ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹർജികള്‍ പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. വോട്ടർ പട്ടികയിൽ മരിച്ചെന്ന് കാണിച്ച രണ്ട് പേരെയാണ് ജീവനോടെ പൊതുപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് സുപ്രീം കോടതിയിലെത്തിച്ചത്. മരിച്ചെന്ന് പറഞ്ഞ് ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നൊഴിവാക്കിയതായി യോഗേന്ദ്ര യാദവ് അറിയിച്ചതോടെയാണ് സംഭവങ്ങൾ മറ്റൊരു തലത്തിലേക്ക് പോയത്.
സുപ്രീം കോടതിയിലെത്തിയ രണ്ട് പേരിൽ ഒരാളാണ് ബിഹാർ ആര സ്വദേശിയായ 41 കാരനായ മിൻ്റു പസ്വാൻ. താൻ തിരഞ്ഞെടുപ്പ് ഫോം പൂരിപ്പിച്ച് നൽകിയെങ്കിലും മരിച്ചതായി രേഖപ്പെടുത്തി ഒഴിവാക്കുകയായിരുന്നുവെന്ന് മിന്റു പസ്വാൻ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു.
തുടർന്ന് താൻ ഒരു ഓൺലൈൻ പരാതി നൽകുകയും സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തതായും പസ്വാൻ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ ഒരുപാട് രേഖകൾ വേണമെന്നും എന്നാൽ ഒരു രേഖയും ചോദിക്കാതെയാണ് അവർ എന്റെ പേര് നീക്കം ചെയ്തതെന്നും പസ്വാൻ പറഞ്ഞു.
ഓഗസ്റ്റ് 1 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് പാസ്വാൻ. ഇതിൽ 22 ലക്ഷം പേരെ മരിച്ചവരായി രേഖപ്പെടുത്തിയിട്ടുണ്ട്. 36 ലക്ഷം പേർ മറ്റിടങ്ങളിലേക്ക് പോവുകയോ കണ്ടെത്താതിരിക്കുകയോ ചെയ്തവരായും രേഖപ്പെടുത്തിയിട്ടുണ്ട്.
‘താൻ പരാതി നൽകിയതിന് ശേഷമാണ് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) തന്റെ വീട്ടിലേക്ക് വന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന തന്റെ സഹോദരനെ പോലും മരിച്ചതായി തെറ്റായി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപക്ഷേ തിരക്കിലായിരിക്കാം. എന്നുകരുതി ഒരാൾ മരിച്ചോ ജീവനോടെയുണ്ടോയെന്ന കാര്യം കൃത്യമായി അന്വേഷിക്കണം. 2014, 2019, 2020, 2024 വർഷങ്ങളിൽ ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. മുമ്പ് ഒരിക്കലും ബിഎൽഒ എന്റെ വീട്ടിൽ വന്നിട്ടില്ല. എന്റെ പേര് നീക്കം ചെയ്തതിനുശേഷവും ഞാൻ പരാതിപ്പെട്ടതിനുശേഷവുമാണ് അവർ വന്നത്’, പസ്വാൻ പറഞ്ഞതായി ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.
പാസ്വാനെ കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തെ നാടകം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയിൽ പറഞ്ഞത്. അബദ്ധത്തിൽ സംഭവിച്ച ഒരു പിശകായിരിക്കാം’ എന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ പരാമർശം. ‘തിരുത്താൻ കഴിയുന്ന തെറ്റായി ആണ് ഇതിനെ കാണുന്നത്. അബദ്ധത്തിൽ സംഭവിച്ച ഒരു പിശക്. എന്നാൽ നിങ്ങളുടെ പോയിന്റുകൾ നന്നായി എടുക്കുന്നു’വെന്നും ബാഗ്ചി പറഞ്ഞു.
ആരയിൽ ജീവിച്ചിരിക്കുന്ന മറ്റ് നാല് പേരെയും മരിച്ചതായി തെറ്റായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാസ്വാനെ ഡൽഹിയിലേക്ക് കൊണ്ടുവന്ന സിപിഐ (എംഎൽ) എംഎൽഎ ശിവ് പ്രകാശ് രഞ്ജൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭോജ്പൂർ ജില്ലയിലെ പഴയതും പുതിയതുമായ വോട്ടർ പട്ടികകൾ താരതമ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയതെന്നും ശിവ് പ്രകാശ് രഞ്ജൻ വിശദീകരിച്ചു. 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പ്രക്രിയ ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതിയിൽ യോഗേന്ദ്ര യാദവ് വാദിച്ചിരുന്നു. ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്നും യോഗേന്ദ്ര യാദവ് പറയുന്നതില്‍ വസ്തുതകള്‍ ഉണ്ടെന്നും ബെഞ്ച് വിലയിരുത്തിയിരുന്നു.
Content Summary: Bihar citizen declared dead and removed from voter list
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.