January 18, 2025 |

ഔദ്യോഗിക പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി; ട്രംപിനെ സഹായിച്ചത് ജഡ്ജിമാരോ?

അപകടകരമായ കീഴ്‌വഴക്കമെന്ന് ബൈഡന്‍

ഡോണള്‍ഡ് ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യുഎസ് മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ പ്രോസിക്യൂഷന്‍ പരിരക്ഷയുണ്ടെന്ന സുപ്രീം കോടതി വിധി വിവാദത്തിലേക്ക്. നിലവിലെ സുപ്രിംകോടതി ജഡ്ജിമാരില്‍ മൂന്നുപേരെ നിയമിച്ചത് ട്രംപ് ആണ്. ഇത് ട്രംപിന് അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ സഹായകരമായിട്ടുണ്ടെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന ട്രംപിന് വലിയ ആശ്വാസകരമായ വിധിയാണിത്. കാപിറ്റോള്‍ കലാപം, തെരഞ്ഞെടുപ്പ് അട്ടിമറി കേസുകളിലുമടക്കം ട്രംപിന് വിധി സഹായകമാവുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റായ സമയത്തെ എല്ലാ ഇടപെടലുകള്‍ക്കും നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും നിയമവിരുദ്ധമായി സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നുമാണ് കോടതി വിധിയിലുള്ളത്.

പരിരക്ഷ ലഭിച്ച വാര്‍ത്ത അപലപിക്കുന്നുവെന്ന പ്രതികരണമാണ് ജോ ബൈഡനില്‍ നിന്നുണ്ടായത്. നടപടി ട്രംപിനെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ‘അപകടകരമായ കീഴ് വഴക്കമാണ്.

അമേരിക്കയില്‍ രാജാക്കന്മാരില്ല എന്ന തത്വത്തിലാണ് രാഷ്ട്രം സ്ഥാപിതമായിട്ടുള്ളത്. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണ്.  കുറ്റകൃത്യങ്ങളില്‍ ട്രംപ് നിയമപരമായി പിടിക്കപ്പെടാനുള്ള സാധ്യതയില്ലെന്നാണ് ഇതിനര്‍ത്ഥം. 

2021 ജനുവരി 6ന് യുഎസ് ക്യാപിറ്റലിനു നേരെ ആക്രമണം നടത്താന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിന് ട്രംപിന് ഉത്തരവാദിത്തമുണ്ട്. അതാണ് ഈ വിധി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു

അതേസമയം, നിയമനടപടികള്‍ക്ക് വിധേയമാകേണ്ട കേസുകള്‍ ഏതെന്നും അല്ലാത്തത് ഏതെന്നും തീരുമാനിക്കാന്‍ കീഴ്‌ക്കോടതികളിലേക്ക് അയക്കും. അതോടെ കേസുകളുടെ നടപടിക്രമങ്ങള്‍ ഇനിയും വൈകും. പോരാത്തതിന് കീഴ്‌കോടതി തീരുമാനങ്ങള്‍ അപ്പീലിന് വിധേയമായിരിക്കുകയും ചെയ്യും. കേസുകളിലെ വിചാരണയും ശിക്ഷാവിധിയും തെരഞ്ഞെടുപ്പിന് ശേഷമെ ആരംഭിക്കൂ. ട്രംപിന് തെരഞ്ഞെടുപ്പ് വേളയില്‍ വലിയൊരു ആശ്വാസമാണിത്. 2020 ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റാരോപണത്തില്‍ തനിക്ക് പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട ട്രംപിനെതിരെയുണ്ടായ കീഴ്‌ക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. ആദ്യമായാണ് ട്രംപിന് മുന്‍ പ്രസിഡന്റെന്ന നിലയില്‍ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കുന്നത്.

 

English Summary: Biden denounces supreme court decision on Trump immunity: ‘He’ll be more emboldened

×