അയോധ്യയിലെത്തുന്ന രാമഭക്തരെ വഞ്ചിച്ച് വ്യാജ രസീത് ബുക്കുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ ഫണ്ട് പിരിവ് നടത്തിയിരുന്നതായും സംശയം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ പക്കല്‍ നിന്ന് വ്യാജ സംഭാവന രസീത് ബുക്ക് കണ്ടെടുത്തതോടെയാണ് ഇങ്ങനെയൊരു തട്ടിപ്പിലേക്കും അന്വേഷണം നീളുന്നത്. ക്ഷേത്രത്തിനകത്തെ കാണിക്ക പെട്ടികളില്‍ നിന്ന് പണം മോഷ്ടിച്ചതിന് പുറമെ, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ രസീതുകള്‍ അച്ചടിച്ച് ഭക്തരില്‍ നിന്ന് പുറത്തുനിന്നും പണം പിരിച്ചിരുന്നോ എന്ന കാര്യം പോലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. ഈ സംശയം തെളിയിക്കപ്പെട്ടാല്‍, കേവലമൊരു മോഷണമെന്നതിനപ്പുറം രാമഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് നടത്തിയ വലിയൊരു ആസൂത്രിത സാമ്പത്തിക തട്ടിപ്പായി ഈ കേസ് മാറും.
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: പണം പലിശയ്ക്ക് കൊടുത്തും ഓഹരിയില്‍ നിക്ഷേപിച്ചും പ്രതികള്‍
പ്രതികളായ ലവ്കുഷ് മിശ്ര, അനുകല്‍പ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഈ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്ഐടി സംഘം പ്രതികളെ ലവ്കുഷ് മിശ്രയുടെ അയോധ്യയിലെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ രസീത് ബുക്ക് കണ്ടെടുത്തത്. ഈ വ്യാജ രേഖകള്‍ സൂക്ഷിച്ചതിനെക്കുറിച്ചോ സമാന്തര ഫണ്ട് പിരിവിനെക്കുറിച്ചോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ ഇവരുടെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു. കണ്ടെടുത്ത രസീത് ബുക്കിന്, രാമക്ഷേത്ര നിര്‍മ്മാണത്തിനായി മുന്‍പ് ട്രസ്റ്റ് രാജ്യവ്യാപകമായി നടത്തിയ ഫണ്ട് ശേഖരണ സമയത്ത് ഉപയോഗിച്ചിരുന്ന പഴയ രസീതുകളുടെ രൂപവുമായി പ്രകടമായ സാദൃശ്യമുണ്ട്. ഇതിലെ സീരിയല്‍ നമ്പറുകള്‍, പ്രിന്റിംഗ് രീതികള്‍, കൈയക്ഷരം എന്നിവ ട്രസ്റ്റിന്റെ യഥാര്‍ത്ഥ രേഖകളുമായി ഒത്തുനോക്കി വരികയാണ് പോലീസ്. ഇത്തരം വ്യാജ രസീതുകള്‍ നല്‍കി ആരില്‍ നിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നും, അങ്ങനെ ലഭിച്ച പണം ട്രസ്റ്റിന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളും ഇതിനായി പരിശോധിക്കുന്നുണ്ട്.
തുടക്കത്തില്‍ കാണിക്ക മോഷണമെന്ന രീതിയിലാണ് ഈ കേസ് മുന്നോട്ട് പോയതെങ്കിലും വ്യാജ രസീത് ബുക്ക് കണ്ടെടുത്തതോടെ അന്വേഷണം പുതിയ തലങ്ങളിലേക്കെത്തി. ക്ഷേത്രത്തിനുള്ളിലെ സംഭാവനകള്‍ മോഷ്ടിച്ചോ എന്നതും, ക്ഷേത്രത്തിന് പുറത്ത് വ്യാജ രസീതുകള്‍ ഉപയോഗിച്ച് ഭക്തരെ വഞ്ചിച്ചോ, എന്നിങ്ങനെ രണ്ട് സമാന്തര അന്വേഷണ വഴികളിലൂടെയാണ് പോലീസ് ഇപ്പോള്‍ നീങ്ങുന്നത്. അയോധ്യ ജില്ല ജയിലില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടിയ പ്രതികളെ സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും ഉപയോഗിച്ച് ചോദ്യം ചെയ്യുകയാണ്.
ക്ഷേത്രത്തിലെ കാണിക്ക പണത്തിന്റെ കാര്യത്തില്‍ മാനേജ്മെന്റില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് തട്ടിപ്പിന് സഹായകമായത്. ആവശ്യത്തിന് സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതും, കാണിക്കപ്പെട്ടികള്‍ കാര്യമായ നിരീക്ഷണത്തില്‍ അല്ലായിരുന്നുവെന്നതും, പണം എണ്ണുന്ന സമയത്തെ നടപടിക്രമങ്ങളിലുണ്ടായ പോരായ്മകളും പ്രതികള്‍ക്ക് തുടര്‍ച്ചയായി പണം കവരാന്‍ സഹായകരമായി എന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലവ്കുഷ് മിശ്രയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മാണച്ചട്ടങ്ങള്‍ ലംഘിച്ചാണ് പണിതതെന്ന് കാണിച്ച് നഗരസഭാ അധികൃതര്‍ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വലിയ തട്ടിപ്പ് ശൃംഖലയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ ട്രസ്റ്റിലെ ചില മുന്‍ ജീവനക്കാരെയും ഭാരവാഹികളെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വ്യാജ രസീതുകള്‍ ഭക്തര്‍ക്ക് നല്‍കിയതായി തെളിവുകള്‍ പുറത്തുവന്നാല്‍, ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസായി ഇത് മാറും.
Content Summary; SIT recovers a forged donation receipt book in the Ram Mandir case, sparking fears of a parallel fund collection racket targeting unsuspecting devotees
This post was last modified on July 11, 2026 7:51 am
Leave a Comment