June 04, 2026 |
Share on

ഫത്താ 2 മുതല്‍ ഖാസിം ബാസിര്‍ വരെ; ഇറാന്റെ അത്യാധുനിക ആയുധങ്ങള്‍ എവിടെ?

ഇറാന്റെ ഏറ്റവും മികച്ച മിസൈലുകള്‍ യുദ്ധക്കളത്തില്‍ കാണാത്തതിന് പിന്നില്‍ മൂന്ന് കാരണങ്ങളാണ്

മിഡില്‍ ഈസ്റ്റില്‍ നിന്ന് പ്രതിദിനം മിസൈല്‍ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ലോകം ഉറ്റുനോക്കുന്ന ഒരു ചോദ്യമുണ്ട്: ഇറാന്റെ പക്കലുള്ള ഏറ്റവും നൂതനമായ മിസൈലുകള്‍ക്ക് എന്ത് സംഭവിച്ചു? ശത്രുക്കളെ മുട്ടുകുത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന്‍ അവകാശപ്പെട്ട ഖാസിം ബാസിര്‍, എറ്റെമാഡ്, ഫത്താ-2 തുടങ്ങിയ മിസൈലുകള്‍ എന്തുകൊണ്ടാണ് ഇതുവരെ യുദ്ധക്കളത്തില്‍ പ്രയോഗിക്കപ്പെടാത്തത്?

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇറാന്‍ പ്രതിരോധ മന്ത്രാലയം ‘ഖാസിം ബാസിര്‍’ എന്ന മിസൈല്‍ പുറത്തിറക്കിയത്. ഇറാന്റെ ആയുധശേഖരത്തിലെ ഏറ്റവും കരുത്തുറ്റ ഒന്നായാണ് ഇവ വിശേഷിപ്പിക്കപ്പെടുന്നത്. 1700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍, ശത്രുക്കളുടെ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ‘ടെര്‍മിനല്‍ സീക്കര്‍’ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. 500 കിലോ ഭാരമുള്ള വാര്‍ഹെഡ് വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇവ. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഈ മിസൈലുകളില്‍ ഒന്നുപോലും യുദ്ധക്കളത്തില്‍ കണ്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അത്യാധുനിക മിസൈലുകള്‍ എവിടെ?

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ ഏറ്റവും മികച്ച മിസൈലുകള്‍ യുദ്ധക്കളത്തില്‍ കാണാത്തതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, ഇസ്രയേലിന്റെയും അമേരിക്കയുടെയും വ്യോമാക്രമണങ്ങളില്‍ ഈ മിസൈലുകള്‍ വിക്ഷേപണത്തിന് മുന്‍പേ നശിപ്പിക്കപ്പെട്ടിരിക്കാം. രണ്ട്, ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ലാത്ത പരീക്ഷണ ഘട്ടത്തിലുള്ള ആയുധങ്ങളാകാം. മൂന്ന്, യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് അല്ലെങ്കില്‍ ശത്രുവിന്റെ പ്രതിരോധം ദുര്‍ബലമാകുന്ന സമയത്തേക്ക് വേണ്ടി ഇവ മനഃപൂര്‍വ്വം മാറ്റിവെച്ചിരിക്കാം എന്നാണ് നിഗമനം.

മുന്‍ സിഐഎ അനലിസ്റ്റ് ജിം ലാംസന്റെ നിരീക്ഷണമനുസരിച്ച്, തടുക്കാന്‍ അങ്ങേയറ്റം പ്രയാസമുള്ള ഹൈപ്പര്‍സോണിക് ഗ്ലൈഡ് വാഹനമായ ഫത്താ-2, ദൂരപരിധി കൂടുതലുള്ള എറ്റെമാഡ്, ഹ്രസ്വദൂര മിസൈലായ റാഡ്-500 എന്നിവയും ഇതുവരെ ഇറാന്‍ പുറത്തെടുത്തിട്ടില്ല.

ഇതുവരെ പ്രയോഗിച്ചവയും പ്രതിരോധവും

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇറാന്‍ പ്രധാനമായും പഴയ മിസൈലുകളെയാണ് ആശ്രയിച്ചത്. എന്നാല്‍ പിന്നീട് സെജ്ജില്‍, ഖോറാംഷഹര്‍, ഖൈബാര്‍ ഷെകാന്‍ തുടങ്ങിയ കരുത്തുറ്റ മിസൈലുകള്‍ ഇറാന്‍ രംഗത്തിറക്കി.

അതേസമയം, ഇറാന്റെ മിസൈല്‍ പ്രഹരശേഷി കുറയ്ക്കാന്‍ ഇസ്രയേലും യുഎസും ശക്തമായ കരുനീക്കങ്ങളാണ് സ്വീകരിക്കുന്നത്. ഐഡിഎഫിന്റെ കണക്കനുസരിച്ച് ഇറാന്റെ ആകെയുള്ള 470 മിസൈല്‍ ലോഞ്ചറുകളില്‍ 200 എണ്ണവും ഇതിനകം തകര്‍ക്കപ്പെട്ടു. എന്നിരുന്നാലും, നസ്രല്ല സിസ്റ്റം ഉപയോഗിച്ച് ഇസ്രയേലിലെ ഹൈഫ റിഫൈനറിക്ക് നേരെയും ഖത്തറിലെ വാതക കേന്ദ്രത്തിന് നേരെയും ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി എന്നതും ശ്രദ്ധേയമാണ്.

ഡീഗോ ഗാര്‍സിയയിലെ ആക്രമണം

യുദ്ധത്തിനിടയില്‍ ലോകത്തെ ഞെട്ടിച്ച ഒരു നീക്കമായിരുന്നു ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാര്‍സിയയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ നടന്ന ആക്രമണം. സാധാരണഗതിയില്‍ ഇറാനിയന്‍ മിസൈലുകളുടെ പരിധി 2000 കിലോമീറ്ററാണെന്നിരിക്കെ, 4000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് ഖോറാംഷഹര്‍ മിസൈലുകള്‍ എത്തിയത് സാങ്കേതികമായി വലിയ ചര്‍ച്ചയായി.

രണ്ട് ഖോറാംഷഹര്‍ മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചത്. വാര്‍ഹെഡിന്റെ ഭാരം കുറച്ച് ഇന്ധനശേഷി വര്‍ദ്ധിപ്പിച്ചതിലൂടെയാണ് ഇറാന്‍ ഈ ദൂരപരിധി മറികടന്നതെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.

ഇറാന്റെ മിസൈല്‍ ശേഷി പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും, അത്യാധുനിക സംവിധാനങ്ങളുടെ അഭാവം ശ്രദ്ധേയമാണ്. ശത്രുവിന്റെ വ്യോമപ്രതിരോധത്തെ മറികടക്കാന്‍ ഇറാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുമോ അതോ തങ്ങളുടെ പക്കലുള്ള ‘സര്‍പ്രൈസ്’ ആയുധങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തെടുക്കുമോ എന്നതാണ് ലോകം ഇപ്പോള്‍ കാത്തിരിക്കുന്നത്.

Content Summary: Tehran’s hidden firepower: is Iran saving its most sophisticated missiles for a later stage?

Leave a Reply

Your email address will not be published. Required fields are marked *

×