ടീം അഴിമുഖം
ഡിസംബര്‍ 12. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്റര്‍ ദൂരെയുള്ള ഫാത്തിമാ മാതാ നാഷണല്‍ കോളേജ് ഗ്രൗണ്ട്. ഉത്സവത്തിരക്കിന്റെ പ്രതീതി സൃഷ്ടിച്ചു കൊണ്ട് ജനങ്ങളുടെ നീണ്ട നിര. ഗ്രൗണ്ടിനകത്തേക്ക് കയറാന്‍ നില്‍ക്കുന്ന ജനങ്ങളെ നിയന്ത്രിച്ചു കൊണ്ട് ഖാദിക്കുപ്പായക്കാരും പോലീസും. പക്ഷേ, കാഴ്ചകള്‍ ഏറെയും ദു:ഖകരമായിരുന്നു. അസുഖ ബാധിതരെ കൊണ്ടുവരുന്ന ആംബുലന്‍സുകള്‍. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ കരച്ചില്‍. ഭരിക്കുന്നവരുടെ കൊള്ളരുതായ്മകള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന യാതനകളും ദുരിതങ്ങളും പരാതികളുമായി സ്ത്രീകളും വൃദ്ധരും. എല്ലാവര്‍ക്കും കാണേണ്ടത് ഒരേയൊരാളെ – മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 10 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിക്ക്, ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരത്തിന് അര്‍ഹമായ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടമാണ് അവിടെ നടക്കുന്നത്. ഈ പരിപാടിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി എല്ലാ ജില്ലകളിലുമെത്തുന്നു.
രാവിലെ ഏഴുമണിക്കു തന്നെ ജനങ്ങളെ കാണാന്‍ ഉമ്മന്‍ ചാണ്ടി റെഡിയായി. എന്നാല്‍ ഈ പുറംമോടികള്‍ മാറ്റി നിര്‍ത്തിയാല്‍ മനസിലാകുന്ന മറ്റൊരു ചിത്രമുണ്ട്. ഒരു വില്ലേജ് ഓഫീസറും കളക്ടറും ഒക്കെയടങ്ങുന്ന നമ്മുടെ ഉദ്യോസ്ഥ വൃന്ദം ചെയ്യേണ്ട കാര്യങ്ങള്‍ ഏറ്റെടുക്കുന്ന നല്ല സമരിയാക്കാരന്റെ റോളാണ് ഇവിടെ മുഖ്യമന്ത്രിക്ക്. പൊതുജന സമ്പര്‍ക്ക പരിപാടിക്ക് എത്തുന്നവരില്‍ 70 ശതമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം തേടി എത്തുന്നവരാണ്. സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള സഹായം തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കുള്ള സഹായം തേടി ഇവിടെ എത്തുന്നവര്‍ കുറവാണ്. മറിച്ച് റേഷന്‍ കാര്‍ഡിലെ പ്രശ്‌നങ്ങള്‍ അടക്കമുള്ളവയാണ് അവിടെ വരുന്നതില്‍ ഭൂരിഭാഗവും. എന്നാല്‍ ആരോഗ്യ, ഗതാഗതമടക്കം എല്ലാ പ്രധാന വകുപ്പുകളും ഈ പരിപാടിയുടെ ഭാഗമായി അവിടെയുണ്ട്. മനുഷ്യ വിഭവസൂചികയുടെ മാനദണ്ഡം അനുസരിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന കേരളത്തില്‍ നിലനില്‍ക്കുന്ന ഈ നിരുത്തരവാദികളായ ഉദ്യോഗസ്ഥ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇവിടെ കാണുന്നത്. ഉദാഹരണത്തിന്, ഒരു ആവശ്യത്തിന്റെ നിജസ്ഥിതി പരിശോധിച്ചറിഞ്ഞ് കീഴുദ്യോഗസ്ഥന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ജില്ലാ കളക്ടര്‍ക്ക് നല്‍കാവുന്നതേയുള്ളൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി നല്‍കുന്ന 10,000 രൂപ.
അതുണ്ടാകുന്നില്ല എന്നതു കൊണ്ടാണ് ജനത്തിന് 10,000 രൂപയ്ക്കു വേണ്ടി മുഖ്യമന്ത്രിയെ കാത്ത് മണിക്കുറുകള്‍ പൊരിവെയിലത്തും മഴയത്തും നില്‍ക്കേണ്ടി വരുന്നത്.

കേരളത്തിലെ ഭരണസംവിധാനത്തെ കൂടുതല്‍ ജനോപകാരപ്രദമാക്കാനായി ഇതുവരെ 47 ഉത്തരവുകള്‍ ജനസമ്പര്‍ക്ക പരിപാടി മൂലം പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ചില ഉത്തരവുകളെങ്കിലും വെളിവാക്കുന്നത് ‘പീപ്പിള്‍ – ഫ്രണ്ട്‌ലി’ സംസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിലെ ഭരണസംവിധാനം എത്രത്തോളം ഉദാസീനമാണെന്നാണ്. അതായത്, ഒരാളുടെ ശവസംസ്‌കാരം നടത്തിയ സ്ഥലത്തെ അധികൃതരാണ് അയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്ന ഉത്തരവ് അത്തരത്തിലൊന്നാണ്. മുമ്പ് എവിടെ വച്ചാണോ മരിച്ചത് അവിടുത്തെ അധികൃതര്‍ക്കായിരുന്നു ഇതിന്റെ ചുമതല. പ്രായപൂര്‍ത്തിയായ ആണ്‍മക്കളുള്ളവര്‍ക്കും വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കണമെന്നതാണ് മറ്റൊരു ഉത്തരവ്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് ആണ്‍മക്കള്‍ ഉണ്ടെങ്കില്‍ അവര്‍ സംരക്ഷിച്ചു കൊള്ളുംഎന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നത്. താന്‍ പുനര്‍വിവാഹിതയായിട്ടില്ല എന്ന് സ്വയം സത്യവാങ്മൂലം നല്‍കുന്ന ഏതൊരു സ്ത്രീക്കും വിധവാ പെന്‍ഷന് അര്‍ഹതയുണ്ടെന്നുള്ളതാണ് മറ്റൊരു ഉത്തരവ്. സാമൂഹിക പരിഷ്‌കരണ മേഖലയില്‍ ഏറെ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നത് എന്നോര്‍ക്കണം. ഈ കാര്യങ്ങള്‍ക്കൊക്കെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയാണോ പരിഹാരം?
പ്രതിപക്ഷ ആക്രമണത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിക്കലാണെന്ന് ഉമ്മന്‍ ചാണ്ടിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരനറിയാം. രാത്രി നീണ്ടും ചിലപ്പോള്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നീളുന്നതാണ് ചില ദിവസത്തെ പരിപാടികള്‍. അല്ലെങ്കില്‍ തന്നെ ഭക്ഷണ കാര്യത്തില്‍ വലിയ ശ്രദ്ധയില്ലാത്ത ഉമ്മന്‍ ചാണ്ടി 18-20 മണിക്കുര്‍ നീളുന്ന ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയതിനു ശേഷം കഴിക്കുന്ന പ്രധാന ഭക്ഷണം മോരും ഓട്‌സുമായി ചുരുക്കി.
രണ്ടു ഘട്ടങ്ങളിലായി ഇതുവരെ രണ്ടു ലക്ഷത്തോളം പരാതികളാണ് ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാരിന് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയും ജനങ്ങള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. അങ്ങനെ ലഭിക്കുന്നതില്‍ പകുതിയിലേറെ പരാതികള്‍ക്കും ജനസമ്പര്‍ക്ക പരിപാടിക്കു മുമ്പേ പരിഹാരമുണ്ടാക്കുന്നുണ്ട്. ബാക്കിയുള്ളവ പരിപാടിയില്‍ ലഭിക്കുന്ന ആയിരക്കണക്കിന് പുതിയ പരാതികള്‍ക്കൊപ്പം പരിഗണിക്കുകയും ചെയ്യുന്നു.
റേഷന്‍ കാര്‍ഡിനെ കുറിച്ചുള്ള 500 എണ്ണവും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 179 എണ്ണവുമാണ് ഈ ഘട്ടത്തില്‍ പരിഗണിക്കുന്ന പരാതികള്‍. ആകെ ലഭിച്ച 10,822 പരാതികളില്‍ 5,328 എണ്ണം ഈ പരിപാടി തുടങ്ങൂന്നതിനുമുമ്പേ പരിഹരിക്കുകയും അതിന്റെ ഭാഗമായി 10,40,000 രൂപ വിതരണം ചെയ്യുകയും ചെയ്തു. ജസമ്പര്‍ക്ക പരിപാടി വഴി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രതിച്ഛയയ്ക്ക് തിളക്കം കൂടിയേക്കാം. എന്നാല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ സമൂഹം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത കൂടി ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിക്ക് ഇല്ലേ? ജനങ്ങള്‍ ആശ്രയം തേടി കൂട്ടത്തോടെ രാജാവിനെ മുഖം കാണിക്കാന്‍ വന്നു നില്‍ക്കുന്ന ഫ്യൂഡല്‍ കാലഘട്ടമല്ല ഇതെന്ന് എങ്കിലും ഈ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മറന്നു പോകുന്നത്?