കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അതിസമ്പന്നരുടെ എണ്ണത്തിലും അവരുടെ ക്രയശേഷിയുടെ കാര്യത്തിലും വൻതോതിലുള്ള വർധന ഉണ്ടായിട്ടുണ്ട്. ഈ വർധന സ്വാഭാവികമായും അതേ നിലവാരത്തിലുള്ള ആഡംബര ഉൽപന്നങ്ങളുടെ ഡിമാൻഡിലും വർധന ഉണ്ടാക്കിയിട്ടുണ്ട്. അത്യാഡംബര ബൈക്കുകളുടെയും കാറുകളുടെയും മികച്ച വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കാര്യമായ വിൽപനയൊന്നും കിട്ടാനിടയില്ലാത്ത ബ്രാൻഡുകൾ പോലും തങ്ങളുടെ സാന്നിധ്യം നേരത്തെ ഉറപ്പിക്കുന്നതു മാത്രം ലക്ഷ്യം വെച്ച് രാജ്യത്തെത്തിയിട്ടുണ്ട്. ഡർട്ട് ബൈക്കുകൾക്ക് കൂടി വരുന്ന ആവശ്യത്തെയും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
പുതിയ നാല് ഡർട്ട്ബൈക്ക് മോഡലുകളാണ് സുസൂക്കി ഇന്ത്യയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യാനാണ് പദ്ധതി. പൂർണമായും വിദേശത്തു നിർമിച്ച് രാജ്യത്തെത്തിക്കുകയാണ് ചെയ്യുക. ഇക്കാരണത്താൽ തന്നെ ഉയർന്ന നികുതി നൽകേണ്ടതായി വരും.
ഇതിനകം തന്നെ ആർഎം-സെഡ്250 മോഡൽ ഇന്ത്യൻ വിപണിയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. പിന്നാലെ മറ്റു മോഡലുകളും വരും.
വരാനിരിക്കുന്ന മോഡലുകൾ
ഡിആർ സെഡ്20യാണ് വിപണിയിലെത്തിക്കാൻ സുസൂക്കി ഉദ്ദേശിക്കുന്ന നാലു മോഡലുകളിലൊന്ന്. ഇത് കുട്ടികൾക്കുള്ള ഡർട്ട് ബൈക്കാണ്. വില 2.65 ലക്ഷം വരും. ഷോറൂം വിലയാണിത്.
ആർഎം സെഡ്250യാണ് മറ്റൊരു മോഡൽ. ഇതിന് വില 7.20 ലക്ഷം വരും. ഇറക്കുമതി ചെയ്യാനുദ്ദേശിക്കുന്ന വേറൊരു മോഡലാണ് ആർഎം സെഡ്450. 8.40 ലക്ഷം രൂപ വിലയുണ്ടാകും ഈ മോഡലിന്. ആർഎംഎക്സ്450സെഡ് മോഡലിന് 8.75 ലക്ഷം രൂപയാണ് ഷോറൂം വില.
റോഡിൽ ഓടിക്കാനുള്ളതല്ല
ഡർട്ട് ബൈക്കുകൾ റോഡിൽ ഓടിക്കാനുള്ളതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റോഡിലേക്കുള്ളതല്ല എന്നതിനാൽത്തന്നെ ഇവയ്ക്ക് റോഡിൽ ഓടിക്കുമ്പോൾ ആവശ്യമായ സന്നാഹങ്ങളൊന്നും തന്നെയില്ല. ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയില്ല. റോഡിൽ ഉപയോഗിക്കാൻ പറ്റിയ ടയറുകളുമല്ല. തികച്ചും നിയന്ത്രിതമായ, നിയതമായ നിയമവ്യവസ്ഥകളോടു കൂടിയ പ്ലാറ്റ്ഫോമുകളിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ. വളരെ ഭാരക്കുറവുള്ള ബൈക്കുകളായതിനാൽ റോഡുകളിലെ ഉപയോഗം അപകടം പിടിച്ചതാണ്.