ക്യാപ്റ്റന്‍ രമേഷ് ബാബു
കോഴിക്കോടിന്റെ അഴിമുഖ ചരിത്രത്തിന് കാലവര്‍ഷക്കാറ്റിനോളം പഴക്കമുണ്ടാകും. ആ കാറ്റു തെളിച്ച പാതയില്‍ അനേകം കപ്പലുകള്‍ ഈ തീരത്തടുത്തു. കച്ചടവം മാത്രം ലക്ഷ്യമിട്ട് അറേബ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ചൈനയില്‍ നിന്നു പോലും ഇവിടേക്ക് കപ്പലുകള്‍ വന്നു പോയി. അവര്‍ക്ക് സുരക്ഷിതമായി കരയ്ക്കടുക്കാനും കച്ചവടം നടത്താനുമുള്ള എല്ലാ സൗകര്യങ്ങളും കോഴിക്കോട് ചെയ്തു കൊടുത്തിരുന്നു. പ്രതിഫലമായി തുച്ഛമായ കപ്പം മാത്രവും.
‘ഏതു നാട്ടില്‍ നിന്നു വന്നാലും എവിടേക്കു പോയാലും കോഴിക്കോട്ടെത്തുന്ന എല്ലാ കപ്പലുകള്‍ക്കും തുല്യ പരിഗണന ലഭിച്ചിരുന്നു’ – 1442-ല്‍ വിജയനഗരം രാജ്യത്തെ പേര്‍ഷ്യക്കാരന്‍ അംബാസിഡര്‍ അബ്ദുള്‍ റസാഖ് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരുന്നു. 500 വര്‍ഷക്കാലം ലോകമെമ്പാടുമു്‌ള കപ്പലുകള്‍ക്ക് സുരക്ഷിതതാവളമൊരുക്കിയ അഴിമുഖത്തേക്ക് 1498-ല്‍ വാസ്‌കോ ഡി ഗാമ എത്തി. ഒരു ഗുജറാത്തി നാവികന്റെയും കാലവര്‍ഷക്കാറ്റിന്റെയും സഹായത്തോടെ എത്തിയ ഗാമയ്ക്കും കോഴിക്കോട് സ്വാഗതമേകി, ക്രയവിക്രയങ്ങള്‍ക്ക് സൗകര്യമൊരുക്കി. എന്നാല്‍ അന്നു നിലനിന്നിരുന്ന കപ്പം കൊടുക്കാതെ ഗാമ കോഴിക്കോടിനോട് നന്ദികേട് കാട്ടി.

നമ്മള്‍ കണ്ട കടലെല്ലാം നമ്മുടേത് എന്ന പറങ്കികളുടെ അഹന്തയില്‍ ഊന്നി 1497 ജൂലൈ എട്ടാം തീയതി യാത്ര തുടങ്ങി, താന്‍ ‘കണ്ടെത്തിയ’ പുതിയ നാടിനോട് നന്ദികേട് കാണിച്ച് ഗാമ 1499-ല്‍ പോര്‍ട്ടുഗലില്‍ തിരിച്ചെത്തി. പോര്‍ട്ടുഗല്‍ ഈ യാത്രയെ വലിയ സംഭവമാക്കി ആഘോഷിക്കുകയും ഗാമയെ ഒരു ചരിത്ര പുരുഷനായി അംഗീകരിക്കുകയും ചെയ്തു. ആ ചരിത്രം ലോക പൈതൃകത്തില്‍ ഇടം നേടിയിരിക്കുന്നു. ഈയിടെ പേര്‍ട്ടുഗല്‍ സമര്‍പ്പിച്ച ഒരു കൈയെഴുത്തു പുസ്തകത്തെ ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര രേഖകളിലൊന്നായാണ് അംഗീകരിച്ചിരിക്കുന്നത്. ഗാമയ്‌ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനായ ഏതോ നാവികന്‍ തയാറാക്കിയ യാത്രാ വിവരണമാണ് ചരിത്ര രേഖയാകുന്നത്.
ആ രേഖയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് അതില്‍ കാണാന്‍ വഴിയില്ലാത്ത മറ്റു ചില രേഖകള്‍ കുറിക്കട്ടെ:
1487-ല്‍ ഗാമയ്ക്ക് പത്തു വര്‍ഷം മുമ്പ തന്നെ ‘കൊടുങ്കാറ്റുകളുടെ മുനമ്പാ’ (Cape of Tempests)യ തെക്കേ ആഫ്രിക്കന്‍ തീരം വരെ ബാര്‍ത്തിലോമി ഡയസ് എത്തിയിരുന്നു. ഭാരതത്തിലേക്ക് ഒരു വഴി തുറക്കുമെന്ന പ്രത്യാശയോടെ ഈ മുനമ്പിന് ‘പ്രത്യാശാ മുനമ്പെ’ (Cape of Goodhope)ന്ന പേരുമിട്ടു. ഡയസ് കണ്ടു പിടിച്ച കരയോട് ചേര്‍ന്ന മാര്‍ഗത്തിലൂടെയാണ് ഗാമയ നയിച്ചിരുന്ന സാന്‍ ഗബ്രിയേലും മറ്റു രണ്ടു കപ്പലുകളും പ്രത്യാശാ മുനമ്പിലെത്തിയത്. ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള മുസ്സല്‍ കടലിടുക്കില്‍ നിന്നും വീണ്ടും കടലോരം പറ്റി 120 ടണ്‍ മാത്രം കേവുഭാരമുള്ള സാന്‍ ഗബ്രിയേല്‍ 1498 മാര്‍ച്ച് മാസത്തില്‍ മുസാംബിക്കിലെത്തി. ആഫ്രിക്കന്‍ തീരത്ത്, അറബികളുടെ പ്രധാന വ്യവസായ കേന്ദ്രമായിരുന്ന മുസാംബിക്കില്‍ ഗാമയുടെ കപ്പലുകള്‍ക്ക് എല്ലാ സൗകര്യങ്ങളും കച്ചവടക്കാര്‍ ചെയ്തു കൊടുത്തു. അവരൊരിക്കലും ഗാമയേയും കൂട്ടരേയും ശത്രുക്കളായി കണ്ടില്ല. കച്ചവട പാരമ്പര്യം മാത്രമുണ്ടായിുന്ന അറബികള്‍ സാന്‍ ഗബ്രിയേലിനേയും മറ്റു രണ്ടു കപ്പലുകളേയും വെറും ചരക്കു കപ്പലുകളായി മാത്രം കണ്ടു. സാന്‍ ഗബ്രിയേലിലെ 20 തോക്കുകളും ഗാമയുടെ കൂട്ടരിലുണ്ടായിരുന്ന സൈനികരെയും അറബി കച്ചവക്കാര്‍ ശ്രദ്ധിച്ചിരിക്കാനിടയില്ല.
മുസാംബിക്കില്‍ നിന്നും കിഴക്കേ ആഫ്രിക്കന്‍ തുറമുഖമായ മെലിണ്ടയിലേക്കാണ് ഗാമ പോയത്. ഈ യാത്രയില്‍ ഒരു തദ്ദേശ നാവികന്റെ സഹായമുണ്ടായിരുന്നു. മെലിണ്ടയില്‍ ഗാമ ഒരു ഗുജറാത്തി നാവികനെ കൂട്ടുപിടിച്ചു. ഭാരതത്തില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയിലേക്ക് സ്ഥിരമായി കപ്പല്‍ ഗതാഗതമുണ്ടായിരുന്നതിനാല്‍ ഗുജറാത്തി നാവികന് ഈ യാത്ര പുത്തരിയായിരുന്നില്ല. ഇന്ത്യന്‍ തീരത്തേക്ക് വീശാന്‍ തുടങ്ങിയിരുന്ന മണ്‍സൂണ്‍ കാറ്റും ഗാമയ്ക്ക് തുണയായി. അങ്ങനെ വെറും 20 ദിവസം കൊണ്ട് ഗാമ അറേബ്യന്‍ കടല്‍ കടന്ന് കോഴിക്കോട്ടെത്തി.
മറ്റുള്ളവര്‍ കാട്ടിയ വഴികളിലുടെ, കാലവര്‍ഷക്കാറ്റിനെ കൂട്ടുപിടിച്ച് കോഴിക്കോട്ടെത്തിയ ഗാമയുടെ ആദ്യ യാത്രയില്‍ തനതായി രണ്ടു കാര്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കച്ചവടത്തിനെന്ന വ്യാജേന ഗാമ നയിച്ച കപ്പലുകളില്‍ തോക്കുകളും സൈനികരുമുണ്ടായിരുന്നു. തനിക്ക് താവളമൊരുക്കിയ കോഴിക്കോടിന് കപ്പം കൊടുക്കാതെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന കച്ചവട സംസ്‌കാരത്തെ ഗാമ മാറ്റി മറിച്ചു. ഈ ചരിത്രം ഗാമയയുടെ യാത്രാ വിവരണത്തില്‍ കാണാന്‍ വഴിയില്ല.
ഇനി ഗാമയുടെ രണ്ടാമത്തെ വരവിലേക്ക്. ഇക്കുറി ഗാമ വന്നത് കച്ചവടക്കാരനായിട്ടല്ല. 15 കപ്പലുകളുടെ വ്യൂഹത്തില്‍ ആറു കൂറ്റന്‍ യുദ്ധക്കപ്പലുകളും ഉണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പറങ്കികളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അറേബ്യന്‍ കടലില്‍ ആദ്യമായി കടല്‍ക്കൊള്ള അരങ്ങേറിയത് ഈ യാത്രയിലാണ്. ഗാമ നടത്തിയ അനേകം കൊള്ളകളില്‍ ഒരെണ്ണം മാത്രം നോക്കാം.
മക്കയില്‍ തീര്‍ഥാടനം നടത്തി മടങ്ങുന്ന നിരായുധരായ കുറ പാവങ്ങളെ ഗാമ തടഞ്ഞു. അവരുടെ കപ്പലുകള്‍ കൊള്ളയടിച്ച ശേഷം അവരെ ആ കപ്പലുകളില്‍ തന്നെ ബന്ദികളാക്കി, കപ്പലിന് തീ കൊളുത്തി. കടല്‍ കൊള്ളയിലെ ഏറ്റവും ക്രൂരമായ ഒരു ചരിത്രം. കോഴിക്കോടിന്റെ അഴിമുഖത്തെത്തുന്ന തിരകളും കാലവര്‍ഷക്കാറ്റും ഗാമയുടെ ഈ വീരചരിതതങ്ങള്‍ എന്നെങ്കിലും മറക്കുമോ? ഐക്യരാഷ്ട്ര സഭ മറന്നാലും!