February 14, 2025 |
Share on

ഗ്രാമിയിൽ പുതുചരിത്രമെഴുതി ബിയോൺസെ

കൺട്രി ആൽബം പുരസ്കാരം നേടി ആദ്യ കറുത്ത വർ​ഗക്കാരി

67ാമത് ​ഗ്രാമി അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ​ഗായിക ബിയോൺസെ ജെസെയിൽ
നോൾസ്. ഗ്രാമിയിൽ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ കറുത്ത വംശജ എന്ന റെക്കോർഡാണ് ബിയോൺസെ നേടിയിരിക്കുന്നത്. കൗബോയ് കാർട്ടർ എന്ന ആൽബത്തിലൂടെയാണ് പുരസ്കാര നേട്ടം.

2023ൽ ഗ്രാമി വേദിയിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ ലഭിച്ച കലാകാരിയെന്ന റെക്കോർഡ് ബിയോൺസെ നേടിയിരുന്നു. 67ാമത് ഗ്രാമിയിൽ പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ ബിയോൺസെ മൂന്ന് അവാർഡുകൾ കൂടി നേടി തന്റെ മുഴുവൻ പുരസ്കാരങ്ങളുടെ
എണ്ണം 35 ആക്കിയിരിക്കുകയാണ്. രണ്ടു വർഷം മുമ്പ് 2023 ലെ ഗ്രാമി ചടങ്ങിൽ ബിയോൺസെ 32 വിജയങ്ങളുമായി ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ കലാകാരിയായി മാറിയിരുന്നു. അന്തരിച്ച ജോർജ്ജ് സോൾട്ടിയുടെ റെക്കോർഡാണ് മറികടന്നത്. ‘റിനൈസൻസ്’ എന്ന ആൽബം സോങ്ങിനായിരുന്നു ഈ അവാർഡുകൾ ലഭിച്ചത്.

തൊണ്ണൂറുകളുടെ അവസാനത്തോടെ ഡെസ്റ്റിനീസ് ചൈൽഡ് എന്ന പെൺകുട്ടികളുടെ സംഗീത ബാൻഡിലെ പ്രധാന ഗായികയായാണ് ബിയോൺസെ മുഖ്യധാരയിലേക്കെത്തുന്നത്. ബാൻഡിന്റെ വലിയ വിജയത്തോടെ ഏകാംഗ ​ഗായിക എന്ന നിലയിൽ ആൽബങ്ങൾ ഇറക്കാൻ തുടങ്ങി. 2003 ലാണ് ബിയോൺസെയുടെ ആദ്യ ആൽബമായ ഡെയ്ഞ്ചറസ്ലി ഇൻ ലൗവ്പുറത്തിറങ്ങിയത്. ഇത് ഒരു ഗായിക എന്ന നിലയിൽ ബിയോൺസിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു.

ആൽബം ബിയോൺസെക്ക് അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ നേടികൊടുത്തു. 2008 ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ആൽബമായ ‘അയാം സാഷ ഫിയേഴ്സ്’ ബിയോൺസിന് 2010 ൽ ആറു ഗ്രാമി പുരസ്കാരങ്ങൾ നേടികൊടുത്തു.ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന ഗായിക എന്ന നേട്ടം ബിയോൺസെ സ്വന്തമാക്കി.

ലോസ് ആഞ്ചൽസിൽ വെച്ചായിരുന്നു ഇത്തവണത്തെ ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചത്. 94 വിഭാഗങ്ങളിലായിരുന്നു മത്സരം. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവ ആയിരുന്നു അവതാരകൻ. ലൊസാഞ്ചലസിലെ കാട്ടുതീ ദുരിതം അനുഭവിക്കുന്ന ജനതയെ ഓർത്ത് കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്.

ഡോയിച്ചി മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍ എന്ന ആല്‍ബമാണ് ഡോയ്ച്ചിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. റാപ്പ് ആല്‍ബത്തിനുള്ള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോയിച്ചി. സബ്രീന കാര്‍പന്ററിന്റെ ഷോര്‍ട്ട് ആന്റ് സ്വീറ്റ് ആണ് മികച്ച പോപ്പ് വോക്കല്‍ ആല്‍ബം.

Content Summary: Beyoncé made history at the Grammys; first Black woman to win the best country album
Beyonce grammy awards 2025 

×