കയ്യില്‍ ഇന്ത്യയുടെ ഭരണഘടന ഇല്ലാതെ, കയ്യില്‍ മൈക്കുമായി കിഴക്ക് ദിശയിലെ അദൃശ്യമായ ജനക്കൂട്ടത്തോട് സംസാരിക്കുന്ന ബാബ സാഹിബ് അംബേദ്കര്‍. പടിഞ്ഞാറ് ദിശയിലേക്ക് കൈ ചൂണ്ടി നില്‍ക്കുന്ന കറുത്ത കോട്ടിട്ട ബാബ സാഹിബ്… തെക്കും വടക്കും ഒഴിഞ്ഞു കിടക്കുന്ന അടിത്തറയുടെ ചതുരം, അവിടെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ, ലോകമെമ്പാടുമുള്ള തദ്ദേശീയ ജനതയുടെ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ, സ്ത്രീകളുടെ, കുട്ടികളുടെ, വിവേചനം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെയും നിശബ്ദമായ പ്രതിരോധങ്ങളുടെ ഇടമായി ഭാവിയിലേക്ക് നോക്കി സംസാരിക്കുന്ന അദൃശ്യനായ ഡോക്ടര്‍. ബി ആര്‍. അബേദ്കറിനെ കാണാം.
ഈ കാഴ്ച ലോക പ്രശസ്ത കലാകാരനായ റിയാസ് കോമു, ദക്ഷിണാഫ്രിക്കയില്‍, ജൊഹാനസ്ബര്‍ഗിന് പുറത്തുള്ള മനുഷ്യവംശത്തിന്റെ തൊട്ടില്‍ എന്നര്‍ത്ഥം വരുന്ന ശില്പങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ദി ഫോര്‍ത്ത് വേള്‍ഡ് എന്ന ഇന്‍സ്റ്റലേഷന്‍ ആണ്.
ആഫ്രിക്ക- ഇന്ത്യ ബന്ധത്തിലെ ഏറ്റവും കാലിക പ്രസക്തവും രാഷ്ട്രീയ ബോധ്യവുമുള്ള ആര്‍ട്ട് ഇന്‍സ്റ്റലേഷനാണ് ദക്ഷിണാഫ്രിക്കയിലെ അംബേദ്കര്‍. ബാബ സാഹിബിന്റെ ഈ 134 ആം പിറന്നാളില്‍ ആഫ്രിക്കയുടെ നേതൃത്വത്തിന്റെ മുന്‍ നിരയിലേക്ക് അംബേദ്ക്കര്‍ എത്തിയത് എന്ന് നമ്മളോട് പറയുന്നുണ്ട് റിയാസ് കോമുവിന്റെ ഈ ഇന്‍സ്റ്റലേഷന്‍. ഏത് ”ആഫ്രിക്ക ”എന്ന ചോദ്യവും നമ്മളോട് ചോദിക്കുന്നുണ്ട്. അന്‍പത്തി അഞ്ച് രാജ്യങ്ങളിലും അംബേദ്കറിനെ സ്വീകരിക്കുന്നുണ്ടോ എന്നതിന്റെ ഉത്തരം ഘാനയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കേള്‍ക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചകള്‍ നമ്മളോട് പറയുന്നുണ്ട് . ജീവിച്ചിരിക്കുമ്പോള്‍ ആഫ്രിക്കയില്‍ പോകാന്‍ കഴിയാതിരുന്ന ബാബ സാഹിബ് എങ്ങനെയാണ് ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തിന്റെ ഭാഗമാകുന്നത് എന്നും ഈ പിറന്നാള്‍ ഓര്‍മിപ്പിക്കുന്നു .
ഘാനയിലെ പ്രൊഫസറായ ഡോ. കംബോണിന്റെ അഭിപ്രായത്തില്‍ ആഫ്രിക്ക ആവശ്യപ്പെടുന്നത് അംബേദ്ക്കറിനെയാണ്. ഗാന്ധിജിയും, മാര്‍ട്ടിന്‍ ലൂഥറും, മാല്‍കം എക്‌സും എല്ലാം കൊളോണിയല്‍ ബോധ്യങ്ങള്‍ ആഫ്രിക്കയുടെ മേല്‍ അടിച്ചേല്‍പ്പിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖമാണ്. മര്‍ക്കസ് ഗ്രേവിയും പാന്‍ ആഫ്രിക്കന്‍ നേതാക്കളെയും അദൃശ്യരാക്കന്‍ ഈ നേതൃവലയത്തിന് കഴിഞ്ഞു എന്ന് അന്തരിച്ച പ്രശസ്ത ചരിത്രകാരന്‍ റുനോക്കോ റഷിദിയും അഭിപ്രായപ്പെടുന്നു.
പൊതുധാരയ്ക്ക് പരിചയമുള്ള രാഷ്ട്രീയ ബോധ്യങ്ങള്‍ അല്ല ആഫ്രിക്ക എന്ന ഭൂഖണ്ഡത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്/ കേട്ടിരുന്നതും. പൊതു സമൂഹത്തിന് വാര്‍ത്തകള്‍ എത്തിച്ചിരുന്നത് യൂറോപ്പ് കേന്ദ്രീകൃതമായിരുന്ന മാധ്യമങ്ങള്‍ ആയത് കൊണ്ട് നമുക്ക് കേട്ട് പഴക്കം അത്തരം നരേറ്റിവുകള്‍ ആണ്. യൂറോപ്പും അമേരിക്കയും കേന്ദ്രീകൃതമായ ചരിത്ര നരേറ്റിവുകളാണ് സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തിന് മുന്‍പ് ജനങ്ങളില്‍ എത്തി ചേര്‍ന്നിരുന്നത്. നെല്‍സണ്‍ മണ്ടേലയ്ക്ക് വേണ്ടി തെരുവിലിറങ്ങിയ കേരളത്തിന് സ്റ്റീവ് ബിക്കോയെ പരിചയമില്ലാതെ പോകുന്നത് അത് കൊണ്ടാണ്.
സമൂഹ മാധ്യമങ്ങളുടെ വരവോടു കൂടി അദൃശ്യവല്‍ക്കരിക്കപ്പെട്ടിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക്, രാഷ്ട്രീയ ധാരകള്‍ക്ക് ദൃശ്യത ലഭിച്ചു. സ്വന്തം ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്‌റേറ്റിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ സമ്മതം വേണ്ടാതെ വന്നു. എഴുത്തുകള്‍, ഇടപെടലുകള്‍, സംവാദങ്ങള്‍ എന്നിവ പുതിയ പ്രതിരോധങ്ങള്‍ക്ക്, പുതിയ ആഖ്യാനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആഫ്രിക്കയിലെ രാജ്യങ്ങളുടെ സ്വരം ഇന്ത്യയില്‍, കേരളത്തില്‍ എത്തുവാന്‍ മാധ്യമങ്ങളുടെ ആവശ്യം ഇല്ലാതെ വന്നു. അങ്ങനെയാണ് നമ്മള്‍ പ്രൊഫസര്‍ കംബോണിനെ കേള്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ലോകത്തോട് നിരന്തരം സംവദിക്കുന്ന ബാബ സാഹിബ് അംബേദ്കര്‍ ഉണ്ടെന്നു മനസിലാക്കുന്നത്. ആഫ്രിക്കയിലെ പുതിയ ചിന്താധാരകള്‍ അംബേദ്കറിനെ എത്ര മാത്രം ഉള്‍ക്കൊള്ളുന്നുവെന്നും ഭൗതികമായ അസാന്നിധ്യം പോലും നൂറ്റാണ്ടു മറി കടന്ന് രാഷ്ട്രീയമായും ബൗദ്ധികമായും വളര്‍ച്ചയുടെ പ്രേരക ശക്തിയായി മാറുന്നുവെന്നും തിരിച്ചറിയപ്പെടുന്നത്.
അധികാരത്തിന്റെ പിരമിഡ് ഘടനയില്‍ ഏറ്റവും താഴത്തെ തട്ടില്‍ ആക്കപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒറ്റയ്ക്ക് ഉയരങ്ങള്‍ താണ്ടി, വിവേചനം അനീതിയാണെന്ന് വിളിച്ച് പറഞ്ഞ ഭീമ റാവു അംബേദ്കറിന്റെ ദിശാബോധവും നേതൃത്വവും വ്യക്തിത്വവും രാഷ്ട്രീയ ബോധ്യങ്ങളുമാണ് അംബേദ്കറിനെ സ്‌നേഹിക്കുന്ന ആഫ്രിക്ക സ്വംശീകരിക്കുന്നത്. ഇത് പുതിയ ചിന്താ ധാരയോ, കൊടുക്കല്‍ വാങ്ങാലോ, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്, ലോകത്ത് എന്നും ഒരേ മുഖമായിരുന്നു. നീതി നിഷേധത്തിന്റെ, അനീതിക്ക് ഇരയാക്കപ്പെട്ടവരുടെ മുഖം. അവരെ കൈ പിടിച്ചുയര്‍ത്താന്‍ ചങ്ങലയുടെ മറ്റേ അറ്റത്തുള്ള സ്വന്തത്ര്യത്തിന്റെ ഉപ്പ് കാറ്റെങ്കിലും അടിമ കപ്പലുകളില്‍ നില്‍ക്കുവാന്‍ സാധിച്ചിരുന്നവര്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ. അവിടെയാണ് അംബേദ്കറും മര്‍ക്കസ് ഗര്‍വിയും കൈകോര്‍ക്കുന്നത്.
സാമൂഹ്യ ശാസ്ത്രപരമായി ജാതി വിവേചനത്തിന്റെയും വര്‍ണ വിവേചനത്തിന്റെയും നിര്‍വചനം രണ്ടാണെങ്കിലും മനുഷ്യത്വ ഹീനമായ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്ന ”മനുഷ്യര്‍” എന്ന യാഥാര്‍ത്ഥ്യം ഒന്നാണ്. ദളിതരും കറുത്ത വര്‍ഗക്കാരും ആഫ്രിക്കയിലെ മനുഷ്യരും 2025 ഏപ്രില്‍ 14 നും അനുഭവിക്കുന്ന അനീതിക്ക് ഒരേ തീവ്രതയാണ്. ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന കടലുകളുടെ ആഴം പോലെ മനുഷ്യരെ അടുപ്പിച്ച് നിര്‍ത്തുന്നത് അംബേദ്കറിനെ പോലെ ആപാദചൂടം നേതാവായ മനുഷ്യന്റെ ദീര്‍ഘ വീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമാണ്. Baba Sahib and Africa; DR. BR Ambedkar 134th jayanti
ക്രെഡിറ്റ് : ഫോര്‍വേഡ് പ്രസ്
Content Summary; Baba Sahib and Africa; DR. BR Ambedkar 134th jayanti
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.