പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനുള്ള ആലോചനകൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യയിലെ രണ്ട് പൊതുമേഖലാ ബാങ്കുകളെയെങ്കിലും എത്തിക്കണമെന്ന ഉദ്ദേശമാണ് ഈ ലയന നീക്കത്തിന് പിന്നിൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘മെർജേഴ്സ് ആൻഡ് അക്വിസിഷൻ’ അഥവാ ലയനവും ഏറ്റെടുക്കലും എന്ന വാക്ക് പൊതുമേഖലാ ബാങ്കുകളിലും രാജ്യത്തെ ബാങ്കിംഗ് മേഖലയിലും സജീവമായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അസോസിയേറ്റ് ബാങ്കുകൾ ലയിച്ചു ചേർന്ന 2017 ഏപ്രിൽ മുതൽ ആണ്.

പിന്നീട് ബാങ്ക് ഓഫ് ബറോഡ വിജയ ബാങ്കിനെയും ദേനാ ബാങ്കിനെയും 2019 ൽ ഏറ്റെടുത്തു. കോവിഡിന് തൊട്ടുമുമ്പുള്ള കാലയളവിലാണ് പിന്നീട് ഒരു മഹാലയനം നടന്നത്. അതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പന്ത്രണ്ടിലേക്ക് ചുരുങ്ങി.
ഇനി വരാനിരിക്കുന്ന ഒരു ലയന സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമാണ്; നിലവിലുള്ള പന്ത്രണ്ട് ബാങ്കുകളിൽ പലതും വീണ്ടും ലയിപ്പിച്ചു ഒന്നാക്കാനുള്ള ചർച്ചകൾ, അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പരക്കുന്നു. ലയനത്തിലൂടെ ലോകത്തെ ആദ്യത്തെ ഇരുപത് ബാങ്കുകളിൽ ഇടംനേടുകയും, കൂടുതൽ മൂലധന പര്യാപ്തത കൈവരിക്കുകയും ചെയ്യുക എന്നതാണ് അപ്രഖ്യാപിത നയം. ഇങ്ങനെ വൻകിട കോർപ്പറേറ്റുകൾക്ക് കൂടുതൽ പണം വായ്പ നൽകാനും, കോടിക്കണക്കിന് രൂപ ലോൺ കൊടുക്കാനുമൊക്കെ സാധിക്കുന്ന നിലയിലേക്ക് ഇന്ത്യൻ ബാങ്കുകളുടെ ശേഷി ഉയർത്തുകയാണ് ലക്ഷ്യമെന്നും സർക്കാർ വാദിക്കുന്നു.
കോടിക്കണക്കിന് രൂപ ലോൺ നൽകാൻ നിലവിൽ കൺസോർഷ്യം (Consortium) എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. രണ്ടോ അതിലധികമോ ബാങ്കുകൾ ചേർന്നാണ് ഇത്തരത്തിലുള്ള വലിയ വായ്പകൾ നൽകുന്നത്. കൺസോർഷ്യം സംവിധാനം ഫലപ്രദമല്ലായെന്നും ഒരു ബാങ്ക് തന്നെ കോർപ്പറേറ്റ് വായ്പകൾ നൽകാൻ പ്രാപ്തി കൈവരിക്കണം എന്നത്കൊണ്ടാണ് ലയനമെന്ന പ്രക്രിയ നടപ്പിലാക്കുന്നതെന്ന് ചില അഭിപ്രായം ഉയരുന്നുണ്ട്.
എന്നാൽ കഴിഞ്ഞ സെപ്റ്റംബർ 2025 നു ഡൽഹിയിൽ നടന്ന പിഎസ്ബി മന്ദൻ എന്ന ഔദ്യോഗിക പൊതു മേഖല ബാങ്കുകളുടെ സമ്മേളനത്തിൽ വികസിത ഭാരതം എന്ന ആശയം മുന്നിരുത്തി രണ്ട് പൊതു മേഖല ബാങ്കുകൾ ലോകറാങ്കിങ് പട്ടികയിൽ മുന്നോട്ട് വരണമെന്ന ചർച്ച സജീവമായിരുന്നു.
എന്നാൽ “ജൈവീകമായ ഒരു വളർച്ചയാണ്’ ആഗ്രഹിക്കുന്നതെന്നും ‘നിർബന്ധിത ലയനത്തിലൂടെ ബാങ്കുകളുടെ വലുപ്പം വർധിപ്പിച്ചു മുൻനിരയിൽ എത്തിക്കാൻ പദ്ധതി ഇല്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
നിര്ബന്ധിത ലയനങ്ങളിലൂടെ പൊതുമേഖല ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന ആലോചന, ലയിച്ച ശേഷം പിറവിയെടുക്കുന്ന വലിയ ബാങ്കുകൾ മൂലധനശക്തി കൈവരിച്ചു ഭീമൻ തുക വായ്പകൾ നൽകാൻ ഉതകുന്ന സാഹചര്യം ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ്.
പൊതു മേഖല ബാങ്കുകളുടെ എംഡി തസ്തികയിലേക്ക് സ്വകാര്യ ബാങ്കുകളുടെ എക്സിക്യൂട്ടീവുകൾക്ക് അപേക്ഷിക്കാൻ അവസരം കൊടുക്കുന്ന പുതിയ മാർഗനിർദ്ദേശം കേന്ദ്ര ക്യാബിനെറ്റ് അപ്പോയ്ന്റ്മെന്റ് കമ്മിറ്റി പുറപ്പെടുവിച്ചത് ഈ അടുത്താണ്. ബാങ്ക് ലയനങ്ങൾ തുടങ്ങി പുതിയ പരിഷ്കാരങ്ങൾ പൊതു മേഖല ബാങ്കുകളെ ഈ രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങൾക്കു അന്യമാക്കുന്ന സാഹചര്യം ഉണ്ടാകും.
വികസിത ഭാരതം എന്ന സ്വപ്നം ഓരോ ഭാരതീയന്റെയുമാണ്. എന്നാൽ, നമ്മുടെ രാജ്യത്തേ സാധാരണ പൗരന്മാരെ, അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ കൂടി ഉൾപ്പെടുത്തി, അവരുടെ സാമൂഹിക സാമ്പത്തിക വികാസം ഉറപ്പാക്കിയുള്ള ഒരു ഓൾ ഇൻക്ലൂസീവ് ഡെവലപ്മെന്റ് (All-Inclusive Development) ആണോ വികസിത ഭാരതം എന്ന ആശയം ലക്ഷ്യമാക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്.
രാജ്യത്തിൻ്റെ പുരോഗതി വിലയിരുത്തുന്നത് വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. നമ്മളോടുകൂടി ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെക്കൂടി പരിഗണിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റപ്പെടുമോ എന്ന ചോദ്യം ഈ ലയന സമവാക്യങ്ങളിൽ ഏറ്റവും പ്രസക്തമാണ് .
“ഒരു തൊഴിലാളി സംഘടനയെ സംബന്ധിച്ചിടത്തോളം തൊഴിൽ നഷ്ടമെന്ന ഭീതിയും തൊഴിലാളി നേരിടുന്ന അനീതിയും അല്ല ബാങ്ക് ലയനത്തെ എതിർക്കാനുള്ള മൂലകാരണം. ഈ രാജ്യത്തെ ബാങ്കുകൾ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്താണ് ദേശസാൽക്കരണം നടപ്പിലാക്കി പൊതു മേഖല ബാങ്കുകൾ രൂപീകരിച്ചത്. ഇന്ത്യയിൽ മൂലധനം ചില സ്വകാര്യ വ്യക്തികളും കോർപറേറ്റുകളും മാത്രം കയ്യാളുന്ന സ്ഥിതിവിശേഷം നിലനിന്നിരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കാനും, അത് വഴി കാർഷിക വ്യാവസായിക പുരോഗതി കൈവരിച്ചു ദാരിദ്ര്യനിർമാജനം നടത്താനും ശക്തമായ, സുതാര്യമായ പൊതുമേഖല ബാങ്കിംഗ് സംവിധാനം ആവശ്യമാണെന്ന തിരിച്ചറിവാണ് ദേശസൽകരണത്തിന് പ്രചോദനമായത്.
കൃഷി, വ്യവസായം, ചെറുകിട സംരഭകർ തുടങ്ങി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കാനും, അതുവഴി ക്രെഡിറ്റ് ആക്സെസ് (വായ്പ ലഭ്യത) ഉറപ്പാക്കാനും, ഇന്ത്യയിലെ ഉൾപ്രദേശങ്ങൾ ഉൾപ്പടെ ഗ്രാമീണ മേഖലയിൽ ബാങ്ക് ശാഖകൾ ആരംഭിച്ചു , ജനങ്ങളെ സാമ്പത്തിക സമത്വത്തിലേക്ക് കൈപിടിച്ചു കയറ്റാനും ദേശസാൽക്കരണത്തിലൂടെ സാധ്യമായി.
“Household Consumption Expenditure Survey (HCES) പഠനങ്ങളിൽ രാജ്യത്തെ 26 ശതമാനം ജനങ്ങൾ ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.
ഈ ബാങ്ക് ലയനം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കർഷകരും, ചെറുകിട സംരഭകരും, സ്വയം സഹായ സംഘങ്ങളും, ഗിഗ് തൊഴിലാളികളും ഉൾപ്പെടുന്ന സാധാരണക്കാരെയാണ്. റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത്
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിലൂടെ അയ്യായിരത്തോളം ബാങ്ക് ശാഖകൾ ഇതു വരെ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തുവെന്നാണ്.
പൊതുമേഖലാ ബാങ്കുകൾ ഗ്രാമങ്ങളിൽ നിന്ന് പിൻവലിയുമ്പോൾ, വികസനത്തിൻ്റെ വെളിച്ചമെത്താത്ത ഇടങ്ങളിൽ കൊള്ളപലിശക്കാരുടെ അതിപ്രസരമുണ്ടായേക്കാം. കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന കാർഷിക, ഭവന , സ്വർണ്ണ വായ്പകൾ തുടങ്ങി ഒട്ടുമിക്ക വായ്പകളും ക്രമേണ ഉയർന്ന പലിശ നിരക്കിൽ സ്വകാര്യ ബാങ്കുകളിൽ നിന്നും, എൻ ബി എഫ് സി കളിൽ നിന്നും കടമെടുക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകും.
NABARD നടത്തിയ NAFIS (2021–22) സർവേ പ്രകാരം, ഒരു സാധാരണ ഗ്രാമീണ കുടുംബത്തിന്റെ ശരാശരി മാസവരുമാനം ₹12,700 മാത്രമാണ് (2016–17-ൽ ഇത് ₹8,059 ആയിരുന്നു). ഇതിൽ കുടുംബങ്ങളുടെ ശരാശരി ചെലവ് ₹11,262 വരെയെത്തുന്നുണ്ട്. അതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്ക്കും നാളേക്ക് വേണ്ടി സമ്പാദ്യം സ്വരുകൂട്ടാൻ ഉതകുന്ന വരുമാനമില്ല. ഗ്രാമീണ കുടുംബങ്ങളിൽ സമ്പാദ്യം ഉണ്ടെന്ന് രേഖപ്പെടുത്തുന്നവരുടെ എണ്ണം 2016–17-ലെ 50.6%ൽ നിന്ന് 2021–22-ൽ 66% ആകുന്നതായി നാബാർഡ് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഒരു കുടുംബം ഒരു വർഷം സാമ്പത്തികമായി സമാഹരിക്കുന്ന തുക ശരാശരി വെറും ₹13,209 മാത്രമാണെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു.
അതോടൊപ്പം കടബാധ്യത ഉയരുന്നുമുണ്ട്. 2021–22-ൽ ഗ്രാമീണ കുടുംബങ്ങളുടെ 52% പേർക്ക് കടം നിലനിൽക്കുന്ന അവസ്ഥയാണ്; 2016–17-ൽ ഇത് 47.4% ആയിരുന്നു. ബാങ്കിംഗ് ക്രെഡിറ്റ് ആക്സെസ് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശ്വാസകരമായ പുരോഗതി കൈവരിച്ചിട്ടില്ല. കർഷക കുടുംബങ്ങളിൽ KCC (കിസാൻ ക്രെഡിറ്റ് കാർഡ്) ലഭ്യത 44%ൽ മാത്രമാണ് നിലനിൽക്കുന്നത് — അതായത് കർഷകരിൽ 56 ശതമാനം പേർക്ക് കാർഷിക വായ്പ ലഭിച്ചിട്ടില്ല. ഇന്നും നമ്മൾ ഊറ്റം കൊള്ളുന്ന സാമ്പത്തിക പുരോഗതി കൈയെത്തിപ്പിടിക്കാനാകാതെ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കായി അടുത്തുള്ള പൊതു മേഖല ബാങ്കിനെ ആശ്രയിക്കുന്നു ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്നും ഈ രാജ്യത്തെ ഗ്രാമങ്ങളിൽ ജീവിക്കുന്നു. അവർക്ക് മുന്നിൽ നാളെ ഈ ബാങ്കുകളുടെ വാതിൽ കൊട്ടിയടക്കപ്പെടരുത്.
ഇന്ത്യയിൽ സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാവാതെ സമ്പത്ഘടനയെ ഭദ്രമായി സംരക്ഷിച്ചു, കഴിഞ്ഞ അഞ്ച് ദശാബ്ദകാലം രാജ്യം കൈവരിച്ച പുരോഗതിയിൽ പൊതു മേഖല ബാങ്കുകൾ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട് .
പൊതു മേഖല ബാങ്കുകൾ ലയിപ്പിച്ചു വലിയ വായ്പകൾ നൽകാൻ മുന്നൊരുക്കം കൂട്ടുന്ന നയങ്ങൾ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന നയരൂപീകരണ നിർദ്ദേശ തത്വങ്ങളെ പാടെ അവഗണിക്കുകയാണ്.
“നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനും ദുർബലനുമായ മനുഷ്യന്റെ മുഖം ഓർക്കുക, നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ പ്രവൃത്തി അയാൾക്ക് ഉപകാരപ്പെടുമോ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക” എന്ന ഗാന്ധിയൻ താലിസ്മാൻ ഓർക്കുക. ഏതു ഭരണകർത്താവും ഏതൊരു സർക്കാരും നയങ്ങൾ രൂപീകരിക്കുമ്പോൾ ഈ ആപ്തവാക്യം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.
ഡിജിറ്റൈസേഷൻ, യൂണിഫൈഡ് ലെൻഡിങ് ഇന്റർഫേസ് തുടങ്ങി നിർമിത ബുദ്ധി വരെ എത്തി നിൽക്കുന്ന ബാങ്കിങ് പരിഷ്കരണങ്ങളിൽ അഭിമാനിക്കുമ്പോൾ സൗകര്യപൂർവം മറന്നുപോകുന്ന ഒരു വലിയ വിഭാഗം സാധാരണ ജനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാൻ ബാക്കിനിൽക്കുന്ന ഒരേയൊരു കച്ചിത്തുരുമ്പ് പൊതുമേഖല ബാങ്കുകൾ ആണ്. ലയിച്ചും ലയിപ്പിച്ചും പൊതു മേഖല ബാങ്കുകൾ വലുതാക്കി, വൻകിട കോർപ്പറേറ്റുകൾക്ക് വായ്പകൾ നൽകാൻ പ്രാപ്തരാക്കി, ഒടുവിൽ അന്ത്രാഷ്ട്ര കോർപ്പറേറ്റ് ഭീമൻമാർക്ക് തീറെഴുതുമ്പോൾ ഓർക്കാതെ പോകുന്ന ചില മുഖങ്ങൾ ഗ്രാമങ്ങളിൽ ജീവിക്കുന്നുണ്ട് എന്ന ഓർമപ്പെടുത്തൽ അനിവാര്യമാണ്.
content summary: As banks grow bigger, the roads to villages grow shorter. the World Bank’s dream of merging and the reality of the common man
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.