February 19, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെടുന്നതെങ്ങനെ?

ടീം അഴിമുഖം     2013 ജൂലൈ 3. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തലുകളുമായി അഹമ്മദാബാദിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ ഒരു കുറ്റപത്രം സമര്‍പ്പിച്ചു. 2004 ജൂണ്‍ 15-ന് ഇസ്രത് ജഹാന്‍ എന്ന 19 വയസുകാരിയേയും പ്രാണേഷ് പിളള അഥവാ ജാവേദ് ഷെയ്ക്ക് എന്ന ആലപ്പുഴക്കാരന്‍ അടക്കം മൂന്നു പേരെയും വെടിവച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണ് എന്നായിരുന്നു ഈ കുറ്റപത്രത്തില്‍ പറഞ്ഞത്. 70 വെടിയുണ്ടകള്‍ കൊണ്ട് ഇവരുടെ ശരീരത്തെ […]

ടീം അഴിമുഖം
 
 
2013 ജൂലൈ 3. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തലുകളുമായി അഹമ്മദാബാദിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ ഒരു കുറ്റപത്രം സമര്‍പ്പിച്ചു. 2004 ജൂണ്‍ 15-ന് ഇസ്രത് ജഹാന്‍ എന്ന 19 വയസുകാരിയേയും പ്രാണേഷ് പിളള അഥവാ ജാവേദ് ഷെയ്ക്ക് എന്ന ആലപ്പുഴക്കാരന്‍ അടക്കം മൂന്നു പേരെയും വെടിവച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണ് എന്നായിരുന്നു ഈ കുറ്റപത്രത്തില്‍ പറഞ്ഞത്. 70 വെടിയുണ്ടകള്‍ കൊണ്ട് ഇവരുടെ ശരീരത്തെ ഛിന്നഭിന്നമാക്കിയ അരുംകൊല നടപ്പാക്കിയത് ഗുജറാത്ത് സംസ്ഥാന പോലീസും ഇന്റലീജന്‍സ് ബ്യൂറോയുടെ ഗുജറാത്ത് ഘടകവും സംയുക്തമായായിരുന്നുവെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ കണ്ടെത്തിയ രണ്ട് എ.കെ- 47 തോക്കും രണ്ട് .38 റിവോള്‍വറുകളും ഐ.ബിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ കൊടുത്തു വിട്ട ആയുധങ്ങളായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സപ്ളിമെന്ററി കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. 
 
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും ഒരു പരിധി വരെ ബി.ജെ.പിയുടേയും രാഷ്ട്രീയ ഭാവിയെ നിര്‍ണയിക്കുന്നതിലും അടുത്ത പൊതുതെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിനും വരെ കാരണമായേക്കാവുന്ന വെളിപ്പെടുത്തലുകളാണ് സി.ബി.ഐ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണ് ഈ കുറ്റപത്രം. അതിലേറെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തനിനിറവും  അവരുടെ നിഗൂഡവും ഇരുണ്ടതുമായ പ്രവര്‍ത്തന ശൈലിയും വെളിച്ചത്തു കൊണ്ടുവരാനും ഈ കുറ്റപത്രം സഹായകമാകുന്നുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് (ഒരുപക്ഷേ ലോകത്തെ മിക്ക രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും) ഈ വിധത്തിലുള്ള കുപ്രസിദ്ധമായ ഒരു ചരിത്രമുണ്ടെന്നും മനസിലാക്കേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിന് അനിവാര്യവുമാണ്. അതിലേക്ക്: 
 
 
ശബരിമലയില്‍ തീവ്രവാദി ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2011-ല്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് ഇന്റലീജന്‍സ് ബ്യൂറോയ്ക്ക് അറിയിപ്പു പോകുന്നു. തുടര്‍ന്ന് പല റൗണ്ട് യോഗങ്ങള്‍, രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം, എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം അങ്ങനെ കുറെയധികം കാര്യങ്ങള്‍. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മുടക്കി മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശബരിമലയില്‍ നടപ്പിലാക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ തേടിയിറങ്ങിയ കേന്ദ്ര ഐ.ബി സംഘം അവസാനം ചെന്നെത്തിയത് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ തമിഴ്‌നാട്ടിലുള്ള ഒരു ബന്ധുവിനടുക്കലാണ്. അദ്ദേഹമായിരുന്നു ഈ ഉദ്യോഗസ്ഥന്റെ  സോഴ്‌സ്. സോഴ്‌സിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതിലെ യഥാര്‍ഥ ഉള്ളുകളികള്‍ പുറത്തു വന്നത്. ഉദ്യോഗസ്ഥന്റെ ബന്ധുവിന് ഇടയ്ക്കിടെയുണ്ടാകുന്ന ‘വെളിപാടുകളി’ലൊന്നായിരുന്നു ശബരിമലയിലെ തീവ്രവാദി ആക്രമണം. ഇത് ഏറ്റുപിടിച്ച കേരളത്തിലെ ഇന്റലീജന്‍സാകട്ടെ, വസ്തുതകള്‍ പ്രാഥമിക പരിശോധന നടത്താതെ കേന്ദ്രത്തെ അറിയിക്കുകയും ശബരിമലയിലെത്തിയ ഭക്തരെ സുരക്ഷയുടെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. 
 
ഇത് ഇന്ത്യയുടെ വിദേശ ചാരസംഘടനയായ R&AW ആയാലും ആഭ്യന്തര ചാരസംഘടനയായ ഇന്റലീജന്‍സ് ബ്യൂറോ ആയാലും പ്രവര്‍ത്തനങ്ങളൊക്കെ ഏകദേശം ഇത്തരത്തില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ അഞ്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിക്കാനൊരുങ്ങി എത്തിയിട്ടുണ്ടെന്ന് R&AW നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മള്‍ട്ടി ഏജന്‍സി സെന്റര്‍ മുംബൈ പോലീസിനെ വിവരമറിയിക്കുന്നു. തുടര്‍ന്ന് ഈ അഞ്ചു പേരുടേയും ഫോട്ടോകള്‍ മുംബൈ നഗരത്തിലെങ്ങും നിരന്നു. തുടര്‍ച്ചയായ സ്‌ഫോടനങ്ങളും ആക്രമണങ്ങളും മൂലം സ്വസ്ഥത നശിച്ചിരുന്ന മുംബൈ നിവാസികള്‍ ഒരിക്കല്‍ കൂടി ഭീതിയിലായി. എന്നാല്‍ ഈ  പേടി ഏറെ ദിവസം നീണ്ടു നിന്നില്ല. ലാഹോറിലെ ഹഫീസ് സെന്റര്‍ എന്ന ഷോപ്പിംഗ് കേന്ദ്രത്തില്‍ മൊബൈല്‍ ഫേണുകള്‍ വില്‍ക്കുന്ന മൂന്നു പേരും മറ്റൊരു കച്ചവടക്കാരനും ഒരു സെക്യൂരിറ്റി ഗാര്‍ഡുമായിരുന്നു R&AW നല്‍കിയ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. 
 
 
മുകളില്‍ പറഞ്ഞത് രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ്. ഇതിന്റെ പ്രത്യാഘാതം അത്ര രൂക്ഷവുമായിരുന്നില്ല. എന്നാല്‍ ഇതേ പോലത്തെ അശാസ്ത്രീയമായും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റലീജന്‍സ് ഏജന്‍സികള്‍ കാട്ടിക്കൂട്ടുന്ന അനധികൃത നടപടികളുടെ എണ്ണമില്ലാത്ത പട്ടിക ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് മനസിലാകും. അതിലൊന്നു മാത്രമാണ് ഇസ്രത് ജഹാന്റെയും മറ്റുള്ളവരുടേയും അരുംകൊല. 
 
ഇന്ത്യന്‍ ഇന്റലീജന്‍സ് ഏജന്‍സികളുടെ നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രധാന കാരണമെന്നത് പാര്‍ലമെന്റിനോട് അക്കൗണ്ടബിലിറ്റി ഇല്ലാത്തതും ഇവര്‍ക്ക് മുകളില്‍ ശക്തമായ ഒരു നിയന്ത്രണ സംവിധാനം ഇല്ലാത്തതുമാണ്. ഇവര്‍ക്ക് പാര്‍ലമെന്റിനോട് അക്കൗണ്ടബിലിറ്റി ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നു വരുമ്പോഴൊക്കെ അതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഈ ഏജന്‍സികളില്‍ നിന്നും ഉണ്ടാകുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയും എതിരാളികളുടെ പ്രവര്‍ത്തികളെ നിരീക്ഷിക്കാനും ഈ ഏജന്‍സികളുടെ പക്കലുള്ള കണക്കില്‍ പെടാത്ത പണത്തിന്റെ പങ്കു പറ്റാനും കൂടെ നില്‍ക്കുന്ന ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും സംഘടനകളും ഇവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഏതെങ്കിലും പാര്‍ലമെന്ററി അക്കൗണ്ടബിലിറ്റിയോ ജനാധിപത്യ സംവിധാനത്തിലെ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാത്ത ഏക ഇന്റലീജന്‍സ് സംവിധാനം ഒരു പക്ഷേ ഇന്ത്യയില്‍ മാത്രമാകും. 
 
 
ആരോടും അക്കൗണ്ടബിള്‍ അല്ലാത്ത ഈ ഏജന്‍സികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. ഫീല്‍ഡില്‍ വിവരം ശേഖരിക്കുന്നവരും ഇത് വിശകലനം ചെയ്യുന്നവരുമാണ് ഇന്റലീജന്‍സ് ഏജന്‍സികളിലെ പ്രാഥമിക ഘടന. ഇതിനൊപ്പം, ഇന്റര്‍നെറ്റും ടെലിഫോണുകളും ചോര്‍ത്തിയും നുഴഞ്ഞു കയറിയുമൊക്കെ വിവരങ്ങള്‍ ശേഖരിക്കുന്ന ടെക്‌നിക്കല്‍ ഇന്റലീജന്‍സും ഉണ്ട്. ഇവരുടെ പ്രധാന ചെലവ് എന്നു പറയുന്നത് വിവരശേഖരണത്തിനായി ഉള്ളതാണ്. ഫീല്‍ഡില്‍ നിന്ന് വിവരം ശേഖരിക്കാനായി ഇവര്‍ ചെയ്യുന്ന പ്രധാന മാര്‍ഗം ‘സോഴ്‌സു’കളെ പണം കൊടുത്ത് വശീകരിക്കലാണ്. ഇത് രാഷ്ട്രീയ, മാധ്യമ, ഉദ്യോഗസ്ഥ, മാഫിയ, കള്ളക്കടത്ത് സംഘങ്ങള്‍ തുടങ്ങി ആരുമാകാം. കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയും ഈ വിധത്തില്‍ ഐ.ബിക്ക് വിവരങ്ങള്‍ നല്‍കിയിരുന്ന സോഴ്‌സായിരുന്നു എന്നും സൂചനയുണ്ട്. 
 
ഈ സോഴ്‌സുകള്‍ക്ക് നല്‍കുന്ന പണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അവരെ സംരക്ഷിക്കലും അവരൂടെ വിശ്വാസ്യത പരിശോധിക്കുന്നതിനും ഒക്കെ ഇന്ത്യന്‍ ഏജന്‍സികള്‍ക്കുള്ള സംവിധാനം വളരെ പ്രാകൃതമാണ്. പല വികസിത രാജ്യങ്ങളിലും ഓരോ സോഴ്‌സിനെയും അവര്‍ നല്‍കുന്ന വിവരങ്ങളുമൊക്കെ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. അതുകൊണ്ടു തന്നെ സോഴ്‌സുകള്‍ക്ക് നല്‍കുന്ന പണം അവരുടെ കൈവശം തന്നെയെത്തുന്നുണ്ട് എന്നും ഉറപ്പാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഫലപ്രദമായ അത്തരമൊരു സംവിധാനം ഇല്ല. ഇതുകൊണ്ട് ഫീല്‍ഡില്‍ നിന്ന് വിവരം ശേഖരിക്കുന്നവര്‍ പണം നല്‍കുന്നത് ആര്‍ക്കെന്നോ, ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണോന്നോ പരിശോധിക്കാന്‍ നിര്‍വാഹമില്ലാതെ വരുന്നു. അത്തരമൊരു മോശപ്പെട്ട അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സികള്‍ പലപ്പോഴും തങ്ങളുടെ സോഴ്‌സിനെ തന്നെ ഭീകരവാദിയാക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ നിരവധിയുണ്ട്. ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിന്റെ സോഴ്‌സായിരുന്ന രണ്ട് മുസ്ലീം ചെറുപ്പക്കാരെ ഇതേ സ്‌പെഷല്‍ സെല്‍ തന്നെ ഭീകരവാദിയാക്കി മുദ്രകുത്തിയതോടെ നിരപരാധിത്വം തെളിയിക്കാന്‍ ഇവര്‍ക്ക് സുപ്രീം കോടതി വരെ പോകേണ്ടി വന്നത് അടുത്തിയിടെയാണ്. 19 ഭീകരവാദ കേസുകള്‍ ചുമത്തി 18-ആം വയസില്‍ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത മുഹമ്മദ് ആമിറിനെ 14 വര്‍ഷങ്ങള്‍ക്കു ശേഷം കോടതി വെറുതെ വിട്ടു. അപ്പോഴേക്കും ആമിറിന്റെ അച്ഛന്‍ മരിച്ചിരുന്നു. അമ്മ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് തളര്‍ന്നു വീണിരുന്നു. 
 
 
 
1980-കളുടെ അവസാനം മുതല്‍ കാശ്മീര്‍ കത്തിത്തുടങ്ങിയതോടെ ഇന്ത്യയിലെ ഇന്റലീജന്‍സ് ഏജന്‍സികളുടെ പ്രധാന ജോലി എന്നു പറയുന്നത് കാശ്മീരുമായി ബന്ധപ്പെട്ട തീവ്രവാദ വിഷയങ്ങള്‍ മാത്രമായി. ഇതു ക്രമേണെ മുസ്ലീം സമുദായത്തിനെതിരെയുള്ള സംശയമായി മാറുകയായിരുന്നു. R&AWയിലെ പ്രധാന പദവികളിലൊന്നിലും ഇന്നുവരെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ പോലുമില്ല എന്നത് ഇന്ത്യന്‍ ഇന്റലീജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തന സ്വഭാവവും രീതികളും മനസിലാക്കിത്തരുന്നുണ്ട്. ഇന്നത്തെ ഐ.ബി തലവന്‍ ആസിഫ് ഇബ്രാഹിം ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഐ.ബിയിലെ അവസ്ഥയും അധികം വ്യത്യസ്തമല്ല. 
 
ഏതാനും ദശകങ്ങളായി മുസ്ലീം സമുദായത്തെ സംശയദൃഷ്ടിയോടെ മാത്രം കാണുന്ന ഇന്ത്യന്‍ ഇന്റലീജന്‍സ് ഏജന്‍സികളെ ശക്തമായി പിന്തുണയ്ക്കുകയും തീവ്രവാദത്തിന്റെ പേരില്‍ അവരുടെ എല്ലാവിധ അതിക്രമങ്ങള്‍ക്കും രാഷ്ട്രീയ സാധുത നല്‍കുകയും ചെയ്തത് 1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിനു ശേഷമാണെന്നാണ് പല സുരക്ഷാ വിദഗ്ധരൂം അഭിപ്രായപ്പെടുന്നത്. എന്തു തന്നെയായാലും, ഡല്‍ഹി അടക്കമുള്ള പല സ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സാധാരണമായി മാറി. ഇതിനൊക്കെ നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ അടക്കമുള്ള കഴിഞ്ഞ ഒരു ദശകത്തില്‍ വമ്പന്മാരെന്ന് പേരെടുത്ത പോലീസ് – ഇന്റലീജന്‍സ് ഉദ്യോഗസ്ഥരാണ്. ഇതിനെ ശക്തമായി പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തതായിരുന്നു എല്‍.കെ അദ്വാനി ആഭ്യന്തര മന്ത്രിയായിരുന്ന അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍. 
 
ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഉടലെടുക്കുന്നതും. അവര്‍ക്ക് ആര്‍.ഡി.എക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ‘നിഗൂഡമായി’ ലഭിക്കുകയും അതുപയോഗിച്ചു നടത്തിയ സ്‌ഫോടനങ്ങള്‍ മുസ്ലീം സംഘടനകളുടേയും ചെറുപ്പക്കാരുടേയും മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരെ എഴുതിയ മാധ്യമ പ്രവര്‍ത്തകരെ പരിഹസിക്കുകയും മുസ്ലീം തീവ്രവാദത്തെ സ്ഥിരമായി നാടകീയമായി ചിത്രീകരിച്ചൂകൊണ്ടിരിക്കുന്ന വിദഗ്ധധരെ സമൂഹത്തിന്റെ രക്ഷകരായി അവതരിപ്പിക്കുന്നതും ഇതിനിടയില്‍ സംഭവിക്കുന്നുണ്ട്. മലേഗാവ് മുതല്‍ ഹൈദരാബാദ് വരെ പൊട്ടിയ ബോംബുകള്‍ മുസ്ലീം ചെറുപ്പക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഇന്റലീജന്‍സ്, പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവര്‍ നല്‍കിയ നിറംപിടിപ്പിച്ച കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ യാതൊരു വിധത്തിലുമുള്ള നടപടികളും ഇല്ല. 
 
 
ഇതിനിടയിലാണ്, ഇസ്രതിന്റെ പാവപ്പെട്ട കുടുംബവും പ്രാണേഷിന്റെ പിതാവ് ഗോപിനാഥ പിള്ളയും കോടതിയെ സമീപിക്കുന്നത്. അധികാരവും പണവും സ്വാധീനവുമില്ലാത്ത രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസാന ആശ്രയമാണ് ഇന്നും കോടതികളെന്ന് തെളിയിച്ചതാണ് ഇപ്പോഴത്തെ അന്വേഷണം. അതേ സമയത്ത്, കോടതി പോലുള്ള സംവിധാനങ്ങളുടെ ഇടപെടല്‍ ഇല്ലെങ്കില്‍ ഈ ഇന്റലീജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലും സ്വഭാവത്തിലും  തരിമ്പും മാറ്റമുണ്ടാകില്ല എന്നു കൂടിയാണ് ഇസ്രത് ജഹാന്‍ എന്ന 19 കാരിയുടെ കൊലപാതകം തെളിയിക്കുന്നത്. ഇസ്രത്തിന്റെ ഉള്‍പ്പെടെയുള്ള കൊലപ്പാതകങ്ങള്‍ കൊണ്ട് ആരൊക്കെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയെന്ന് കോടതി വിധി പറയാനിരിക്കുന്നതെ ഉള്ളൂ. വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ വെളിപ്പെടുത്തലിനെ തുടര്‍ന്നു മുന്‍ ഐജി ലക്ഷ്മണ അടക്കമുള്ളവര്‍ ഇരുമ്പഴിക്കുളിലായതും ഓര്‍മയിലിരിക്കട്ടെ.  
 
 
×