ടീം അഴിമുഖം
ഏറെക്കാലത്തിനു ശേഷമാണ് ബി.എസ്.പി അധ്യക്ഷ മായാവതി ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ വിശദമായ ഒരു പത്രസമ്മേളനം നടത്തിയത്. ആ പത്രസമ്മേളനത്തില്‍ മായാവതി പ്രധാനമായും ശ്രദ്ധിച്ചത് യു.പിയില്‍ മോദി തരംഗം ഇല്ലെന്ന് വ്യക്തമാക്കാനാണ്. വോട്ടു പിടിക്കാന്‍ ബി.എസ്.പി ഒരിക്കലും വര്‍ഗീയ അജണ്ടയ്ക്കു പിന്നാലെ പോയിട്ടില്ലെന്നും മോദിയും സമാജ്‌വാദി പാര്‍ട്ടിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവര്‍ പറഞ്ഞുവച്ചു. ഉത്തര്‍ പ്രദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ മായാവതിയുടെ ഈ നീക്കങ്ങള്‍ക്ക് ഏറെ രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് കാണാം.
മുസഫര്‍നഗര്‍ കലാപത്തിനു ശേഷം സംസ്ഥാനത്ത് ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചെടുക്കുന്നതിന് സമാജ്‌വാദി പാര്‍ട്ടിക്കും ബി.ജെ.പിക്കും കഴിഞ്ഞിട്ടുണ്ട്. ഹിന്ദു വോട്ടുകളിലാണ് രണ്ടു കൂട്ടരും കണ്ണുവച്ചിട്ടുള്ളത്. പക്ഷേ 19 ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത വിധത്തില്‍ പുതിയൊരു രാഷ്ട്രീയ ചായ്‌വിലേക്ക് മാറുന്നത് കാണാന്‍ കഴിയും. കോണ്‍ഗ്രസിന്റെ തകര്‍ച്ച കൂടി കണക്കിലെടുത്താല്‍ ബി.എസ്.പി മാത്രമാണ് യു.പി മുസ്ലീമിന് ആശ്രയിക്കാവുന്ന ഏക പാര്‍ട്ടിയെന്നും പറയാം.

മായാവതി ഒരു കാര്യം ഉറപ്പിച്ചു പറയുന്നത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കീഴില്‍ യു.പിയില്‍ ഉണ്ടായിട്ടുള്ളത് നൂറിലേറെ വര്‍ഗീയ സംഘര്‍ഷങ്ങളാണ് എന്നാണ്. തന്റെ ഭരണകാലത്ത് യു.പിയില്‍ ഒരു കലാപം പോലും ഉണ്ടാക്കാന്‍ ആര്‍.എസ്.എസിനെ താന്‍ അനുവദിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. ക്രമസമാധാന പരിപാലനം എല്ലാക്കാലത്തും മായാവതിയുടെ ഒരു തുരുപ്പു ചീട്ടായിരുന്നു. ആ ചീട്ട് ഇറക്കിത്തന്നെയാണ് ഇത്തവണ അവര്‍ മുസ്ലീങ്ങളെ ആകര്‍ഷിക്കുന്നത്. 2007-ല്‍ മുസ്ലീം വോട്ടുകളുടെ ചെറിയൊരു ശതമാനം ലഭിച്ചതൊഴിച്ചാല്‍ മായാവതിയെ ഈ വിഭാഗം കാര്യമായി പിന്തുണച്ചിട്ടില്ല.
പണ്ട് ബി.ജെ.പിയുമായി ചേര്‍ന്ന് സംസ്ഥാനത്തും പുറത്തും സര്‍ക്കാരുകളുണ്ടാക്കി എന്നതു തന്നെയായിരിക്കാം ഈ എതിര്‍പ്പിന്റെ കാരണവും. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ – 2008ല്‍ പിന്തുണ പിന്‍വലിച്ചതൊഴിച്ചാല്‍ – ഏതാണ്ട് ഒമ്പതു വര്‍ഷക്കാലം യു.പി.എ സര്‍ക്കാരിനെ താന്‍ പിന്തുണച്ചത് വര്‍ഗീയ ശക്തികളെ പുറത്തു നിര്‍ത്താനാണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. അതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ നയങ്ങളെയും അഴിമതിയെയും പൊതുവെ തള്ളിപ്പറഞ്ഞെങ്കില്‍ കൂടിയും ആ പാര്‍ട്ടിയെ രൂക്ഷമായി ആക്രമിക്കാന്‍ മായാവതി മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്.

സ്വന്തമായുള്ള ദളിത് വോട്ടുകളുടേയും മുസഫര്‍നഗര്‍ നഗറിനു ശേഷം സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നകന്ന മുസ്ലീം വോട്ടുകളുടേയും ഏകീകരണമാണ് മായാവതി ലക്ഷ്യമിടുന്നത്. അത് ചിലപ്പോള്‍ 40 സീറ്റുകള്‍ എന്ന നിലയിലേക്ക് വരെ പോകാം. ഈ സഖ്യത്തെ മറികടക്കുക എന്നതായിരിക്കും മോദിയുടെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെയാണ് ജാതി സമവാക്യങ്ങള്‍ പൂരിപ്പിക്കുന്നതിനു വേണ്ടി ജഗദംബികാ പാലിനെ പോലുള്ള കോണ്‍ഗ്രസുകാരെ വരെ ബി.ജെ.പി കടംകൊള്ളുന്നത്. രാജ്‌നാഥ് സിംഗിനെ പോലുള്ള താപ്പാനകള്‍ക്ക് അറിയാം ഉത്തര്‍പ്രദേശില്‍ എന്തൊക്കെ പറഞ്ഞാലും മായാവതി ഒരു നിര്‍ണായക ഘടകമാണ് എന്നത്. പുറമേയ്ക്ക് മോദി തരംഗം ഉണ്ടെങ്കില്‍ കൂടിയും യു.പിയിലെ വോട്ടുകള്‍ അടിയൊഴുക്കുകളിലുടെ നിര്‍ണയിക്കപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ മായാവതിയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു യു.പി ചര്‍ച്ചയും പ്രസക്തമല്ല.

കോണ്‍ഗ്രസ് അല്‍പ്പം കൂടി തന്മയത്വവും ചടുലതയും കാണിച്ചിരുന്നെങ്കില്‍ യു.പിയില്‍ രണ്ടക്കം തികയ്ക്കാന്‍ പോലും ബി.ജെ.പി പാടുപെട്ടേനെ. എങ്കിലും മത്സരം താനും മോദിയും തമ്മിലാണെന്ന് മായാവതി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള വഴി യു.പിയാണെന്നറിയുന്ന ഏതൊരു രാഷ്ട്രീയക്കാരനും മായാവതിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയേനെ. കോണ്‍ഗ്രസില്‍ സഖ്യങ്ങളെ തീരുമാനിക്കുന്ന എ.കെ ആന്റണി കമ്മിറ്റിക്ക് കഴിയാതെ പോയതും ഇതുതന്നെയാണ്.