പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സൈനിക കേന്ദ്രങ്ങള്‍ക്കും എണ്ണ ശുദ്ധീകരണശാലകള്‍ക്കും നേരെയായിരുന്നു പ്രധാനമായും ആക്രമണങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുദ്ധത്തിന്റെ ഗതി മാറുകയാണ്. ജനജീവിതത്തിന്റെ നട്ടെല്ലായ കുടിവെള്ള സ്രോതസ്സുകളിലേക്കാണ് ആക്രമണം തിരിഞ്ഞിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമായ ഉപ്പുവെള്ള നിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മേഖല വന്‍ മാനുഷിക പ്രതിസന്ധിയുടെ നിഴലിലായി.
ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഭീതിയുടെ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇറാന്റെ തെക്കന്‍ മേഖലയിലുള്ള ഖേഷ്ം ദ്വീപിലെ ശുദ്ധജല പ്ലാന്റിന് നേരെ അമേരിക്കന്‍ വ്യോമാക്രമണം ഉണ്ടായതായും ഇതേത്തുടര്‍ന്ന് 30 ഗ്രാമങ്ങളിലെ ജലവിതരണം നിലച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു. ഇതിന് പ്രതികാരമെന്നോണം, ബഹ്റൈനിലെ ഒരു ഡീസലൈനേഷന്‍ പ്ലാന്റിനെ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിവിലിയന്‍ ആസ്തികള്‍ക്ക് നേരെയുള്ള ഇത്തരം നീക്കങ്ങള്‍ മേഖലയില്‍ വലിയൊരു മാനുഷിക പ്രതിസന്ധിക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകളിലൊന്നായ ദുബായിലെ ജബല്‍ അലി പ്ലാന്റിന് നേരെയും ആക്രമണമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനുപുറമെ, കുവൈറ്റിലെയും ഫുജൈറയിലെയും പ്ലാന്റുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയും ഇസ്രയേലും നിഷേധിക്കുന്നുണ്ടെങ്കിലും, സാധാരണക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഇത്തരം സിവിലിയന്‍ ആസ്തികള്‍ ലക്ഷ്യംവയ്ക്കുന്നത് യുദ്ധം കൂടുതല്‍ അപകടകരമായ തലത്തിലേക്ക് വളരുന്നതിന്റെ തെളിവാണ്.
കടല്‍വെള്ളത്തിലെ ലവണങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് അതിനെ കുടിവെള്ളമാക്കി മാറ്റുന്ന സംവിധാനമാണിത്. താപപ്രക്രിയയിലൂടെയോ അല്ലെങ്കില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പോലുള്ള സാങ്കേതികവിദ്യകളിലൂടെയോ ആണ് ഇത് സാധ്യമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം എണ്ണയേക്കാള്‍ വിലപ്പെട്ടതാണ് ഈ പ്ലാന്റുകള്‍. കാരണം, പ്രകൃതിദത്തമായ ശുദ്ധജല സ്രോതസ്സുകള്‍ ഇല്ലാത്ത ഈ മണല്‍ രാജ്യങ്ങള്‍ കുടിവെള്ളത്തിനായി 70 മുതല്‍ 90 ശതമാനം വരെയും ആശ്രയിക്കുന്നത് ഈ കൃത്രിമ സംവിധാനങ്ങളെയാണ്.
ലോകത്തിലെ ഡീസലൈനേഷന്‍ പ്ലാന്റുകളുടെ 60 ശതമാനവും പശ്ചിമേഷ്യന്‍ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 450-ഓളം പ്ലാന്റുകള്‍ ഈ മേഖലയിലുണ്ട്. കുവൈറ്റ് 90%, ഒമാന്‍ 86%, സൗദി അറേബ്യ 70%, യുഎഇ 42 ശതമാനവും ആശ്രയിക്കുന്നത് ഈ ഡീസലൈസേഷന്‍ പ്ലാന്റുകളെയാണ്.
മേഖലയിലെ 90 ശതമാനത്തിലധികം ഉപ്പുവെള്ള ശുദ്ധീകരണവും വെറും 56 പ്രധാന പ്ലാന്റുകളെ കേന്ദ്രീകരിച്ചാണ്. തന്ത്രപ്രധാനമായ ഈ കേന്ദ്രങ്ങള്‍ക്ക് നേരെ ഒരു സൈനിക നീക്കമുണ്ടായാല്‍, ഗള്‍ഫ് രാജ്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് വഴുതിവീഴും.
2010-ലെ ഒരു സി.ഐ.എ റിപ്പോര്‍ട്ട് പ്രകാരം, ഇത്തരം പ്ലാന്റുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചാല്‍ അവ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. ഒരു ആഴ്ചയെങ്കിലും ജലവിതരണം തടസ്സപ്പെട്ടാല്‍ സൗദി തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങള്‍ ജനശൂന്യമാക്കേണ്ടി വരുമെന്ന ഭീതിദമായ അവസ്ഥയാണ് നിലവിലുള്ളത്. പ്ലാന്റുകള്‍ ലക്ഷ്യം വെക്കുന്നത് കേവലം ഒരു സൈനിക നീക്കമല്ല, മറിച്ച് ഒരു ജനതയുടെ നിലനില്‍പ്പിനെത്തന്നെ ഇല്ലാതാക്കുന്ന നടപടിയാണ്.
എണ്ണ നിലച്ചാല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകാം, എന്നാല്‍ ജലം നിലച്ചാല്‍ അത് ഒരു ജനതയുടെ അന്ത്യത്തിന് തുല്യമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ജലസംഭരണികളുടെ അഭാവം പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇത്തരം രാജ്യങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ബാക്കപ്പ് സംവിധാനങ്ങള്‍ പരിമിതമാണ്.
ഇറാനും അമേരിക്കയും ഇസ്രയേലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും, പശ്ചിമേഷ്യയുടെ ജലസുരക്ഷ ഇന്ന് വലിയൊരു ചോദ്യചിഹ്നമായി മാറുന്നു. യുദ്ധം അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയ അതിര്‍ത്തികള്‍ കടന്ന് സാധാരണക്കാരന്റെ അടുക്കളയിലേക്കാണ് എത്തുന്നത്. ഈ ഡീസലൈനേഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായാല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള ക്ഷാമത്തിനാകും. ഇതോടെ യുദ്ധം വെറുമൊരു അധികാരപ്പോരാട്ടമല്ല, മറിച്ച് ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലനില്‍പ്പിന് വേണ്ടിയുള്ള അതിജീവന പോരാട്ടമായി മാറുകയാണ്.
Content Summary: Will the middle east run out of water as war shifts to infrastructure?