April 20, 2025 |

ട്രംപ് കാബിനറ്റിലെ തമ്മിലടി; മസ്കിനെ വിമർശിച്ച് ബേനൺ

ബാനണും മസ്കും തമ്മിൽ ദീർഘകാലമായുള്ള ശത്രുത ‘മേക്ക് അമേരിക്ക ​ഗ്രേറ്റ് എ​​ഗെയ്ൻ’ എന്ന ട്രംപ് പ്രസ്ഥാനത്തെ പിരിമുറുക്കത്തിൽ ആക്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റ് യോ​ഗത്തിലുണ്ടായ സംഘ‌ർഷത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മസ്കിനെതിരെ വിമർശനങ്ങളുമായി രം​ഗത്ത് വന്നിരിക്കയാണ് ട്രംപിന്റെ മുൻ ഉപദേശകനും മാധ്യമപ്രവർത്തകനുമായ സ്റ്റീഫൻ കെ ബേനൺ. നിയമവിരുദ്ധ കുടിയേറ്റക്കാരൻ, ദുഷ്ടനായ വ്യക്തി എന്നെല്ലാം മസ്കിനെ ബേനൺ കുറ്റപ്പെടുത്തിയിരുന്നു. ട്രംപിനെ മസ്ക് അളന്ന് തൂക്കി നോക്കുകയാണെന്നും ബേനൺ ആരോപിച്ചു. ബേനൺ തന്റെ ടിവി ഷോയായ വാർ റൂമിലാണ് ഈ പരാമർശം നടത്തുന്നത്. ബേനണും മസ്കും തമ്മിൽ ദീർഘകാലമായുള്ള ശത്രുത ‘മേക്ക് അമേരിക്ക ​ഗ്രേറ്റ് എ​​ഗെയ്ൻ’ ( MAGA) എന്ന ട്രംപ് പ്രസ്ഥാനത്തെ പിരിമുറുക്കത്തിൽ ആക്കിയിരുന്നു.

ട്രംപ് ഭരണകൂടത്തിലെ പ്രധാന സ്ഥാനം വഹിക്കുന്ന മസ്കിന്റെ താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് പകരം കൂടുതൽ ജനകീയമായ അജണ്ടകൾ നടപ്പിലാക്കണമെന്ന അഭിപ്രായമുള്ള അനേകം വ്യക്തികളിൽ ഒരാളാണ് ബേനൺ. ഇരുവരേയും ഒരുമിച്ച് ചേർത്ത് കൊണ്ടുപോകാനാണ് ട്രംപ് ആ​ഗ്രഹിച്ചിരുന്നത്. മസ്കിനോടുള്ള ബേനന്റെ എതിർപ്പ് ട്രംപിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരുവരോടും സമാധാന ചർച്ചകൾ നടത്താനും മസ്കിനെതിരായ ബേനന്റെ ആക്രമണങ്ങൾ നിർത്തിവയ്ക്കാനും ഫെബ്രുവരിയിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആ ചർച്ച ഇതുവരെ നടന്നിരുന്നില്ലെന്നും ഇനി നടക്കാൻ സാധ്യതയുണ്ടോ എന്നതും സംശയമാണ്. മേക്ക് അമേരിക്ക ​ഗ്രേറ്റ് എ​​ഗെയ്ൻ എന്ന പ്രസ്ഥാനത്തിൽ ബാനനുള്ള സ്വാധീനമാണ് ട്രംപ് സന്ധിചർച്ചയ്ക്ക് ആഹ്വാനം ചെയ്യാനുള്ള കാരണമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. റിപബ്ലിക്കൻ പാർട്ടിയുടെ പുനർനിർമ്മാണ കാലം മുതൽ ബേനൺ പോപ്പുലിസത്തെക്കുറിച്ച് സംസാരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ബേനണും അനുയായികളും മസ്‌കിനെ MAGA പ്രസ്ഥാനത്തിൽ പ്രത്യയശാസ്ത്രപരമായ പങ്കില്ലാത്ത, സ്വന്തം താൽപ്പര്യങ്ങൾ മാത്രം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു അവസരവാദിയായാണ് കാണുന്നത്. ബേനന്റെ കാഴ്ചപ്പാടുകൾക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അവർ നിങ്ങളെ വംശീയവാദികളെന്നും അന്യമതസ്ഥരെന്നും തദ്ദേശീയവാദികളെന്നും വിളിച്ചു കൊള്ളട്ടെ എന്നാണ് 2018ൽ ഫ്രാൻസിൽ നടന്ന തീവ്ര വലതുപക്ഷ സമ്മേളനത്തിൽ ബാനൺ ഇതിന് മറുപടി നൽകിയത്.

ട്രംപ് ഭരണകൂടത്തിലെ ഒരു അം​ഗമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് ട്രംപിന്റെ വിമർശകനായിരുന്ന മസ്‌ക്. MAGA പ്രസ്ഥാനത്തെയും അതിന്റെ ഭാവിയെയും കുറിച്ചും മസ്ക് ചിന്തിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും ബേനൺ പറഞ്ഞു. ബേനന്റെ ആക്രമണങ്ങൾ മസ്‌കിനെ പലപ്പോഴും അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ആളുകൾ പറയുന്നു. ബേനന്റെ സഖ്യകക്ഷികൾ അദ്ദേഹം MAGA പ്രസ്ഥാനത്തിന് വേണ്ടി പോരാടുകയാണെന്ന് പറയുന്നു. കഴിഞ്ഞ മാസം കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ 2028 റിപ്പബ്ലിക്കൻ പ്രൈമറി സ്ട്രോ പോളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് പിന്നിലെത്തിയിരുന്നു ബേനൺ. 2028 ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബേനണെ നിർദ്ദേശിക്കാനുള്ള സാധ്യതയും കൂടുതലാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ബേനൺ മുഖ്യ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് ബേനണ് മസ്‌കുമായി പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന H-1B വിസകൾക്കുള്ള മസ്‌കിന്റെ പിന്തുണയോട് ബേനണ് ശക്തമായ വിയോജിപ്പുണ്ട്.  മസ്‌കിനെ പോലുള്ള ശതകോടീശ്വരന്മാരും മറ്റ് ടെക് എക്‌സിക്യൂട്ടീവുകളും ട്രംപിനെ പിന്തുണയ്ക്കുന്നതിന് മുമ്പ് ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്നതിനാൽ MAGA പ്രസ്ഥാനം ഉപേക്ഷിക്കാനുള്ള സാധ്യതയെക്കുറിച്ചും ബേനൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ട്രംപിന്റെ താരിഫ് നയങ്ങളെയും, ഗിഗാഫാക്ടറികൾക്ക് പകരം കൽക്കരി ഖനികളോടുള്ള  അഭിനിവേശത്തെയും, കുടിയേറ്റത്തെക്കുറിച്ചുള്ള കടുത്ത നിലപാടുകളെയും മസ്ക് അധിക്ഷേപിച്ചിരുന്നു.

content summary: Stephen K Bannon criticized musk on a clash at the White House where members of President Trump’s cabinet

Leave a Reply

Your email address will not be published. Required fields are marked *

×