ബിഹാറില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ സ്ത്രീയെ ആംബുലന്‍സിനുള്ളില്‍ ബലാത്സംഗം ചെയ്തു

സംഭവത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്

ബിഹാറിലെ ബോധ്ഗയയിൽ ഹോം ഗാർഡ് റിക്രൂട്ട്മെന്റ് ഡ്രൈവിനിടെ ബോധരഹിതയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിനയ് കുമാർ, അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 24-നാണ് കേസിനാസ്പദമായ സംഭവം. കായികക്ഷമതാ പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. യാത്രാമധ്യേ വാഹനത്തിനുള്ളിൽ വെച്ച് ഡ്രൈവറും മറ്റൊരു ജീവനക്കാരനും ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പിന്നീട് പോലീസിന് മൊഴി നൽകി.

പരാതി ലഭിച്ചയുടൻ ഗയ എസ്.എസ്.പി. സിറ്റി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. യുവതിയുടെ വൈദ്യപരിശോധന റിപ്പോർട്ട്, മൊഴി, സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതികളെ രണ്ട് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഗയ ജില്ലയിലെ ഉട്രെൻ ഗ്രാമത്തിൽ താമസിക്കുന്ന ആംബുലൻസ് ഡ്രൈവർ വിനയ് കുമാറും, നളന്ദ ജില്ലയിലെ ചന്ദ്പൂർ ഗ്രാമക്കാരനായ ടെക്നീഷ്യൻ അജിത് കുമാറുമാണ് പ്രതികൾ. അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം സമർപ്പിക്കുമെന്നും അതിവേഗ വിചാരണ ഉറപ്പാക്കുമെന്നും ഗയ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കടന്നാക്രമിച്ച്  പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട്, ബിഹാറിലെ ഭരണത്തെ ‘രാക്ഷസ ഭരണം’ എന്നും ‘മോദി-നിതീഷിന്റെ ദുർഭരണം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും വർധിക്കുമ്പോഴും മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമ്മമാരുടെയും പെൺകുട്ടികളുടെയും അന്തസ്സ് ലംഘിക്കപ്പെടുമ്പോൾ നിതീഷ് കുമാറും അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടിമാരും പുലർത്തുന്ന മൗനം കുറ്റകരമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാത്ത ആളുകൾ കടുത്ത ജാതിവാദികളും പക്ഷപാതികളുമാണെന്ന് അദ്ദേഹം ആരോപിച്ചു. മോദി-നിതീഷ് ഭരണത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

content summary: Bihar, Woman who fainted during recruitment drive ‘raped’ inside ambulance; two arrested

This post was last modified on July 26, 2025 2:38 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment