June 03, 2026 |

ബാബിരി പള്ളിയുടെ കഥ

ബാബിരി പള്ളിയുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കാശിയിലും മഥുരയിലും സംഭാലിലും അജ്മീരും ഇതേ കഥകള്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ ജനാധിപത്യവും ജുഡീഷ്യറിയും അനുമതി നല്‍ക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്

മതേതരത്വവും ആരാധനാ സ്വാതന്ത്രവും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബാബിരി പള്ളിയെന്ന മുസ്ലീം ആരാധനാലയത്തിനെ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തിട്ട് ഇന്ന് 32 വര്‍ഷം പൂര്‍ത്തിയായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗൂഢാലോചനകളിലൊന്നായ ബാബിരി മസ്ജിദിന്റെ ധ്വംസനത്തിന് ശേഷം മൂന്ന് പതിറ്റാണ്ടിന് ശേഷവും ഈ രാജ്യത്ത് നീതി നടപ്പായിട്ടില്ല. ഗൂഢാലോചന ശരിവയ്ക്കുന്ന സുപ്രീം കോടതി വിധി പോലും ആരേയും ശിക്ഷിച്ചില്ല. തകര്‍ക്കപ്പെട്ടത് ബാബിരി പള്ളിയാണെന്ന് പറയുന്നുണ്ടെങ്കിലും പള്ളി നിലനിന്നിരുന്ന ഇടം ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ട് നല്‍കാന്‍ കോടതി വിധിച്ചു. അവിടെ രാമക്ഷേത്രം ഉയരുകയും ഇന്ത്യ ഒരു മതരാഷ്ട്രമായോ എന്ന് സംശയം തോന്നുന്ന നിലയില്‍ ഭരണാധികാരികളുടെ കാര്‍മ്മികത്വത്തില്‍ അത് ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു.The Story of Babiri Masjd

മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും എന്തായിരുന്നു അയോധ്യ തര്‍ക്കമെന്നും എന്തായിരുന്നു തെളിവുകളെന്നതും ബാബിരി പള്ളിയുടെ കഥയെന്തായിരുന്നു എന്നതും പ്രസക്തമാണ്.

അയോധ്യ തര്‍ക്കം

1528-ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് മീര്‍ ബാഖി പണികഴിപ്പിച്ച ഈ പള്ളി സംബന്ധിച്ച് 16,17,18 നൂറ്റാണ്ടുകളില്‍ ഒരു തര്‍ക്കവും നിലനിന്നിരുന്നതായി രേഖകളില്ല. അയോധ്യയില്‍ ആധുനിക ചരിത്രത്തിലെ ആദ്യത്തെ തര്‍ക്കം രേഖപ്പെടുത്തിയിട്ടുള്ളത് 1855-ലാണ്. അയോധ്യയിലെ ഹനുമാന്‍ ഗഡ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണത്, ബാബിരി പള്ളി സംബന്ധിച്ചല്ല. ഹനുമാന്‍ ഗഡ് ക്ഷേത്രം പഴയൊരു പള്ളി പൊളിച്ചാണ് പണിതത് എന്നാരോപിച്ചായിരുന്നു പ്രാദേശിക സുന്നി മുസ്ലീങ്ങള്‍ പ്രതിഷേധമാരംഭിച്ചത്. വൈഷ്ണവ വൈരാഗി സമൂഹത്തിന്റെ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം. തര്‍ക്കത്തില്‍ ഇടപെട്ട നവാബ് വാജിദ് അലി ഷാ ക്ഷേത്രത്തിന് അനുകൂലമാണ് നിലപാട് കൈക്കൊണ്ടത്. അക്കാര്യം നമ്മളിന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. അയോധ്യയിലുണ്ടായിരുന്ന പള്ളി പൊളിച്ചാണ് ഹനുമാന്‍ ഗഡ് ക്ഷേത്രം പണിതതെന്ന പ്രാദേശിക മുസ്ലീങ്ങളുടെ വാദത്തെ അന്നത്തെ മുസ്ലീം ഭരണാധികാരിയാണ് പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞ് പ്രശ്‌നമവസാനിപ്പിക്കുന്നത്.

Babari

Babri Masjid

രണ്ട് വര്‍ഷത്തിന് ശേഷം ഹനുമാന്‍ ഗഡിലെ മഹന്തും (മുഖ്യ പുരോഹിതന്‍) വൈഷ്ണവ വൈരാഗികളും ബാബിരി പള്ളിയുടെ തെക്ക് കിഴക്കന്‍ ഭാഗം ബലമായി കൈയ്യേറി അവിടെ ഒരു തറ (ചബൂത്ര) കെട്ടിയുണ്ടാക്കി. ആ സ്ഥലമാണ് അയോധ്യയില്‍ രാമന്‍ ജനിച്ച സ്ഥലമെന്ന് അവര്‍ അവകാശപ്പെടുന്നത്. അത്തരമൊരു കഥ അവിടെ ഉണ്ടായിരുന്നുതാനും. ബാബിരി മസ്ജിദിലെ മുസലിയാര്‍ മൗലവി മുഹമ്മദ് അസ്ഗര്‍ ബലമായുള്ള ഈ കൈയ്യേറ്റം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി. ഈ തര്‍ക്കത്തിനൊടുവില്‍ 1859-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ (ചബൂത്രയ്ക്കും പള്ളിക്കുമിടയില്‍) ഒരു മതില്‍ പണിത് ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ആരാധനാ ഇടങ്ങള്‍ തമ്മില്‍ തിരിച്ചു. ഹിന്ദുക്കള്‍ കിഴക്ക് വശത്തെ ഗേറ്റ് വഴിയും മുസ്ലീങ്ങള്‍ വടക്ക് വശവും വഴി അകത്തേക്ക് പ്രവേശിക്കാന്‍ ആരംഭിച്ചു. ബലമായുള്ള ഈ കടന്ന് കയറ്റത്തിനെതിരെ മുസ്ലീങ്ങള്‍ 1860, 1877, 1883, 1884 വര്‍ഷങ്ങളില്‍ ഹര്‍ജികള്‍ നല്‍കിയെങ്കിലും അതെല്ലാം നിരാകരിക്കപ്പെട്ടു.

1885-ലാണ് ബാബിരി മസ്ജിദ് പ്രശ്‌നത്തില്‍ ഹിന്ദു മതവിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ആദ്യമായി നിയമം വഴിയുള്ള നീക്കമുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട ഇ.പി.ഡബ്ലിയു ലേഖനത്തില്‍ (2010 ഡിസംബര്‍ 11) ജയമേനോനും സുപ്രിയ വര്‍മ്മയും എഴുതുന്നു- ”അവസാനം 1985-ല്‍ ചബൂത്രയ്ക്ക് മേല്‍ ഒരു ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും ആ ഭാഗത്തുള്ള ഭൂമിക്ക് നിയമപരമായ അവകാശം നല്‍കണം എന്നും ആവശ്യപ്പെട്ട് മഹന്ത് രഘുബീര്‍ ദാസ് കോടതിയെ സമീപിച്ചു. ഈ കേസ് വളരെ നിര്‍ണായകമാണ്. അയോധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനമെന്നവകാശപ്പെടുന്ന ഇടത്തെ മുഖ്യപുരോഹിതനായിരുന്ന മഹന്ത് രഘുബീര്‍ ദാസ് ജന്മസ്ഥാനിലാണ് ഈ ചബൂത്ര നിലനില്‍ക്കുന്നതെന്ന് കോടതിയില്‍ വാദിച്ചുവെങ്കിലും പള്ളി നിലനിന്നിരുന്ന സ്ഥലം പണ്ട് ക്ഷേത്രമായിരുന്നുവെന്ന വാദം ഒരിക്കലും ഉന്നയിച്ചിട്ടില്ല. എന്തായാലും ആ പരാതിയും അതിന് മേലുള്ള ഹര്‍ജികളും 1886-ല്‍ തള്ളി”.

മുഗള്‍ അധിനിവേശത്തെ കുറിച്ചുള്ള നിറം പിടിപ്പിച്ചുള്ള കഥകളും ക്ഷേത്രങ്ങള്‍ നശിപ്പിച്ചതിനെ കുറിച്ചുള്ള ചരിത്രങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. അതിന്റെ ഭാഗമായി അയോധ്യയിലും മൂന്ന് ക്ഷേത്രങ്ങളെങ്കിലും മുഗള്‍ ഭരണകൂടം നശിപ്പിച്ചിട്ടുണ്ട് എന്നുള്ള സൂചനകള്‍ പല പ്രസിദ്ധീകരണങ്ങളിലും ഗസറ്റുകളിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് പള്ളിക്ക് മുന്നില്‍ ‘നമ്പര്‍ ഒന്ന്, രാമജന്മഭൂമി’ എന്ന് കല്ലില്‍ കൊത്തിവയ്ക്കുകയുമുണ്ടായി. എങ്കിലും ഇത് സംബന്ധിച്ചുള്ള സംഘര്‍ഷങ്ങളോ നിയമ യുദ്ധങ്ങളോ ഉണ്ടായില്ല. ആര്‍.എസ്.എസ് രൂപവത്കരണത്തിന് ശേഷമുള്ള ഹിന്ദു-മുസ്ലീം ലഹളയിലാണ് പിന്നീട് ബാബിരി പള്ളിയില്‍ പ്രശ്‌നമുണ്ടാകുന്നത്. 1934-ലെ കലാപത്തിന്റെ ഭാഗമായി പള്ളിയുടെ മിനാരത്തിനും പള്ളിക്ക് തന്നെയും തകരാറുകള്‍ പറ്റിയെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ അത് പുതുക്കിപണിതു. അതിനിടെ മുസ്ലീങ്ങള്‍ക്കിടയില്‍ തന്നെ ബാബിരി പള്ളിയുടെ അവകാശത്തിനായി സമരം നടന്നു. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏതാണ്ടൊരു പതിറ്റാണ്ട് നീണ്ട നിയമതര്‍ക്കത്തിനൊടുവില്‍ സുന്നി വിഭാഗത്തിന്റെ കൈയ്യിലായി പള്ളിയുടെ ഭരണം.

babari

1948 ജനുവരി മുപ്പതിന് ഹിന്ദുത്വ തീവ്രവാദികള്‍ മഹാത്മാഗാന്ധിയെ വധിച്ചു. ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍കര്‍ അടക്കമുള്ളവര്‍ ജയിലിലായി. വിട്ടയച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് വീണ്ടും സവര്‍കര്‍ മാപ്പപേക്ഷ നല്‍കി. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും അടക്കമുള്ള സംഘടനകള്‍ നിരോധിക്കപ്പെട്ടു. അവരുടെ രാഷ്ട്രീയം അപ്രസക്തമായി. ജനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ വെറുത്തു. അക്കാലത്തിനൊടുവില്‍ 1949 ഡിസംബര്‍ മധ്യത്തില്‍ അഖില ഭാരതീയ രാമായണ മഹാസഭയുടെ നേതൃത്വത്തില്‍ ബാബിരി പള്ളിയുടെ കിഴക്ക് വശത്ത് ചബൂത്രയ്ക്ക് മുന്നില്‍ തുളസീദാസിന്റെ രാമചരിതമാനസത്തിന്റെ ഒമ്പത് ദിവസം നീണ്ട പാരായണം ആരംഭിച്ചു. ഗൊരഖ്‌നാഥ് മഠാധിപതിയായ മഹന്ത് ദ്വിഗ് വിജയ്‌നാഥായിരുന്നു ഇതിന്റെ നേതാവ്. ഇതിന്റെ അവസാന ദിവസം, 22ന്, രാത്രി ദ്വിഗ് വിജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികള്‍ പള്ളി കുത്തിത്തുറന്ന് ശിശു രൂപത്തിലുള്ള രാമന്റേയും സീതയുടേയും പ്രതിമകള്‍ അകത്ത് കൊണ്ട് വച്ചു. പിറ്റേദിവസം മുതല്‍ ഇവരുടെ അനുയായികള്‍ ഭക്തരാണെന്ന മട്ടില്‍, പള്ളിക്കകത്ത് സ്വയം ഭൂവായ വിഗ്രഹമുണ്ടായി എന്നവകാശപ്പെട്ട് സംഘര്‍ഷമാരംഭിച്ചു. ഇതേക്കുറിച്ച് അന്നത്തെ യു.പി (യുണൈറ്റഡ് പ്രൊവിന്‍സ്) തലവനായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ അറിയിച്ചു. ആ കുട്ടി രാമ, സീത പ്രതിമകള്‍ പള്ളിയില്‍ നിന്നെടുത്ത് സരയൂവില്‍ ഒഴുക്കാനായിരുന്നു നെഹ്‌റു നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ശ്രുതി. സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഗോവിന്ദ വല്ലഭിന് നെഹ്രു കത്തയച്ചതോടെയാണ് ഈ സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.നായരുടെ നിര്‍ദ്ദേശം ചെവിക്കൊള്ളുകയാണ് ഗോവിന്ദ് വല്ലഭ് പന്ത് എന്ന കോണ്‍ഗ്രസ് നേതാവ് ചെയ്തത്.

1949 ഡിസംബര്‍ 29-ന് ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.നായര്‍ ബാബിരി മസ്ജിനെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിച്ചു. പള്ളിയുടെ മുഖ്യകവാടം താഴിട്ട് പൂട്ടി മുസ്ലീങ്ങളെ ആരാധനയ്ക്കായി പള്ളിയില്‍ പ്രവേശിക്കുന്നത് ഉത്തരവ് മൂലം വിലക്കി. അതേസമയം ഒരു വശത്ത് തുറന്നവാതില്‍ വഴി ഹിന്ദുക്കള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതിയും നല്‍കി. നാല് പുരോഹിതന്മാരെ നിയമിക്കുകയും അവര്‍ക്ക് പള്ളിക്കകത്തുള്ള വിഗ്രഹങ്ങള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനുള്ള അനുമതി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ദ്വിഗ് വിജയ് നാഥും ഒരു സംഘം ഹിന്ദുത്വ ക്രിമിനലുകളും നടത്തിയ ഗൂഢാലോചനയെ കെ.കെ.നായര്‍ എന്ന ആലപ്പുഴക്കാരന്‍ സഹായിക്കുകയായിരുന്നുവെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ 1992-ല്‍ ആനന്ദ് പട്വര്‍ദ്ധന്‍ നിര്‍മ്മിച്ച ‘രാം കേ നാം’ എന്ന ഡോക്യുമെന്ററി കെ.കെ.നായര്‍ ഈ പദ്ധതി ആസൂത്രണം ചെയ്ത സംഘത്തിലൊരാളായിരുന്നുവെന്ന വെളിപ്പെടുത്തലുണ്ട്. പള്ളിയില്‍ ശിശു രാമ, സീത പ്രതിമകള്‍ കൊണ്ട് വച്ച സംഘത്തിലെ ഒരാളായിരുന്ന മഹന്ത് രാംസേവത് ശാസ്ത്രിയാണ് ഇതിനായുള്ള ഗൂഢാലോചനയില്‍ കെ.കെ.നായര്‍ പങ്കാളിയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. പിന്നീട് ജനസംഘത്തിന്റെ എം.പിയും നേതാവുമായി കെ.കെ.നായര്‍ മാറി.

KK Nair

KK Nair 

1992-ല്‍ ബാബിരി പള്ളി പൊളിച്ച കര്‍സേവകരില്‍ ഒരാളായി രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും ഇപ്പോള്‍ യു.പി. മുഖ്യമന്ത്രിയായിരിക്കുകയും ചെയ്യുന്ന ആദിത്യനാഥ് എന്ന അജയ് ബിഷ്ടിന്റെ ഗുരു അവൈദനാഥിന്റെ ഗുരുവാണ് ദ്വിഗ് വിജയ് നാഥ് എന്ന് കൂടി പറയുമ്പോഴാണ് ഈ ചക്രം പൂര്‍ത്തിയാവുക.1935 മുതല്‍ 1969 വരെ ഗൊരഖ് നാഥ് മഠാധിപതിയായിരുന്ന ദ്വിഗ് വിജയ് നാഥ് കടുത്ത ഗാന്ധി വിമര്‍ശകനും സവര്‍കറുടെ ശിഷ്യനുമായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വെറുപ്പായിരുന്നു ദ്വിഗ് വിജയ്‌നാഥിന്റെ പ്രധാനരാഷ്ട്രീയം. മുസ്ലീങ്ങള്‍ ഇന്ത്യയോട് യഥാര്‍ത്ഥത്തില്‍ കൂറ് പ്രഖ്യാപിക്കുന്നത് വരെ, ചുരുങ്ങിയത് അഞ്ചാറ് വര്‍ഷത്തേക്ക്, അവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നായിരുന്നു സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളില്‍ അയാളുടെ പ്രധാന പ്രചരണം. 1948 ജനുവരി 27ന് ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ ഗാന്ധിയെ കൊല്ലണമെന്ന് ദ്വിഗ് വിജയ്‌നാഥ് ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം ഗാന്ധിജി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ അറസ്റ്റിലായി. ഒന്‍പത് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ ഹിന്ദുമഹാസഭ നിരോധിക്കപ്പെട്ടിരുന്നു. ഗുരുവായ സവര്‍കറാകട്ടെ കേസ് നേരിടുകയും ചെയ്യുന്നു. ആ തകര്‍ച്ചയില്‍ നിന്ന് ഹിന്ദുത്വത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു ബാബിരി പള്ളിയില്‍ ബാല രാമ പ്രതിമ സ്ഥാപിക്കുന്ന ഗുഢാലോചന.

1949-ല്‍ ബാബിരി മസ്ജിദ് തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച ശേഷമുണ്ടായ കേസുകള്‍ ഇവയാണ്

1950-ലാണ് ഈ വിഷയം ഔദ്യോഗികമായി കോടതിയിലെത്തുന്നത്. പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്ന് തരണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് കോടതിയില്‍ ഹാഷിം അന്‍സാരി ഹര്‍ജി സമര്‍പ്പിച്ചതിന് ബദലായി ഹിന്ദുമഹാസഭ അംഗമായ ഗോപാല്‍ സിങ്ങ് വിശാരദ് 1950 ജനുവരി 16ന് ഒരു സിവില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അതാണ് പിന്നീട് സ്യൂട്ട് നമ്പര്‍ ഒന്ന് അറിയപ്പെട്ടത്. വിശാരദിനൊപ്പം പരമഹംസ് രാമചന്ദ്രദാസ് എന്ന സന്യാസി ഫയല്‍ ചെയ്തതായിരുന്നു സ്യൂട്ട് നമ്പര്‍ രണ്ട്. പക്ഷേ അത് വൈകാതെ പിന്‍വലിച്ചു. പള്ളി യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്നും അത് പൂര്‍ണമായും കൈമാറണമെന്നും അവകാശപ്പെട്ട് 1959-ല്‍ നിര്‍മോഹി അഖാഡ ഫയല്‍ ചെയ്ത കേസാണ് സ്യൂട്ട് നമ്പര്‍ മൂന്ന്. 1961 ഡിസംബര്‍ 18ന് ബാബിരി മസ്ജിദ് സ്വതന്ത്രമായി തങ്ങള്‍ക്ക് വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട സുന്നി കേന്ദ്ര വഖഫ് ബോര്‍ഡ് ഫയല്‍ ചെയ്ത കേസ് സ്യൂട്ട് നമ്പര്‍ നാല് എന്ന് പിന്നീട് അറിയപ്പെട്ടു. ഇടയ്ക്ക് വച്ച് പൂജാരിക്കൊഴികെ മറ്റെല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം വിലക്കി താത്കാലിക ഉത്തരവുണ്ടായി.

ഇതിനിടെ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയം പതുക്കെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 1964-ല്‍ ഗോള്‍വാള്‍ക്കറുടേയും എസ്.എസ് ആപ്‌തേയുടേയും നേതൃത്വത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷദിനെ സംഘപരിവാര്‍ ബാബിരി പള്ളിക്കെതിരായ നീക്കങ്ങളുടെ ചുമതലയേല്‍പ്പിച്ചു. ആദ്യം വിദ്യാര്‍ത്ഥി സംഘടനയും പിന്നീട് തൊഴിലാളി സംഘടനയും രൂപവത്കരിച്ച ആര്‍.എസ്.എസ് മറ്റ് പല രാഷ്ട്രീയ സഖ്യങ്ങളില്‍ നിന്നും വിട്ടുവന്നവരെ യോജിച്ച് കൊണ്ടാണ് രാഷ്ട്രീയസംഘടനകള്‍ ആരംഭിച്ചത്. ഭാരതീയ ജനസംഘമായും ജനതാപാര്‍ട്ടിയായും പല രൂപത്തില്‍ അവര്‍ ശ്രമിച്ചു. പക്ഷേ, സംഘപരിവാറുമായി ബന്ധമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ നിലപാട് എടുത്തതോടെയാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം, ആര്‍.എസ്.എസ് സ്വന്തം രാഷ്ട്രീയകക്ഷി എന്ന നിലപാടിലേക്ക് എത്തിയത്. 1980-ല്‍ അങ്ങനെ ബി.ജെ.പി ഉണ്ടായി. എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കലക്കത്തില്‍ പെട്ട ഏതാനും ആളുകള്‍ കൂടി ഭാഗവാക്കായിരുന്നുവെങ്കിലും ആത്യന്തികമായി ആര്‍.എസ്.എസിന്റെ സംഘപരിവാര കുടക്കീഴിലുള്ള പൊളിറ്റിക്കല്‍ എന്റ്റിറ്റിയായിരുന്നു ബി.ജെ.പി.

Ram lalla

Ram Lalla

തുടര്‍ന്ന് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ വിവിധ സന്യാസി സമൂഹങ്ങളുടെ യോഗങ്ങള്‍ വിളിച്ച് രാം-ജാനകി യാത്ര എന്ന പേരില്‍ രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭം ആരംഭിക്കാനുള്ള നടപടികളിലേക്ക് ബി.ജെ.പി നീങ്ങി. 1984 ഏപ്രില്‍ ഏഴ്,എട്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ വിശ്വഹിന്ദുപരിഷദ് അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികള്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യത്തെ ലക്ഷ്യം ബാബിരി പള്ളിയാണെന്നുള്ള ഭീഷണിയും അവര്‍ മുഴക്കി. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി 1986-ല്‍ പള്ളിയുടെ പൂട്ട് തുറന്ന് ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ചു.

1986-ല്‍ ഫൈസാബാദ് ജില്ലാ കോടതിയാണ് ബാബിരി പള്ളി പരിസരം പൂജയ്ക്ക് തുറന്ന് കൊടുക്കാമെന്ന് പ്രഖ്യാപിച്ചതെങ്കിലും അത് യു.പി സര്‍ക്കാര്‍ വഴി രാജീവ് ഗാന്ധി ഗവണ്‍മെന്റ് ചെയ്യിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. രാമചന്ദ്രഗുഹയടക്കുമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് പ്രാദേശിക ഭരണകൂടത്തിനും എന്തിന് ദൂരദര്‍ശന് വരെ ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നുവെന്നാണ്. വിധി വന്ന് ഒരു മണിക്കൂറിനുള്ളില്‍ പള്ളിയുടെ ഗേറ്റ് ഹൈന്ദവാരാധനയ്ക്കായി തുറക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൂര്‍ദര്‍ശന്‍ ഹാജറുണ്ടായിരുന്നു. അഴിമതിക്കേസുകളില്‍ കറപുരണ്ടിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധമാറ്റല്‍ ശ്രമങ്ങളായും ഇവ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇക്കാലത്ത് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി എന്‍.ഡി. തിവാരിക്ക് പകരം രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ വീര്‍ബഹാദൂര്‍സിങ്ങീനെ വച്ചത് തന്നെ ബാബിരി പള്ളിക്കേസിനെ അട്ടിമറിക്കാനാണെന്ന വാദമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടനെ വീര്‍ബഹാദൂര്‍ സിങ്ങ് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ഫര്‍ഹാദ് അലിയെ ക്ഷണിച്ചുവരുത്തി യു.എസ് അംബാസിഡര്‍ പദവി വാഗ്ദാനം ചെയ്തത് ഇന്ന് ഒരു രഹസ്യമല്ല. വഖ്ഫ് ബോര്‍ഡ് ബാബിരി പള്ളിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് വിട്ടുനല്‍കണം എന്നതായിരുന്നു വ്യവസ്ഥ. ഒരു വശത്ത് ഷബാനു കേസ് വിധിയെ അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണം നടത്തിയും മറുവശത്ത് വി.എച്ച്.പിക്ക് ബാബിരി പള്ളിയുടെ മണ്ണില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവദിച്ചും രാജീവ് ഗാന്ധി ഈ വര്‍ഷങ്ങളില്‍ മതപ്രീണനത്തിലൂന്നി ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ അട്ടിമറി നടത്തി. രാമജന്മഭൂമിക്ക് വേണ്ടിയുള്ള വിശ്വഹിന്ദുപരിഷദിന്റെ നേതൃത്വത്തിലുള്ള ഈ കൊലവിളിക്കാലത്തിന് കൂടുതല്‍ കരുത്തു നല്‍കിയതായിരുന്നു ദൂരദര്‍ശനിലെ രാമായണ മഹാരാഭാരത പരമ്പരകള്‍. അതിനും രാജീവ് ഗാന്ധിക്കാണ് ഇവര്‍ നന്ദി പറയുക.

1987-ല്‍ അയോധ്യയുള്‍പ്പെടുന്ന ഫൈസാബാദിലെ ജില്ലാകോടതിയില്‍ നിന്ന് ഈ കേസുകളെല്ലാം അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ പരിധിയിലേക്ക് മാറ്റി. 1989-ല്‍ വിശ്വഹിന്ദു പരിഷദിന്റെ ഉപാധ്യക്ഷനും അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുമായ ദേവകിനന്ദന്‍ അഗര്‍വാള്‍ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠയായി അവര്‍ കരുതുന്ന ‘കുട്ടി രാമന്’ വേണ്ടി മറ്റൊരു കേസ് ഫയല്‍ ചെയ്തു (സ്യൂട്ട് നമ്പര്‍ അഞ്ച്). ‘രാമ ലല്ലാ വിരാജ്മാന്‍’ അഥവാ ശിശുപ്രായത്തിലുള്ള രാമന് വേണ്ടി പ്രിയ സുഹൃത്ത് എന്ന നിലയില്‍ ദേവകിനന്ദനാണ് വാദിയായി ഹാജരായത്. ദേവകി നന്ദന്റെ മരണശേഷം ടി.പി വര്‍മ്മ, തുടര്‍ന്ന് ആര്‍.എസ്.എസ് പ്രചാരകന്‍ ത്രിലോക് നാഥ് പാണ്ഡെ എന്നിങ്ങനെ സുഹൃത്തുക്കള്‍ ‘രാം ലല്ല’ക്ക് വേണ്ടി കേസ് നടത്തി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദായിരുന്നു ഈ കേസില്‍ അഭിഭാഷകന്‍.

അതിനിടെ 1986-ല്‍ ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് എല്‍.കെ.അദ്വാനിയെത്തിയത് രാമജന്മഭൂമി കലാപത്തിന് പുതിയ ദിശാബോധം നല്‍കി. 1990 സെപ്തംബര്‍ 25ന് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചതും സമസ്തിപൂരില്‍ അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതും ചരിത്രം. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്നതാണ്. 1992-ല്‍ ബാബിരി പള്ളി ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തു. ഇന്ത്യന്‍ ഭരണകൂടം നോക്കുകുത്തിയായി നിന്നു. തുടര്‍ന്ന് രാജ്യത്തുടനീളം ചോരപ്പുഴയൊഴുകി. ബാബിരി പള്ളി തകര്‍ത്തതിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബി.ജെ.പി നേതാക്കള്‍ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, ഉമാഭാരതി, സ്വാധി പ്രജ്ഞ, കല്യാണ്‍ സിങ്. ശങ്കര്‍ സിങ്ങ് വഗേല എന്നിവരെല്ലാം പ്രതികളായി. പ്രധാനമന്ത്രി നരസിംഹറാവു ജസ്റ്റിസ് ലിബര്‍ഹാന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷനെ ബാബിരി പള്ളി തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചു.

തുടര്‍ക്കാലങ്ങളിലുണ്ടായ പല പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആദ്യം 13 ദിവസവും പിന്നീട് 13 മാസവും പിന്നീട് അഞ്ച് വര്‍ഷം തികച്ചും സഖ്യകക്ഷികളുടെ സഹായത്തോടെയാണെങ്കിലും ബി.ജെ.പി ഭരിച്ചു. പള്ളി തകര്‍ത്ത കേസിലെ പ്രധാന പ്രതിയായിരുന്ന എല്‍.കെ അദ്വാനി രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും എം.എം.ജോഷി വിദ്യഭ്യാസ മന്ത്രിയുമായി. പല നാടകങ്ങള്‍ക്ക് ശേഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. പിന്നീട് പത്തുവര്‍ഷം അവര്‍ ഭരിച്ചു. ബാബിരി പള്ളി തകര്‍ത്തവര്‍ക്ക്, ഗൂഢാലോചന നടത്തിയവര്‍ക്ക് ആ ഭരണത്തിന് കീഴിലും ഒന്നും സംഭവിച്ചില്ല. 2009-ല്‍ കോണ്‍ഗ്രസ് സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ച് വന്ന ഉടനെ, ജൂണ്‍ 30ന് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി. പതിനേഴുവര്‍ഷം, 48 എക്സ്സ്റ്റന്‍ഷനുകള്‍ എന്നിവയ്ക്ക് ശേഷം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ അദ്വാനി, ജോഷി മുതല്‍ പല ബി.ജെ.പി നേതാക്കളേയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഒരു ശുപാര്‍ശയും നല്‍കിയില്ല. ഒരു നടപടിയും അതിന്റെ മേല്‍ ഉണ്ടായില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് 17 വര്‍ഷത്തോളം സ്വതന്ത്രേന്ത്യയിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നിനെ കുറിച്ച് നടന്ന അന്വേഷണം ആയിരുന്നു അങ്ങനെ അവസാനിച്ചത്.

പുരാവസ്തു തെളിവുകള്‍

ബാബിരി പള്ളിയുടെ കഥയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിലൊന്ന് ആര്‍ക്കിയോളജിയാണ്. കോടതി മുതല്‍ നമ്മുടെ മാധ്യമങ്ങളിലും പല ചര്‍ച്ചകളിലും ആവര്‍ത്തിക്കുന്ന ആര്‍ക്കിയോളജി തെളിവുകള്‍. 1975 മുതല്‍ ബി.ബി.ലാല്‍ എന്ന ബ്രിജ് ബാസി ലാല്‍ ആരംഭിച്ച രാമായണ ഉദ്ഗ്രഥന പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് അവകാശപ്പെടുന്ന, ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേഖല ഡയറക്ടര്‍ ആയി റിട്ടയര്‍ ചെയ്ത, കെ.കെ.മുഹമ്മദിനെ ഉദ്ധരിച്ചാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കുക.

ബ്രിട്ടീഷ് ഇന്ത്യയില്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം, ആദ്യ ഡയറക്ടര്‍ ജനറലായി സ്ഥാനമേറ്റ അലക്‌സാണ്ടര്‍ കന്നിങ്ഹാം 1862-63 ല്‍ അയോധ്യയില്‍ ഖനനം നടത്തിയിരുന്നു. ഹുയാങ്‌സാങ്ങിന്റേയും ഫാഹിയാന്റെയും യാത്രാപഥങ്ങളില്‍ അയോധ്യയെ കുറിച്ചും പരാമര്‍ശമുള്ളതിനാല്‍ അത് അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഖനനം. മണി പര്‍ബത്, കുബേര്‍ പര്‍ബത്, സുഗ്രീവ് പര്‍ബത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉദ്ഗ്രഥനം നടത്തി ലഭിച്ചതില്‍ ബുദ്ധ സ്തൂഭങ്ങളുടെ അവശിഷ്ടങ്ങളുള്ളതായി അദ്ദേഹം കണ്ടെത്തി. ഒന്ന് അശോകന്റെ കാലത്തേയും മറ്റൊന്ന് ബുദ്ധ മഠത്തിന്റേതും ആണെന്നദ്ദേഹം വിശദീകരിച്ചു. രാമായണ കഥയുടെ വാമൊഴി പാരമ്പര്യമനുസരിച്ച് രാമന്റെ ജനനസ്ഥലമായതിനാല്‍ അത് സംബന്ധിച്ച പരിശോധനകളും അദ്ദേഹം നടത്തുന്നുണ്ട. സമീപത്തെ ഫൈസാബാദ് പട്ടണത്തിലേത് പോലെ തന്നെയുള്ള മണ്‍ചുമരുകളുള്ള വീടുകളുടേയും മറ്റും അവശിഷ്ടങ്ങളല്ലാതെ കൊത്തുപണികളുള്ള തൂണുകളോ തകര്‍ന്ന പ്രതിമകളോ ഒന്നും അവിടെ കണ്ടെത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. രാമക്ഷേത്രത്തിന്റേതാകാമെന്ന് പറയുന്ന ക്ഷേത്രത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. അത് പക്ഷേ ബാബിരി മസ്ജിദിന്റെ പ്രദേശങ്ങളിലൊന്നുമല്ല. പല രാമപാരമ്പര്യങ്ങളേയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ബാബിരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലമായിട്ടോ അത് തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന വാദമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല.

Babri

Babri Masjid

1969-70 കാലത്ത് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ എ.കെ.നാരായണ്‍, ടി.എന്‍.റോയ്, പി.സിങ്ങ് എന്നിവര്‍ അയോധ്യയില്‍ ഖനനം നടത്തിയിരുന്നുവെങ്കിലും രാമായണ കഥയായി ബന്ധപ്പെട്ടതോ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ ഒന്നും ലഭിച്ചില്ല. അലക്‌സാണ്ടര്‍ കന്നിങ്ഹാം ഖനനം നടത്തിയ കുബേര്‍ ടീലയില്‍ നിന്ന് വീടുകളുടേത് പോലുള്ള, ഇഷ്ടികയില്‍ നിര്‍മ്മിച്ച, വലിയ കെട്ടിടത്തിന്റെ സൂചനകള്‍ ലഭിച്ചു. 1972-ലാണ്, പിന്നീട് വിവാദമായ, രാമായണ പ്രശസ്തമായ ഇടങ്ങളിലെ ഖനനം സംബന്ധിച്ച പ്രൊജക്ട് ബി.ബി. ലാല്‍ ആരംഭിക്കുന്നത്. 1975-ല്‍ അത് കേന്ദ്ര വിദ്യാഭ്യാസ, സാംസ്‌കാരിക സഹമന്ത്രി എസ് നൂറുള്‍ ഹസന്‍ ഉദ്ഘാടനം ചെയ്തുവെങ്കിലും 1977-ലാണ് പദ്ധതി ആരംഭിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഷിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസും ചേര്‍ന്ന് ധനസഹായം ചെയ്ത ആ പ്രൊജക്ട് 1986 വരെ നീണ്ടുനിന്നു. അയോധ്യയെ കൂടാതെ ശൃംഗവേരപുര, ഭരദ്വാജ ആശ്രമം, നന്ദിഗ്രാം, ചിത്രകൂട് എന്നിവിടങ്ങളിലും ഈ പ്രൊജക്ടിന്റെ ഭാഗമായി ഖനനം നടന്നു. ശൃംഗവേരപുരയില്‍ കണ്ടെത്തിയ ഒരു വെള്ളത്തൊട്ടിയെ കുറിച്ചല്ലാതെ ഇതുവരെ ആ പദ്ധതിയെ കുറിച്ചൊരു അക്കാദിക് വര്‍ക്കുകളും പ്രസിദ്ധീകരിച്ചിട്ടില്ല.

അയോധ്യയിലെ ഖനനങ്ങളെ കുറിച്ചാകട്ടെ, 1976-77, 1979-80 വര്‍ഷങ്ങളിലെ ഇന്ത്യന്‍ ആര്‍ക്കിയോളജി റിപ്പോര്‍ട്ടിലല്ലാതെ മറ്റൊരിടത്തും പരാമര്‍ശം പോലുമില്ല. ബസാറസ് ഹിന്ദു സര്‍വ്വകലാശാല രാമായണ കഥയെ കുറിച്ചുള്ള പൊതുവായ പരിശോധനയാണ് നടത്തിയതെങ്കില്‍ ബി.ബി. ലാലിന്റെ സംഘം രാമജന്മഭൂമി കുന്നിലും ഹനുമാന്‍ ഗഡിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള തുറന്ന പ്രദേശത്തും സീതാ കി രസോയ്-യിലുമാണ് ഖനനം നടത്തിയത്. അവര്‍ കണ്ടെത്തിയതാകട്ടെ, ഏര്‍ളി ഹിസ്റ്റോറിക് പിരീഡ് (ബി.സി.ഇ ആറാം നൂറ്റാണ്ട് മുതല്‍ സി.ഇ ആറാം നൂറ്റാണ്ട് വരെ) സംബന്ധിച്ച കാര്യങ്ങളാണ്. ഏര്‍ളി ഹിസ്റ്റോക് പിരീഡിന് ശേഷം ‘പതിനൊന്നാം നൂറ്റാണ്ടില്‍ വീണ്ടും ഈ പ്രദേശത്ത് ജനവാസം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഇടവേളയുണ്ടായിരുന്നുവെന്നാണ് സൂചന. അക്കാലത്ത് പലതട്ടിലുള്ള ഇഷ്ടിക-പരുക്കന്‍ കുമ്മായക്കല്‍ തറകള്‍ കാണാം. പക്ഷേ അതിന് ശേഷമുള്ള കാലത്ത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നും തന്നെയില്ല’- എന്ന് 1976-’77 ഐ.എ.ആറില്‍ വിശദമായുണ്ട്. 1979-’80 ഐ.എ.ആറില്‍ ആകട്ടെ അയോധ്യയിലെ മധ്യകാലത്തെ കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ പോലുമില്ല.

പിന്നീട് 1990 ഒക്ടോബറില്‍, രാജ്യം രാമജന്മഭൂമി കലാപത്താല്‍ കലുഷിതമായ കാലത്ത്, ആ കലാപത്തിന് നേതൃത്വം നല്‍കിയിരുന്ന ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണമായ ‘മന്ഥ’നില്‍ ബി.ബി.ലാല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അയോധ്യയില്‍ അദ്ദേഹം നടത്തിയ ഖനനത്തില്‍ കണ്ടെത്തിയതാണ് എന്നവകാശപ്പെടുന്ന ഇഷ്ടികകഷ്ണങ്ങളുടെ കൂനകളുടെ ഫോട്ടോയും ഉണ്ടായിരുന്നു. അത് ബാബര്‍ നശിപ്പിച്ച ക്ഷേത്രത്തിലെ തൂണുകളുടെ അടിത്തട്ടാണെന്നായിരുന്നു ലേഖനത്തിന്റെ അവകാശവാദം. ഈ തൂണിന്റെ അടിഭാഗത്തിന്റെ അവശിഷ്ടം അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന്റെ അതിപ്രധാനമായ പുരാവസ്തു തെളിവാണ് എന്നും ബി.ബി.ലാല്‍ ലേഖനത്തില്‍ പറയുന്നു. ഇത്ര പ്രധാനമായ ഒരു തെളിവ് അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ ഒന്നും എഴുതാതെ പള്ളി പൊളിച്ച് ക്ഷേത്രമുണ്ടാക്കാന്‍ കലാപം നടത്തുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ എഴുതിയത് എന്തുകൊണ്ടാണ്? ഐ.എ.ആറില്‍ പോലും അതേക്കുറിച്ച് പരാമര്‍ശമില്ലാത്തത് എന്തുകൊണ്ടാണ്? സ്വാഭാവികമായും മറ്റ് ആര്‍ക്കിയോളജിസ്റ്റുകള്‍ ഈ ചോദ്യം ഉന്നയിച്ചു. അതോടെ 1991 ഫെബ്രുവരി പത്തിന് വിജയവാഡയില്‍ നടന്ന ഒരു സെമിനാറില്‍ ലാല്‍ മലക്കം മറിഞ്ഞു. താന്‍ കണ്ടെത്തിയ പില്ലര്‍ ബേസ്-ഉം ബാബിരി മസ്ജിദിന്റെ കല്‍ത്തൂണുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് പള്ളിയുടെ അടിയില്‍ ഖനനം നടത്തിയാലേ കഴിയൂ, എന്നാലേ അവിടെ മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവോ എന്ന് തിരിച്ചറിയാന്‍ കഴിയൂ എന്ന് ലാല്‍ വിശദീകരിച്ചു. ആ അഭിപ്രായം വിമര്‍ശിക്കപ്പെട്ടപ്പോള്‍ പള്ളിക്കടിയില്‍ ഖനനം നടത്തണമെന്ന വാദം ബി.ബി ലാല്‍ ആവര്‍ത്തിച്ചു.

1992-ല്‍ ബാബിരി പള്ളി പൊളിക്കപ്പെട്ടതിന് ശേഷമുള്ള നിരവധി നിയമയുദ്ധങ്ങളില്‍ ഒന്നിന്റെ ഫലമായി ബാബിരി പള്ളി നിലനിന്നിടത്ത് ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതി 2002 ആഗസ്ത് ഒന്നിന് അനുമതി നല്‍കി. അക്കാലത്ത് ബി.ജെ.പി ഭരണമായിരുന്നു രാജ്യത്ത് എന്നുള്ളതും പ്രധാനമാണ്. പല തരത്തിലുള്ള തടസവാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടതിനാല്‍ സാധാരണ ഗതിയിലുള്ള പുരാവസ്തു ഉദ്ഖനനമല്ല, ഗ്രൗണ്ട് പെനിട്രേറ്റിങ് സര്‍വ്വേ (ജി.പി.ആര്‍) അഥവാ ഭൂമി തുരന്നുകൊണ്ടുള്ള സര്‍വ്വേ നടത്താനായിരുന്നു ഉത്തരവ്. ഈ സര്‍വ്വേ നടത്താന്‍ ടോജോ വികാസ് ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തെ ആര്‍ക്കോളജിക്കല്‍ സര്‍വ്വേ ഏല്‍പ്പിച്ചു. 2002 ഡിസംബര്‍ 30 മുതല്‍ 2003 ജനവരി 17 വരെ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം അവര്‍ ആര്‍ക്കോളജിക്കല്‍ സര്‍വ്വേ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘0.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെ ആഴത്തിലുള്ള ജി.പി.ആര്‍ സര്‍വ്വേയില്‍ അസ്വാഭാവികമായ പലതും കണ്ടെത്തിയിട്ടുണ്ട്. ഇത് പുരാതനവും സമകാലികവുമായ തൂണുകള്‍, എടുപ്പുകള്‍, അടിത്തറകള്‍, കല്‍പ്പലകകൊണ്ടുള്ള തറ എന്നിവയെല്ലാം പെടും. പക്ഷേ ഇവയുടെ ശരിയായ സ്വഭാവം മനസ്സിലാക്കണമെങ്കില്‍ വ്യവസ്ഥാപിത രൂപത്തിലുള്ള പുരാവസ്തു ഖനനം തന്നെ വേണ്ടി വരും’-എന്നതായിരുന്നു ഏകദേശം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പത്ത് മീറ്ററിന് മേല്‍ ഉയരമുള്ള ഏത് പ്രദേശത്തും ജി.പി.ആര്‍ സര്‍വ്വേ നടത്തിയാല്‍ ഇത്തരം നിര്‍മ്മിതികള്‍ കണ്ടെത്താനാകും എന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്.

ജി.പി.ആര്‍ റിപ്പോര്‍ട്ടില്‍ പള്ളിക്കടിയില്‍ തൂണുകളുടെ അവശിഷ്ടങ്ങളുണ്ടാകാം എന്ന് പറയുന്നുണ്ടെങ്കിലും ഖനനത്തില്‍ ഒന്നും ലഭിച്ചിട്ടില്ല. കര്‍സേവകര്‍ എന്ന ക്രിമിനല്‍ ആള്‍ക്കൂട്ടം തകര്‍ത്ത ബാബിരി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിരിക്കുന്നതിനിടയില്‍ രണ്ട് തൂണുകളുണ്ടായിരുന്നു. പള്ളിതകര്‍ത്ത ദിവസങ്ങളില്‍ അവിടെ എന്തൊക്കെ സംഭവിച്ചു, ആരൊക്കെ വന്നു എന്നതിനൊന്നും യാതൊരു തെളിവുകളുമില്ല. പള്ളിയുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടതിന് മീതെ താത്കാലികമായി ഒരു കോവിലുണ്ടാക്കി അതിനുള്ളിലാണ് ‘ശിശു രാമ’ന്റെ പ്രതിമകള്‍ വച്ചിരുന്നത്. അവിടെ ആരാണ് ആ താത്കാലിക കോവിലുണ്ടാക്കിയതെന്നോ അതിനായി അവിടേക്ക് എന്തെല്ലാം കൊണ്ടുവന്നു എന്നോ ആര്‍ക്കും അറിയില്ല. ആ അവ്യസ്ഥയ്ക്കുള്ളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ കിടക്കുന്ന തൂണുകളെ പുരാവസ്തു തെളിവായി കണക്കാക്കാന്‍ കഴിയില്ല എന്ന് അന്നത്തെ ഖനനത്തെ കുറിച്ച് പഠിച്ച സുപ്രിയ വര്‍മ്മയും ജയമേനോനും ചൂണ്ടിക്കാണിക്കുന്നു. പുരാവസ്തുഗവേഷകര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്ക് പോലും ജി.പി.ആര്‍ പരിശോധിച്ചാല്‍, ബി.ബി ലാല്‍ കണ്ടെത്തുന്നുവെന്ന് അവകാശപ്പെടുന്ന തൂണിനോട് പൊരുത്തപ്പെടുന്ന ഒന്നും അതിലില്ലെന്ന് ബോധ്യപ്പെടുമെന്നും അവര്‍ പറയുന്നു.

എന്തായാലും കെട്ടിടത്തിനടിയില്‍ തുണുകളും കല്‍ത്തറകളും മതിലുകളും എല്ലാം കണ്ടെത്തിയെന്ന ജി.പി.ആര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘ഹിന്ദുക്ഷേത്രം തകര്‍ത്ത് കൊണ്ടാണോ ഈ പള്ളി കെട്ടിടം ഉണ്ടാക്കിയത്’ എന്ന് പരിശോധിക്കാന്‍ 2003 മാര്‍ച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ച്ച് 12 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ ഖനനം നീണ്ടുനിന്നു. സാധാരണ പുരാവസ്തു ഖനനം നടക്കുമ്പോള്‍ ഓരോ ട്രഞ്ചിനും ഓരോ സൂപ്പര്‍വൈസര്‍മാരെ നിയമിക്കുകയും അവര്‍ ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുകയുമാണ് പതിവ്. ഇവിടെ ഒരേ ആളുകള്‍ പല ട്രഞ്ചുകളിലും ഒരു ട്രഞ്ചില്‍ വിവിധ ആളുകളും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായും സാധാരണ പ്രക്രിയയുടെ മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും സുപ്രിയ വര്‍മ്മയും ജയമേനോനും ആരോപിക്കുന്നു. ഇതുമാത്രമല്ല, യാതൊരു തരത്തിലുള്ള അക്കാദമിക് സ്വഭാവങ്ങളും പുലര്‍ത്താതെ നിഗമനം (കണ്‍ക്ലൂഷന്‍) ആരുടെ പേരിലാണ് എന്നുപോലുമില്ലാതെ വടക്കേ ഇന്ത്യന്‍ ക്ഷേത്രത്തിന്റേത് എന്ന് പറയാവുന്ന ചില തെളിവുകള്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത് നല്‍കുകയാണ്.

കണ്ടെത്തിയെന്നവകാശപ്പെടുന്ന 445 കെട്ടിടശകലങ്ങളില്‍ 40 എണ്ണം മാത്രമാണ് പരസ്പര ബന്ധമുള്ളത്. അതിലൊന്ന് പോലും ക്ഷേത്രവുമായി പ്രത്യേക ബന്ധമുള്ളതല്ല. റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള 12 എണ്ണവും പള്ളി പൊളിച്ചതിന്റെ ഭാഗമായുള്ള കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഭൗമോപരിതലത്തില്‍ കാണപ്പെട്ടവയാണ്. അതിനെ പുരാവസ്തു തെളിവുകളായി സ്വീകരിക്കാന്‍ കഴിയില്ല. ഈ പന്ത്രണ്ട് എണ്ണത്തില്‍ ഒരു കല്‍പ്പലകയില്‍ ശ്രീവത്സ ചിഹ്നമുണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന് ബന്ധം ജൈനമതവിശ്വാസവുമായാണ്. മറ്റൊരു കല്ലില്‍ പലകമേല്‍ താമരയുടെ ആകൃതി കാണാം. അതും ബുദ്ധിസ്റ്റ്, ജൈന പാരമ്പര്യങ്ങളില്‍ നിന്നുള്ളതാണ്. മറ്റൊന്നില്‍ വിഷമചതുര്‍ഭുജ ക്ഷേത്ര ആകൃതിയുണ്ട്. അതാകട്ടെ പള്ളിയില്‍ ഉണ്ടായിരുന്നത് തന്നെയാകാം. പ്രത്യേകിച്ചും പള്ളിയുടെ അടിഭാഗത്തുള്ള അറബിക് എഴുത്തുകളുമായി അതിന് ചേര്‍ച്ചയുള്ള സ്ഥിതിക്ക്. ഇത്തരത്തില്‍ ഉപരിതലത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ക്ക് പോലും ക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ല എന്നാണ് ഈ മേഖലയില്‍ ഗവേഷണം ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗങ്ങളും തെറ്റാണ് എന്നാണ് തെളിവുകളും രേഖകളും സഹിതം തങ്ങളുടെ ഇ.പി.ഡബ്ല്യു പ്രബദ്ധത്തില്‍ ജയമേനോനും സുപ്രിയ വര്‍മ്മയും സ്ഥാപിക്കുന്നുണ്ട്. ബി.ജെ.പി ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ് ആ റിപ്പോര്‍ട്ട് എന്നതാണ് അതിന്റെ ചുരുക്കം.

Ram Mandir

Ram Mandir 

ചുരുക്കി പറഞ്ഞാല്‍ ഈ വസ്തുതകള്‍ പകല്‍ പോലെ നിലനില്‍ക്കെയാണ് പതിറ്റാണ്ടുകള്‍ നീണ്ട ഗൂഢാലോചനയും ക്രിമിനല്‍ കുറ്റകൃത്യവും അതിന്മേല്‍ നീതി നിഷേധിച്ചുള്ള ദീര്‍ഘമേറിയ കോടതി വ്യവഹാരങ്ങളും മറച്ചുവച്ച് പുതിയ നുണകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളി, അത് ഏതെങ്കിലും ക്ഷേത്രം പൊളിച്ച് പണിതാണെന്ന് മൂന്ന് നൂറ്റാണ്ട് കാലം ആരും പറഞ്ഞില്ല. പള്ളിക്ക് പരിസരത്ത് രാമജന്മസ്ഥാന്‍ ഉണ്ടെന്ന് അവകാശപ്പെട്ട് കോടതിയില്‍ പോയ പ്രാദേശിക ഹിന്ദുമത പുരോഹിതര്‍ പോലും പള്ളിയുടെ നിലനില്‍പ്പിനേയോ അതിന്റെ ചരിത്രമൂല്യത്തേയോ ചോദ്യം ചെയ്തില്ല. അവിടെ മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടില്ല. 1949-ല്‍ ഗാന്ധി വധക്കേസില്‍ രാഷ്ട്രീയ തിരിച്ചടി കിട്ടിയ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമായിരുന്നു ഈ വിവാദം. അതിന്റെ മുഖ്യ ആസൂത്രകരാകട്ടെ മലയാളിയായ ഒരു ഉദ്യോഗസ്ഥനും ഗൊരഖ്‌നാഥ് മഠാധിപതിയായിരുന്ന ഒരു മുസ്ലീം വിരുദ്ധ ഠാക്കൂര്‍ സന്യാസിയും. തുടര്‍ന്ന് ഇന്ത്യാ മഹാരാജ്യത്ത് താക്കോല്‍ സ്ഥാനങ്ങളിലിരുന്നിരുന്ന, ഇപ്പോഴും ഇരിക്കുന്ന ഓരോരുത്തരും ഈ കുറ്റത്തില്‍ പങ്കാളികളായി.

ബാബിരി പള്ളിയുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കാശിയിലും മഥുരയിലും സംഭാലിലും അജ്മീരും ഇതേ കഥകള്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ ജനാധിപത്യവും ജുഡീഷ്യറിയും അനുമതി നല്‍ക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ബാബിരി പള്ളി പൊളിച്ച തീവ്രവാദികള്‍ വിളിച്ച മുദ്രവാക്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ‘യേ തോ കേവല്‍ ഝാക്കി ഹേ, കാശി മഥുര ബാക്കി ഹേ’!The Story of Babiri Masjd

Content Summary:The Story of Babiri Masjd

Babri Masjid ram lalla ram mandir kk nair 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×