ഇന്ത്യയിലെ വിമാനത്താവള മേഖലയില്‍ വലിയ സാന്നിധ്യമായ അദാനി ഗ്രൂപ്പ്, സ്വന്തമായി ഒരു വിമാനക്കമ്പനി തുടങ്ങാന്‍ ആലോചിക്കുന്നു. നിലവിലുള്ള നിയമമനുസരിച്ച് വിമാനത്താവളങ്ങള്‍ നടത്തുന്നവര്‍ക്ക് വിമാനക്കമ്പനികളില്‍ വലിയ പങ്കാളിത്തം പാടില്ല. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് അദാനി ഗ്രൂപ്പ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രാലയത്തില്‍ ആരംഭിച്ചു. ഈ നിയമത്തില്‍ ഇളവ് വന്നാല്‍, വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങളില്‍ ഓഹരി സ്വന്തമാക്കാന്‍ സാധിക്കും.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നീ രണ്ട് കമ്പനികളാണ് നിലവില്‍ വിപണിയുടെ 90 ശതമാനവും കൈയടക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. വിപണിയിലെ കുത്തകവത്കരണം ഒഴിവാക്കാന്‍ ശക്തരായ കോര്‍പ്പറേറ്റുകള്‍ ഈ മേഖലയിലേക്ക് വരണമെന്നാണ് സര്‍ക്കാരിന്റെ പക്ഷം. കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോയുടെ നെറ്റ്വര്‍ക്ക് തകരാറിലാവുകയും കൂട്ടറദ്ദാക്കലുകള്‍ ഉണ്ടാവുകയും ചെയ്തത് രാജ്യത്തെ വ്യോമയാന മേഖലയെ സ്തംഭിപ്പിച്ചിരുന്നു. വിപണിയില്‍ ഒരു വലിയ കമ്പനി മാത്ര ആശ്രയിക്കുന്നത് കൊണ്ടുള്ള അപകടം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികള്‍ നടത്താന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനഃപരിശോധിക്കുന്നത്.
നിലവില്‍ രാജ്യത്തെ എട്ടു വിമാനത്താവളങ്ങള്‍ നടത്തുന്ന അദാനി ഗ്രൂപ്പിന് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, എം.ആര്‍.ഒ (മെയിന്റനന്‍സ്, റിപ്പയര്‍ ആന്റ് ഓവര്‍ഹോള്‍), പൈലറ്റ് പരിശീലനം തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇതിനുപുറമെ, ബ്രസീല്‍ കമ്പനിയായ എംബ്രെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ പാസഞ്ചര്‍ ജെറ്റുകളുടെ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന എംബ്രെയര്‍ വിമാനങ്ങള്‍ക്ക്, അവരുടേത് തന്നെയായ ഒരു വിമാനക്കമ്പനി ഉണ്ടാകുന്നത് ഗുണകരമാകും. ഈ വിമാനങ്ങള്‍ വാങ്ങാന്‍ അദാനിയുടെ സ്വന്തം വിമാനക്കമ്പനി തന്നെ ആദ്യത്തെ ഉപഭോക്താവായി ഉണ്ടാകും എന്നതാണ് ഈ പുതിയ നീക്കത്തിന് പിന്നിലെ ഒരു പ്രധാന കാരണം
മുന്‍പ് നവി മുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, എയര്‍ലൈന്‍ ബിസിനസ്സ് തങ്ങളുടെ താത്പര്യത്തില്‍ ഇല്ലെന്ന് ജീത് അദാനി വ്യക്തമാക്കിയിരുന്നുവെങ്കിലും, പുതിയ സാഹചര്യങ്ങത്തില്‍ അവര്‍ മാറി ചിന്തിക്കുകയാണ്.
നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഷെഡ്യൂള്‍ഡ് എയര്‍ലൈനില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഉണ്ടാകാന്‍ പാടില്ല. മുംബൈ വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരിയുള്ള അദാനി ഗ്രൂപ്പ് ഈ വ്യവസ്ഥ എടുത്തുമാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരാളുടെ കീഴില്‍ ചെറിയ ഓഹരിക്ക് പകരം പൂര്‍ണ്ണ നിയന്ത്രണമുള്ള സ്വന്തം എയര്‍ലൈന്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് മന്ത്രാലയം ആഭ്യന്തര ചര്‍ച്ചകളും നിയമോപദേശവും തേടുന്നുണ്ട്. ചട്ടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്.
അതേസമയം, വിമാനത്താവള നടത്തിപ്പുകാര്‍ തന്നെ എയര്‍ലൈന്‍ നടത്തുമ്പോള്‍ സ്ലോട്ട് അനുവദിക്കുന്നതിലടക്കം മുന്‍ഗണനാ പക്ഷപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക വ്യോമയാന വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ഇത് നിലവിലുള്ള മറ്റ് എയര്‍ലൈനുകളുടെ ശക്തമായ എതിര്‍പ്പിന് കാരണമായേക്കാം. വിമാനത്താവള നടത്തിപ്പും എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ റെഗുലേറ്ററി മേല്‍നോട്ടം ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത മത്സരവും സാമ്പത്തിക നഷ്ടവും കാരണം മുന്‍പ് പല വിമാനക്കമ്പനികളും പൂട്ടിപ്പോയ ഒരു മേഖലയാണിത്. അതുകൊണ്ടുതന്നെ, വിമാനങ്ങള്‍ കിട്ടാനുള്ള കാലതാമസവും മറ്റ് തടസ്സങ്ങളും മറികടന്ന് പുതിയൊരു വിമാനക്കമ്പനി വിജയകരമായി പടുത്തുയര്‍ത്തുക എന്നത് വലിയ വെല്ലുവിളിയും വര്‍ഷങ്ങളുടെ കാലതാമസവും എടുക്കുന്ന കാര്യവുമാണ്.
Content Summary; Adani Group is considering launching its own airline in India, urging MoCA to ease cross-ownership norms. Gautam Adani
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.