June 18, 2025 |
Share on

സുധാകരനെ ആര്‍ക്കാണ് പേടി?

കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തര്‍ക്കും സ്വന്തം സ്ഥാനമാനങ്ങള്‍ മാത്രമാണ് നോട്ടം

എന്തിന് തന്നെ മാറ്റി എന്നാണ് കെ സുധാകരന്‍ പിന്നെയും പിന്നെയും ഉന്നയിക്കുന്ന ചോദ്യം. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന്, തന്നെ മാറ്റി പകരം സണ്ണി ജോസഫിനെ ആ സ്ഥാനത്ത് നിയോഗിച്ചതിനെതിരെ ചോദ്യങ്ങളുയര്‍ത്തുകയാണ് സുധാകരന്‍. നാല് വര്‍ഷമായി ആ സ്ഥാനത്തിരിക്കുന്ന സുധാകരന്‍ വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരാലോചനയുമില്ലാതെ പുറത്താക്കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇതെല്ലാം ഒരു ഗൂഢാലോചനയുടെ ഫലമായുണ്ടായി എന്നതാണ് സുധാകരന്റെ പക്ഷം. ഉത്തരവാദികളുടെ കൂട്ടത്തില്‍ ഹൈക്കമാന്റിലെ ഒരു പ്രമുഖ നേതാവിനെയും അദ്ദേഹം മുന്നില്‍ നിര്‍ത്തുന്നു. പക്ഷേ, ഹൈക്കമാന്റില്‍ ആരും സുധാകരനെതിരെ ഒന്നും മിണ്ടുന്നില്ല. സംസ്ഥാന നേതൃത്വവും അനങ്ങാതിരിക്കുന്നു. എല്ലാവര്‍ക്കും സുധാകരനെ പേടിയോ?

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം തന്നെയാണ്. രണ്ട് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒപ്പം പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയുമുണ്ട്. അധികാരത്തിന്റെ തണലില്ലാതെ വെയിലും കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് ആകെ അസ്വസ്ഥതയിലുമാണ്. ഇനിയൊരു തോല്‍വി കൂടി നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനും ഘടകകക്ഷിക്കുമില്ല.

കേരളത്തില്‍ സംഘടന ശക്തിപ്പെടുത്താതെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നാണ് ഹൈക്കമാന്റ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞത്. സംഘടന ശക്തിപ്പെടുത്താന്‍ നേതൃത്വം മാറണമെന്നും ഹൈക്കമാന്റ് കണ്ടെത്തി. മുകള്‍ തട്ട് മുതല്‍ താഴെ തലം വരെ പുനഃസംഘടനയും വേണം. അതിന്റെ ഭാഗമെന്ന നിലയ്ക്ക് ആദ്യം കെ സുധാകരന് പകരം കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ നിയോഗിച്ചു. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശിനെയും കൊണ്ടുവന്നു.

കോണ്‍ഗ്രസിനുള്ളില്‍ ഈ മാറ്റങ്ങളൊക്കെ പരക്കെ അംഗീകരിക്കപ്പെട്ടുവെങ്കിലും സുധാകരന് ഇതൊന്നും സഹിക്കാനാവുന്നില്ല. ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി സ്ഥാനം നല്‍കാമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള പൂര്‍ണ ചുമതല നല്‍കാമെന്നുമാണ് ഹൈക്കമാന്റ് സുധാകരന് നല്‍കിയ ഉറപ്പ്. അങ്ങനെ പൂര്‍ണ ചുമതല നല്‍കുമെങ്കില്‍ പിന്നെന്തിന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന മറുചോദ്യവുമായി സുധാകരന്‍ കത്തിജ്വലിക്കുന്നു.

ഇപ്പോഴും ചുമതല മുഴുവന്‍ തനിക്ക് തന്നെയാണെന്ന് ഒപ്പം നില്‍ക്കുന്നവരെ ബോധ്യപ്പെടുത്തുന്ന തിരക്കിലാണ് സ്ഥാനം നഷ്ടപ്പെട്ട സുധാകരന്‍. കണ്ണൂര്‍ കേന്ദ്രമാക്കി ഒരു വലിയ സംഘം നേതാക്കളും അനുയായികളും എപ്പോഴും അദ്ദേഹത്തിന്റെ സ്വന്തം ശക്തിയായിരുന്നു. അവര്‍ ഇനിയും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു.

പുതിയ നേതൃത്വം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒപ്പം നില്‍ക്കുന്നവര്‍ മറുകണ്ടം ചാടുമെന്ന സത്യം സുധാകരന്‍ ഗൗനിക്കുന്നതേയില്ല.

കോണ്‍ഗ്രസുകാര്‍ക്ക് ഇനി വേണ്ടത് സംസ്ഥാന ഭരണമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കിട്ടാവുന്നിടത്തോളം സീറ്റുകളാണ് ലക്ഷ്യം. കോണ്‍ഗ്രസുകാരുടെയൊക്കെ ചിന്തകള്‍ ഈ വഴിക്ക് മുന്നേറുമ്പോള്‍ ഒരു മുന്‍ കെപിസിസി അധ്യക്ഷന്റെ വിലാപങ്ങള്‍ക്ക് അവര്‍ എത്രനാള്‍ വില കല്‍പിക്കും?

കണ്ണൂരിലും പരിസരങ്ങളിലുമായി കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ അനേകം കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഇവരൊക്കെയും കോണ്‍ഗ്രസിനുള്ളില്‍ ജനിച്ച് വളര്‍ന്നവരാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അല്ലെങ്കില്‍പ്പിന്നെ ഒരു പാര്‍ട്ടിയിലും ചേരാന്‍ തയ്യാറാവാത്തവര്‍. മമ്പറം ദിവാകരന്‍, സത്യന്‍ നരവൂര്‍, കൂത്തുപറമ്പിലെ കെ പ്രഭാകരന്‍, പികെ രാഗേഷ്, തലശേരിയിലെ സുജിത് വക്കീല്‍, തലശേരിയിലെ തന്നെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിങ്ങനെ എത്രയോ നേതാക്കള്‍. സുധാകരന്റെ സ്വാധീനം കുറയാന്‍ കാത്തുനില്‍ക്കുകയാണ് ഇവരെല്ലാം.

എന്‍ രാമകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ കണ്ണൂരിലെ കരുത്തനായ നേതാവായിരുന്ന കാലത്ത് 45 തദ്ദേശസ്ഥാപനങ്ങളില യുഡിഎഫ് ഭരണമായിരുന്നു. ഇന്നിപ്പോള്‍ മുന്നണിക്ക് ഭരണമുള്ളത് 13 സ്ഥാപനങ്ങളില്‍ മാത്രം.

തദ്ദേശസ്ഥാപനങ്ങളിലേക്കും സംസ്ഥാന നിയമസഭയിലേക്കും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ആശങ്കയോടെ, അതേസമയം തികഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. നിങ്ങള്‍ക്ക് ഭരണം വേണ്ടെങ്കില്‍ ഭരണമുള്ളിടത്ത് ഞങ്ങള്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് പറയാന്‍ വെമ്പുന്ന നേതാക്കള്‍ മുന്നണി ഘടകകക്ഷികളിലുമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തര്‍ക്കും സ്വന്തം സ്ഥാനമാനങ്ങള്‍ മാത്രമാണ് നോട്ടം. k sudhakaran’s remark over his removal from kpcc president not end 

Content Summary: k sudhakaran’s remark over his removal from kpcc president not end

ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്

സീനിയര്‍ ജേണലിസ്റ്റ്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×