Continue reading “അഞ്ചുലക്ഷം: ചിറ്റിലപ്പിള്ളിക്ക് പറയാനുള്ളത്”

" /> Continue reading “അഞ്ചുലക്ഷം: ചിറ്റിലപ്പിള്ളിക്ക് പറയാനുള്ളത്”

"> Continue reading “അഞ്ചുലക്ഷം: ചിറ്റിലപ്പിള്ളിക്ക് പറയാനുള്ളത്”

">

UPDATES

അഞ്ചുലക്ഷം: ചിറ്റിലപ്പിള്ളിക്ക് പറയാനുള്ളത്

                       

ജനാധിപത്യവ്യവസ്ഥിതിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഒരാളുടെ സ്വാതന്ത്ര്യത്തിലേക്ക് മറ്റുള്ളവര്‍ കടന്നുകയറുന്നത്. നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളും ഉപരോധങ്ങളും പൊതുജനത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള അന്യായമായ കടന്നുകയറ്റമാണ്. എന്നാല്‍ കാലാകാലങ്ങളായി ഈ ബുദ്ധിമുട്ട് സഹിച്ച് അതിനെതിരെ പ്രതികരിക്കാന്‍ മടിച്ച്, സഹിച്ച് ജീവിക്കുകയാണ് ഞാനും നിങ്ങളുമൊക്കെ അടങ്ങുന്ന ‘ജനങ്ങള്‍’. എന്തുകൊണ്ട്? ഭയം! നമുക്ക് ഭയമാണ്;  തെറ്റുചെയ്യുന്നവനോട് അതു ചൂണ്ടികാണിച്ച്- ഈ ചെയ്യുന്നത് തെറ്റാണെന്നു ഉറക്കെ വിളിച്ചു പറയാന്‍, അവരെ എതിര്‍ക്കാന്‍. ഏതെങ്കിലും പാര്‍ട്ടിയുടേയോ കൊടിയുടേയോ പിന്തുണയുണ്ടെങ്കില്‍ വെറും പത്തേപത്തുപേര്‍മാത്രം വിചാരിച്ചാലും ഒരു ജനതയെ നിശ്ചലമാക്കാന്‍ കഴിയുന്നിടത്തോളം നമ്മുടെയെല്ലാം ഭയം വലിപ്പം വച്ചുപോയിരിക്കുന്നു. അവിടെയാണ് എനിക്കും നിങ്ങള്‍ക്കുമൊക്കെ ചെയ്യാന്‍ സാധിക്കാതിരുന്നത് ഒരു സാധാരണ വീട്ടമ്മ ചെയ്തത്. തന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ സമരക്കാര്‍ക്കെതിരെ പ്രതകരിക്കാന്‍ ആ സ്ത്രീ കാണിച്ച തന്റേടം, അത് മറ്റെന്തിനേക്കാളുമേറെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതുകൊണ്ടാണ് അവര്‍ക്ക്, അവരുടെ ആ ധൈര്യത്തിന് ഒരു പാരിതോഷികം നല്‍കാന്‍ ഞാന്‍ തയ്യാറായത്.

കേരളത്തിലെ ഏറ്റവും വലിയ ജൈജാന്റിക് ഫോഴ്‌സ് ആയ സി പി എമ്മിനെയാണ് സന്ധ്യയെന്ന ആ വീട്ടമ്മ ഒറ്റയ്ക്ക് നേരിട്ടത്. ഓഫിസില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തുമ്പോഴാണ് ഈ വാര്‍ത്ത ഞാന്‍ അറിയുന്നത്. തുടര്‍ന്ന് ചാനലുകളില്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ടു. കൂടുതല്‍ അറിഞ്ഞപ്പോള്‍ അവരെ അഭിനന്ദിക്കണമെന്ന് തോന്നി. തിരുവനന്തപുരത്തുള്ള ചില സുഹൃത്തുക്കള്‍ മുഖേന സന്ധ്യയെക്കുറിച്ചു കൂടുതല്‍ തിരക്കി. അവര്‍ക്ക് രാഷ്ട്രീയമുണ്ടോയെന്ന് അറിയണമല്ലോ? അങ്ങിനെയെങ്കില്‍ സന്ധ്യകാണിച്ചത് പൊളിറ്റിക്കല്‍ ഡ്രാമയാകും. എന്നാല്‍ എനിക്ക് കിട്ടിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്ധ്യയ്ക്ക് രാഷ്ട്രീയമില്ല. അവരൊരു സാധാരണ വീട്ടമ്മ മാത്രം. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നു പറയുന്നതു പോലെയായിരുന്നു സന്ധ്യയുടെ പ്രതികരണവും.  അന്നേരത്തെ ദേഷ്യം, ബുദ്ധിമുട്ട് ഇതെല്ലാമാണ് അപ്പോള്‍ തന്നെക്കൊണ്ട് അത്രയേറേ സംസാരിപ്പിച്ചതെന്ന് സന്ധ്യ പറഞ്ഞു. ജനങ്ങളുടെ സ്വൈരം കെടുത്തിയിട്ടുവേണോ സമരം? ഞാന്‍ ഇങ്ങനെയൊന്നും സംസാരിക്കുന്നൊരാളല്ലായിരുന്നു സാര്‍ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാന്‍ കഴിഞ്ഞല്ലോയെന്നോര്‍ത്ത് അപ്പോഴും അത്ഭുതപ്പെടുകയായിരുന്നു ആ വിട്ടമ്മ. ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ല അവര്‍ അത് ചെയ്തതെന്ന് വ്യക്തം.
 

ഇങ്ങനെയുള്ളൊരു വീട്ടമ്മയെ അഭിനന്ദിക്കേണ്ടത് എന്റെയും കടമയല്ലേ? സന്ധ്യക്ക് അഞ്ചുലക്ഷം രൂപ കൊടുക്കാന്‍ തയ്യാറാകുമ്പോള്‍ അതിന് ഇങ്ങനെയൊരു ഇംപാക്ട് പ്രതീക്ഷിച്ചില്ല.  അതിലൂടെ എന്റെ സാമൂഹിക പ്രതിബദ്ധത കാണിച്ചു എന്നൊന്നും കരുതുന്നില്ല. ഞാന്‍ ചെയ്തത് ചെറിയൊരു കാര്യം, ആരും അതിനെന്നെ പ്രകീര്‍ത്തിക്കുകയും വേണ്ട. കീര്‍ത്തി കൊടുക്കേണ്ടത് സന്ധ്യയെന്ന വീട്ടമ്മയ്ക്കാണ്. നമ്മുടെ സമൂഹത്തിന് അവര്‍ സന്ദേശമാകണമെന്നും എല്ലാവരും സന്ധ്യയെ ശ്രദ്ധിക്കണമെന്നും എനിക്കൊരു ഉദ്ദേശ്യമുണ്ടായിരുന്നു.

ഒരു സന്ധ്യ പ്രതിഷേധിച്ചതിന്റെ ഫലമായി പിറ്റേദിവസം അവിടുത്തെ റെസിഡന്‍സ് അസോസിയേഷനും രംഗത്തിറങ്ങി. ഒരു വശത്തേയെങ്കിലും ബാരിക്കേഡുകള്‍ മാറ്റി വഴികൊടുക്കേണ്ടി വന്നില്ലേ. അപ്പോള്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്ന വിപത്തുകളെ ഇല്ലാതാക്കമെന്നല്ലേ? 2013 ല്‍ നാല്‍പ്പതിനടുത്ത് ഹര്‍ത്താലുകള്‍ കൊണ്ടാടിയ നാടാണ് കേരളം. ഒരു നാടിന്റെ വികസനം മുരടിപ്പിക്കാന്‍ ഇതിലും നല്ല വഴിവേറെയുണ്ടോ? ദൈവത്തിന്റെ സ്വന്തം നാട് ഹാര്‍ത്താലുകളുടെ സ്വന്തം നാടായി മാറുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം വിജയിപ്പിക്കുകയാണ് പാര്‍ട്ടികള്‍. സമരം എന്നാല്‍ മസില്‍ പവര്‍ ആണ്. ആ കാര്യത്തില്‍ പാര്‍ട്ടി വ്യത്യാസമില്ല, മുന്നണി വ്യത്യാസമില്ല. ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
 

ഞാന്‍ വിശ്വസിക്കുന്നത് സന്ധ്യ ഒരു തുടക്കമാണെന്നാണ്. ഇനി കൂടുതല്‍പേര്‍ രംഗത്തുവരും. പാര്‍ട്ടികള്‍ നടത്തുന്ന സമരം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെയ്യുന്നത് അസംഘടിതരായ പൊതുജനത്തെയാണ്. ഒരു ദിവസക്കൂലിക്കാരന് അവന്റെ അന്നത്തെ ജോലി തടസ്സപ്പെടുന്ന അവസ്ഥ എത്ര ദുഃഖകരമാണ്. വഴി തടയുന്നവര്‍ക്ക് അത് കാണാനാകുന്നുണ്ടോ? ആ അന്ധതയ്‌ക്കെതിരെയാണ് ഇനി ജനങ്ങള്‍ ഉണരാന്‍ പോകുന്നത്.

സന്ധ്യക്ക് അഞ്ചു ലക്ഷം കൊടുത്തതില്‍ രാഷ്ട്രീയമുണ്ടെന്നാണ് എനിക്കെതിരേ ഉയരുന്ന വിമര്‍ശനം. എന്ത് രാഷ്ട്രീയമാണ് അതില്‍ കാണാന്‍ കഴിയുന്നത്? ഏതെങ്കിലും ഒരു പാര്‍ട്ടിയെ കരിതേയ്ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇടതുപക്ഷത്തിന്റെ സ്ഥാനത്ത് വലുതപക്ഷമായിരുന്നെങ്കിലും സന്ധ്യക്ക് ഞാന്‍ പണം നല്‍കുമായിരുന്നു. ഇടതുപക്ഷത്തോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സിഐടിയുവുമായി ചില തര്‍ക്കങ്ങളുണ്ടായി. ഈ സംഭവത്തിലും നിര്‍ഭാഗ്യവശാല്‍ എനിക്ക് എതിര്‍പ്പു നേരിടേണ്ടി വന്നത് ഇടതുപക്ഷത്തില്‍ നിന്നായി. പക്ഷെ ഒന്നു ഞാന്‍ ചോദിച്ചോട്ടെ, സുരേഷ് എന്നൊരു ലോട്ടറി വില്‍പ്പനക്കാരന്‍ കാണിച്ച സത്യസന്ധയ്ക്ക് എന്റെ വക സമ്മാനമായി അഞ്ചുലക്ഷം നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലുള്ളൊരു പാര്‍ട്ടിക്കാരന്‍ തന്റെ കിഡ്‌നി ദാനം ചെയ്തതറിഞ്ഞ് അദ്ദേഹത്തിന് ഞാന്‍ അഞ്ചുലക്ഷം നല്‍കിയിരുന്നു. അതൊന്നുമെന്തേ വിവാദമാകാതിരുന്നു? അപ്പോഴൊന്നും ആരും എന്നെ ചീത്തവിളിക്കാന്‍ തെരുവിലിറങ്ങിയില്ലല്ലോ? ഇപ്പോള്‍ അവര്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കണ്ണൂരിലുള്ള ആ സുഹൃത്ത് ഞാന്‍ നല്‍കിയ തുക തിരികെ തരുമെന്ന് പറഞ്ഞിരിക്കുകയാണ്. തരട്ടെ, ഞാനത് വാങ്ങും. ആ തുക സന്ധ്യയ്ക്ക് നല്‍കാമല്ലോ!
 

എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നത് തന്നെയാണ് നമ്മുടെ ശാപം. അത് മാറണം. മാറ്റങ്ങള്‍ രാജ്യത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്നതൊക്കെ അതിന് തെളിവാണ്. ആ മാറ്റത്തില്‍ നിന്നുള്ള പ്രചോദനമായിരിക്കാം തിരുവനന്തപുരത്തെ ഒരു വീട്ടമ്മയെ ഒരു വലിയ ശക്തിയോട് ഒറ്റയ്ക്ക് പോരാടാന്‍ പ്രേരിപ്പിച്ചത്. ആ പ്രചോദനം പലരിലേക്കും വ്യാപിക്കും. ജനങ്ങള്‍ ഉണരും. അത് ഈ രാജ്യത്തിന്റെ  ഭാവിയെ മാറ്റും.  അതിനുവേണ്ടി എനിക്ക് നല്‍കാന്‍ കഴിയുന്ന പിന്തുണ ഞാന്‍ നല്‍കും; സധൈര്യം.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളം ഒരു വ്യവസായ അനുകൂല സംസ്ഥാനമല്ലെന്ന വാദത്തിന് ഒരു അപവാദമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊണ്ട് 27-മത്തെ വയസില്‍ അദ്ദേഹം തുടങ്ങിയ വി-ഗാര്‍ഡ് ഇന്ന് 1300 കോടി രൂപ വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യമാണ്. വി-ഗാര്‍ഡിനു പുറമെ വണ്ടര്‍ലാ ഹോളിഡെയ്‌സ്, വി-സ്റ്റാര്‍ ക്രിയേഷന്‍സ്, വീഗാലാന്‍ഡ് ഡവലപേഴ്‌സ് എന്നീ സംരംഭങ്ങളും ചിറ്റിലപ്പിള്ളിക്കുണ്ട്. സാധാരണ വ്യവസായികളില്‍ നിന്ന് ചിറ്റിലപ്പിള്ളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ നിലപാടുകളാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു ട്രക്ക് ഡ്രൈവര്‍ക്ക് തന്റെ ഒരു വൃക്ക സൗജന്യമായി നല്‍കിക്കൊണ്ടാണ് അവയവദാനം എന്ന മഹത്തായ കര്‍മത്തെ അദ്ദഹം പ്രോത്സാഹിപ്പിച്ചത്. ഒരു സംരംഭകന്‍ എന്നതിനപ്പുറം നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന വിഷയങ്ങളില്‍ സധൈര്യം ഇടപെടുന്നയാള്‍ കൂടിയാണ് ചിറ്റിലപ്പിള്ളി.

More Posts

Share on

മറ്റുവാര്‍ത്തകള്‍