൻ, മകൾ ജാനി, മുതിർന്ന എപി ഫോട്ടോ എഡിറ്റർ കാൾ റോബിൻസൺ എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ ദി സ്ട്രിംഗറിൽ ഉൾപ്പെടുന്നുണ്ട്. സൈഗോൺ ബ്യൂറോ ചീഫ് ഹോർസ്റ്റ് ഫാസിന് 20 ഡോളറിനും ഒരു പ്രിന്റിനും എൻഗെ ഫോട്ടോ വിറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണെന്നുമുള്ള നിലപാടാണ് എപിയുടേത്. മറ്റു തെളിവുകൾ ഉണ്ടെങ്കിൽ കൈമാറാൻ ഡോക്യുമെന്ററിയുടെ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താ ഏജൻസി വക്താവ് പറഞ്ഞിരുന്നു. എന്നാൽ ആരാണ് ഫോട്ടോയെടുത്തത് എന്നത് സംശയത്തിലായിരിക്കുന്നെന്നും 70 വർഷമായി ഫോട്ടോ ജേണലിസത്തിൽ മൂല്യാധിഷ്‌ഠിത മാനദണ്ഡങ്ങൾക്കായി നിലകൊള്ളുന്ന സംഘടന ഇക്കാര്യത്തിൽ വസ്തുതകളും തെളിവുകളും മാനിച്ച്, നിക്ക് ഊട്ടിന്റെ പേര് നീക്കുകയാണെന്നും വേൾഡ് പ്രസ് ഫോട്ടോ അറിയിച്ചു.
content summary: The authorship of the iconic ‘Napalm Girl’ photograph has been suspended following new allegations
Leave a Comment