ബാലചന്ദ്ര മേനോന്‍ സിനിമാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കി. സംഭവ ബഹുലമാണ് അത്. മോനോന്‍ കാണാത്ത കാഴ്ചകളില്ല, കേള്‍ക്കാത്ത ശബ്ദങ്ങളില്ല. അതാണ് ബാലചന്ദ്രമേനോന്‍ എന്ന ബഹുമുഖ പ്രതിഭ. മേനോനെ ഇഷ്‌പ്പെടാം, ഇഷ്ടപ്പെടാതിരിക്കാം, പുകഴ്ത്താം, അല്ലെങ്കില്‍ പരിഹസിക്കാം. പക്ഷേ അവഗണിക്കാനാവില്ല. അരനൂറ്റാണ്ട് ഓടിയ ആ ഓള്‍ റൗണ്ട് സിനിമാ ജീവിതത്തിലൂടെ.
ഒരു ജനപ്രിയ ചാനലിലിലെ സംഗീത പരിപാടിയില്‍ ഇരിക്കുകയാണ് ബാലചന്ദ്രമേനോന്‍. പരിപാടിയിലെ ചോദ്യക്കാരന്‍ ഗായകന്‍ ആദ്യം തന്നെ ചോദിച്ചത് ഒരു കുരുത്തം കെട്ട ചോദ്യം; ”ചേട്ടന്‍ അഭിനയിക്കുന്നു. തിരക്കഥയെഴുതുന്നു. വേണ്ടി വന്നാല്‍ സിനിമാ പോസ്റ്റര്‍ വരെ ഒട്ടിക്കും ശരിയല്ലേ?
മേനോന്റെ ഉത്തരം: ‘ശരിയാണ്. പിന്നെ, ജീവിക്കണ്ടേ? എന്തിനാ മിസ്റ്റര്‍ നിങ്ങള്‍ ഇതെല്ലാം കൂടെ ചെയ്യുന്നത് എന്ന് ചോദിക്കുന്ന ഒരു പാട് പേരുണ്ടെന്ന് എനിക്കറിയാം. പക്ഷെ, ഞാന്‍ പറയാം, എനിക്ക് നടക്കാനാണ് താല്‍പ്പര്യം, നിവര്‍ത്തിയില്ലാത്തതു കൊണ്ടാണ് ഓടുന്നത്. പക്ഷേ, ജീവിതത്തില്‍ ഓടിയേ പറ്റൂ.’
അതാണ് ബാലചന്ദ്രമേനോന്‍. എന്തിനും കൃത്യം ഉത്തരം റെഡി.
മേനോന്റെ ചിത്രങ്ങള്‍ തിയേറ്ററുകള്‍ നിറഞ്ഞ് ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് അതേ മേനോന്റെ സിനിമകള്‍ തന്നെ നിലം തൊടാതെ ഓടിയ കാലവും ഉണ്ട്.
ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ കടന്നുപോയി, വിജയം നിശ്ചയിക്കുന്ന ഒരു ചീട്ടുകളിയോട് മലയാള സിനിമയെ ഉപമിച്ചാല്‍ മേനോന്‍ ഒരു ചങ്കുറപ്പുള്ള ചീട്ടുകളിക്കാരനാണ്. ചീട്ടുകളിയില്‍ ‘തനിപ്പിടി’ മാത്രം കളിക്കുന്ന ഒരു കളിക്കാരന്‍. ടിവി ചാനലിലെ അഭിമുഖക്കാരനോട് സിദ്ധാന്തങ്ങളൊന്നും ഇല്ലാതെ ലളിതമായി മേനോന്‍ അതാണ് പറഞ്ഞത്; ‘ജീവിക്കണ്ടെ? വേണ്ടി വന്നാല്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല. കൗണ്ടറിലിരുന്ന് ടിക്കറ്റ് കൊടുക്കുകയും ചെയ്യും! എല്ലാം ഒറ്റയ്ക്ക് നടത്തും!
അതാണ് ബാലചന്ദ്ര മേനോന്‍.’
എന്നും സിനിമയില്‍ തനിപ്പിടി മാത്രം കളിച്ച് ചീട്ട് ഇറക്കി കളി ജയിച്ച ഒരാള്‍. നീണ്ട 50 കൊല്ലം, സംവിധാനം ചെയ്തത് 36 ചിത്രങ്ങള്‍, അമ്മയാണേ സത്യം! ഏറെ ജയവും പരാജയവും അതിലുണ്ട്. ബാലചന്ദ്ര മേനോന്‍ മലയാള സിനിമാ രംഗത്ത് ഇപ്പോഴും മുന്നേറുന്നു. ഏറ്റവും പുതിയ വേഷം – ‘ഉമ്മന്‍ ചാണ്ടി’ യായി ഒരു പുതിയ ചിത്രത്തില്‍, ഈ 2025 ലും അഭിനയിക്കുകയാണ് മേനോന്‍.
ഇപ്പോഴും മേനോന്‍ സജീവമാണ്. തന്റെ സിനിമക്ക് ദേശീയ പുരസ്‌കാരം കിട്ടുന്നത് അട്ടിമറിച്ചത് ഒരു മലയാളി ജൂറിയംഗമാണെന്ന്, രണ്ടാഴ്ച മുന്‍പാണ് തന്റെ ശൈലിയില്‍ ബാലചന്ദ്രമേനോന്‍ ഒരു വെടി പൊട്ടിച്ചത്. പക്ഷേ എന്തുകൊണ്ടോ ആ പ്രശ്‌നം ഗുരുതരമായില്ല.
മേനോന്‍ പഠിച്ചത് ജിയോളജിയും, പിന്നെ പത്രപ്രവര്‍ത്തനവുമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന വേളയില്‍ ഒരു സിനിമാ സംവിധായകനാക്കാന്‍ ആഗ്രഹിച്ച മേനോനോട് അവിടത്തെ
ഒരു മരച്ചുവട്ടില്‍ വെച്ച് കവിയും മേനോന്റെ ഗുരുനാഥനുമായ ഒ.എന്‍. വി കുറുപ്പ് പറഞ്ഞു.’ നിങ്ങളുടെ കഴിവും ശരീരഭാഷയും സംസാര രീതിയും ഒരു അസിസ്റ്റന്റിന് ചേര്‍ന്നതല്ല. നിങ്ങളുടെ ബോസ് നിങ്ങള്‍ തന്നെ ആകുന്നതാണ് നല്ലത്. അതിനുള്ള വഴി തന്റെടമുള്ള ഒരു പത്രപവര്‍ത്തകനാവുക’.
അതോടെ ആ മരച്ചുവട്ടില്‍ വെച്ച് ഒ.എന്‍. വി കുറിപ്പിനാല്‍ ജ്ഞാനസ്‌നാനപ്പെട്ട മേനോന്‍ അതോടെ പത്രപ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് നടത്തുന്ന ഇന്‍സ്റ്റിട്യൂട്ടിലെ ജേര്‍ണലിസം കോഴ്‌സില്‍ റിപ്പോട്ടിംഗിന് സ്വര്‍ണ്ണമെഡല്‍ നേടിയാണ് റാങ്കോടെ മേനോന്‍ പത്രപ്രവര്‍ത്തനം പാസ്സായത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ മേനോന്‍ തന്റെ നമ്പറുകള്‍ പുറത്തെടുക്കാന്‍ ആരംഭിച്ചിരുന്നു. ‘ഒറ്റക്ക് ആരും ഒന്ന് നേടിയിട്ടില്ല ‘ എന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരമ്പരാഗത സിദ്ധാന്തം ഇലക്ഷനില്‍ യൂണിയന്‍ ചെയര്‍മാനായി ഒറ്റക്ക് നിന്ന് മത്സരിച്ച് ചരിത്ര വിജയം നേടി.
”മേനോനെ വിജയിക്കാന്‍ സഹായിച്ച ഘടകം തന്റെ പ്രശസ്തമായ അനുകരണ കലാരൂപമായ മിമിക്രിയായിരുന്നു.
ആദ്യമായി മിമിക്രിയില്‍ രാഷ്ട്രീയ നേതാക്കളെ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ബാലചന്ദ്ര മേനോനാണ്. ഇത് പുതുമയുള്ളതായതിനാല്‍ എല്ലാവരും ഇഷ്ടപ്പെട്ടു. മേനോനെ അംഗീകരിച്ചു.
മേനോന്‍ അന്ന് വരെ ആരും ചെയ്യാത്ത ഒരു നമ്പര്‍ അവതരിപ്പിച്ച് വേദികളെ ഇളക്കി മറച്ചു. രാഷ്ട്രീയ നേതാക്കളെ മിമിക്രിയിലൂടെ അവതരിപ്പിക്കുക, ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങള്‍ ഇല്ലെങ്കിലും അച്യുതമേനോന്‍, കെ. കരുണാകരന്‍, കെ.എം.മാണി എന്നിവരുടെ പ്രസംഗങ്ങളെല്ലാം ആ തലമുറയ്ക്ക് കേട്ട് പരിചിതമായിരുന്നു. രാഷ്ട്രീയ ബോധമുള്ള ഒരു തലമുറയായതിനാല്‍, ഈ ഐറ്റം ഏറെ കയ്യടി നേടി. എന്നാല്‍ മേനോന്റെ ഏറ്റവും മികച്ച നമ്പര്‍ താന്‍ ഒരിക്കലും വേദിയില്‍ അവതരിപ്പിക്കാത്ത ഒരു ഐറ്റമായിരുന്നു. പരിപാടിക്കിടയില്‍ മേനോന്‍ പറയും ‘നിങ്ങള്‍ എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ ഒരാളുടെ ശബ്ദം മാത്രം അനുകരിക്കില്ല. അത് ഞാന്‍ അച്ഛനു തുല്യം സ്‌നേഹിക്കുന്ന ഇ.എം.എസിന്റെ ശബ്ദമാണ്’ അതോടെ വിദ്യാര്‍ത്ഥികളുടെ
വന്‍ കരഘോഷം ഉയരും.
ഇ. എം. എസിനെ അനുകരിക്കുന്നത് ഒഴിവാക്കാം. ഇടതു പക്ഷക്കാരെ സന്തോഷിപ്പിച്ച് പിന്‍തുണ നേടാം. ഇ. എം. എസിനെ അവതരിപ്പിച്ചാല്‍ നല്ല തല്ല് കിട്ടുമെന്ന് ബുദ്ധിമാനായ ബാലചന്ദ്ര മേനോനറിയാം. അതിനാലാണ് ഈ ട്രിക്ക്. ഒരു വെടിക്ക് രണ്ട് പക്ഷി!
കുങ്കുമം പ്രസിദ്ധീകരണഗ്രൂപ്പില്‍ നിന്ന് 1972 ല്‍ നംവബറില്‍ ‘നാന’ സിനിമാ വാരിക കൊല്ലത്ത് നിന്ന് ആരംഭിച്ചിരുന്നു. മലയാള സിനിമയുടെ ഈറ്റില്ലം അന്ന് മദ്രാസായിരുന്നു. കോടമ്പാക്കമായിരുന്നു നടീനടന്മാരുടെയും ചലചിത്രപ്രവര്‍ത്തകരുടേയും ആസ്ഥാനം.
അക്കാലത്തെ മദ്രാസിലെ സിനിമാ പത്രപ്രവര്‍ത്തനം എന്നാല്‍ ഏതാണ്ട് മംഗള പത്രമെഴുതുന്ന രീതിയായിരുന്നു. താരങ്ങളെ പുകഴ്ത്തി വലുതാക്കി എഴുതലായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ കാര്യമായ പരിഗണനകളൊന്നും ഈ ഫിലിം ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ നാന വ്യത്യസ്തമായ പ്രസിദ്ധീകരണമായിരുന്നു. അതിന്റെ ഉടമയും കുങ്കുമം ഗ്രൂപ്പിന്റെ അധിപനായ കൃഷ്ണസ്വാമി റെഡ്യാര്‍ സാഹിത്യ തല്‍പരനും കലാകാരന്മാരേയും എഴുത്തുകാരെയും മാനിക്കുന്ന ഒരു പത്രമുതലാളിയുമായിരുന്നു. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കെ.എസ്. ചന്ദ്രന്‍, കെ.വി.എസ് ഇളയത് ആനന്ദക്കുറുപ്പ്, എസ്. രാമകൃഷ്ണന്‍, തുടങ്ങിയ അക്കാലത്തെ പ്രശസ്തരായ എഴുത്തുകാര്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തിരുന്നു.
ബാലചന്ദ്രമേനോന്‍ കൊല്ലത്ത് ചെന്ന് കൃഷ്ണസ്വാമി റെഡ്യാരെ കണ്ടു. റെഡ്യാര്‍ മേനോനെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു, ‘250 രൂപ ശമ്പളം. രണ്ട് മാസം ഞാന്‍ നോക്കും എന്നിട്ട് തീരുമാനിക്കും, മദ്രാസില്‍ നിയമനം.’ അങ്ങനെ ബാലചന്ദ്രമേനോന്‍ നാനയുടെ ലേഖകനായി സിനിമാ സ്വപ്നങ്ങളുമായി മദ്രാസിലേക്ക് ട്രെയിന്‍ കയറി.
തെന്നിന്ത്യന്‍ സിനിമാ പഥത്തിലെ താരങ്ങള്‍ മിന്നി മിന്നി കടന്നുപോയ വഴിയാണത്. ഏതൊരു സിനിമയെക്കാളും സിനിമാതാരത്തെക്കാളും വലിയ താരമായിരുന്നു അന്ന് കോടമ്പാക്കം. സത്യനും പ്രേംനസീറും ജയനും മധുവും ഷീലയും ശ്രീവിദ്യയും യേശുദാസും ജയചന്ദ്രനും, എസ്. ജാനകിയും, പി .സുശീലയും, വയലാറും, പി. ഭാസ്‌കരനും, ശ്രീകുമാരന്‍ തമ്പിയും, ദേവരാജന്‍ മാസ്റ്ററും, ദക്ഷിണാമൂര്‍ത്തി സ്വാമിയും, എം.കെ. അര്‍ജ്ജനുനും, കെ. എസ്. സേതുമാധവനും, എ. വിന്‍സെന്റും, തോപ്പില്‍ ഭാസിയും, ശശികുമാറും മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച കോടമ്പാക്കം. ആ സ്വപ്ന ഭൂമിയില്‍ എത്തുന്ന ഏതൊരാളുടെയും ആഗ്രഹമാണ് ഒരു അറിയപ്പെടുന്ന സിനിമാക്കാരനാവുക.
മേനോന് മുന്‍പ് മദ്രാസില്‍ നാനയുടെ ലേഖകനായിരുന്ന വ്യക്തി മലയാള സിനിമാ രംഗത്തെ പ്രമുഖരെയെല്ലാം തന്റെ പ്രവൃത്തി ദൂഷ്യം കൊണ്ട് നാനയുടെ കടുത്ത ശത്രുക്കളാക്കി മാറ്റിയിരുന്നു. അതിന്റെ ദുരിതം മുഴുവന്‍ മേനോന് മൊത്തമായി മലയാള സിനിമാ സെറ്റുകളില്‍ നിന്ന് അനുഭവിക്കാന്‍ കിട്ടി.
മനസില്‍ സിനിമ ഉറപ്പിച്ചതിനാല്‍ സിനിമയുടെ സാങ്കേതികവിദ്യ പഠിക്കണം. സാമ്പത്തികം അനുവദിക്കാത്തതിനാല്‍ പൂനൈ ഫിലിം ഇന്‍സ്റ്റിട്യൂട്ട് അസാധ്യം. പിന്നെയുള്ളത് പാവങ്ങളുടെ സിനിമാ പഠനശാല അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. അവിടെ സംവിധാനം പഠിക്കാന്‍ മേനോന്‍ പ്രവേശന ഇന്റര്‍വ്യൂന് പോയി. പ്രതീക്ഷയോടെ അഭിമുഖത്തിന് ഹാജരായി. തെക്കെ ഇന്ത്യയിലെ മികച്ച – ഛായാഗ്രഹകന്‍ – സംവിധായകന്‍ പ്രഗല്‍ഭനായ എ.വിന്‍സെന്റ് മാസ്റ്ററാണ് ഇന്റര്‍വ്യൂ ബോര്‍ഡ് പ്രമുഖന്‍.
”മലയാള സിനിമയുടെ നിലവാരത്തെ കുറിച്ച് എന്താണ് അഭിപ്രായം?” വിന്‍സെന്റ് മാസ്റ്റര്‍ ചോദിച്ചു.
‘തൊണ്ണൂറു ശതമാനം ചവറാണ് ‘ മേനോന്‍ തുറന്നടിച്ചു. ഇത് കേട്ടപ്പോള്‍, ഭാര്‍ഗവി നിലയവും മുറപ്പെണ്ണുമൊക്കെ സംവിധാനം ചെയ്ത് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച വിന്‍സന്റ് മാസ്റ്റര്‍ക്ക് കലി കേറി.
ഈ പീക്കിരിചെക്കന്‍ അന്യഭാഷക്കാരായ മറ്റ് മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ മലയാള സിനിമയെ അടച്ചാക്ഷേപിക്കുകയോ? പിന്നെ നടന്നത് അഭിമുഖമല്ല ‘അടിമുഖം’ആയിരുന്നു. ഉത്തരം പറയാന്‍ പറ്റാത്ത ചോദ്യങ്ങള്‍ ചോദിച്ച് മേനോനെ വിന്‍സന്റ് മാസ്റ്റര്‍ വശം കെടുത്തി.
തന്റെ ഉറച്ച അഭിപ്രായം പറഞ്ഞത് തിരിച്ചടിച്ചു. മേനോന്‍ ഔട്ട്!
പത്രപ്രവര്‍ത്തനവും പ്രായോഗികതയും കോടംമ്പാക്കത്ത് രണ്ടും രണ്ടാണെന്ന് പെട്ടെന്ന് തന്നെ മേനോന്‍ തിരിച്ചറിഞ്ഞു.
”പത്രപ്രവര്‍ത്തനത്തെ പ്രായോഗികമായി കാണുവാന്‍ തുടങ്ങിയതോടെ ഒന്നെനിക്ക് ബോദ്ധ്യമായി. പഠിച്ചതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാരംഗത്ത് പരിചയപ്പെട്ടവരില്‍ ചിലര്‍ കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന നിലയില്‍ ഒരു വാചകം മലയാളത്തില്‍ ഉരുവിടാന്‍പോലും ശേഷിയില്ലാത്തവരായിരുന്നു.” ബാലചന്ദ്ര മേനോന്‍ തന്റെ അനുഭവക്കുറിപ്പില്‍ എഴുതി.
”വ്യക്തിപരമായി അന്ന് എന്നെ വിഷമിപ്പിച്ച പലരും പില്‍ക്കാലത്ത് എന്റെ സുഹൃത്തുക്കളായി. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കണക്കുതീര്‍ക്കാനായി ഞാന്‍ ഒരിക്കലും പത്രപ്രവര്‍ത്തനം ദുരുപയോഗപ്പെടുത്തിയില്ല. എനിക്കിഷ്ടമില്ലാത്തവരുടെ സിനിമ ഞാന്‍ കാണുകയും കണ്ട സിനിമയെ നിഷ്പക്ഷമായിത്തന്നെ വിലയിരുത്തുകയും ചെയ്തു.
നാനയുടെ ലേഖകന്‍ എന്ന നിലയില്‍ ഒരു ഷൂട്ടിംഗ് സെറ്റില്‍ ചെന്ന മേനോനെ നടന്‍ കെ.പി. ഉമ്മര്‍ ഒന്നിരുത്താന്‍ ശ്രമിച്ചു. നാന വാരികയോടുള്ള ഉമ്മറിന്റെ അമര്‍ഷമായിരുന്നു കാരണം.
കെ.പി. ഉമ്മര്‍ സെറ്റിലെത്തിയ നാന ലേഖകന്‍ ബാലചന്ദ്രമേനോനോട് ചോദിച്ചു. ‘മി മേനോന്‍ നിങ്ങള്‍ മറ്റാരുടെയും കാറില്‍ കയറുകയില്ലെന്നും ആരു തന്നാലും ചായ വാങ്ങി കുടിക്കുകയില്ലെന്നും കേട്ടല്ലോ. ശരിയാണോ?’ ”ഞാന്‍ വേണമെങ്കില്‍ മി. റെഡ്യാരോട് ശിപാര്‍ശ ചെയ്യാം, അല്ലെങ്കില്‍ ഞാന്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിച്ചുതരാം.’
നസീര്‍ ഒഴികെ അവിടെയുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിച്ചു. അവഹേളനം ബാലചന്ദ്രമേനോന്ന് ഒരിക്കലും സഹിക്കാവുന്ന ഒന്നല്ലായിരുന്നു.
എങ്കിലും പറയുന്നത് മലയാളത്തിലെ പ്രമുഖ നടനല്ലെ? താന്‍ ജോലി ചെയ്യാന്‍ വന്ന ഒരു ലേഖകനും.
അമര്‍ഷമുള്ളിലൊതുക്കി മേനോന്‍ ചോദിച്ചു. എനിക്കെന്താ സൈക്കിളിന്റെ ആവശ്യം?’
‘അല്ല. ഈ വെയിലത്തൊക്കെ നടന്ന് അലഞ്ഞ് വിയര്‍ക്കുന്നത് ഗതികേടല്ലേ?’ ഉമ്മര്‍ വിട്ടില്ല .
”അത് സാരമില്ല. ഞാനൊക്കെ എഴുതുന്നത് തലയ്ക്കകത്തുള്ള സാധനംകൊണ്ടാണ്. മുഖത്ത് ചുളിവ് വരാതെ മി. ഉമ്മര്‍ ശ്രദ്ധിക്കണം.
ഒരു ചുളിവുവീണാല്‍ കച്ചവടം തീര്‍ന്നു. എങ്ങനേം കഴിയാമെന്നാല്‍ തലയ്ക്കകത്ത് വല്ലതും ഉണ്ടോ എന്ന് ഇനീം ഉറപ്പുമില്ലല്ലോ.’ മേനോന്‍ തിരിച്ചടിച്ചു.
അപ്പോള്‍ അവിടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു.
ഉമ്മറിന് അരിശം മൂത്തു, ”തനിക്ക് തടി പോരല്ലോ.’
”എന്തിന്? എഴുതാനാ ഞാന്‍ വന്നിരിക്കുന്നത്. അതിന് ഇതു ധാരാളം മതി. തെങ്ങുകേറ്റം തല്ക്കാലം ഉദ്ദേശമില്ല.’ മേനോനും വിട്ട് കൊടുത്തില്ല.
ഒടുവില്‍ മേനോന്‍ ക്ഷുഭിതനായി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഇത്തരം തിക്താനുഭവങ്ങള്‍ മേനോനെ മാനസികമായി ശക്തനാക്കി.
അക്കാലത്താണ് വയലാര്‍ രാമവര്‍മ്മ അന്തരിക്കുന്നത്. വയലാര്‍ മരിച്ചപ്പോള്‍ നാനയുടെ പ്രത്യേക വയലാര്‍ പതിപ്പില്‍ നല്ലൊരു കുറിപ്പ് വയലാറിനെ കുറിച്ച് മേനോന്‍ എഴുതി.
‘ഞാനിതെഴുതുമ്പോള്‍ റേഡിയോവില്‍ നിന്ന് ഒരു ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു, സമയമാം രഥത്തില്‍ സ്വര്‍ഗ യാത്ര ചെയ്യുന്നു. മഹാനായ നടന്‍ സത്യന്‍ മാസ്റ്ററുടെ വിയോഗം നമ്മെ ഓര്‍മ്മിപ്പിച്ച ഗാനമാണത്. വീണ്ടും ഇതാ പ്രിയങ്കരനായ വയലാറിന്റെ വിടവാങ്ങലില്‍ ഞാന്‍ ദുഃഖത്തോടെ പിന്നേയും കേള്‍ക്കുന്നു.’ കുറിപ്പില്‍ മേനോന്‍ എഴുതി.
നാഗല്‍ എന്ന ജര്‍മ്മന്‍ മിഷനറി എഴുതിയ ഈ വിഖ്യാതമായ പ്രാര്‍ത്ഥനാഗാനം സത്യന്‍ അഭിനയിച്ച അരനാഴിക നേരം എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അരനാഴിക നേരം പുറത്ത് വന്ന് ആറുമാസത്തിന് ശേഷം സത്യന്‍ അന്തരിച്ചു.
നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ
മണി സ്വാമി സിനിമയെ കുറിച്ച് ഗഹനമായി അറിവുള്ള വ്യക്തിയും സിനിമയെ കുറിച്ചുള്ള മികച്ച പുസ്തകങ്ങള്‍ വാങ്ങി വായിച്ച് സൂക്ഷിക്കുന്ന വായനക്കാരനുമായിരുന്നു. മണി സ്വാമിയില്‍ ലഭിച്ച ‘ Five C’s of Cinematography എന്ന പുസ്തകം കടം വാങ്ങി മേനോന്‍ സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ പഠിച്ചു.
മേനോന്‍ പകല്‍ സമയങ്ങളില്‍ മദ്രാസിലെ സ്ററുഡിയോ പരിസരങ്ങളില്‍ കറങ്ങി തുടങ്ങി. അങ്ങനെ ഡബ്ബിങ് കണ്ടു. എഡിറ്റിങ് കണ്ടു, നടീനടന്മാരെ കണ്ടു, നിര്‍മ്മാതാക്കളെ കണ്ടു, സംവിധായകരെ കണ്ടു. അവരെല്ലാം മേനോന് സിനിമയുടെ അറിവ് പകര്‍ന്നു. സിനിമാനിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പ്രശ്നങ്ങളിലെ ക്രിയാത്മമകവും പ്രായോഗികമായ പരിഹാരങ്ങള്‍ അവര്‍ പറഞ്ഞു കൊടുത്തു.
1978 ല്‍ മേനോന്‍ തന്റെ ആദ്യചിത്രമായ ‘ഉത്രാട രാത്രി കൊല്ലത്ത് വെച്ച് ചിത്രീകരണം ആരംഭിച്ചു കൊണ്ട് ‘ തന്റെ സംവിധാനം ആരംഭിച്ചു.
‘മൂന്നു മണിക്കാണ് സ്വിച്ചോണ്‍. ഞാന്‍ എന്റെ ആദ്യ പടത്തിന്റെ ക്യാമറാമാനായ ഹേമചന്ദ്രന്റെ ചെവിയില്‍ പറഞ്ഞു:
‘ഇതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്.’
ഞാന്‍ ആദ്യമായി ക്യാമറയിലൂടെ നോക്കുന്നു. ഞാന്‍ നോക്കി. കാര്യം നിസ്സാരം! എന്റെ ഉത്കണ്ഠയൊക്കെ അസ്ഥാനത്താണ്. ഞാന്‍ ആകെ കണ്ടത് ഒരു ചതുരം എന്റെ മനസ്സിലെ വെപ്രാളം മുഴുവനും ഈ ചതുരത്തിനുള്ളില്‍ ഒതുക്കുകയേ വേണ്ടൂ.
സിനിമയുടെ വ്യാകരണമറിയാത്ത ഞാന്‍ ആ ചതുരത്തിനുള്ളില്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തു. സുബദ്ധങ്ങള്‍ പഠിച്ചു. എന്റെതായ ക്രാഫ്റ്റ് ഞാന്‍ സ്വയം കണ്ടെത്തി. ആരുടെയും സ്വാധീനം എന്റെ സിനിമയെ ശല്യപ്പെടുത്തിയില്ല’ ബാലചന്ദ്രമേനോന്‍ തന്റെ ആദ്യ സിനിമയെ പറ്റി എഴുതി.
പിന്നീട് മേനോന്റെ സിനിമകള്‍ ഒരു ചതുരത്തില്‍ ഒതുങ്ങാതെ ആകാശത്തോളം വളര്‍ന്നു എന്നത് ചരിത്രം.
സിനിമാ സംവിധാന സ്വപ്നങ്ങളുമായി മദ്രാസില്‍ നടക്കുമ്പോള്‍ പരിചയപ്പെട്ട അഭിനയ മോഹിയായ ഒരു ചെറുപ്പക്കാരന്‍ ശശിയായിരുന്നു ആദ്യ പടത്തിലെ നായകന്‍. സിനിമക്ക് പണം മുടക്കിയത് അയാളുടെ ഒരു ബന്ധുവും. സുകുമാരനും മധുവും, ശങ്കരാടിയും രവിമേനോനും അഭിനയിച്ച ഈ പടത്തിലെ നായിക ശോഭയായിരുന്നു. കൂടാതെ കവിയൂര്‍ പൊന്നമ്മ. മല്ലിക എന്നിവരും അഭിനയിച്ചു.
പുതിയ നായകന്‍, പുതിയ തിരക്കഥാകൃത്ത്, പുതിയ സംവിധായകന്‍, പുതിയ ക്യാമറാമാന്‍, എഡിറ്റര്‍ എന്നിങ്ങനെ എല്ലാവരും കന്നിക്കാരായി തീര്‍ത്ത ഉത്രാടരാത്രിയെന്ന ചിത്രം സാധാരണ പ്രേക്ഷകന്റെ താല്പര്യങ്ങള്‍ക്കൊത്ത് ഇണങ്ങിയില്ല എന്നതു സ്വാഭാവികം. ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. പക്ഷെ, മേനോന്റെ നല്ല ചിത്രങ്ങളിലൊന്ന് എന്ന് ഉത്രാട രാത്രിയെ ചിലര്‍ വിശേഷിപ്പിക്കുന്നു.
പടം റിലീസായപ്പോള്‍ കേരളമാകെ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ‘സംവിധാനം ബാലചന്ദ്രമേനോന്‍’ എന്ന നീണ്ട പേര് നെടുങ്കന്‍ അക്ഷരങ്ങളില്‍ പ്രതൃക്ഷപ്പെട്ടത് കണ്ട് മേനോന്‍ കോരിത്തരിച്ചു. ആലപ്പുഴ വീരയ്യ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം തന്നെ കാണാന്‍ തീരുമാനിച്ച ‘മേനോന്‍ തിയേറ്റില്‍ എത്തി മാനേജരുടെ മുറിയിലേക്ക് ചെന്നു. ആളാരെന്നു പറഞ്ഞപ്പോള്‍ തിയേറ്റര്‍ ജീവനക്കാരന്‍ ബഹുമാനിച്ച് സംവിധായകന് ഇരിക്കാന്‍ ഒരു കസേര നല്‍കി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും തന്റെതാണല്ലോ എന്ന ചിന്തയില്‍ സ്വല്‍പം ഗര്‍വ്വിലായിരുന്നു ഇരിപ്പ്.
മുറിയിലേക്കു വന്ന മാനേജറുടെ മുഖത്ത് മേനോന്‍ പ്രതീക്ഷിച്ച അത്ഭുതമോ പ്രതികരണമോ കണ്ടില്ല. സിനിമയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും സഹിച്ചത് ചരിത്രമൊക്കെ ചായ കുടിച്ചു തീര്‍ക്കുന്നതിനിടയില്‍ മേനോന്‍ അയാളോട് വിസ്തരിച്ചു.
അതു വരെ നിശബ്ദനായിരുന്ന തിയേറ്റര്‍ മാനേജര്‍ മേനോനോട് ചോദിച്ചു:
”ഇനി എങ്ങോട്ടാ പോകുന്നത്?’
‘നേരെ കൊല്ലത്തിന്.”
‘എപ്പോള്‍ പോകും?’.
‘ഉടനെ.’
‘ഈ ഷോ കൂടി കഴിഞ്ഞു പോയിരുന്നെങ്കില്‍ എനിക്കൊരു സഹായമായേനെ. പടത്തിന്റെ പെട്ടി കയ്യില്‍ തന്നങ്ങ് അയക്കാമായിരുന്നു കൊല്ലത്ത് ജനറല്‍ പിക്ചേഴ്സില്‍ എത്തിച്ചാല്‍ മതി ‘
‘എന്താ പടം ഓടുന്നില്ലേ?’ മേനോന്‍ ചങ്ക് പൊള്ളി ചോദിച്ചു.
പടം സംവിധാനം ചെയ്ത സംവിധായകനോട് ആ പടത്തിന്റെ ഫിലിം പെട്ടി ചുമക്കാന്‍ പറയുക. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായിരിക്കാം ഈ സംഭവം.
”മനുഷ്യനു മനസ്സിലാകണ്ടേ മിസ്റ്റര്‍. പത്തു ജനം ഇഷ്ടപ്പെടുന്ന പടമെടുത്തില്ലെങ്കില്‍ പിന്നെ ആര്‍ക്കെന്തു പ്രയോജനം?’
മാനേജരുടെ ആ വാക്കുകള്‍ ഇടിവെട്ടേറ്റെ പോലെ മേനോന്റെ മനസ്സിന് ആഘാതമേല്‍പ്പിച്ചെങ്കിലും അതൊരു തിരിച്ചറിവായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒ.എന്‍.വി കുറുപ്പിന്റെ വാക്കുകളാണ് മേനോന് ആദ്യം ജീവിതത്തില്‍ ഭൂതോദയമുണ്ടാക്കിയതെങ്കില്‍ അജ്ഞാതനായ ഈ ‘തിയറ്റര്‍ മാനേജറാണ് സിനിമാ രംഗത്തെ ആദ്യ വെളിപാട് മേനോന് നല്‍കിയത്. ആ നിമിഷം മേനോന്‍ ഇങ്ങനെ രേഖപ്പെടുത്തി.
‘കച്ചവട സിനിമയിലേക്കുള്ള വാതില്‍ അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചത് അന്നാണ്. ആ മാനേജറെ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കട്ടെ’.
എങ്കിലും ഒന്നുണ്ട്. ആരുടേയും കീഴില്‍ പരിശീലനം നേടാതെ ഒരു മലയാള ചലചിത്രം സംവിധാനം ചെയ്ത് പുറത്തിറക്കുക. 24 കാരനായ ബാലചന്ദ്രമേനോന്റെ കഴിവിനെ അംഗീകരിച്ചേ പറ്റൂ. കാര്യം നിസ്സാരമല്ല !
ഒന്നരക്കൊല്ലം അടുത്ത പടത്തിനായി അലഞ്ഞെങ്കിലും ഒന്നും ഒത്ത് വന്നില്ല. ഒടുവില്‍ പഴയ മുതലാളി രക്ഷക്കെത്തി. മേനോന്റെ ഒരു കഥ ഇഷ്ടപ്പെട്ട ‘രാധ എന്ന പെണ്‍കുട്ടി’ എന്ന കഥ കുങ്കുമം കൃഷ്ണസ്വാമി റെഡ്യാര്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടുന്ന രാധ എന്ന പെണ്‍കുട്ടിയുടെ ജീവതമാണ് സിനിമാകഥ. സുകുമാരനും രവി മേനോനും കൊട്ടാരക്കരയും ശങ്കരാടിയുമൊക്കെ അഭിനേതാക്കള്‍. നായികയായി ജലജ. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ അവസാന കാലത്താണ് ‘രാധ എന്ന പെണ്‍കുട്ടി’ പുറത്ത് വന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ പരിമിതികള്‍ കാരണം പടത്തെ ഇരുട്ട് നന്നായി ബാധിച്ചതായി മേനോന്‍ തന്നെ പറയുകയുണ്ടായി. എന്നാല്‍ സിനിമയിലെ ഇരുട്ടിനെ അംഗീകരിച്ച പ്രേക്ഷകര്‍ പടം സാമ്പത്തികമായി വിജയിപ്പിച്ചു. ആ വര്‍ഷത്തെ നല്ല കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് മേനോനെ തേടിയെത്തിതോടെ ബാലചന്ദ്ര മേനോന്‍ ശ്രദ്ധ നേടി.
മലയാളത്തിലെ പതിവ് പാട്ടെഴുത്തുകാരെ വിട്ട് ദേവദാസ് എന്ന ഒരു ഗാനരചയിതാവിന് മേനോന്‍ പാട്ടെഴുതാന്‍ അവസരം നല്‍കി. ദേവദാസ് എഴുതിയ നാല് ഗാനങ്ങളില്‍ ജയചന്ദ്രന്‍ പാടിയ ‘കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ്’ എന്ന ഗാനം സര്‍വ്വകാല ഹിറ്റായി. ശ്യാമായിരുന്നു സംഗീതസംവിധായകന്‍. രാധ എന്ന പെണ്‍കുട്ടിയെന്ന ചിത്രം ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ ആദ്യം മനസിലെത്തുക ‘പെണ്ണ് കോപിച്ചാല്‍ ഈറ്റപ്പുലി പോലെ. നാണിച്ചാല്‍ നാടന്‍ പിട പോലെ എന്ന ഈ ഹിറ്റ് ഗാനത്തിലെ വരികളാകും.
”ഈ ചിത്രത്തിന്റെ വിജയം ക്യാമറയാണ്. രാധയുടെ ജീവിതത്തിന്റ കാളിമ കാണിക്കാനായി പ്രയോഗിച്ച ഇരുട്ടിന്റെ പ്രസക്തി പ്രശംസനീയം” രാധ എന്ന പെണ്‍കുട്ടിയെ നിരൂപണം ചെയ്ത് വാരികയില്‍ ഒരു നിരൂപകന്‍ എഴുതി. അത് വായിച്ച ബാലചന്ദ്ര മേനോന്‍ പാട്ടിലെ ‘നാടന്‍ പിട പോലെ’ നാണിച്ചോ എന്നറിയില്ല.
തന്റെ ദീര്‍ഘകാല സിനിമാ ജീവിതത്തില്‍ 36 ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബാലചന്ദ്രമേനോന്റെ ഏറ്റവും വ്യത്യസ്തവും വിഷയത്തെ ഏറ്റവും ഗൗരവപൂര്‍വമായി സമീപിച്ച ചിത്രമാണ് ‘കലിക’. പക്ഷേ, ആ സിനിമ മേനോന് ജീവത്തിലെ ഏറ്റവും വലിയ തിക്താനുഭവമായി.
1977 ല്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മാന്ത്രിക നോവലാണ് കലിക. എഴുതിയത് സിംഗപ്പൂരിലെ അന്നത്തെ ഇന്ത്യന്‍ ഹൈകമ്മീഷണറായിരുന്ന ബി. മോഹനചന്ദ്രനും. യഥാര്‍ത്ഥ മന്ത്ര തന്ത്രങ്ങളൊക്കെ കഥയില്‍ വരുന്ന ആ നോവല്‍ കുങ്കുമം വാരികയില്‍ ഖണ്ഡശ വരുമ്പോള്‍ തന്നെ പ്രശസ്തി നേടി. വളരെ സങ്കീര്‍ണ്ണമായ ഒരു ഹൊറര്‍ മാന്ത്രിക കഥയായ കലിക ചലചിത്രമാക്കുക അതിലും സങ്കീര്‍ണമായിരുന്നു. എന്നിട്ടും മേനോന്‍ അത് എറ്റെടുത്തു.
ദുര്‍മന്ത്രവാദിനിയായ മധ്യവയസ്‌കയെങ്കിലും അതീവ സുന്ദരിയായ കലികയായി ഷീല. അന്നത്തെ ഡയലോഗ് വീരന്‍ സുകുമാരന്‍ ജോസഫ് എന്ന കഥാപാത്രമായി. വേണു നാഗവള്ളി, ശ്രീനാഥ്, ബാലന്‍ കെ നായര്‍, അടൂര്‍ ഭാസി, ശ്രീലത തുടങ്ങിയവര്‍ ആയിരുന്നു മറ്റു അഭിനേതാക്കള്‍.
ഒരു ഗ്രാമത്തിലെ അമ്മന്‍കാവ് എന്ന ചെറിയ ഒരു ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള യക്ഷി കഥകളും, എല്ലാം ചേര്‍ത്ത് ചിത്രം പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തുന്ന കഥയാണ് കലിക.
ചിത്രത്തിന്റെ സംവിധാനവും സംഗീതവും എഡിറ്റിംഗും മികച്ചു നിന്നു. ഒപ്പം സുകുമാരന്‍ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനവും. മറ്റൊരാളുടെ കഥ മേനോന്‍ തന്റെ സിനിമയില്‍ ആദ്യമായാണ് കൈകാര്യം ചെയതതെങ്കിലും മനോഹരമായ തിരക്കഥയായി. നോവലിന്റെ ഏകദേശരൂപം മാത്രമായിരുന്നു. സിനിമയെങ്കിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ചിത്രീകരണത്തിലും ബാലചന്ദ്രമേനോന്‍ അസാമാന്യ പക്വത കാണിച്ചത് നോവലിനോട് നീതി പുലര്‍ത്തി. തുടക്കത്തില്‍ ‘തിരക്ക് കാരണം നടനായ സുകുമാരന്റെ കാള്‍ ഷീറ്റ് കിട്ടാതെ വന്നപ്പോള്‍ ആ വേഷം ബാലചന്ദ്ര മേനോന്‍ ചെയ്യണമെന്ന് കൃഷ്ണസ്വാമി റെഡ്യാര്‍ നിര്‍ദ്ദേശിച്ചു.
നിങ്ങള്‍തന്നെ അത് അഭിനയിക്കണം. നിങ്ങള്‍ക്കിതു നന്നായി ചെയ്യാം. ‘you take it from me. One day you will be an actor.’ റെഡ്യാര്‍ പറഞ്ഞു.
പക്ഷേ, ജോസഫ് എന്ന കഥാപാത്രം സിനിമയുടെ പ്രധാന ഘടകമായിരുന്നു. അതിനാല്‍ മേനോന്‍ അതിന് തയ്യാറായില്ല. ഒടുവില്‍ സുകുമാരന്‍ തന്നെ ജോസഫാകാനെത്തി. ചിത്രീകരണം ആരംഭിച്ചപ്പോള്‍ അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ പൊന്തി വന്നു. പടം ഷൂട്ടിംഗ് തുടങ്ങിയ ചില ബാഹ്യ ഇടപെടലുകള്‍ അസാരസ്യങ്ങള്‍ക്ക് വഴിയൊരുക്കി. പിന്നീട് പടത്തിന്റെ അവസാന ഘട്ടത്തില്‍ സംവിധായകനായ ബാലചന്ദ്രമേനോന്‍ ഒഴിവാക്കപ്പെട്ടു. ക്യാമറാമാന്‍ വിപിന്‍ദാസാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പടത്തിന്റെ പോസ്റ്ററുകളില്‍ സംവിധായകന്റെ പേരില്ലാതെ ലോകത്തിലെ തന്നെ ആദ്യത്തെ സിനിമയായി കലിക റിലീസ് ചെയ്തു.
”കലികയെപ്പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിനെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു അഭിശപ്തമായ ഓര്‍മ്മയുമുണ്ട്. ഞാനും ശ്രീ റെഡ്യാരും തമ്മിലുള്ള ബന്ധം ഒരിക്കലും പ്രതീക്ഷിക്കാത്ത കാരണങ്ങളാല്‍ ശിഥിലമായി (ഇന്നും അതിനു വഴിതെളിച്ച കാരണങ്ങള്‍ എന്റെ മനസ്സിന് അജ്ഞാതമാണ്. അണിയാത്ത വളകള്‍ എന്ന ചിത്രം കലികയുടെ ഷൂട്ടിങ് വേളയിലാണ് റിലീസാകുന്നത്. ആ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ശ്രീ റെഡ്യാരുടെ ഉടമസ്ഥതയിലുള്ള ‘നാന’ വാരിക ഒരു കലിക പതിപ്പ് പുറത്തിറക്കി. എന്നാല്‍ അതിലെങ്ങും ഒരിടത്തും എന്റെ പേര് ഞാന്‍ കണ്ടില്ല. വിപിന്‍ദാസ് ഷീലയെ കലികയായി അണിയിച്ചൊരുക്കുന്നു എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പതിപ്പ് എന്റെ മനസ്സില്‍ വന്നു തറച്ചു. ഞാന്‍ അവഗണിക്കപ്പെട്ടു’
തന്റെ ഓര്‍മക്കുറിപ്പില്‍ (‘ അമ്മയാണെ സത്യം ,1993) മേനോന്‍ എഴുതി. എന്നാല്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം 2023 ല്‍ തന്റെ യുട്യൂബ് ചാനലായ ‘ഫിലിമി ഫ്രൈഡേസില്‍’ കുറെ കൂടി കാര്യങ്ങള്‍ മേനോന്‍ വെളിപ്പെടുത്തി.
നിര്‍മ്മാതാവ് കൃഷ്ണസ്വാമി റെഡ്യാരുടെ മകളായ കുമാരി കലികയുടെ ചിത്രീകരണത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായി ഇടപെട്ടത് താന്‍ അംഗീകരിച്ചില്ലെന്നും ഇത് ഒട്ടും രസിക്കാത്ത മകള്‍ കൃഷ്ണസ്വാമി റെഡ്യാറോട് തന്നെ സംവിധാനത്തില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെടുകയും റെഡ്യാര്‍ തന്നോട് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്ത പ്രകാരമാണ് കലികയില്‍ താന്‍ പുറത്തായത് എന്ന് മേനോന്‍ പറഞ്ഞു.
അന്ന് പരാതിപ്പെടാന്‍ സിനിമാ സംഘടനകളൊന്നുമില്ലായിരുന്നതിനാല്‍ മേനോന്‍ തന്റെ വിഷമം ഉള്ളിലൊതുക്കി. തന്റെ സിനിമാ സ്വപ്നങ്ങള്‍ക്ക് വഴിയൊരുക്കിയ നാനയുടെ ഉടമയായ കൃഷ്ണസ്വാമി റെഡ്യാരോടുള്ള ബഹുമാനവും കടപ്പാടും മൂലമാണ് താന്‍ ഈ അനീതിയെ എതിര്‍ക്കാതിരുന്നത്. മനോബലം കൊണ്ട് മാത്രമാണ് താന്‍ അന്ന് ആത്മഹത്യ ചെയ്യാതിരുന്നത് എന്ന് മേനോന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. പിന്നീട് കുറെക്കാലം തന്റെ പേരോ ചിത്രങ്ങളുടെ പേരും വിവരങ്ങളും നാനയില്‍ കൊടുക്കാതെ ഒഴിവാക്കിയത് തന്നെ സിനിമാ രംഗത്ത് നിന്ന് ഉച്ചാടനം ചെയ്യാന്‍ തന്നെയായിരുന്നുവെന്നും അത് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും മേനോന്‍ തന്റെ ചാനലില്‍ തുറന്നു പറഞ്ഞു.
ഈ കാര്യം അന്ന് കുങ്കുമം ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസറായ അഡ്വക്കേറ് ജി. ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നത്. ഇങ്ങനെ. ‘സ്വാമി ‘കലിക’ എന്നൊരു സിനിമ നിര്‍മ്മിച്ചിരുന്നു. ആ സംരംഭത്തില്‍ സ്വാമിക്കൊപ്പം ഞാന്‍ ആദ്യാവസാനം ഉണ്ടായിരുന്നു. അന്ന് പത്രപ്രവര്‍ത്തനരംഗത്തേയ്ക്ക് കാലൂന്നുകയായിരുന്ന കുമാരി (സ്വാമിയുടെ മകള്‍) സംവിധായകന്‍ ബാലചന്ദ്രമേനോന് ചിത്രനിര്‍മ്മാണത്തെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുമായിരുന്നു. കുമാരിക്ക് പ്രായത്തിന്റേതായ അപക്വത അന്ന് ധാരാളമുണ്ടായിരുന്നു. ബാലചന്ദ്രമേനോനാകട്ടെ അല്പം അഹന്തയുള്ളയാളും അവര്‍ക്കിടയില്‍ ഞാന്‍ സദാ ഒരു പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു’.( എന്റെ ജീവിതം – 2003 ജി. ജനാര്‍ദന കുറുപ്പ് ).
എന്നാല്‍ നാനയുടെ എഡിറ്ററായിരുന്ന മധു വൈപ്പന പറയുന്നത് ‘അവരുടെ കലിക എന്ന രണ്ടാമത്തെ ചിത്രം പകുതിയായപ്പോള്‍ റെഡ്യാര്‍ മേനോനെ പുറത്താക്കി മേനോന്റെ പേരില്ലാതെ റിലീസ് ചെയ്തു’ എന്നാണ്(അമംഗളങ്ങള്‍ – മധു വൈപ്പന, 2012). ഏതായാലും കലികയെന്ന ചിത്രം കലാപരമായും സാമ്പത്തികമായും വിജയം നേടി. ആ പ്രശസ്ത നോവലിന്റെ ചലചിത്രാവിഷ്‌ക്കരണം ബാലചന്ദ്ര മേനോന്റെ ധീരമായ ഒരു ശ്രമമായിരുന്നു എന്ന് നോവല്‍ വായിച്ചാലറിയാം. കലാപരമായി കലികയെ ഒരു നല്ല ചിത്രമാക്കുന്നതില്‍ മേനോന്‍ വിജയിച്ചു.
വാസ്തവത്തില്‍ ഈ കലിക സംഭവം നടക്കുമ്പോള്‍ മലയാളത്തില്‍ അന്ന് ചലചിത്ര സംഘടനയുണ്ടായിരുന്നു. ചലചിത്ര പരിഷത്ത്. മഞ്ഞിലാസിന്റെ എം.ഒ. ജോസഫും ജയമാരുതി പിക്‌ചേഴ്‌സിന്റെ ടി. ഇ വാസുദേവന്‍ എന്നി പ്രമുഖരൊക്കെ നിയന്ത്രിച്ചിരുന്ന മദ്രാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനയില്‍ മേനോന്‍ അന്ന് പരാതി നല്‍കാത്തത് എന്താണെന്ന് വ്യക്തമല്ല. ഒരു പക്ഷേ, പ്രബലനായ നിര്‍മ്മാതാവ് കൃഷ്ണസ്വാമി റെഡ്യാര്‍ക്കെതിരെ പരിഷത്തില്‍ നിന്ന് തനിക്ക് നീതികിട്ടില്ല എന്ന് മനസിലാക്കിയതാകാം. മേനോന്‍ തന്നെ ഭാഷയില്‍ സിനിമാ വാര്‍ത്തകളുടെ അന്നത്തെ ബൈബിളായ ‘നാന’ വാരികക്കെതിരെ നീങ്ങിയാല്‍ ഭാവിയില്‍ വരാവുന്ന ബുദ്ധിമുട്ട് ഓര്‍ത്തിട്ടുമാകാം.
ഈ തിക്താനുഭവം മേനോനെ സിനിമാ ലോകത്തു നിന്ന് പിന്നോട്ടടിച്ചില്ല. പകരം മേനോന്‍ കൂടുതല്‍ സജീവമായി. അതിന് ശേഷം 30 വര്‍ഷം കൊണ്ട് 36 പടം സംവിധാനം ചെയ്തു. കലികയിലൂടെ ശ്രീനാഥിനെ ശ്രദ്ധിക്കുന്ന ഒരു നടനാക്കിയ മേനോന്‍ 1980 ടെ സുധീര്‍ കുമാര്‍ എന്ന ഒരു പുതിയ നടനെ നായകനാക്കി മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എടുത്തു. പിന്നിട് ആ പടത്തിന്റെ പേരില്‍ തന്നെ ആ നടന്‍ മണിയന്‍ പിള്ള രാജുവെന്ന് അറിയപ്പെട്ടു.
80 കള്‍ക്ക് ശേഷം മലയാള സിനിമ വന്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. മലയാള സിനിമ കോടംമ്പാക്കത്ത് നിന്ന് യാത്ര പറഞ്ഞ് കേരളത്തിലേക്ക് വന്നുവെന്നതാണ് ഏറ്റവും പ്രധാനം. പുതിയ ബാനറുകള്‍ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ മലയാള സിനിമയില്‍ ആധിപത്യം സ്ഥാപിച്ചു. അന്ന് സൂപ്പര്‍ താരം – മെഗാ സ്റ്റാര്‍ പദവികള്‍ മലയാളത്തില്‍ ഇല്ല. ഒന്നോ രണ്ടോ നടന്മാരെ കേന്ദ്രീകരിച്ച് പടം ഇറക്കുന്ന കാലവുമായിരുന്നില്ല. നായകന്മാരായി സോമനും സുകുമാരനുമായിരുന്നു പ്രധാനികള്‍. ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ്, മോഹന്‍ തുടങ്ങിയ പ്രതിഭാ സമ്പന്നരായ സംവിധായകര്‍ മികച്ച ചിത്രങ്ങള്‍ ഒരുക്കി. അതൊന്നും താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നില്ല. തിലകന്‍, ഗോപി, നെടുമുടി വേണു എന്നി മികച്ച നടന്മാര്‍ സജീവമായിരുന്നെങ്കിലും അവരൊന്നും സൂപ്പര്‍ പരിവേഷ താരങ്ങളായിരുന്നില്ല.
സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ട് കെട്ട് അന്ന് വന്നിട്ടില്ല. അടിയിടി പടങ്ങളും നിലവാരമില്ലാത്ത കോമഡി പടങ്ങളുമായിരുന്നു കൂടുതലും. കുടുംബ ചിത്രങ്ങളുടെ കാഴ്ചക്കാര്‍ എന്ന ഒരു പ്രേക്ഷകവൃന്ദം അന്ന് രൂപം കൊണ്ടിരുന്നില്ല. ആ ശൂന്യതയിലേക്കാണ് ബാലചന്ദ്രമേനോന്‍ എന്ന സംവിധായകന്‍ പ്രതൃക്ഷപ്പെട്ട് തന്റെ പടങ്ങളിലൂടെ മലയാള പ്രേക്ഷകരെ ആകര്‍ഷിച്ചത്.
അണിയാത്ത വളകള്‍ പോലെയുള്ള ക്യാമ്പസ് ചിത്രങ്ങളുടെ വിജയത്തിന് ശേഷം തന്റെ പതിനാലാമത്തെ സിനിമ ‘കാര്യം നിസാരം’ (1983)-ത്തിലൂടെ ബാലചന്ദ്രമേനോന്‍ മലയാള സിനിമയില്‍ ജനപ്രിയ സംവിധായകനായി. ഒരു സരസനായ വക്കീലിന്റെയും ഭാര്യയുടെയും കുടുംബകഥ പറഞ്ഞ ഈ ചിത്രം വന്‍ വിജയം നേടി. പ്രേംനസീറിനേയും ഉമ്മറിനെയും ഇഷ്ടപ്പെടുന്ന കുറ പ്രേക്ഷകരും പുതിയ തലമുറയും ഒരേ പോലെ കാര്യം നിസ്സാരം എന്ന കുടുംബ ചിത്രമായി സ്വീകരിച്ചു. വലിയ ബഹളങ്ങളുമൊന്നുമില്ലാതെ ഒരു സാധാരണ ചിത്രം എന്ന പരസ്യ വാചകത്തോടെ വന്ന ചിത്രം നൂറ് ദിവസം തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിയതോടെ മലയാള സിനിമയില്‍ സംവിധാനവും അഭിനയവും ഒരുമിച്ച ബാലചന്ദ്രമേനോന്‍ തരംഗം ആരംഭിച്ചു.
കാര്യം നിസ്സാരത്തില്‍ ശേഖര്‍ എന്ന മോട്ടോര്‍ വര്‍ക്ക് ഷോപ്പ് മെക്കാനിക്കായി പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത ബാലചന്ദ്രമേനോന്റെ കഥാപാത്രത്തിന് പടത്തില്‍ നിശ്ചയിച്ച വിഗ്ഗ് ഒട്ടും യോജിച്ചില്ല. ഷുട്ടിംഗ് സമയത്ത് മേനോന്‍ അതിന് പരിഹാരം ആലോചിച്ച് നില്‍ക്കെ അവിടെയുണ്ടായിരുന്ന പ്രേംനസീര്‍ വര്‍ക്ക് ഷോപ്പിലെ ഒരു ജീവനക്കാരന്‍ തലയില്‍ കെട്ടിയിരിക്കുന്നത് കാണിച്ച് മേനോനോട് പറഞ്ഞു ദേ അതുപോലെ ഒരെണ്ണം തലയില്‍ കെട്ടുക എന്ന് പറഞ്ഞു. മേനോന്‍ തന്റെ കര്‍ച്ചീഫ് പോക്കറ്റില്‍ നിന്നെടുത്ത് തലയില്‍ കെട്ടി.
തലയില്‍ കെട്ടുമായി വന്ന മേനോനെ കണ്ട് പ്രേംനസീര്‍ പറഞ്ഞു: ‘ആ കെട്ടില്ലെങ്കില്‍ എന്തു മെക്കാനിക്ക് എന്നു തോന്നിപ്പോകും. തന്നെയുമല്ല നിങ്ങളുടെ തലയ്ക്ക് അതു നല്ല ചേര്‍ച്ചയുമുണ്ട്.
അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചും കീഴ്‌പോട്ടും മേല്‍പ്പോട്ടും അലക്ഷ്യമായി നോക്കലും, ഡയലോഗ് നീട്ടിയും കുറുക്കി പറയുന്ന മേനോന്‍ ശൈലിയുടെ കൂടെ പിന്നെ തലെക്കെട്ട് സ്ഥിരമായി. ഏത് വേദിയില്‍ ചെന്നാലും ആളുകള്‍ ചോദിക്കുന്ന ചോദ്യമായി തലക്കെട്ട്”. അത് മേനോന്‍ ശൈലി എന്ന് ആരാധകരും തലക്കനം പ്രദര്‍ശിപ്പിക്കാനാണ് തലക്കെട്ടെന്ന് ശത്രുക്കളും പ്രചരിപ്പിച്ചു.
കാര്യം നിസ്സാരം എന്ന ചിത്രത്തിന്റെ വിജയത്തില്‍ മേനോന്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് കലാകൗമുദി വാരികയില്‍ ‘ കാര്യം നിസ്സാരത്തിലെ തലക്കെട്ട് കോമാളി’ എന്ന് മേനോനെ പരിഹസിച്ച് അച്ചടിച്ച് വരുന്നത്. എഴുതിയത് എം.പി. നാരായണ പിള്ള. ബോംബെയിലിരുന്ന് കേരളത്തിന്റെ ചലനങ്ങള്‍ സൂക്ഷമായി വീക്ഷിച്ചിരുന്ന എഴുത്തുകാരനായ നാണപ്പന്‍ എറെ വായനക്കാരുള്ള കോളമിസ്റ്റ് കൂടിയായിരുന്നു. ബാലചന്ദ്രമേനോനല്ല സാക്ഷാല്‍ വി.കെ. കൃഷ്ണമേനോനായാലും പറയാനുള്ളത് പറഞ്ഞിരിക്കും നാണപ്പന്‍. അതാണ് ശൈലി.
ഇത് വായിച്ച മേനോന് കലി കേറി. പരിഹസിച്ചത് 100 നാള്‍ ഓടിയ തന്റെ ഹിറ്റ് പടത്തെ ‘തൊട്ട് കളിച്ചത് തന്റെ തലക്കെട്ടിനേയും. ഹും! പത്രപവര്‍ത്തനം തനിക്കറിയാത്തതാണോ? നാരായണ പിള്ളയോ അതാര്? എന്ന മട്ടില്‍ മേനോന്‍ നാണപ്പനെ പരിഹസിച്ച് കൊണ്ടു കലാകൗമുദിയില്‍ തന്നെ ഒരു കുറിപ്പ് എഴുതി. ജനം അംഗീകരിച്ച തന്റെ പടത്തെ പുച്ഛിക്കുന്നു. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നു. പ്രായം കൂടിയാല്‍ മനുഷ്യന് വരുന്ന ചില സൂക്കേടുകളാണ്. അത് കയ്യില്‍ വെച്ചാ മതി എന്ന മട്ടില്‍ മേനോന്‍ എഴുതി.
‘പാലാട്ട് അച്ചാറ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ ഉല്‍പ്പന്നമാണ്. കാര്യം നിസ്സാരം കേരളത്തില്‍ 100 ദിവസം ഓടിയ പടമാണ്. അതൊക്കെ അംഗീകരിക്കാന്‍ പഠിക്കണം. നാഴികക്കകത്ത് നാഴി കേറുമോ മി. പിള്ളേ? എന്നിങ്ങനെ പോയി മേനോന്റെ എഴുത്ത് . നാരായണ പിള്ള പ്രതികരിച്ചില്ല! പകരം ഉള്ളില്‍ ചിരിച്ചു കാണും ഈ തലക്കെട്ട്കാരനെ ഒന്ന് ഞോണ്ടിയത് കാരണം മേനോനെ ഇഷ്ടപ്പെടുന്ന പത്ത് പേരെങ്കിലും കൂടുതല്‍ തന്റെ പംങ്തി വായിച്ചു കാണുമെന്ന് നാണപ്പനറിയാം.
ആ കാലത്ത് കേരളത്തില്‍ മെഡിക്കല്‍ റെപ്രസന്റീവ് എന്നൊരു പുതിയ വരേണ്യ വര്‍ഗ്ഗം അവതരിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്ന് വില്‍ക്കാന്‍ നിയോഗിച്ചവരായിരുന്നു മെഡിക്കല്‍ റെപ്പുകള്‍ എന്ന ഇന പുതിയ അവതാരങ്ങള്‍. നല്ല ഷര്‍ട്ടും പാന്റും കഴുത്തില്‍ ടൈ കെട്ടി കൂളിംഗ് ഗ്ലാസും വെച്ച് തിളങ്ങുന്ന ഷൂസും ഇട്ട് തന്റെ തുകല്‍ ബാഗുമായി മുന്തിയ മോട്ടോര്‍ സൈക്കിളായ ബുള്ളറ്റില്‍(ബുള്ളറ്റ് തന്നെ വേണം) ഗ്ലാമറുമായി ഇവര്‍ നാട് നീളെ സഞ്ചരിച്ചു. ഇത് അക്കാലത്ത് പ്രസക്തി നേടിയ ഒരു വിഷയമായിരുന്നു.
കുടുംബ കഥ വിട്ട് മേനോന്‍ ഈ വിഷയത്തിലെക്ക് തിരിഞ്ഞു. മെഡിക്കല്‍ റെപ്പുകളുടെ ജീവിതം പറയുന്ന മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രശ്‌നം ഗുരുതരം’ (1983). മരുന്നു വില്‍പ്പനക്കായ് നെട്ടോട്ടമോടുന്ന മെഡിക്കല്‍ റെപ്പുമാരുടെ വ്യക്തി ജീവിതത്തിലെ മനസിലേറ്റേ മുറിവുകള്‍ക്കും ചതവിനും മരുന്നന്വേഷിക്കുന്ന കഥയാണ് മേനോന്‍ പറഞ്ഞത്. ബാലചന്ദ്രമേനോന്‍ പ്രധാന കഥാപാത്രമായ മെഡിക്കല്‍ റെപ്പ് ബാലുവായി അഭിനയിച്ചു. പ്രേംനസീറും ജയഭാരതിയും അഭിനയിച്ച ഈ ചിത്രവും വന്‍ സാമ്പത്തിക വിജയം നേടി.
ഒരു വര്‍ഷത്തിന് ശേഷം 1984 ല്‍ വന്ന ഏപ്രില്‍ 18 എന്ന ചിത്രം മേനോനെ താരപദവിയിലക്ക് ഉയര്‍ത്തി. ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെയും ഭാര്യയുടെയും കഥയായ ഏപ്രില്‍ പതിനെട്ടില്‍ പോലീസിന്റെ അടിയിടികള്‍ പറയാതെ ഒരു ഇന്‍സെപെക്ടറ്ററുടെ കുടുംബ ജീവിതത്തിലെ പൊരുത്തവും പൊരുത്തകേടും അവതരിപ്പിച്ച് കുടംബ സദസ്സുകളില്‍ ഈ സിനിമ ചര്‍ച്ചയാക്കി. ‘നിങ്ങള്‍ ഭാര്യയെ കുട്ടാ എന്ന് വിളിക്കാറുണ്ടോ’ എന്ന് ഈ സിനിമയുടെ പരസ്യവാചകം ഭാര്യമാരെ പുളകം കൊള്ളിക്കുകയും ഭര്‍ത്താക്കന്മാരെ ഭാര്യയുടെ കാമുകറോളിലാക്കുകയും ചെയ്ത് യുവപ്രേക്ഷകരുടെ മനസ്സില്‍ കുളിര് കോരി.
അതിലെ കഥാപാത്രങ്ങളായ എസ്.ഐ. രവികുമാറും ഭാര്യ ശോഭനയും പ്രേക്ഷക മനസ്സില്‍ കേറിപ്പറ്റി. അയാള്‍ ഭാര്യയെ ‘കുട്ടാ’ ‘മണിക്കുട്ടാ’ എന്ന് വിളിച്ച സ്‌നേഹസമ്പന്നായ ഭര്‍ത്താവ് തന്നെ. എന്നാല്‍ അയാള്‍ ഭാര്യയെ, എടിയേ , എടീ എന്ന് മുട്ടിന് മുട്ടിന് വിളിക്കുന്ന വൈരുദ്ധ്യവും ഈ പടത്തിലുണ്ട്(ഇന്നാണെങ്കില്‍ സ്ത്രീപക്ഷവാദികള്‍ പുരുഷാധിക്ഷേപമായി ഇതിനെ ചിത്രീകരിച്ച് മേനോനെ എയറില്‍ നിറുത്തിയേനെ).
തുടര്‍ന്ന് അതേ വര്‍ഷം തന്നെ ആരാന്റെ മുല്ല കൊച്ചു മുല്ല,(1984), ഒരു പൈങ്കിളിക്കഥ, (1984) എന്നീ ചിത്രങ്ങളിലൂടെ മേനോന്‍ തന്റെ പടങ്ങള്‍ക്ക് സ്വന്തമായ ഒരു വന്‍ പ്രേക്ഷകവൃന്ദത്തെ നേടി. ഒരു മധ്യവര്‍ഗ കുടുംബത്തിലെ സാധാരണ പ്രശ്‌നങ്ങള്‍ തന്റെ സിനിമകളിലൂടെ കഥയില്‍ പുതുമയോടെ അവതരിപ്പിച്ചതാണ് പ്രേക്ഷകര്‍ക്ക് പ്രിയമായത്. ബുദ്ധിപൂര്‍വം പ്രേംനസീറിനേയും ആ തലമുറയിലെ നടന്മാരെയും തന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ പിന്തുണയും മേനോന്റെ സിനിമകള്‍ക്ക് ലഭിച്ചു.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ ബൈജു വരെയുള്ള നടന്മാരെ മേനോന്‍ തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു. തിലകന്‍, ഗോപി, നെടുമുടി, ശങ്കരാടി, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ , ഇന്നസെന്റ് മാമുക്കോയ സൂപ്പര്‍താര പദവിക്ക് മുന്നിലെ മമ്മൂട്ടി, മോഹന്‍ലാല്‍ വരെ മേനോന്റെ ചിത്രങ്ങളില്‍ വന്നു. അക്കാലത്ത് നടന്‍ എന്ന നിലയില്‍ ശ്രീനിവാസന്‍ മാത്രമാണ് ബാലചന്ദ്ര മേനോന്റെ സിനിമകളില്‍ പ്രതൃക്ഷപ്പെടാതിരുന്നത്.
ഷീലയില്‍ ആരംഭിച്ച് ലെന വരെ ബാലചന്ദ്ര മേനോന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേബി ശാലിനി തരംഗം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാലത്ത് ആ ട്രെന്റ് ഉപയോഗിക്കാത്ത അപൂര്‍വം സംവിധായകനായിരുന്നു ബാലചന്ദ്രമേനോന്‍. ശോഭന(ഏപ്രില്‍ 18). കാര്‍ത്തിക (മണിച്ചെപ്പ് തുറന്നപ്പോള്‍)പാര്‍വതി(വിവാഹിതരേ ഇതിലെ) ഉഷ (കണ്ടതും കേട്ടതും) ആനി (അമ്മയാണെ സത്യം) പിന്നീട് പ്രശ്‌സ്തരായ ഈ നടികളെ മലയാളത്തില്‍ ആദ്യം അവതരിപ്പിച്ചതാണ് മലയാള സിനിമയ്ക്ക് ബാലചന്ദ്രമേനോന്റെ മറ്റൊരു സംഭാവന.
ഒരിക്കല്‍ സിംഫണിയെന്ന ചാനല്‍സംഗീത പരിപാടിയില്‍ ‘ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ‘പ്രാണനാഥനെനിക്കു നല്‍കിയ’ എന്ന പ്രശസ്ത ഗാനത്തെ വിശകലനം ചെയ്ത് ബാലചന്ദ്ര മേനോന്‍ അവതാരകനെയും പ്രേക്ഷകരേയും അമ്പരിപ്പിച്ചു. നല്ല ഗായകനല്ലെങ്കിലും സംഗീതം തനിക്ക് അറിയാമെന്ന് സിംഫണിയിലൂടെ തെളിയിച്ചു.
താര പദവിയിലേക്ക് ഉയര്‍ന്ന കാലത്തെ മേനോന്‍ ചിത്രങ്ങളില്‍ ഒരു ഗാനമെങ്കിലും ഹിറ്റാകുമായിരുന്നു. നല്ല സംഗീത ബോധമുള്ള മേനോന്‍ ഗാനങ്ങളെ ഗൗരവമായി തന്നെ തന്റെ ചിത്രങ്ങളില്‍ പരിഗണിച്ചു. കാട്ടു കുറിഞ്ഞിക്ക് ശേഷം ‘അണിയാത്ത വളകള്‍ ‘(1980) എന്ന കാമ്പസ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് എ.ടി. ഉമ്മറും ബിച്ചു തിരുമലയുമായിരുന്നു. എസ്. ജാനകി പാടിയ അതിലെ ‘ ഒരു മയില്‍ പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍’ ചിട്ടപ്പെടുത്തിയത് ബാബുരാജിന്റെ ‘ താമരക്കുമ്പിളിലല്ലോ മമഹൃദയം’ എന്ന ഗാനത്തെപ്പോലെ വേണം എന്ന് മേനോന്‍ ആവശ്യപ്പെട്ടിട്ടായിരുന്നു. ദേവാ എന്നതൊക്കെ ഈ ഗാനത്തില്‍ വേണം എന്നതനുസരിച്ച് എ.ടി. ഉമ്മര്‍ മനോഹരമായി ഗാനം ചിട്ടപ്പെടുത്തി.
ക്യാമ്പസില്‍ പാടുന്ന പാട്ടായതിനാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന വിദ്യാര്‍ത്ഥികളുടെ പ്രതികരണമായി ‘ദേവാ’ എന്ന് ഗായിക പടത്തില്‍ പാടുമ്പോള്‍ സദസ്സില്‍ നിന്ന് ‘ എന്തോ?’ എന്ന് ഗാനത്തില്‍ ചേര്‍ത്തു. ‘എന്തോ’ ആലപിച്ചത് മറ്റാരുമല്ല എഴുതിയ ബിച്ചു തിരുമല തന്നെ!
എസ്. ജാനകിയുടെ മാസ്മര സ്വരത്തില്‍ പുറത്ത് വന്ന ഈ ഗാനം സൂപ്പര്‍ ഹിറ്റായി. ഗാനമേളക്കാര്‍ക്ക് പ്രിയങ്കരമായ ഈ ഗാനം ഇപ്പോഴും വേദികളില്‍ ‘എന്തോ’ വിളിയോടെ പാടുന്നു. പിരിയുന്ന കൈവഴികള്‍ ഒരുമിച്ച് ചേരുന്ന ക്യാമ്പസ് ഗാനവും ഹിറ്റായിരുന്നു. കലാലയ വിരഹത്തിന്റെ ഓര്‍മ്മക്കുറിപ്പായ ഈ ഗാനവും ആ കാലത്ത് കേരളത്തിലെ കോളേജ് പരിപാടികളില്‍ നിത്യ സാന്നിധ്യമായിരുന്നു.
ഏപ്രില്‍ 18 ലെ ‘കാളിന്ദീ തീരം തന്നില്‍ നീ വാ’ എ.ടി ഉമ്മര്‍ ഒരുക്കിയ മറ്റൊരു മനോഹര ഗാനമായിരുന്നു. ‘ആനകൊടുത്താലും കിളിയെ ആശകൊടുത്താലോ’ എന്ന ഗാനവും എ.ടി. ഉമ്മര്‍ ഒരു പൈങ്കിളിക്കഥയില്‍’ മേനോനെ കൊണ്ട് പാടിച്ചു. കൂടെ നടി ശ്രീവിദ്യയാണ് പാടിയത്. അങ്ങനെ സിനിമയില്‍ പാടുക ആ ആശയും മേനോന്‍ സാധിച്ചു.
താരാട്ടിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ശേഷം രവീന്ദ്രന്‍ ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി (1982) ക്ക് വേണ്ടി പാട്ടൊരുക്കാന്‍ ഇരിക്കുമ്പോള്‍ മേനോന്‍ തന്റെ ഗാന സങ്കല്‍പ്പം പറഞ്ഞു.
‘ഒരു പാട് ഇങ്ങനെ താഴ്ന്ന് ഉത്ഭവിച്ച്, ഉയര്‍ന്ന് പര്‍വ്വതീകരിച്ച് അവസാനം നിപതിക്കുക. അങ്ങനെ നിപതിച്ച് അതില്‍ സംഗീതത്തിന്റെ നുരയും പതയും കാണണം അതാവണം ഈ പാട്ട്. അങ്ങനെ രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ പാട്ടാണ് ‘ ഏഴു സ്വരങ്ങളും…’. ബിച്ചു തിരുമല രചിച്ച ഈ ഗാനം ആലാപനത്തില്‍ അവസാന വാക്കായി യേശുദാസിനെ ഒരിക്കല്‍ കുടി അടയാളപ്പെടുത്തിയ പാട്ടായി വിശേഷിപ്പിക്കുന്നു.
ആ ചിത്രത്തിലെ തന്നെ യേശുദാസും ജയചന്ദ്രനും ഒന്നിച്ച ‘ ‘സമയ രഥങ്ങളില്‍ ഞങ്ങള്‍” എന്ന ഗാനവും ഹിറ്റായിരുന്നു. തന്റെ 25ാം മത്തെ ചിത്രമായ ‘അച്ചുവേട്ടന്റെ വീട്’ (1987) വിദ്യാദരനും എസ്. രമേശന്‍ നായരും ഒരുക്കിയ യേശുദാസിന്റെ ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന ഗാനം സുഗന്ധവാഹിനിയായി ഇപ്പോഴും ഗാന പ്രേമികളുടെ മനസിലുണ്ട്. അങ്ങനെ മലയാള ചലചിത്ര ഗാന ശാഖക്ക് അവഗണിക്കാത്ത സംഭാവന നല്‍കിയ മേനോന്‍ കുറുപ്പിന്റെ കണക്കു പുസ്തകം(1990) ത്തിലൂടെ പാട്ടുകളൊരുക്കി ചലചിത്ര സംഗീത സംവിധായകനുമായി.
1987 ല്‍ പ്രതാപ് പോത്തന്‍ എം.ടിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘ഋതുഭേദത്തിലെ ‘ രാജന്‍ മാഷായി ‘ ബാലചന്ദ്രമേനോന്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ക്യാമറക്ക് മുന്‍പില്‍ നടനായി നിന്നു. മേനോന്റെ രണ്ടാം ഭാഗം, അഭിനയ ജീവിതം- അവിടെ ആരംഭിച്ചു.
സത്യന്‍ അന്തിക്കാടിന്റെ സന്താന ഗോപാലത്തിലെ സുധാകരന്‍, കുടുംബ പുരാണത്തിലെ കൃഷ്ണനുണ്ണി തുടങ്ങിയ വേഷങ്ങളിലൂടെ തലക്കെട്ടില്ലാതെ തന്നെ മികച്ച അഭിനയം കാഴ്ച വെച്ചു. 1998 ല്‍ ‘സമാന്തരം ‘ ഇസ്മയില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടി. ഫുള്‍സ്റ്റോപ്പില്ലാതെ മേനോന്‍ മുന്നോട്ട് തന്നെ.
ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച വ്യക്തി എന്ന നിലയില്‍ ലിംക ബുക് ഓഫ് റിക്കോര്‍ഡ്സില്‍ ബാലചന്ദ്രമേനോന്‍ ഇടംനേടിയിരിക്കുന്നു. ഇത്തരത്തില്‍ മുപ്പതു ചിത്രങ്ങളുണ്ട് ഇതേവരെ. ഇത്തരത്തില്‍ ഇരുപത്താറ് സിനിമകളെടുത്ത ഹോളിവുഡ് താരം വുഡി അലനെ ‘മേനോന്‍ ഇതില്‍ മറികടന്നു.
ടി. എന്‍ ജയചന്ദ്രന്റെ ജീവിതം എന്ത് പഠിപ്പിച്ചു എന്ന ടി വി. പരിപാടിയില്‍ പഠിച്ചത് പറയാന്‍ ബാലചന്ദ്രമേനോന്‍ സീറ്റില്‍ ഇരിക്കുന്നു.
ചോദ്യം: അപ്പോള്‍ സംവിധായകന്‍, നടന്‍, എഴുത്തുകാരന്‍, കൃഷിക്കാരന്‍ ഇതെല്ലാം ചേര്‍ന്ന് മെനഞ്ഞെടുത്ത ജീവിതത്തില്‍ നിന്ന് പഠിച്ച പാഠം?
മേനോന്‍ : എന്റെ ജന്മം കൊണ്ട് എന്റെ ചുറ്റുപാടുമുള്ള ചരാചരങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായല്ലോ, അതാണ് ഏറ്റവും വലിയ സന്തോഷം, അത് അവര്‍ക്ക് വേണ്ടി ചെയ്തതല്ല, അങ്ങനെ ഭവിച്ചതാണ് ഇനിയും എന്റെ ജന്മം കൊണ്ട് അതിന് സാധിച്ചാല്‍ സന്തോഷം. അതിലുപരി ഞാന്‍ പഠിച്ച മറ്റൊന്ന് ജീവിതത്തോട് ഒരുപാട് സൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമകളാണ് നമ്മള്‍. നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം ‘തനിക്ക് താനും പുരയ്ക്ക് തൂണും’.
അതെ ബാലചന്ദ്രമേനോന്‍ തന്റെ ‘നയം വ്യക്തമാക്കുന്നു’.
Content Summary; Balachandra Menon completes 50 years in Malayalam cinema
This post was last modified on December 14, 2025 1:41 pm
Leave a Comment