ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപി സ്ഥാപിച്ച ഒരു പോസ്റ്ററാണ് മുകളിലെ ചിത്രത്തിലുള്ളത്. ഇടതുപക്ഷ വിദ്യാര്‍ത്ഥികളെ കാമ്പസിനുള്ളിലേക്ക് കടക്കുന്നതു തടയാനായി കേരളത്തില്‍ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ ചിത്രമാണ് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന ആയുധമാക്കിയത്. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട സത്യന്‍ എന്നയാളുടെ മൃതദേഹമാണ് ചിത്രത്തിലുള്ളതെന്നാണ് അതില്‍ പറഞ്ഞിട്ടുള്ളത്. തല വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം.
കൊന്നതിനേക്കാള്‍ ക്രൂരതയാണോ കൊലപാതകത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന ചോദ്യം ഉയരാം. പക്ഷേ ഇങ്ങനെയൊരു ചിത്രം എതിരാളികളെ നേരിടാന്‍ ആയുധമാക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമാണോ രാഷ്ട്രീയ മുതലെടുപ്പാണോ എബിവിപി ആഗ്രഹിക്കുന്നത് എന്ന ചോദ്യമുയര്‍ന്നു കഴിഞ്ഞു. എതിരാളികള്‍ ക്രൂരന്മാരാണെന്നു കാണിക്കാനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ ദാരുണമായ അന്ത്യം ഈ വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നതും.
ഇത്തരമൊരു ചിത്രം വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംഘപരിവാര്‍ എത്രത്തോളം ലക്ഷ്യം വച്ചിരിക്കുന്നു എന്നത് കൂടി വ്യക്തമാക്കാനാണ്. കേരളം തങ്ങളുടെ അടുത്ത ലക്ഷ്യമാണെന്ന് സംഘപരിവാര്‍ നേതൃത്വം തന്നെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൃത്യമായ ലക്ഷ്യമുണ്ട്.
ഡല്‍ഹി യൂണിവേഴ്സിട്ടിയില്‍ എബിവിപി അല്ലാത്ത മുഴുവന്‍ വിദ്യാര്‍ഥികളും അവര്‍ക്കെതിരെ ഒരുമിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പോസ്റ്ററിന്റെ പ്രസക്തി. ഇടത് വിദ്യാര്‍ഥി സംഘടനകളാണ് എബിവിപിക്കെതിരായ മുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കുന്നതും. ഇടത് പാര്‍ട്ടികളെ ക്യാമ്പസില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് എബിവിപിയുടെ ആവശ്യം.
രാംജാസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ‘ പ്രതിഷേധത്തിന്റെ സംസ്‌കാരങ്ങള്‍’ എന്ന സെമിനാറിനോടനുബന്ധിച്ച് എബിവിപി ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ആ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപിക്കെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അണിനിരന്നത്. ഇന്ന് അതിനു ബദലായി എബിവിപിയും വന്‍ പ്രതിഷേധമാണ് നടത്തുന്നത്.