June 03, 2026 |
Share on

രാജ്യത്തെ അതിദാരിദ്രത്തിലേക്ക് തള്ളിവിടുന്ന ബാങ്ക് ലയനം

ദേശസാത്കരണം വഴി നേടിയ സാമൂഹിക നേട്ടങ്ങള്‍ കേന്ദ്രം ഇല്ലാതാക്കുന്നു

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചതായുള്ള ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനത്തിൽ എതിർപ്പ് അറിയിച്ചിരിക്കയാണ്, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഏകോപന വേദിയായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു).

അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഒരുപാട് വലിയ ലോകോത്തര നിലവാരമുള്ള ബാങ്കുകൾ ആവശ്യമാണെന്ന് 2025 നവംബർ 4ന് ഡൽഹി സർവകലാശാലയിലെ ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നടന്ന ഡയമണ്ട് ജൂബിലി സമാപന പ്രഭാഷണത്തിൽ ധനമന്ത്രി പരാമർശിച്ചിരുന്നു.

സമാപന ചടങ്ങിൽ ഒരു വിദ്യാർത്ഥി ഉന്നയിച്ച “സ്വകാര്യവൽക്കരണം സാധാരണ ജനങ്ങളുടെ ബാങ്കിംഗ് സേവനപ്രവേശനം കുറയ്ക്കുമോ” എന്ന ചോദ്യത്തിന് മറുപടിയിൽ ധനമന്ത്രി ആ ഭയം തള്ളിക്കളയുകയും, മറിച്ച് ബാങ്ക് സ്വകാര്യവൽക്കരണത്തെ അനുകൂലമായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. എന്നാൽ ധനമന്ത്രിയുടെ ഈ സമീപനം കടുത്ത ആശങ്കകൾക്ക് വഴിവയ്ക്കുമെന്നാണ് യുഎഫ്ബിയുടെ നിലപാട്.

പ്രധാനമന്ത്രി ജൻ ധൻ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ അഥവാ ഡി ബി ടി, MGNREGA പേയ്മെൻറുകൾ പോലെയുള്ള ദേശീയ സാമൂഹ്യബാധ്യതാ ഇടപാടുകൾ പൊതുമേഖലാ ബാങ്കുകളാണ് പ്രധാനമായും കൈകാര്യം ചെയുന്നത്. സ്വകാര്യവൽക്കരണം ജീവനക്കാരുടെ തൊഴിൽസുരക്ഷ, സ്ഥിരത, റിസർവേഷൻ അവകാശങ്ങൾ, യൂണിയൻ അവകാശങ്ങൾ എന്നിവയെയും നേരിട്ട് ബാധിക്കും. യെസ് ബാങ്ക് ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് ലക്ഷ്മിവിലാസ് ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ ബാങ്കുകളെ പൊതു മേഖല ബാങ്കുകൾ ഏറ്റെടുത്ത് തകർച്ചയിൽ നിന്നും കരകയറ്റിയ ചരിത്രമുള്ള നമ്മുടെ രാജ്യത്ത് പൂർണ്ണ സ്വകാര്യവൽക്കരണം നടന്നാൽ ജനങ്ങളുടെ സാമ്പത്തിക ഭദ്രത സംരക്ഷിക്കാൻ ആരും ഉണ്ടാകില്ല എന്ന് യുഎഫ്ബിയു ചൂണ്ടികാട്ടുന്നുണ്ട്.

2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഒന്നിലധികം രാജ്യങ്ങൾ ബാങ്കിങ് മേഖലയിൽ പൊതുനിയന്ത്രണം ശക്തമാക്കിയതും ചരിത്രമാണ്. പൊതുമേഖലാ ബാങ്കുകൾ സാമൂഹിക ഉത്തരവാദിത്വമുള്ള ദേശീയ സ്ഥാപനങ്ങളാണ്. ഉന്നത സാങ്കേതികത, മികവുറ്റ ബാങ്കിങ്, മനുഷ്യ വിഭവ ശേഷി വികസനം എന്നിവ പൊതുമേഖലയിലൂടെ സാധ്യമാകുന്ന കാര്യങ്ങളാണ്. പൊതുസമ്പത്തിന്റെ നിയന്ത്രണം സ്വകാര്യവ്യക്തികളിലേക്ക് മാറ്റുക മാത്രമാണ് സ്വകാര്യവൽക്കരണം. ബാങ്ക് സ്വകാര്യവൽക്കരണം ദേശീയവും സാമൂഹികവുമായ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് യുഎഫ്ബിയു ആരോപിക്കുന്നു.

അത് സാമ്പത്തിക ഉൾപ്പെടുത്തലിനെ ഹനിക്കുകയും പൊതുസമ്പത്ത് കോർപ്പറേറ്റ് ലാഭത്തിന് വേണ്ടി വഴിമാറ്റപ്പെടുകയും ചെയ്യം. പൊതു മേഖല ബാങ്കിങ് ഒരു ബിസിനസ് സ്ഥാപനമല്ല, മറിച്ച് അത് ജനകീയവും ഭരണഘടനാപരവുമായ സാമൂഹിക ഉത്തരവാദിത്വം ആണെന്നും യുഎഫ്ബിയു പറഞ്ഞു. ഒരു പൊതുമേഖലാ ബാങ്കിനേയും സ്വകാര്യവൽക്കരിക്കില്ലെന്ന് സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണം എന്ന് യുഎഫ്ബിയു ആവശ്യപ്പെട്ടു. മൂലധന പിന്തുണ സാങ്കേതിക നവീകരണം, സുതാര്യ ഗവർണൻസ് എന്നിവ വഴി പൊതുമേഖലാ ബാങ്കുകൾ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും നിക്ഷേപകരെയും ജീവനക്കാരെയും സാധാരണ പൗരന്മാരെയും ബാധിക്കുന്ന ഏത് തീരുമാനത്തിനുമുമ്പും പൊതു ചർച്ചയും പാർലമെൻ്റ് ചർച്ചയും നിർബന്ധമാക്കണം എന്നും ആവശ്യപ്പെട്ടു.

നിക്ഷേപകരുടെയും ജീവനക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും, വയോധികരുടെയും, പൊതുജനങ്ങളുടെയും അവകാശങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ഈ നിർണായക നിലപാടിൽ ഉറച്ച് നിൽക്കുമെന്നാണ് യുഎഫ്ബിയു പറയുന്നത്.

ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ നിർമ്മല സീതാരാമന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത് കേന്ദ്രത്തിന്റെ നയങ്ങൾ തന്നെയായിരിക്കുമല്ലോ. പരോക്ഷമായിട്ടാണെങ്കിൽ പോലും ധനകാര്യ മന്ത്രി നൽകുന്ന മറുപടി, തെറ്റിദ്ധാരണയുണ്ടാക്കിയേക്കാമെന്ന് ഓൾ ഇന്ത്യ ബാങ്ക് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ അഴിമുഖത്തോട് പറഞ്ഞു.

ഇങ്ങനെ ഒരു മറുപടിയുടെ അർത്ഥം പൊതു മേഖല ബാങ്കുകൾ ചെയ്യുന്ന ജനോപകാര ബാങ്കിങ് പ്രവർത്തനങ്ങൾ സ്വകാര്യ ബാങ്കുകളും ചെയ്യുമെന്നാണ്. അങ്ങനെയെങ്കിൽ വ്യക്തമായ സ്ഥിതിവിവര കണക്കുകൾ നിരത്തി ഇതിന് മറുപടി പറയേണ്ടുന്ന ബാധ്യതയും ധനമന്ത്രിയ്ക്കുണ്ട്. കർഷകർക്കും, സ്വയം സഹായ സംഘങ്ങൾക്കും, ചെറുകിട വ്യവസായങ്ങൾക്കും, വിദ്യാഭാസത്തിനും, ഭവനനിർമാണത്തിനും പ്രിയോറിറ്റി സെക്ടർ (മുൻഗണ വിഭാഗത്തിൽ) പൊതു മേഖല ബാങ്കുകൾ നൽകിയ വായ്പയുടെ അനുപാതം തികച്ചും വ്യത്യസ്തമായ കഥ പറയുമെന്നും ശ്രീനാഥ് ഇന്ദുചൂഢൻ പറയുന്നു.

വിശദമായിപരിശോധിച്ചാൽ രാജ്യത്ത് പൊതുമേഖലാ ബാങ്കുകളോടൊപ്പം നില്കുന്ന ശാഖകളും മൂലധനശക്തിയും ഉള്ള പ്രൈവറ്റ് ബാങ്കുകൾ നമുക്കുണ്ട്. എന്നാൽ ലാഭം മാത്രം മുൻനിറുത്തി വായ്പകൾ നൽകുന്ന സ്വകാര്യ ബാങ്കുകൾ നൽകിയിരിക്കുന്ന വായ്പകൾ പരിശോധിച്ചാൽ സത്യാവസ്ഥ മനസ്സിലാകും. കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ മുൻഗണ വിഭാഗ വായ്പകളിൽ മൊത്തം വായ്പകളുടെ 37 ശതമാനത്തിന് മുകളിൽ നൽകി പൊതുമേഖല ബാങ്കുകൾ ജനോപകാര ബാങ്കിങ് നടത്തുമ്പോൾ മൊത്തം വായ്പയുടെ 27 ശതമാനം മാത്രമാണ് സ്വകാര്യ ബാങ്കുകൾ മുൻഗണന വിഭാഗത്തിൽ നൽകിയത്.
1969 മുതൽ നടന്ന ദേശസാൽക്കരണം വഴി നമ്മുടെ രാജ്യത്തുണ്ടായത് വലിയ മാറ്റങ്ങളാണ്. ഇതിലൂടെയാണ് രാജ്യത്ത് ദാരിദ്ര്യ നിർമാർജ്ജനം നടപ്പിലായത്. ​ഗ്രാമങ്ങളിൽ അധിവസിക്കുന്ന കർഷകർക്കും സാധാരണകർക്കും ചെറിയ വായ്പകൾ കുറഞ്ഞ പലിശക്ക് നൽകി അവരെ സഹായിച്ചത് ദേശസൽകരണമാണ്. അവരുടെ കൈകളിലേക്ക് മൂലധനം എത്തിച്ചു, വരുമാന മാർ​ഗമുണ്ടാക്കി, ഒരുപരിധി വരെ പട്ടിണി ഇല്ലാതാക്കാനും പൊതു മേഖല ബാങ്കിങ് സംവിധാനത്തിനു കഴിഞ്ഞു.

സ്വകാര്യവത്കരണം കോർപ്പറേറ്റ് അജണ്ട ആണെന്നും, സ്വകാര്യവത്കരണത്തിലൂടെ ഈ രാജ്യത്ത് പ്രവ‍ർത്തിക്കുന്ന ബാങ്ക് ശാഖകളുടെ വാതിലുകൾ എന്നന്നേക്കുമായി സാധാരണക്കാർക്ക് മുന്നിലടയുമെന്നും ശ്രീനാഥ് ഇന്ദുചൂഢന്റെ ആശങ്ക രേഖപ്പെടുത്തി.

content summary: Bank mergering will drive the country toward extreme poverty, as the Centre dismantles the social progress achieved through nationalisation

Leave a Reply

Your email address will not be published. Required fields are marked *

×