രാമക്ഷേത്ര ട്രസ്റ്റ്; 3,500 കോടിയുടെ സംഭാവന, രേഖകളില്ലാത്ത ഇടപാടുകള്‍

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ച് 2020 ല്‍ തന്നെ മുന്നറിയിപ്പ് നല്‍കി ഓഡിറ്റ് റിപ്പോര്‍ട്ട്

Ram Temple Trust Donation Controversy- audit report.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ട്രസ്റ്റിന്റെ സാമ്പത്തിക വിനിയോഗവും ഭരണനിര്‍വഹണവും തുടക്കം വഴി തെറ്റിയിരുന്നു. ട്രസ്റ്റ് രൂപീകരിച്ച് മാസങ്ങള്‍ക്കകം തന്നെ അതിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രധാനമായും സംഭാവനകള്‍ രേഖപ്പെടുത്തുന്നതില്‍ കൃത്യമായ ഒരു സംവിധാനം ട്രസ്റ്റിനില്ലായിരുന്നു. ഒരു സ്വകാര്യ ഓഡിറ്റിങ് സ്ഥാപനം ഇക്കാര്യങ്ങളൊക്കെ കണ്ടെത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി കൃത്യമായ പ്രവര്‍ത്തന ചട്ടക്കൂട് രൂപീകരിക്കണമെന്ന് ഓഡിറ്റ് സ്ഥാപനം ആറു വര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്തിട്ടും ഇതുവരെയും നടപ്പിലാക്കാന്‍ ക്ഷേത്ര കമ്മിറ്റി തയ്യാറായിട്ടില്ല. സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും ആഭരണങ്ങളും വകമാറ്റിയെന്ന ഗുരുതരമായ അഴിമതി ആരോപണം ഇപ്പോള്‍ ട്രസ്റ്റിനെതിരെ ഉയരുമ്പോഴാണ് ഈ വിവരങ്ങളും ചര്‍ച്ചയില്‍ വരുന്നത്. ഈ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ പ്രാഥമിക കണ്ടെത്തലുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ചതോടെ വിവാദം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിതുറന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് 2020 ഫെബ്രുവരി 5-നാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നത്. അന്നുമുതല്‍ ഇതുവരെയായി ഏകദേശം 3,500 കോടി രൂപയോളം പണമായി മാത്രം ട്രസ്റ്റിന് സംഭാവന ലഭിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പുറമെ സ്വര്‍ണ്ണാഭരണങ്ങളായും വലിയൊരു തുക ട്രസ്റ്റിലേക്ക് എത്തിയിട്ടുണ്ട്. ഫണ്ട് മാനേജ്മെന്റിലും വിവരശേഖരണത്തിലും ഉള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനായി 2020 നവംബറിലാണ് ട്രസ്റ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ഈ ഓഡിറ്റ് സ്ഥാപനം ആഭ്യന്തര പരിശോധന നടത്തിയത്. തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമ്പത്തിക ഇടപാടുകള്‍, ഡാറ്റാ മാനേജ്മെന്റ്, ജീവനക്കാരുടെ വിന്യാസം എന്നിവയിലെല്ലാം കൃത്യമായ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാന്‍ ഓരോ തലത്തിലും എസ്.ഒ.പി തയ്യാറാക്കേണ്ടതിന്റെ അനിവാര്യത ഓഡിറ്റര്‍മാര്‍ എടുത്തുപറഞ്ഞിരുന്നു.

സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥാപിത രേഖയും ട്രസ്റ്റില്‍ ലഭ്യമല്ലെന്ന കാര്യം ഓഡിറ്റ് റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് ചൂണ്ടിക്കാണിച്ചത്. തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ട എക്‌സിക്യൂട്ടീവ് തലത്തിലുള്ള മാനേജ്മെന്റ് സംവിധാനം കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതും അങ്ങേയറ്റം പ്രഫഷണലല്ലാത്തതുമാണ്. ഇടപാടുകളിലോ ഡാറ്റാ എന്‍ട്രിയിലോ ഒരു ഘട്ടത്തിലും രണ്ടാമതൊരു പരിശോധന നടത്താനുള്ള സംവിധാനം പോലും നിലവിലില്ല. കൃത്യമായ യോഗ്യതയുള്ള ജീവനക്കാരുടെ അഭാവം തെറ്റായ വിവരങ്ങള്‍ കൈമാറുന്നതിനും ദുരൂഹമായ റിപ്പോര്‍ട്ടിങ്ങുകള്‍ക്കും കാരണമാകുമെന്നും ഓഡിറ്റര്‍മാര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ആയിരക്കണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന ട്രസ്റ്റില്‍ കൃത്യമായ ഒരു എച്ച്.ആര്‍ വിഭാഗമില്ലാത്തതും ബാങ്ക് അക്കൗണ്ടുകള്‍ കൃത്യമായി ഒത്തുനോക്കുന്നതിനും അക്കൗണ്ടിങ് ഡാറ്റാ എന്‍ട്രികള്‍ കൈകാര്യം ചെയ്യുന്നതിനും യോഗ്യതയുള്ള ഉദ്യോഗസ്ഥരില്ലാത്തതും വലിയ വീഴ്ചയായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക കാര്യങ്ങളിലെ അലംഭാവത്തിന് പുറമെ ഐ.ടി, ഡാറ്റാ സുരക്ഷാ മേഖലകളിലും ട്രസ്റ്റ് വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. ട്രസ്റ്റിന്റെ നിര്‍ണായക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ.ടി കമ്പനിയുടെ സെര്‍വര്‍ സുരക്ഷയെക്കുറിച്ചോ ഡാറ്റ ചോര്‍ച്ചയ്ക്കുള്ള സാധ്യതകളെക്കുറിച്ചോ യാതൊരുവിധ രേഖകളും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ ഐ.ടി സേവനദാതാക്കളുടെ ഡാറ്റാബേസ് നിരീക്ഷിക്കുന്നതിനോ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോ ഉള്ള യാതൊരു ആഭ്യന്തര നിയന്ത്രണവും ട്രസ്റ്റിനില്ല. വിവരങ്ങള്‍ ചോരുന്നതും സാമ്പത്തിക തിരിമറികള്‍ നടത്തുന്നതും തടയാന്‍ ഒരു ഐ.ടി നയം രൂപീകരിക്കണമെന്നും ഐ.ടി കമ്പനിയും ട്രസ്റ്റും തമ്മില്‍ ഏകോപിപ്പിച്ചു പോകാന്‍ യോഗ്യനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഓഡിറ്റ് സ്ഥാപനം ആവശ്യപ്പെട്ടിരുന്നു.

ഭരണനിര്‍വഹണ തലത്തില്‍ ഓഡിറ്റ് സ്ഥാപനം ചൂണ്ടിക്കാണിച്ച ഇത്തരം വലിയ പോരായ്മകള്‍ കൃത്യസമയത്ത് പരിഹരിക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ട്രസ്റ്റുമായി ബന്ധപ്പെട്ട വിശ്വസനീയ കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. സംഭാവനയായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും കൃത്യമായി സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിരുന്നെങ്കില്‍ ആഭരണങ്ങള്‍ കാണാതായെന്ന ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇത്രയേറെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടും ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ ഈ എസ്.ഒ.പിയെക്കുറിച്ചോ ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ടുകളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ട്രസ്റ്റിന്റെ അക്കൗണ്ടന്റിനെയും ജനറല്‍ സെക്രട്ടറി ചമ്പത് റായിയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അവഗണിച്ച് മുന്നോട്ട് പോയ ട്രസ്റ്റ് മാനേജ്മെന്റ് ഇപ്പോള്‍ അഴിമതി ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി പറയാനാകാതെ നില്‍ക്കുകയാണ്.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Content Summary; A 2020 private audit flags highly unprofessional management at the Ram temple trust in Ayodhya, warning of financial chaos amid SIT probe into missing donations

This post was last modified on June 24, 2026 5:58 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment