July 14, 2026 |
Share on

ശ്മശാനത്തിലേക്ക് പോകാന്‍ വഴിയില്ല, ദളിത് വൃദ്ധയ്ക്ക് റോഡില്‍ ചിതയൊരുക്കി

പരമ്പാരഗത വഴിയില്‍ കടകളും മറ്റു നിര്‍മാണങ്ങളും വന്നതോടെയാണ് നാട്ടുകാര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായത്

മൃതദേഹം ശ്മശാനത്തിലേക്ക കൊണ്ടു പോകാന്‍ വഴിയടഞ്ഞതോടെ ഒരു ദളിത് വൃദ്ധയുടെ സംസ്‌കാരം നടന്നത് റോഡില്‍! ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നാണ് ഈ നിര്‍ഭാഗ്യകരമായ വാര്‍ത്ത. കുടുംബങ്ങള്‍ക്ക് ശ്മശാനത്തിലേക്ക പോകാനുള്ള വഴി തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മഹാദളിത് വിഭാഗത്തില്‍പ്പെട്ട 91 കാരിയുടെ മൃതദേഹം റോഡില്‍ വെച്ച് സംസ്‌കരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഈ സംഭവം നടന്നത്.

ഗോരൗള്‍ ബ്ലോക്കില്‍ താമസിച്ചിരുന്ന ചംകി ദേവി എന്ന വയോധികയുടെ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. ശ്മശാനത്തിലേക്കുള്ള പരമ്പരാഗത വഴി കയ്യേറി അവിടെയുള്ള പ്രാദേശിക വ്യാപാരികള്‍ കടകള്‍ നിര്‍മ്മിച്ചതോടെ, ശ്മശാനത്തിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ കുടുംബത്തിന് സാധിച്ചില്ല.

കടയുടമകളോട് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും വഴി തുറന്നു നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്ന് ചംകി ദേവിയുടെ മകന്‍ സഞ്ജീത് മാഞ്ചി പറഞ്ഞു. മറ്റ് വഴികളില്ലാത്തതിനാലാണ് റോഡില്‍ വെച്ച് തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്തേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്മശാനത്തിലേക്കുള്ള വഴി വര്‍ഷങ്ങളായി ഒരു ക്ഷേത്രവും മറ്റ് കെട്ടിടങ്ങളും കാരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഇത് സ്ഥിരമായി തടസ്സം സൃഷ്ടിക്കാറുണ്ടെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വൈശാലി ജില്ലാ മജിസ്ട്രേറ്റ് വര്‍ഷ സിംഗ് സ്ഥലത്തെത്തി പരിശോധന നടത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

നേരത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെയാണ് ആളുകള്‍ ശ്മശാനത്തിലേക്ക് പോയിരുന്നത്. എന്നാല്‍ ഭൂവുടമകള്‍ അവിടെ കടകള്‍ പണിതതോടെ ഈ കാല്‍നടപ്പാത പൂര്‍ണ്ണമായും അടഞ്ഞുപോയി എന്നാണ് പരിശോധനയ്ക്കു ശേഷം ജില്ല മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചത്.

പ്രശ്‌നപരിഹാരത്തിനായി ഭൂവുടമകളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഭൂവുടമകള്‍ സമ്മതപത്രം നല്‍കുകയാണെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ ശ്മശാനത്തിലേക്ക് പുതിയ വഴി നിര്‍മ്മിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. നാട്ടുകാര്‍ ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. വീഴ്ച വരുത്തിയ പ്രാദേശിക ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.

ചംകി ദേവിയുടെ കുടുംബത്തിന് അര്‍ഹമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ വഴി നല്‍കിവരികയാണെന്നും, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വര്‍ഷ സിംഗ് വ്യക്തമാക്കി.

Content Summary; Denied access to the cremation ground, 91 year old Mahadalit woman was cremated at a road intersection in Bihar.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×