കുടിവെള്ളത്തിലൂടെ പകരുന്ന മാരക രോഗങ്ങള്‍ക്ക് തടയിടാന്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി ബഹ്‌റൈന്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി. വാട്ടര്‍ ടാങ്കുകളിലെ ജലം പൂര്‍ണ്ണമായും അണുവിമുക്തമാക്കാന്‍ ശേഷിയുള്ള ‘കാന്‍ഡെല യുവി’ (Candela UV) എന്ന അത്യാധുനിക പ്യൂരിഫയറാണ് കമ്പനി പുറത്തിറക്കിയത്. ബഹ്‌റൈനിലെ ജുഫൈറില്‍ താമസിക്കുന്ന നിഖില്‍ സോമനാഥന്‍ എന്ന മലയാളി ടെക്കിയുടെ ആറ് വര്‍ഷത്തെ കഠിന പ്രയത്‌നമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.
ബഹ്‌റൈനിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ കാന്‍ഡെല എംഇ കണ്‍സള്‍ട്ടന്‍സിയും ഇന്ത്യയിലെ കാന്‍ഡെല റിസര്‍ച്ച് സെന്ററും സംയുക്തമായാണ് ഈ ഉപകരണം വിപണിയിലെത്തിക്കുന്നത്. നിഖിലിനൊപ്പം ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രിന്‍സ് ജോസ് (ഓപ്പറേഷന്‍സ്), അജി കുമാര്‍ (ടെക്‌നിക്കല്‍ പ്രൊഡക്ഷന്‍) എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായിരുന്നു.
‘ലോകത്തിലെ ആദ്യത്തെ ഡബിള്‍ ക്വാര്‍ട്‌സ് ഗ്ലാസ് യുവി അണ്ടര്‍വാട്ടര്‍ റിയാക്ടറാണിത്,’ നിലവിലുള്ള വാട്ടര്‍ ഫില്‍ട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, കാന്‍ഡെല യുവി കുടിവെള്ള ടാങ്കിനുള്ളില്‍ നേരിട്ട് ഇറക്കിവെച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ടാങ്കിലെ വെള്ളം തുടര്‍ച്ചയായി ഇതിലെ യുവി-സി (UV-C) ട്രീറ്റ്‌മെന്റിലൂടെ കടന്നുപോകുന്നതിനാല്‍, വെള്ളം ഉപയോഗിക്കുന്നതുവരെ ബാക്ടീരിയകളോ മറ്റ് രോഗാണുക്കളോ പടരാത്ത രീതിയില്‍ ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ ഇതിന് സാധിക്കുമെന്ന്, നിഖില്‍ സോമനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2018-ല്‍ ഒരു വാട്ടര്‍ ടര്‍ബൈന്‍ മോഡലുമായായിരുന്നു നിഖിലിന്റെ തുടക്കം. പിന്നീട് എല്‍ഇഡി അധിഷ്ഠിത മോഡലിലേക്ക് മാറിയെങ്കിലും പരിമിതികളെ അധിജീവിക്കാന്‍ നടത്തിയ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കാന്‍ഡെല യുവിയുടെ പിറവി.
ബഹ്‌റൈന്‍ മെഡിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനകളില്‍ കാന്‍ഡെല യുവി പ്യൂരിഫയറിന്റെ പ്രവര്‍ത്തനക്ഷമത തളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍ഡെല യുവി ഉപയോഗിക്കുന്ന ടാങ്കിലെ ജലം പരിശോധിച്ചപ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യത്തില്‍ 98.5 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. വീടുകളിലും ഫ്‌ലാറ്റുകളിലും ടാങ്കുകളില്‍ സൂക്ഷിക്കുന്ന വെള്ളം മലിനമാകുന്നത് വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ മലയാളി കൂട്ടായ്മയുടെ കണ്ടുപിടിത്തം വലിയൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
വീടുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകളില്‍ സൂക്ഷിക്കുന്ന വെള്ളത്തിലെ അണുക്കളെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക അണ്ടര്‍വാട്ടര്‍ വാട്ടര്‍ പ്യൂരിഫയറായ കാന്‍ഡെല യുവിയുടെ പേറ്റന്റ് നടപടികള്‍ പുരോഗമിക്കുകയണ്. വിപണിയില്‍ എത്തിക്കുന്നതിനായി വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിഖില്‍ സോമനാഥന്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍ പ്രകാരം ജലമലിനീകരണം മൂലം പ്രതിവര്‍ഷം 14 ലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നത്. അതത് നഗരസഭകള്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ക്ലോറിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ടാങ്കുകളില്‍ സൂക്ഷിച്ചുവെക്കുമ്പോള്‍ ഈ ക്ലോറിന്‍ ബാഷ്പീകരിക്കപ്പെടുകയും ബാക്ടീരിയകള്‍ വളരാന്‍ അനുയോജ്യമായ സാഹചര്യമൊരുങ്ങുകയും ചെയ്യുന്നു. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് ‘കാന്‍ഡെല യുവി’. വള്ളത്തിലെ ക്ലോറിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും ഇടയ്ക്കിടെ ടാങ്ക് വൃത്തിയാക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും. ദിവസത്തില്‍ പലതവണ വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന ഈ ഉപകരണം വെറും 85-90 വാട്ട് വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇത് പൂര്‍ണ്ണമായും സോളാര്‍ പവറിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
മുന്‍പ് ജോലി ചെയ്തിരുന്ന അല്‍മൊയ്യിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ വെച്ചാണ് നിഖില്‍, റിട്ടയേര്‍ഡ് ഇന്ത്യന്‍ ആര്‍മി ഓഫീസറും സേഫ്റ്റി മാനേജരുമായ പ്രിന്‍സ് ജോസിനെ പരിചയപ്പെടുന്നത്. സാങ്കേതികവിദ്യയോടുള്ള താല്‍പ്പര്യവും സ്‌കൂബ ഡൈവിംഗിലുള്ള ഇഷ്ടവുമാണ് ഇവരെ ഒന്നിപ്പിച്ചത്. സാങ്കേതിക നിര്‍മ്മാണത്തില്‍ അജി കുമാറും ഇവര്‍ക്കൊപ്പം ചേര്‍ന്നു. മുന്‍പ് സൗദി അറേബ്യയില്‍ നടന്ന ടെക് മേളയില്‍ നിഖില്‍ വികസിപ്പിച്ച അണ്ടര്‍ഗ്രൗണ്ട് പൈപ്പ് കപ്ലിംഗ്‌സ് സാങ്കേതികവിദ്യ ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു.
ദിയാര്‍ അല്‍ മുഹറഖിലെ 15 കിലോമീറ്റര്‍ നീളമുള്ള മലിനജല പൈപ്പ്ലൈന്‍ നിര്‍മ്മാണമുള്‍പ്പെടെ വ്യവസായ നിര്‍മ്മാണ മേഖലയില്‍ 20 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് നിഖില്‍. ലീക്ക് ഡിറ്റക്ഷന്‍ സിസ്റ്റത്തിന്റെ പണിപ്പുരയിലാണ് നിലവില്‍ ഈ മലയാളി ശാസ്ത്രജ്ഞന്‍.
Bahrain start up unveils innovative UV solution for safe stored water