June 13, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

മാലഗയിലെ മധുരവീഞ്ഞു വീപ്പകള്‍

മാലഗ (Malaga) സ്‌പെയിനിന്റെ തെക്ക് ഭാഗത്തുള്ള അന്ധലൂസ്യന്‍ തദ്ദേശഭരണത്തില്‍ പെട്ട ഒരു ചെറു തീരദേശ പട്ടണമാണ്. പാബ്ലോ പിക്കാസോയുടെ ജന്മനാട്. റോമന്‍, അറബ് തുടങ്ങിയവരുടെ അധീനതയില്‍ കഴിഞ്ഞ ഈ അതിമനോഹര പട്ടണം ഇപ്പോള്‍ സ്‌പെയിനിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നാണ്. എടുത്തു പറയത്തക്ക ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടെങ്കിലും ഈ എഴുത്തില്‍ ചിലതു മാത്രം എടുത്തു പറയുന്നു. മത്സ്യാഹാരം, വീഞ്ഞ്, ഫുട്‌ബോള്‍.    മത്സ്യാഹാരം   മെഡിറ്ററേനിയന്‍ തീരദേശ പട്ടണമായ മാലഗയില്‍ വരുന്ന ഒരു കേരളീയന് ഇവിടുത്തെ ഭക്ഷണം […]

മാലഗ (Malaga) സ്‌പെയിനിന്റെ തെക്ക് ഭാഗത്തുള്ള അന്ധലൂസ്യന്‍ തദ്ദേശഭരണത്തില്‍ പെട്ട ഒരു ചെറു തീരദേശ പട്ടണമാണ്. പാബ്ലോ പിക്കാസോയുടെ ജന്മനാട്. റോമന്‍, അറബ് തുടങ്ങിയവരുടെ അധീനതയില്‍ കഴിഞ്ഞ ഈ അതിമനോഹര പട്ടണം ഇപ്പോള്‍ സ്‌പെയിനിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നാണ്. എടുത്തു പറയത്തക്ക ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടെങ്കിലും ഈ എഴുത്തില്‍ ചിലതു മാത്രം എടുത്തു പറയുന്നു. മത്സ്യാഹാരം, വീഞ്ഞ്, ഫുട്‌ബോള്‍. 
 
മത്സ്യാഹാരം
 
മെഡിറ്ററേനിയന്‍ തീരദേശ പട്ടണമായ മാലഗയില്‍ വരുന്ന ഒരു കേരളീയന് ഇവിടുത്തെ ഭക്ഷണം ഇഷ്ടപ്പെടാന്‍ അധികം നേരം വേണ്ട. വളരെ പ്രത്യേകതകള്‍ ഉള്ളതു കൊണ്ട് ഭക്ഷണത്തില്‍ അല്‍പ്പം സാഹസം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലം. വറുത്തതും പൊരിച്ചതുമായ ഒട്ടേറെ മത്സ്യ വിഭവങ്ങള്‍ ഇവിടെ സുലഭമാണ്. അതില്‍ മുഖ്യം ഫ്രിതൂര മാലഗ്വേഞ്ഞ (Fritura Malaguena) എന്ന പലതരം ചെറു മത്സ്യങ്ങളുടെ വറുത്ത വിഭവം തന്നെ. ഇതില്‍ കണവ, ചെറുനീരാളി, ഇവിടുത്തെ പ്രത്യേകതരം നെത്തോലി തുടങ്ങി എല്ലാ മത്സ്യങ്ങളും ഉള്‍പ്പെടും. കലമരിതോസ് (Calamaritos), ബോകരോനെസ് (Bocarones) അങ്ങനെ തുടങ്ങുന്ന നീണ്ട ലിസ്റ്റ്… ഇതില്‍ അല്‍പ്പം ധൈര്യം ഉണ്ടെങ്കില്‍ മാത്രം കൊഞ്ചാസ് ഫിനാസ് (Conchas Finas) പരീക്ഷിക്കാം. വലിയ കക്കകളുടെ വര്‍ഗത്തില്‍ പെടുന്ന ഇവ പാചകം ചെയ്യാതെ കഴിക്കണം. അല്‍പ്പം ഉപ്പും ചെറുനാരങ്ങാ നീരും വേണമെങ്കില്‍ ഉപയോഗിക്കാം. കാണാന്‍ നല്ല ഭംഗിയുള്ള, കടും ചുവപ്പും മഞ്ഞയും വെള്ള നിറവുമുള്ള ഇവ നാരങ്ങാനീര് ഒഴിക്കുമ്പോള്‍ ഒന്ന് പുളഞ്ഞേക്കാം, വകവയ്ക്കാതെ കഴിക്കുക! രണ്ടില്‍ ഒന്ന് സംഭവിക്കും, ഒന്നുകില്‍ നിങ്ങളിത് വെറുക്കും, അല്ലെങ്കില്‍ ഇത് നിങ്ങളുടെ ഇഷ്ട ആഹാരമാകും. 
 

 
 
വീഞ്ഞ്
 
ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് മാലഗ ദൂല്‍സെ (Malaga Dulce) എന്നറിയപ്പെടുന്ന മധുര വീഞ്ഞ്. (Sweet / dessert Wine). വളരെ വലിയ തടിവീപ്പകളില്‍ നിറച്ച നിരവധി തരം മധുരമുള്ള വീഞ്ഞുകള്‍ വില്‍ക്കുന്ന കടകള്‍ ഉണ്ടെങ്കിലും പ്രസിദ്ധമായ രണ്ട് കടകള്‍ ‘എല്‍ പിംപി’ (El Pimpi) യും ‘അന്തിഗ്വ കാസ ഡെല്‍ ഗ്വാര്‍ദിയ’ (Antigua casa del Guardia) യുമാണ്. ഈ കടകളില്‍ രണ്ടാള്‍ പൊക്കത്തില്‍ ഒന്നിന് പുറത്ത് മറ്റൊന്ന് അടുക്കി വച്ച വലിയ തടിവീപ്പകളില്‍ ഒരോന്നിലും അത് ഏതു തരം എന്നെഴുതിയിട്ടുണ്ട്. എല്‍ പിംപി അതിന്റെ മനോഹാരിത കൊണ്ട് പ്രസിദ്ധമെങ്കില്‍, ഗ്വാര്‍ദിയ1800-കളുടെ അവസാനത്തില്‍ തുടങ്ങിയ സംരംഭമാണ്. കാലം ഇത്രയും കഴിഞ്ഞിട്ടും ഗ്വാര്‍ദിയ എന്ന ചെറിയ കട മാറ്റങ്ങള്‍ അധികമില്ലാതെ ഇന്നും അതുപോലെ തുടരുന്നു. ഇവിടെ ലഭിക്കുന്ന വീഞ്ഞ് ഉണ്ടാക്കുന്നത് ഇവിടുത്തെ മണ്ണില്‍ തന്നെ വിളയുന്ന മുന്തിരി കൊണ്ടാണ്. അതില്‍ പ്രസിദ്ധം മൊസ്‌കതെല്‍ (Moscatel), പെദ്രോ ഹിമെനെസ് (Pedro Ximenez) എന്നീ രണ്ടു തരങ്ങളാണ്. മധുര വീഞ്ഞ് ഉണ്ടാക്കുമ്പോള്‍ അതില്‍ അല്‍പ്പം പോലും പഞ്ചസാര ചേര്‍ക്കില്ല. പെദ്രോയും മൊസ്‌കതേലും അവയില്‍ തന്നെ ധാരാളം പഞ്ചസാരയും ആല്‍ക്കഹോളും ഉത്പാദിപ്പിക്കുന്നു. കൂടാതെ മാലഗണ്‍ മണ്ണും മെഡിറ്ററേനിയന്‍ സമുദ്ര സാമിപ്യവും അവയുടെ ഉത്പാദനത്തെ വളരെയധികം ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാലഗയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും മാലഗ ദൂല്‍സെ രുചിക്കാതെ മടങ്ങാറില്ല. 
 
 
 

 
 
 
ഫുട്‌ബോള്‍
 
2012 – 13 ല ലിഗ സീസണ്‍ ജൂണ്‍ ആദ്യവാരം ബാഴ്‌സിലോണയ്ക്ക് കിരീടം സമ്മാനിച്ച് അവസാനിച്ചു. അടുത്ത സീസണ്‍ ഓഗസ്റ്റ് പകുതിയോടെ കൂടി ആരംഭിക്കും. മാലഗ സി.എഫ് (Malaga Club De Futbol) എന്നറിയപ്പെടുന്ന മാലഗയുടെ ടീം ആറാം സ്ഥാനത്തെത്തി. മാനുവല്‍ പെല്ലഗ്രിനി എന്ന ചിലി സ്വദേശിയായ കോച്ചിന്റ കീഴില്‍ മാലഗ ഫുട്‌ബോള്‍ ടീം 2010-ഓടു കടി കളി അഭ്യസിച്ചു തുടങ്ങുമ്പോള്‍ മാലഗന്‍ ജനം അദ്ദേഹത്തില്‍ നിന്നും ഒരു അത്ഭുത പ്രവര്‍ത്തി തന്നെ പ്രതീക്ഷിച്ചു. കാരണം, 2007 മുതല്‍ 2010 വരെ മാലഗ ക്ളബ് ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിട്ട സമയം കൂടിയായിരുന്നു. ല ലിഗ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഒട്ടേറെ സാമ്പത്തിക പ്രശ്‌നങ്ങള്‍, ക്ളബിന്റെ നിലനില്‍പ്പു പോലും സംശയത്തില്‍. ഒടുവില്‍ ഷേക്ക് അബ്ദുള്ള അല്‍ താനി എന്ന ഖത്തര്‍ വ്യവസായ പ്രമുഖന്‍ ജൂണ്‍ 2010-ല്‍ ടീം ഏറ്റെടുത്തു. സാമ്പത്തികനില മെച്ചപ്പെടുത്തിയെങ്കിലും ക്ളബിന് കളിമികവ് പുറത്തെടുക്കാന്‍ പെല്ലെഗ്രിയുടെ വരവിനായി കാത്തിരിക്കേണ്ടി വന്നു. 
 
പ്രതീക്ഷ ഏറെ തെറ്റിയില്ല. അദ്ദേഹം അവര്‍ക്ക് സമ്മാനിച്ചത് ഒരു കണ്‍കെട്ട് വിദ്യ തന്നെയായിരുന്നു. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍. 2010 – 11 സീസണില്‍ ടീം 11-ആം സ്ഥാനത്ത ഫിനിഷ് ചെയ്തു. തൊട്ടടുത്ത സീസണില്‍ (2011 – 12) നാലാം സ്ഥാനം. കൂടാതെ ഏതൊരു ടീമിന്റെയും സ്വപ്നമായ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള പ്ളേ – ഓഫ് റൗണ്ടില്‍!
 
 
അവിടെയും മാലഗ മികച്ച കളി കാഴ്ചവച്ചു. രണ്ടുപാദ മത്സരത്തില്‍ ഗ്രീസില്‍ നിന്നുള്ള പനതിനൈകോസിനെ 2 – 0ത്തിനു പരാജയപ്പെടുത്തി 2012 – 13 ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യോഗ്യത നേടി. സന്തോഷത്തിന്റെ കൊടുമുടിയല്‍ ഇനിയൊന്നും ഞങ്ങള്‍ക്ക് വേണ്ട എന്ന് മാലഗ പറഞ്ഞെങ്കിലും മാലഗന്‍ ടീം അവിടം കൊണ്ടും നിര്‍ത്തിയില്ല. 2012 – 13 ചാമ്പ്യന്‍സ് ലീഗില്‍ ശക്തരായ എ.സി മിലാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും പരാജയമറിയാതെ ഒന്നാമതായി ഫിനിഷ് ചെയ്തു! അവസാനം ബ്രൂഷിയ ഡോട്ട്മുണ്ട് എന്ന ജര്‍മന്‍ ടീമിനോട് 2 – 3ന് പരാജയപ്പെട്ട് പുറത്തു പോകുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. ഈ സീസണില്‍ ആറാമതായി ഫിനിഷ് ചെയ്ത മാലഗയ്ക്ക് യുവേഫ യൂറോപ ലീഗ് കളിക്കാന്‍ അവസരം ലഭിച്ചതാണ്. പക്ഷേ ക്ളബിന്റെ വന്‍ സാമ്പത്തിക കടബാധ്യത കാരണം അടുത്ത നാലു വര്‍ഷത്തേക്ക് ടീമിനെ യുവേഫ കളികളില്‍ നിന്നും വിലക്കി. പിന്നീടിത് ഒരു വര്‍ഷമായി ചുരുക്കിയെങ്കിലും ഈ വര്‍ഷം യൂറോപ ലീഗ് കളിക്കാന്‍ കഴിയില്ല. കൂടാതെ ടീമിനെ ഇവിടെ വരെയെത്തിച്ച കോച്ച് പെല്ലെഗ്രിനി, ഇംഗ്ലീഷ് ക്ളബ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ചേരും എന്നു പറയുകയും, തുടര്‍ന്ന് ഈ കഴിഞ്ഞ ജൂണ്‍ 14-ന് സിറ്റി അത് ഔദ്യോഗികമായി പ്രാഖ്യാപിച്ചതോടു കൂടി മാലഗ ടീമിന്റെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കുകയാണ്. ഇത് എന്തൊക്കെയാണെങ്കിലും മാലഗന്‍ ജനം എപ്പോഴും പറയും. ‘Malaga La Bella’ 1937-ലെ ആഭ്യന്തര യുദ്ധത്തിനു മുമ്പ് മാലഗ ഇപ്പോഴേത്തേതിലും സുന്ദരിയായിരുന്നു. എന്നാല്‍ യുദ്ധത്തിനു ശേഷം അല്‍പ്പം മങ്ങലേറ്റെങ്കിലും ജനം അത് സമ്മതിക്കാന്‍ മനസില്ലാതെ അന്നു പറഞ്ഞ ഒരു വാചകം തന്നെയാണിത്. ‘മാലഗ അവള്‍ അതിസുന്ദരിയല്ലേല്ല’! 
 
 

 

Leave a Reply

Your email address will not be published. Required fields are marked *

×