UPDATES

ഓഫ് ബീറ്റ്

കൊളോണിയലിസത്തിന്റെ വിഴുപ്പ് ആഫ്രിക്കയുടെ മുകളിൽ അലക്കരുത്/അഴിമുഖം ക്ലാസിക്

ദയവ് ചെയ്ത് ഇനിയെങ്കിലും ഒരു നാടിനോടും അവിടുത്തെ മനുഷ്യരോടും നീതി പുലർത്തണം

                       

അപക്വമായി ഒരു നാടിനെയും അവിടുത്തെ മനുഷ്യരെയും ചിത്രീകരിക്കുന്നതിന് ഉദാഹരണമാണ് ‘നാക്കു പെന്‍റാ നാക്കു ടാക്കാ’ എന്ന സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ. ലേഖകൻ പ്രതിപാദിച്ചിരിക്കുന്ന ആ അണയാത്ത അഗ്നി പർവതത്തിൽ തുടങ്ങി  ആഫ്രിക്ക എന്ന് കേൾക്കുമ്പോഴേ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടി  മാധ്യമ സുഹൃത്തുക്കൾ പെടുന്ന പാട് വളരെ അഭിനന്ദനമർഹിക്കുന്നു. ആഫ്രിക്കയിലെ കെനിയയിലാണ് ചിത്രീകരണം നടന്നത്. പക്ഷേ കെനിയ എന്ന പേര് എങ്ങും തന്നെയില്ല. ജപ്പാനിൽ ചിത്രീകരിച്ച ചിത്രത്തിന് ഏഷ്യയിൽ ചിത്രീകരിച്ചു എന്നല്ലല്ലോ പറയുക. ആഫ്രിക്ക വൈവിധ്യമാർന്ന വൻകരയാണ്. ഏഷ്യ പോലെ തന്നെ, ഓരോ രാജ്യവും വ്യത്യസ്തമാണ്. സംസ്കാരങ്ങളും ആചാരങ്ങളും ഭാഷയും ഭക്ഷണശീലങ്ങളും വസ്ത്രധാരണ രീതികളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ഒരു നാടിന്റെയും അവിടുത്തെ മനുഷ്യരുടെയും സ്വത്വബോധത്തെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്ത് വിവരവും അറിയാൻ വിരലൊന്നമർത്തിയാൽ മതിയെന്നിരിക്കെ നിരുത്തരവാദപരമായി ഒരു നാടിനേയും അവിടുത്തെ മനുഷ്യരേയും വികലവും വികൃതവുമായി  ചിത്രീകരിക്കുന്ന മാധ്യമപ്രവർത്തനം മാപ്പർഹിക്കുന്നില്ല.

“സിംഹങ്ങളെ വേട്ടയാടുന്നവർ, ചോര കുടിക്കുന്നവർ, മാംസം പച്ചയ്ക്ക് ഭക്ഷിക്കുന്നവർ, ഏറ്റവും നീളം കൂടിയ കാലുകൾ ഉള്ളവർ, ഒപ്പം ഗോത്രാചാരങ്ങൾ തെറ്റിക്കുന്നവരെ നിഷ്ക്കരുണം വധിക്കുന്നവർ, ആഫ്രിക്ക കീഴടക്കാൻ വന്ന ബ്രിട്ടീഷുകാർക്കെന്നും പേടി സ്വപ്നമായിരുന്നു മസായി വർഗക്കാർ”

അന്തമില്ലാത്ത പുൽക്കാടുകളിൽ സിംഹവും,പുലിയും, കഴുതപ്പുലിയും, സീബ്രകളും നിറഞ്ഞ മസായികളുടെ വനപ്രദേശം അനിമൽ പ്ലാനറ്റിലൂടെ നമുക്ക് പരിചിതമാണ്. കാലിവളർത്തൽ മാത്രമായിരുന്നു മസായികളുടെ ഉപജീവനമാര്‍ഗം. കിലോമീറ്ററുകൾക്കപ്പുറo  വന്യജീവികളുടെ  സാന്നിധ്യം പരിശോധിക്കാൻ ഉയരങ്ങളിൽ ചാടി നോക്കുന്ന മസായിമാർക്ക്  പൊക്കം കൂടിയ കാലുകൾ പ്രകൃതിയുടെ ചലനങ്ങൾ അറിയാൻ അതിജീവനത്തിന്റെ ഭാഗമായി പ്രകൃതി നൽകിയതാണ്. കാലാവസ്ഥയ്ക്കും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ച് ഏറ്റവും ലഭ്യമായതും അനുയോജ്യമായതുമായ ഭക്ഷണം കന്നുകാലികളുടെ ഇറച്ചിയും, പാലും, രക്തവും ഒക്കെയായിരുന്നു. മസായികളുടെ ആരോഗ്യം ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മത്സ്യം മസായികൾക്ക് വർജ്യമാണ്. പ്രകൃതിയിൽ നിന്ന്  ലഭ്യമായ വിഭങ്ങൾ ഉപയോഗിച്ച് രോഗങ്ങളൊന്നും തന്നെയില്ലാതെ മണ്ണിനിണങ്ങി ജീവിച്ച മനുഷ്യരായിരുന്നു മസായികൾ. നൂറു കണക്കിന് കിലോമീറ്ററുകൾ കന്നുകാലികൾക്കൊപ്പം നടക്കുന്നവർ.

 

കൊളനിവല്ക്കരണത്തിന് ശേഷം സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവർ ചോളവും, ഗോതമ്പും, പയര്‍വര്‍ഗങ്ങളും കൃഷിഭൂമിയില്ലാതെ  കൃഷി ചെയ്യാൻ നിർബന്ധിതരാ യവർ. ഒടുവിൽ സ്വാതന്ത്ര്യാനന്തരം  തിരികെ വരാൻ സാധിച്ചുവെങ്കിലും വിദേശികൾ അവര്ക്ക് നഷ്ടപ്പെടുത്തിയത് മണ്ണ് മാത്രമായിരുന്നില്ല, മാരകരോഗങ്ങളെ അതിജീവിക്കാനുള്ള സ്വാഭാവിക പ്രതിരോധശേഷി കൂടിയായിരുന്നു. വിദേശികളുടെ വരവോടു കൂടി പടർന്ന് പിടിച്ച മാരക രോഗങ്ങൾ ഇതിനുദാഹരണമാണ്. ആമസോണിൽ ഈ അടുത്തകാലത്ത്‌ പുറം ലോകവുമായി ബന്ധപ്പെട്ട ഗോത്രവർഗങ്ങൾ തിരിച്ചറിയാൻ കഴിയാത്ത രോഗങ്ങളാൽ മരണപ്പെട്ടു എന്നുള്ളത് ഈ മാരകരോഗങ്ങൾ വികസിത രാഷ്ട്രങ്ങളുടെ സംഭാവനയാണെന്നുള്ളത്  അടിവരയിടുന്നു.

സിംഹത്തെ വേട്ടയാടിയിരുന്നത് ധീരനായ മസായി പോരാളിയെ കണ്ടുപിടിക്കാനായിരുന്നു. എന്നാൽ സിംഹങ്ങളുടെ ഭാഷ മനസിലാവുന്ന,അവരുടെ കാൽപ്പാടുകൾ പിന്തുടർന്ന് ഏതപകടത്തിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയുന്ന, മനുഷ്യരുടെ ആക്രമണങ്ങളിൽ നിന്നും നിസ്സഹായരായ മൃഗങ്ങളെ രക്ഷിക്കുന്ന, മനുഷ്യത്വം ഇനിയും ബാക്കി നില്ക്കുന്ന കാവൽക്കാരാണ് മസായികൾ. അവരെ കുറിച്ചാണ്,”മസായികൾ വികാര ജീവികൾ ആണെന്നറിയാവുന്ന”, “മസായികളുടെ സ്വഭാവം അറിയാവുന്ന”,” ‘ഓടിവന്ന മസായികൾ നിരനിരയായി സംവിധായകന്റെ മുന്നില് തലകുനിച്ചു നിന്നു. നേതാവായ മസായി സ്ത്രീ കരയുകയാണ്. സംവിധായകന്റെ  മനസ്സിനെ നോവിച്ചതിലുള്ള സങ്കടം” തുടങ്ങിയ പരമര്‍ശങ്ങള്‍ ലേഖകന്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

 

ലിജിറ്റ് ഇയർ ഐ പി എന്ന സംഘടനയുടെ പഠന റിപ്പോർട്ട്‌ പ്രകാരം മസായി ബ്രാന്‍റിന്‍റെ ഒരു വർഷത്തെ മൂല്യം പത്തു മില്യണ്‍ ഡോളറാണ്. അതായത്  മസായിമാര്‍ ഉൾപ്പെടെയുള്ള മസായി പ്രദേശങ്ങളില്‍ ലോക പ്രശസ്തമായ എല്ലാ പരസ്യ സ്ഥാപനങ്ങളും, സിനിമാ കമ്പനികളും വരികയും ചിത്രീകരണം നടക്കുത്തുകയും ചെയുന്ന സ്ഥലമാണ്. അന്താരാഷ്ട്ര ടൂറിസം മേഖലയാണ്  മസായി പ്രദേശങ്ങളെല്ലാം തന്നെ. അന്താരാഷ്ട്ര ടൂറിസ്റ്റുകൾ,ഗവേഷകർ എന്നിങ്ങനെ പലതരത്തിലുള്ള മനുഷ്യരെ കണ്ടും പരിചയിച്ചും  അനുഭവമുള്ളവരും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്നവരുമാണ് മസായികൾ. അത് കൊണ്ട് തന്നെ ഇത്തരം വികലമായ വിവരണം പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.

കഴിഞ്ഞ മാസം മസായി ഗോത്രക്കാരുടെ ഭൂമി ലാൻഡ്‌ മാഫിയക്ക് കയ്യേറാൻ കൂട്ടു നിന്ന് എന്ന് സംശയിച്ച മുപ്പത്തിരണ്ടു സായുധ പോലീസുകാരെയാണ് മസായികൾ വെട്ടിനുറുക്കിയത്. സര്‍ക്കാരിന് അവരെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഗോത്ര വർഗക്കാർക്ക് അവരുടേതായ നിയമങ്ങൾ ഉണ്ട്. ഏത് സർക്കാരായാലും അതനുസരിച്ചേ പറ്റു

കഷ്ടം, നിലനില്പ്പിനു വേണ്ടി സ്വന്തം മണ്ണിനേയും  അതിലെ സകലജീവികളേയും സംരക്ഷിക്കുന്നതിനു വേണ്ടി നാവ് പോലും ഉയർത്താൻ കഴിയാതെ ഭരണാധികാരികളാൽ അടിച്ചമർത്തപ്പെടുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചാണ് ഈ പരാമർശം.

 

‘നാക്കു പെന്റാനക്കു ടാക്കാ’ എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. സിനിമയിൽ മസായികളെ എങ്ങെനെ ചിത്രീകരിച്ചിരിക്കുന്നു എന്നെനിക്കറിയില്ല. ആ സിനിമാ ചിത്രീകരണത്തെ കുറിച്ചുള്ള വിവരണത്തിൽ നിറo പിടിപ്പിച്ചു ഇത്രെയും വികലമാക്കാമെങ്കിൽ, അവിടുത്തെ മനുഷ്യരെ എങ്ങനെ ആയിരിക്കും ചിത്രീകരിച്ചതെന്നോര്‍ത്ത് എനിക്ക് ഭയം തോന്നുന്നു.

പാശ്ചാത്യ മാധ്യമങ്ങൾ ഛര്‍ദിക്കുന്നത്‌ എടുത്തു കഴിക്കുന്നതായി തീർന്നിരിക്കുന്നു ആഫ്രിക്കയെ കുറിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ത്യക്കാരനെഴുതുമ്പോൾ ജാതി വ്യവസ്ഥ ഉള്ളിൽ കിടക്കുന്നത് പുളിച്ചു തികട്ടി വന്നു ഛര്‍ദ്ദിച്ചു വെയ്ക്കുന്നതും കാണാം. ലോകത്തിന്റെ ഏതു ഭാഗത്തും വെര്ച്വലായിഎത്താൻ കഴിയുന്ന ഈ കാലത്ത് ഇത്തരം വികലമായ വിവരണങ്ങൾ ആവർത്തിക്കുന്ന മാധ്യമ സംസ്കാരം എതിർക്കപ്പെടണം. ഇല്ലാതാക്കപ്പെടണം.

” ഭയം” മനുഷ്യ ചരിത്രത്തിൽ ഏറ്റവും വിജയകരമായി ഉപയോഗിച്ചിട്ടുള്ള ആയുധമാണ്. മതങ്ങൾ നിലനില്ക്കുന്നത് ഭയത്തിന്റെ മുകളിലാണ്.ഒരു ഭൂഖണ്ഡത്തെ അടിച്ചമർത്താൻ സാമ്രാജ്യത്വ ശക്തികൾ ഉപയോഗിച്ചതും ഭയത്തെയാണ്. കറുപ്പിനെ ഭയത്തോട് വിളക്കി ചേർത്തുഎന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ വിജയം. പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമായ ഒരു ഭൂപ്രദേശത്തെ ചൂഷണത്തിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ടു കൊണ്ട് മാരക രോഗങ്ങളുടെയും ക്രൂരതകളുടെയും കഥകൾ നെയ്തുണ്ടാക്കി മാനവരാശിയുടെ മുൻപിൽ ഒരു നാടിനെ ഒറ്റുകൊടുത്തവർ ഇന്നും വിജയകരമായി “ഭയത്തെ” മുന്നോട്ട്‌ കൊണ്ട് പോകുന്നു.

നവമാധ്യമങ്ങളുടെ പുതിയ ലോകത്തെങ്കിലും ചരിത്രം ആവർത്തിക്കപ്പെടരുത്. തെറ്റുകൾ ആവർത്തിക്കപ്പെടരുത്. സാമ്രാജ്യത്വത്തിന്റെ  വിഴുപ്പു വായനക്കാരന്റെ മുകളിൽ വിരിച്ചിടരുത്.

കെ.ഇ.സി ഇന്ത്യ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെയും ഭൂമാഫിയയുടെയും കുടിയിറക്ക് ഭീഷണിക്കെതിരെ പ്രതികരിക്കുന്നവർ  ക്രൂരമായി ഇല്ലായ്മ ചെയ്യപ്പെടുമ്പോൾ അതി ഭാവുകത്വത്തിന്‍റെ ലോകത്ത് നിന്ന് കാഴ്ചകളെ മറയ്ക്കുന്ന ഇത്തരം എഴുത്തുകൾ പൂർണമായി ഇല്ലാതാകണം.

ദയവ് ചെയ്ത് ഇനിയെങ്കിലും ഒരു നാടിനോടും അവിടുത്തെ മനുഷ്യരോടും നീതി പുലർത്തണം.

(ചിത്രങ്ങൾക്ക് കടപ്പാട്- ഫിലിപ് ബ്രിഗ്സ്, വിൽകിൻസണ്‍ പുളിത്തറ, ജോർജ് എവിൻ ജോർജ്)

(അഴിമുഖത്തില്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പുതിയ വായനക്കാര്‍ക്ക് വേണ്ടി പുനഃപ്രസിദ്ധീകരിക്കുകയാണ് ‘അഴിമുഖം ക്ലാസ്സിക്കി’ല്‍)

 

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍