April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമ്പോള്‍

ടീം അഴിമുഖം   ജനാധിപത്യ ഇന്ത്യയില്‍ ആദ്യമായി, സെഡ് കാറ്റഗറി സുരക്ഷയും ഔദ്യോഗിക കാറിന്റെ മുകളില്‍ റെഡ് ബീക്കണും വേണ്ടെന്ന് പ്രഖ്യാപിച്ച ഒരു പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ വരും ദിവസങ്ങളില്‍ പല നാടകീയ തീരുമാനങ്ങളും ആ സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് എന്തൊക്കെയായിരിക്കും, അത് എങ്ങനെയായിരിക്കും എതിരാളികള്‍ക്ക് തിരിച്ചടിയാവുക തുടങ്ങിയ കാര്യങ്ങളാണ് അഴിമുഖം ചര്‍ച്ച ചെയ്യുന്നത്.   സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ ജനം പ്രതീക്ഷയുടെ കൊടിമുടിയിലാണ്. ജനങ്ങളുടെ ആ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന്, ഗവണ്‍മെന്റിനെ നയിക്കാന്‍ പോകുന്ന അഴിമതി […]

ടീം അഴിമുഖം
 
ജനാധിപത്യ ഇന്ത്യയില്‍ ആദ്യമായി, സെഡ് കാറ്റഗറി സുരക്ഷയും ഔദ്യോഗിക കാറിന്റെ മുകളില്‍ റെഡ് ബീക്കണും വേണ്ടെന്ന് പ്രഖ്യാപിച്ച ഒരു പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ വരും ദിവസങ്ങളില്‍ പല നാടകീയ തീരുമാനങ്ങളും ആ സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് എന്തൊക്കെയായിരിക്കും, അത് എങ്ങനെയായിരിക്കും എതിരാളികള്‍ക്ക് തിരിച്ചടിയാവുക തുടങ്ങിയ കാര്യങ്ങളാണ് അഴിമുഖം ചര്‍ച്ച ചെയ്യുന്നത്.
 
സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ ജനം പ്രതീക്ഷയുടെ കൊടിമുടിയിലാണ്. ജനങ്ങളുടെ ആ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന്, ഗവണ്‍മെന്റിനെ നയിക്കാന്‍ പോകുന്ന അഴിമതി വിരുദ്ധ നായകനായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അരവിന്ദ് കേജ്‌രിവാള്‍ തന്നെ തുറന്നു പറയുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്ന് കേജ്‌രിവാള്‍ പറയുന്‌പോഴും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജനഹിതം അറിയാന്‍ വേണ്ടി നടത്തിയ ജനസഭകളിലെല്ലാം അദ്ദേഹവും കൂട്ടരും കോണ്‍ഗ്രസിനെതിരായ ആക്രമണം അവസാനിപ്പിച്ചിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ഭരണത്തിലേറിയാല്‍ കേജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ തലക്കിട്ട് കൊടുക്കാന്‍ പോകുന്ന ആദ്യ കൊട്ട് എന്തായിരിക്കുമെന്ന് ആ പ്രസംഗങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുമുണ്ട്.
 
 
ഒരു കുടുംബത്തിന് പ്രതിദിനം 700 ലിറ്റര്‍ വെള്ളം, വൈദ്യുതി കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യിക്കും, ലോക്പാല്‍ കൊണ്ടുവരും തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ചിട്ടുള്ളത്. ഇതേക്കുറിച്ച് പ്രത്യേകം ചര്‍ച്ച ചെയ്യാം. 
 
അതിന് മുന്‍പ്, സര്‍ക്കാര്‍ രൂപീകരിച്ച ശേഷം കേജ്‌രിവാളിന്റെ ആദ്യ തീരുമാനങ്ങളില്ലൊന്ന് കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ. ശുംഗ്‌ളൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ അന്നത്തെ ഡല്‍ഹി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടുകയായിരിക്കും. ആ അന്വേഷണം നേരെ ചെന്ന് തറയ്ക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും വരെ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായിരുന്നു ഷീലാ ദീക്ഷിത്തിന് നേരെയാണ്. ശുംഗ്‌ളൂ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ആ അന്വേഷണം കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
 
എന്നാല്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഭയില്‍ ആപിന് ശക്തിതെളിയിക്കുന്നതിന് കോണ്‍ഗ്രസിന്റെ എട്ടു കൈകളുടെ കൂടി പിന്തുണ കൂടിയേ മതിയാകു. അതിന് ശേഷം അടുത്ത കാലത്തൊന്നും സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുമാവില്ല. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച ശേഷം ഉടനെ പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അടുത്ത അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ ആറ് മാസത്തെ സമയം വേണ്ടിവരും. അക്കാലത്തിനിടയ്ക്ക് ഈ അന്വേഷണം കോണ്‍ഗ്രസിനെ വല്ലാതെ വലയ്ക്കും. ഇടയ്ക്ക് വന്‍ കുരുക്ഷേത്രയുദ്ധമായ ലോക്‌സഭാ തിരഞ്ഞെടുപ്പും കടന്നുപോകും.
 
ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന വന്‍കിട ഭീമന്മാരായ റിലയന്‍സിന്റെയും ടാറ്റയുടെയും കമ്പനികളുടെ കഴിഞ്ഞകാല കണക്കുകള്‍ സി.എ.ജിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് കേജ്‌രിവാളിന്റെ പ്രഖ്യാപനം. ഇതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയിലെ മൊബൈല്‍ കമ്പനികളുടെ കണക്ക് ഇത്തരത്തില്‍ ഓഡിറ്റ് ചെയ്യണമെന്ന് സി.എ.ജി ഒരിക്കല്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ സ്വകാര്യ കമ്പനികളുടെ വരുമാന കണക്കുകള്‍ സി.എ.ജി ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കികൊണ്ട് കമ്പനികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. കോണ്‍ഗ്രസിന്റെ വക്താവായ മനു അഭിഷേക് സിംഗ്വി അടക്കമുള്ള രാഷ്ട്രീയ നേതാക്കളാണ് കമ്പനികള്‍ക്ക് വേണ്ടി ഈ കേസുകള്‍ സുപ്രീം കോടതിയിലും മറ്റ് വാദിച്ചതെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇത് ഇന്നും തീര്‍പ്പാകാതെ കോടതി കെട്ടുകള്‍ക്കുള്ളില്‍ തന്നെ അന്തിയുറങ്ങുകയാണ്. ഇവിടെ വൈദ്യുതി കമ്പനികളെ ഓഡിറ്റിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കെജ്‌രിവാള്‍ ഉത്തരവിട്ടാല്‍ അതേ സാങ്കേതികത്വം ഇവിടെയും പ്രശ്‌നമാകും. ചുരുക്കിപ്പറഞ്ഞാല്‍ തീരുമാനം പുറത്തുവരാന്‍ സമയമെടുക്കുമെന്ന് അര്‍ത്ഥം.
 
വൈദ്യുതി ബില്‍ കുറയ്ക്കും വരെ ബില്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് കേജ്‌രിവാളിന്റെ മറ്റൊരു ആഹ്വാനം. അതിനെതിരെ കമ്പനികള്‍ കോടതിയില്‍ പോയി വിധി വാങ്ങിയാല്‍ സര്‍ക്കാരിന് അതിന് മുകളില്‍ ഒന്നും ചെയ്യാനുമാവില്ല.
 
 
ഒരു കുടുംബത്തിന് പ്രതിദിനം 700 ലിറ്റര്‍ വെള്ളമാണ് മറ്റൊരു പ്രഖ്യാപനം. ഇത് നടപ്പിലാക്കുന്നതിനും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ഡല്‍ഹിയിലെ ഭൂരിഭാഗം ജനസംഖ്യയും താമസിക്കുന്നത് ചേരികളിലും അനധികൃത കോളനികളിലുമാണ്. ഇവിടുങ്ങളില്‍ പൈപ്പ് സംവിധാനമോ മറ്റോ ഇല്ല. അനധികൃത കോളനികളായത് കൊണ്ട് തന്നെ ഇത് സ്ഥാപിക്കുന്നതിന് ഭരണപരമായ ചില പ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍ കുടിവെള്ളം മൗലികാവകാശമെന്ന നിലയ്ക്ക് സര്‍ക്കാരിന്റെ സ്വന്തം കരുത്തില്‍ എല്ലാ ഭരണപ്രതിസന്ധികളെയും തരണം ചെയ്ത് ടാങ്കറിലുടെയും മറ്റും വെള്ളമെത്തിക്കാന്‍ കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കഴിഞ്ഞാല്‍ ജനത്തിന് അതിനപ്പുറമൊന്നും വേണ്ടിവരില്ല. അടുത്തകാലത്തൊന്നും മറ്റാരും ചേരികളിലേക്ക് കയറി ആപിനെ പിന്തള്ളി വോട്ട് സമ്പാദിക്കാമെന്ന് കരുതുകയും വേണ്ട. അങ്ങനെയൊരു വിപ്‌ളവകരമായ തീരുമാനമെടക്കാന്‍ കെജ്‌രിവാള്‍ കരുത്ത് കാണിച്ചാല്‍ ഡല്‍ഹിയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ എന്നെന്നും ഓര്‍പ്പിക്കപ്പെടുന്ന ഒരു തീരുമാനമായിരിക്കും അതെന്നതിലും സംശയമില്ല.
 
സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 29-ന് ഡല്‍ഹിയില്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്നാണ് കേജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം വൈകിയ സാഹചര്യത്തില്‍ ഒരാഴ്ച കൂടി സമയം വേണ്ടിവരുമെന്ന് കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലുമടക്കം പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ പിന്തുണയോടെ യു.പി.എ സര്‍ക്കാരിന് ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നു. ആ സാഹചര്യത്തില്‍ ബില്‍ കൊണ്ടുവരുന്നതിന് ആപിന്റെ സര്‍ക്കാരിന് വലിയ ബുദ്ധിമുട്ടുകളില്ല.
 
എന്നാല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ ഒരു ‘ജോക്ക്പാല്‍’ ബില്ലാണെന്ന് കേജ്‌രിവാള്‍ പരിഹസിച്ചിരുന്നു. മാത്രമല്ല ബില്‍ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയുടെ കൂടി പിന്തുണയോടെയാണ് യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതെന്നും ഓര്‍ക്കണം. ആ നിലയ്ക്ക് കേജ്‌രിവാള്‍ മുന്നോട്ടുവയ്ക്കുന്ന ലോക്പാല്‍ ജനം ഉറ്റുനോക്കും. അണ്ണാ ഹസാരെയുടെ ഉള്‍പ്പെടെ പിന്തുണ ലഭിച്ച യു.പി.എയുടെ ലോക്പാലും കേജ്‌രിവാളിന്റെ ലോകായുക്തയും താരതമ്യം ചെയ്യപ്പെടുമെന്ന കാര്യത്തിലും സംശയമില്ല. കേജ്‌രിവാളും രാഹുലും തമ്മിലായിരിക്കും ആ താരതമ്യ പഠനം നടക്കുകയെന്നത് കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
 
തന്റെ ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സമരങ്ങളുടെ വേദിയായ ജന്ദര്‍മന്ദറിലോ, രാംലീലാ മൈതാനിയിലോ വച്ച് നടത്തണമെന്നും കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച ഈ സമരവേദികളില്‍ ജനങ്ങളെ സാക്ഷിയാക്കി ആദ്യമായി അധികാരത്തിലേറാന്‍ പോകുന്ന ഒരു സര്‍ക്കാരായി ഇത് മാറും. 1957ല്‍ രാഹുകാലം കടന്നശേഷമാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തിലേറിയത്. എങ്കിലും അത് ജനം ക്ഷമിച്ചു. കാരണം അത്രയ്ക്ക് പ്രതീക്ഷയോടെയായിരുന്നു ആ സത്യപ്രതിജ്ഞയ്ക്ക് ജനം ഒഴുകിയെത്തിയത്. അതിനെക്കാള്‍ വലിയ ഒരു മുന്നേറ്റമാണ് ഇവിടെ ആപിന്റെ സത്യപ്രതിജ്ഞാ വേദി ജനങ്ങള്‍ക്ക് കാഴ്ചവയ്ക്കാന്‍ പോകുന്നത്. ഈ സത്യപ്രതിജ്ഞ തങ്ങളുടെ നാട്ടിലും വേണമെന്ന് ആഗ്രഹിക്കുമാറ് ജനങ്ങളുടെ മനസില്‍ തറയ്ക്കുമെന്ന കാര്യവും ഓര്‍ക്കണം.
 
കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച് ആറ് മാസത്തിന് ശേഷമേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയുവെന്നത് ആപിന് കൂടുതല്‍ ശക്തി പകരും. അവരുടെ വ്യക്തമായ ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനും ഒപ്പം അവര്‍ ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കും അത് കൂടുതല്‍ കരുത്തു നല്കും. ആപിന്റെ സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ശ്രദ്ധനേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നിരിക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ആപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതു കൂടുതല്‍ ശക്തിപകരും. പ്രത്യേകിച്ച് നഗരഭാഗങ്ങളിലായിരിക്കും അതിന്റെ ശക്തി കൂടുതല്‍ തെളിഞ്ഞുനില്‍ക്കുക. അങ്ങനെ വന്നാല്‍ അത് കാര്‍ന്നു നിന്നുക ബി.ജെ.പിയുടെ അടക്കമുള്ള വോട്ടുകളാണെന്ന കാര്യത്തിലും സംശയമില്ല.
 
 
ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള 25 നഗരങ്ങളെങ്കിലുമുണ്ട്.  ഇതില്‍ ചെന്നൈ, കൊല്‍ക്കത്ത, ഇങ്ങേയറ്റം കേരളത്തിലെ കൊച്ചി എന്നിവിടങ്ങള്‍ ഒഴിച്ചാല്‍ മറ്റ് വന്‍കിട നഗരങ്ങളില്‍ ഡല്‍ഹിയെന്ന നഗരതലസ്ഥാന സംസ്ഥാനത്തില്‍ ആപ് നേടിയ ഉജ്വല വിജയത്തിന്റെ അലയൊലികള്‍ പ്രതിഫലിക്കും. ഇക്കഴിഞ്ഞ ദിവസം ബാംഗ്‌ളൂരില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നുണ്ടെന്ന് ആപ് ഫേസ്ബുക്കിലൂടെ പുറപ്പെടുവിച്ച അറിയിപ്പിന് ശേഷം നടന്ന സമ്മേളനത്തില്‍ അംഗത്വമെടുക്കാന്‍ എത്തിച്ചേര്‍ന്നത് 1300ലേറെ ആളുകളാണ്. ഇത് ചെറിയ സംഭവമല്ല, ഇന്നത്തെ സാഹചര്യത്തില്‍ ഒരു സമ്മേളനത്തിന് ബിരിയാണി പൊതിയും പണവും പോരാഞ്ഞ് മദ്യവും നല്‍കിയാല്‍ പോലും ആളുകള്‍ തിരഞ്ഞുനോക്കാറില്ലെന്ന കാര്യം മറക്കരുത്. അങ്ങനെയൊരു ഘട്ടത്തിലാണ് ബംഗ്‌ളൂരില്‍ ഇത്രയേറെ ആളുകള്‍ ആപിന്റെ കുടക്കീഴിലേക്ക് ഓടിയെത്തി അഭയം തേടുന്നത്. ജനങ്ങളുടെ ആ വന്‍വരവില്‍ ഒരുവന്‍ പ്രതിഷേധമുണ്ട്. അമര്‍ഷമുണ്ട്.
 
കൂടാതെ തെക്കേ ഇന്ത്യയിലെ ഒരു വന്‍ മാധ്യമസ്ഥാപനത്തിന്റെ മുതലാളിയായ ഒരാള്‍ ആപിന്റെ കീഴില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ അവരുടെ ഇടയിലേക്ക് എത്തുന്നുണ്ട്. ഇത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും വന്‍ തിരിച്ചടിയാണ് നല്‍കുക. പ്രത്യേകിച്ച്, നഗരങ്ങളിലെ വോട്ടുകളില്‍ കണ്ണും നട്ടിരിക്കുന്ന നരേന്ദ്രമോദിക്ക് പൊള്ളുന്ന കാര്യമാണ് ആപിന്റെ പട്ടണപ്രവേശമെന്നും ഓര്‍ക്കേണ്ടതുണ്ട്. 
 

Leave a Reply

Your email address will not be published. Required fields are marked *

×