Continue reading “ആന്ധ്ര കത്തുമ്പോള്‍ ജഗന്‍ കമ്യൂണിസ്റ്റാകുമോ?”

" /> Continue reading “ആന്ധ്ര കത്തുമ്പോള്‍ ജഗന്‍ കമ്യൂണിസ്റ്റാകുമോ?”

"> Continue reading “ആന്ധ്ര കത്തുമ്പോള്‍ ജഗന്‍ കമ്യൂണിസ്റ്റാകുമോ?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്ധ്ര കത്തുമ്പോള്‍ ജഗന്‍ കമ്യൂണിസ്റ്റാകുമോ?

                       
സുഗുണാഭായി വേണുഗോപാലന്‍ 
 
ആന്ധ്ര കത്തുകയാണ്. ഒരു വ്യാഴവട്ടക്കാലം അവിടെ താമസിച്ച വ്യക്തിയെന്ന നിലയ്ക് സ്വകാര്യ ദുഖമാണ് സംസ്ഥാന വിഭജനമെങ്കിലും തെലുങ്കാന പ്രദേശത്തെ ഇക്കാലമത്രയും ഭരണ നടത്തിയ സീമാന്ധ്രക്കാര്‍ വേണ്ട വിധം പരിഗണിക്കാത്തതും മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷം സീമാന്ധ്രയില്‍ നിന്നുള്ള നേതാക്കള്‍ ആ പ്രശ്‌നം ഗൗരമായി കാണാതിരുന്നതും വിഭജനം വേഗത്തിലാക്കി. അല്ലെങ്കില്‍ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അത് നടപ്പിലാക്കി. തെലുങ്കാന സംസ്ഥാനം രൂപീകരണം യാഥാര്‍ത്ഥ്യമായപ്പോള്‍ സീമാന്ധ്ര കത്തുകയാണ്. ഇതുവരെ പക്ഷം പിടിച്ചു നിന്നവര്‍ രക്ഷപ്പെട്ടു. എന്നാല്‍ ഏത് പക്ഷത്ത് നില്‍ക്കണമെന്നാലോചിച്ച് രണ്ടു വള്ളത്തിലും കാലു ചവട്ടി നിന്നവരോ ഡല്‍ഹിയിലിരുന്ന സമരം ചെയ്യേണ്ട ഗതിയുമായി. നമുക്ക് പരിശോധിക്കാം ആരൊക്കെ നേടും ആരൊക്കെ വീഴം. 
 
അതിന് മുന്‍പ് ഒരു ചെറിയ കാര്യം കൂടി. സീമാന്ധ്രയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായി മാറിയിരിക്കുന്ന ജഗന്‍ മോഹന്‍ റെഡ്ഡിയും സി.പി.എമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്‌പോള്‍ ആ ചെറിയ കാര്യത്തിന് ചില പ്രസക്തി ഇവിടെയുണ്ട്. കറ കളഞ്ഞ കോണ്‍ഗ്രസുകാരനായ മുന്‍ മുഖ്യമന്ത്രി ഡോ. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ എങ്ങനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി കൈകോര്‍ക്കും. അതിന് സാദ്ധ്യമാകുമോ. അച്ഛനേക്കാള്‍ അപ്പപ്പനാണ് ജഗനില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതെങ്കില്‍ ജഗന് അത് സാദ്ധ്യമാകും. 
 

എന്‍. ചന്ദ്രബാബു നായിഡു
 
കടപ്പ പുലി ബിഡ്ഡ, സീമക്കേ മുദ്ദു ബിഡ്ഡ (കടപ്പ് പുലിയുടെ മകന്‍, റായലസീമയുടെ പൊന്നു പുത്രന്‍) – ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഉപയോഗിക്കപ്പെട്ട മുദ്രാവാക്യമാണിത്. മുദ്രാവാക്യത്തിലെ കടപ്പ പുലി രാജശേഖര റെഡ്ഡിയുടെ പിതാവും വ്യവസായിയുമായിരുന്ന വൈ.എസ്. രാജാറെഡ്ഡിയാണ്. പുലിവെന്തല എന്ന സ്ഥലത്തെ സര്‍പ്പഞ്ച് മാത്രമായിരുന്ന രാജാറെഡ്ഡിയുടെ വാക്കുകള്‍ക്ക് ആന്ധ്രരാഷ്ട്രീയത്തില്‍ വലിയ വിലയുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മറ്റൊന്നുമായിരുന്നില്ല. പണം തന്നെ. കടപ്പ പുലിയുടെ മകനായി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച രാജശേഖര റെഡ്ഡി താമസിയാതെ റായലസീമ ടൈഗറായി. എന്നാല്‍ അടുത്ത തലമുറയിലെ ജഗന്‍മോഹന്‍ റെഡ്ഡിക്ക് ഇത്തരം മുദ്രാവാക്യങ്ങളൊന്നും വേണ്ടിവന്നില്ല. അച്ഛന്റെ പ്രിയപ്പെട്ട മണ്ഡലമായ കടപ്പയില്‍  നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കനിയങ്കം കുറിച്ച ജഗന്‍ താമസിയാതെ ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ജനങ്ങളുടെയിടയിലും വന്‍ ശക്തിയായി മാറി. അതിന് പിന്നില്‍ തന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്നുണ്ടായ വികാരം മാത്രമല്ല. ജഗന്റെ പ്രവര്‍ത്തന ശൈലിയും അതിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. രാജശേഖര റെഡ്ഡിയില്‍ നിന്ന് വ്യത്യസ്തമായ ആ പ്രവര്‍ത്തന ശൈലി രാജാറെഡ്ഡിയുടെതാണ്. 
 
കറ കളഞ്ഞ കോണ്‍ഗ്രസുകാരനായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ എന്ന് മാത്രം അഡ്രസ്സുള്ള ജഗന്‍ മോഹന്റെ ചോരയില്‍ കമ്മ്യൂണിസം വേണ്ടതുപോലെയുണ്ട്.  രാജശേഖര റെഡ്ഡി ഒരിക്കലും കമ്മ്യൂണിസ്റ്റായിരുന്നില്ല. എന്നാല്‍ രാജാറെഡ്ഡി തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. സംശയിക്കേണ്ട. ആര്‍ക്കും ഇത് അത്ര അറിവുള്ള കാര്യമല്ല. അടിയന്തരാവസ്ഥ കാലത്ത് രാജാറെഡ്ഡിയെ മിസാ വകുപ്പ് ചാര്‍ത്തി ജയിലില്‍ അടച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ആന്ധ്രയില്‍ എല്ലാ സഹായങ്ങളും (സാമ്പത്തികം) ചെയ്തുകൊടുത്തിരുന്നതും പെദ്ദയന എന്ന എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന രാജാറെഡ്ഡി തന്നെ. അദ്ദേഹത്തിന്റെ ജീവചരിത്ര രചനാ വേളയില്‍ എന്റെ ഭര്‍ത്താവ് വൃന്ദാവനം വേണുഗോപാലന്‍ അദ്ദേഹത്തോട് കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് ചോദിക്കുകയുണ്ടായി. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ രാജാറെഡ്ഡിക്ക് എങ്ങനെ കോണ്‍ഗ്രസുകാരനാകാന്‍ കഴിഞ്ഞുവെന്നായിരുന്നു ചേട്ടന്റെ സംശയം. കാരണം കെ.കരുണാകരന്റെ ജീവചരിത്രമെഴുതിയ ചേട്ടന്‍ ആ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ തന്നെ ലേഖകന്‍ സ്വയബോധമുള്ളയിടത്തോളം കാലം ഒരിക്കലും ഒരു കോണ്‍ഗ്രസുകാരനായി തീരില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ചോദ്യത്തിന് രാജാറെഡ്ഡിയുടെ മറുപടി ലളിതമായിരുന്നു. എന്റെ മകന് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഞാന്‍ എന്റെ മകനെ വളരെയധികം സ്‌നേഹിക്കുന്നു. അതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് അനുഭാവിയായിത്തീര്‍ന്നിരിക്കുന്നു. എന്നുവച്ച് ഞാന്‍ കോണ്‍ഗ്രസുകാരനല്ല. ഞാന്‍ ഒരു സ്ഥാനവും ആ പാര്‍ട്ടിയില്‍ നിന്ന് കൈപറ്റിയിട്ടില്ല. എന്നെ സര്‍പഞ്ച് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നും രാജാ റെഡ്ഡി പറഞ്ഞു. 
 

ഡി. പുരന്ദരേശ്വരി
 
ഈ സ്വാധീനം കൂടുതല്‍ ശക്തമായാല്‍ സി.പി.എമ്മുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമാകും. അത് ജഗന് ഗുണം ചെയ്യും. ജഗന്‍ സഖ്യത്തിന് അണിയറ നീക്കം നടത്തുന്ന മറ്റൊരു കക്ഷിയാണ് എ.ഐ.എം.ഐ.എം. മുസ്ലിം സമുദായത്തിന്റെ പിന്തുണയുള്ള ഈ കക്ഷി ഇപ്പോള്‍ പ്രബലമായ ശക്തിയല്ലെങ്കിലും അവര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാനാകും. ഇവരുമായി കൂട്ടുകൂടുന്നതോടെ സീമാന്ധ്രാ പ്രദേശത്തുള്ള മുസ്‌ളിം വോട്ടര്‍മാരെ സ്വാധീനിക്കാനും ഒപ്പം പുതുതായി രൂപം കൊള്ളുന്ന തെലുങ്കാന സംസ്ഥാനത്തെ 13 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാരെ ഒപ്പം കൂട്ടാനും കഴിയുമെന്നാണ് ജഗന്റെ കണക്കുകൂട്ടല്‍. തെലുങ്കാന പ്രദേശത്തെ നിസാമാബാദ്, മേഡക്ക്, മഹബൂബ് നഗര്‍ പ്രദേശങ്ങള്‍ എം.ഐ.എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്. ജഗനും ഇവിടെ പോക്കറ്റുകളുണ്ട്. ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ തെലുങ്കാനയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആറിന്റെ പേരിലുള്ള പാര്‍ട്ടിയുടെ അഞ്ചില്‍ താഴെയുള്ള അംഗങ്ങളെയും നിയമസഭയിലിരുത്താന്‍ സാധിക്കുമെന്ന് ജഗന്‍ കരുതുന്നു.
 
സീമാന്ധ്രയിലാകട്ടെ ജഗന്‍ വലിയ സ്വാധീനമുണ്ടെങ്കിലും പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളില്‍ പല കോട്ടങ്ങളുമുണ്ട്. ഇവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തങ്ങളെ ചതിച്ചതായി ആരോപിച്ച് പല മുതിര്‍ന്ന നേതാക്കളും ചെന്നു ചാടുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിലാണ്. ഇവര്‍ക്കൊന്നും ഉറപ്പുകള്‍ നല്‍കിയിട്ടില്ലെന്ന് ജഗന്‍ വാദിക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കളാണ് ഇവരെന്ന കാര്യം മറക്കാനാവില്ല. ഇവരെയെല്ലാം ഒരു കുടക്കീഴില്‍ അനുനയിപ്പിച്ച് നിറുത്തി ജനങ്ങള്‍ക്ക് കൂടി പ്രിയങ്കരരായ നേതാക്കന്‍മാരെ കണ്ടെത്തി മത്സരിപ്പിക്കുകയാകും ജഗന് മേലുള്ള വലിയ വെല്ലുവിളി. കോണ്‍ഗ്രസിനാകട്ടെ ഇവിടെയുണ്ടായിരുന്ന സ്വാധീനം മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അത്ര വേഗം തള്ളികളയാനുമാവില്ല. കാരണം പല നേതാക്കളും വ്യക്തിപ്രഭാവമുള്ളവരാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവി, മുന്‍ മുഖ്യമന്ത്രി കോട്‌ല വിജയഭാസ്‌ക്കര്‍ റെഡ്ഡിയുടെ മകന്‍ റെയില്‍സഹമന്ത്രി സ്ഥാനം രാജിവച്ച കോട്ട്‌ല സൂര്യപ്രകാശ് റെഡ്ഡി, എന്‍.ടി.ആറിന്റെ മകളും ദഗ്ഗുപാട്ടി വെങ്കട്ടേശ്വര റാവുവിന്റെ ഭാര്യയുമായ പുരന്ദേശ്വരി തുടങ്ങിയവരെ നമുക്ക് ഉദാഹരങ്ങളായി എടുക്കാം. എന്നാല്‍ അത് മാത്രം കോണ്‍ഗ്രസിന് മതിയാവില്ല.  
 
സീമാന്ധ്രയിലെ തെലുഗു ദേശം പാര്‍ട്ടിയുടെ കാര്യമെടുത്താല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അതിന്റെ തലവനായ നാറാ ചന്ദ്രബാബു നായിഡു വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ടു വന്നിട്ടുള്ളത്. ഇതുവരെ രണ്ടു വള്ളത്തിലും കാല്‍ ഊന്നി നിന്ന നായിഡുവിന് സ്വന്തം പാര്‍ട്ടിയില്‍ പോലും വേണ്ടത്ര സ്വാധീനമില്ല. തെലുങ്കാനയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി അവിടെ ക്‌ളച്ച് പിടിക്കില്ലെന്ന് വ്യക്തമാവുകും ചെയ്തു. ബി.ജെ.പിയാകട്ടെ ചെറിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പണ്ടേ ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടിയായതുകൊണ്ടും തെലുങ്കാനയെ അനുകൂലിക്കുന്നത് കൊണ്ടും സീമാന്ധ്രയില്‍ വലിയ സ്വാധീനം ചെലുത്താനാകില്ല. തെലുങ്കാനയില്‍ നേട്ടം കൊയ്യമെന്നുവച്ചാല്‍ അവിടെ വിഭജനം യാഥാര്‍ത്ഥ്യമാക്കി കോണ്‍ഗ്രസ് മുഴുവന്‍ ക്രെഡിറ്റും തട്ടിയെടുക്കുകയും ചെയ്തു. ഇതെല്ലാം മുന്നില്‍കണ്ടാണ് ഐക്യ ആന്ധ്രയ്ക്ക് വേണ്ടി നിലകൊള്ളുന്ന സി.പി.എമ്മുമായി കൈക്കോര്‍ക്കാനും അത് വഴി ദേശീയ തലത്തില്‍ ശക്തി ആര്‍ജ്ജിച്ചേക്കാവുന്ന മൂന്നാം മുന്നണിയുടെ ഭാഗമാകാനും ജഗന്‍ ശ്രമിക്കുന്നത്. 
 

എ.ഐ.എം.ഐ.എം നേതാവ് അസസുദീന്‍ ഒവൈസി
 
തെലുങ്കാനയ്ക്ക് വേണ്ടി കെ. ചന്ദ്രശേഖറ റാവു സ്ഥാപിച്ച തെലുങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസും ഒത്തുചേരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെയും ചില പ്രശ്‌നങ്ങളുണ്ട്. സീറ്റ് വിഭജനം തന്നെ. അദ്ദേഹമാകട്ടെ ജന്മം കൊള്ളാന്‍ പോകുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറുമല്ല. ആ നിലയ്ക്ക് മാരത്തോണ്‍ ചര്‍ച്ചകള്‍ ഇവിടെ നടക്കേണ്ടിയിരിക്കുന്നു. ഒത്തുചേര്‍ന്ന് മത്സരിച്ചാലാകട്ടെ റിബല്‍ ശല്യം രൂക്ഷമായിരിക്കുകയും ചെയ്യും. ഇവിടെ സമവായത്തിലെത്തുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. 
 
ഇനി മറ്റൊന്ന് സംസ്ഥാന വിഭജനം തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാകുമോയെന്നത് സംശയകരമാണെന്നതാണ്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ സംസ്ഥാന രൂപീകരണമുണ്ടായില്ലെങ്കില്‍ സീമാന്ധ്രയിലും കോണ്‍ഗ്രസ് നേതാക്കള്‍ ചില ഗിമ്മിക്കുകള്‍ കാട്ടി വിജയിച്ചേക്കും. വിഭജനം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നുവെന്ന് കാണിച്ച് തെലുങ്കാന പ്രദേശത്തെ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന്റെ പോക്കറ്റില്‍ വരികയും ചെയ്യും. 
 
വിഭജനത്തിനെ എതിര്‍ക്കുന്നവരുടെ പ്രധാനപ്രശ്‌നം തെലുങ്കാനയും സീമാന്ധ്രയുമൊന്നുമല്ല. അത് ഹൈദരാബാദാണ്. സീമാന്ധ്രയിലെ തന്നെയുള്ള പ്രധാന നഗരങ്ങളായ വിജയവാഡ, വിശാഖപ്പട്ടണം എന്നിവയേക്കാള്‍ ഇവിടുത്തെ നേതാക്കള്‍ അവര്‍ നേരായും അല്ലാതെയും സമ്പാദിച്ച് കൂട്ടിയതെല്ലാം നിക്ഷേപിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ക്ഷമിക്കണം. ഹൈദരാബാദ്, സിക്കന്ദരാബാദ് ഇരട്ട നഗരങ്ങള്‍ക്ക് പുറമേ വികസനത്തിനായി രംഗാറെഡ്ഡി ജില്ലയില്‍ വികസിപ്പിച്ചെടുത്ത സൈബരാബാദ് സൈബര്‍ സിറ്റിയിലുമായാണ് നേതാക്കളും ബിസിനസ്സുകാരും വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. സിറ്റി വികസിപ്പിച്ചതിന്റെ ഭാഗമായി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും രൂപീകരിച്ചു. 
 
ഹൈദരാബാദ് പത്ത് കൊല്ലത്തേക്ക് രണ്ടു സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും സേവനം കാഴ്ചവയ്ക്കുമെന്നാണ് ഇപ്പോഴുള്ള ധാരണ. എന്നാല്‍ നിക്ഷേപം പത്ത് കൊല്ലത്തിന് വേണ്ടിയലല്ലോ നേതാക്കള്‍ നടത്തിയത്. ആ നിലയ്ക്ക് എങ്ങനെ ഹൈദരാബാദിനെ വിട്ടുകൊടുക്കും. പിന്നെയുള്ള ഏക പോംവഴി പ്രശ്‌നം ഗുരുതരമായാല്‍ മറ്റ് ഏതെങ്കിലും ജില്ല തെലുങ്കാനയ്ക്ക് നല്‍കി നല്‍ഗോണ്ട ജില്ല കൂടീ സീമാന്ധ്രയിലേക്ക് ലയിപ്പിച്ചാല്‍ ഹൈദരാബാദ് അതിര്‍ത്തികള്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പങ്കുവയ്ക്കാം. ഹൈദരാബാദ് മറ്റൊരു ചണ്ഡീഗഡ് ആയി തീരുകയും ചെയ്യും. എന്നാല്‍ രാഷ്ട്രീയമല്ലേ, ഇതൊക്കെ അങ്ങനെ വേഗമെങ്ങു നടക്കുമോ. പലര്‍ക്കും പലതും കൊയ്യണമല്ലോ. 
 
(ആന്ധ്രയില്‍ ഏറെക്കാലം അധ്യാപികയായിരുന്നു സുഗുണാഭായി വേണുഗോപാലന്‍)
 

Share on

മറ്റുവാര്‍ത്തകള്‍