April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

പിന്നണി രഹസ്യങ്ങള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരാള്‍ മാത്രം ‘(1997) എന്ന സിനിമയില്‍ ‘ചൈത്ര നിലാവിന്റെ’ എന്ന ഗാനം ഉണ്ട്. ഈ ഗാനരംഗം ചിരിയുണര്‍ത്തും. ആ ചിരി സിനിമയുടെ സാങ്കേതിക വിദ്യയുടെ ചില രസങ്ങളെ വെളിവാക്കുന്ന ഒന്നാണ്. പിന്നണി  ഗാനം എന്ന ചെപ്പടി വിദ്യയാണ് അതില്‍ ചിരി സൃഷ്ടിക്കുന്നതിലെ പ്രധാന ഘടകം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ആനുകാലികത്തില്‍ വന്ന കവിത മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരീന്ദ്രന്‍ എന്ന കഥാപാത്രം ഈണത്തില്‍ പാടുന്നു. സുദീഷിന്റെ കഥാപാത്രമായ ബാലചന്ദ്രന്‍ തന്റെ ചുണ്ടുകള്‍ […]

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരാള്‍ മാത്രം ‘(1997) എന്ന സിനിമയില്‍ ‘ചൈത്ര നിലാവിന്റെ’ എന്ന ഗാനം ഉണ്ട്. ഈ ഗാനരംഗം ചിരിയുണര്‍ത്തും. ആ ചിരി സിനിമയുടെ സാങ്കേതിക വിദ്യയുടെ ചില രസങ്ങളെ വെളിവാക്കുന്ന ഒന്നാണ്. പിന്നണി  ഗാനം എന്ന ചെപ്പടി വിദ്യയാണ് അതില്‍ ചിരി സൃഷ്ടിക്കുന്നതിലെ പ്രധാന ഘടകം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ആനുകാലികത്തില്‍ വന്ന കവിത മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരീന്ദ്രന്‍ എന്ന കഥാപാത്രം ഈണത്തില്‍ പാടുന്നു. സുദീഷിന്റെ കഥാപാത്രമായ ബാലചന്ദ്രന്‍ തന്റെ ചുണ്ടുകള്‍ അനക്കിക്കൊണ്ട് അയാളാണ് പാടുന്നത് എന്ന് തോന്നിപ്പിക്കുന്നു. വീട്ടുടമസ്ഥന്റെ മകളെ (പ്രവീണ) താന്‍ പാട്ടുകാരനാണെന്ന് ബോധ്യപ്പെടുത്തുക എന്നതാണ് അയാളുടെ ലക്ഷ്യം. മമ്മൂട്ടി പാട്ട് നിര്‍ത്തുന്നതോടെ സുധീഷ് നടത്തുന്ന തട്ടിപ്പ് വെളിച്ചത്താകുന്നു. തട്ടിപ്പ് പുറത്താകുന്നതിലൂടെ ഇളിഭ്യനാകുന്ന സുധീഷും തുടര്‍ന്നുള്ള അയാളുടെ പാട്ടും നമ്മെ ചിരിപ്പിക്കും.
 
 
ഈ കബളിപ്പിക്കലിനു ഇടയില്‍ ഒരു നിമിഷം നമ്മള്‍ മറന്നു പോകുന്ന ഒന്നുണ്ട്. കെ ജെ യേശുദാസ് എന്ന ഗായകന്‍ ആണ് ‘യഥാര്‍ത്ഥത്തില്‍’ ഇത് പാടിയിരിക്കുന്നത് എന്നത്. സിനിമയില്‍ കഥാപാത്രങ്ങള്‍ ‘യഥാര്‍ത്ഥത്തില്‍’ പാടുന്നു എന്നത് തന്നെ ഒരു കബളിപ്പിക്കലാകുന്നു. ഇതാണ് പിന്നണി ഗാനത്തിന്റെ ചെപ്പടി വിദ്യ. ഈ ഗാനത്തില്‍, ആ രീതിയില്‍ രണ്ടു തട്ടായുള്ള ഒരു കബളിപ്പിക്കലുണ്ട്.
 
 
ഈ ഗാനരംഗം യേശുദാസ് എന്ന ഗായകനെ കുറിച്ചും മമ്മൂട്ടിയടക്കമുള്ള നായകരെ കുറിച്ചുള്ള ധാരണകളുമായി ബന്ധപെട്ടാണ് നില്ക്കുന്നത്. യേശുദാസിന്റെ ശബ്ദം ഏറെക്കുറെ മലയാള സിനിമയില്‍ നായകരുടെ ശബ്ദത്തോട് ചേര്‍ന്നാണ് പോകുന്നത് . അല്ലാതെയുള്ള ചില പാട്ടുകളുമുണ്ട്. സുധീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനു ചേര്‍ന്നതല്ല യേശുദാസിന്റെ ശബ്ദം. അത് മമ്മൂട്ടിയുടെ ആണത്തത്തിന്റെ അടയാളമായി ഇതില്‍ നില്ക്കുന്നു എന്ന് കരുതാം. സുധീഷിന്റെ ലിപ് സിങ്ക് ആകാതെ പോകുന്ന സാങ്കേതിക പിഴവുകളാണ് അയാളുടെ തന്നെ കുറവായി നമുക്ക് അനുഭവപ്പെടുന്നത്. അത് സാങ്കേതിക വിദ്യ എത്രത്തോളം സിനിമയുടെയും സംഗീതത്തിന്റെയും രൂപത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്നു.
 
 
പിന്നണിഗാനത്തിന്റെ ചെപ്പടിവിദ്യ ബോധ്യപ്പെടുത്തുന്ന ഇത് പോലെ ചില പഴയ ഗാനങ്ങളും ഈ ഘട്ടത്തില്‍ ഓര്‍ക്കാം. കുയിലിനെ തേടി (1983) എന്ന സിനിമയിലെ ശ്യാം സംഗീതം നല്കിയ ‘സിന്ദൂര തിലകവുമായി’ എന്ന ഹിറ്റ് പാട്ട്. പൂജപ്പുര രവിക്ക് യേശുദാസിന്റെ ശബ്ദം അതില്‍ ചേരുന്നത് ഭാഗവതര്‍ ആയതു കൊണ്ടായിരിക്കാം. മറ്റൊരു ഹിന്ദി ഗാനമുണ്ട് പടോസന്‍ (1968)-ലെ ‘ഏക് ചതുരനാര്‍’. ഈ ഗാനങ്ങളൊക്കെ തന്നെ ‘കബളിപ്പിക്കല്‍’ എന്ന ഒരു തന്ത്രം ഉപയോഗിക്കുന്നതിലൂടെ ചിരിയുണര്‍ത്താന്‍   ശ്രമിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
 
 

Leave a Reply

Your email address will not be published. Required fields are marked *

×