UPDATES

കാക്കകളിലും പക്ഷിപ്പനി

ഭയവും പ്രതിരോധവുമായി ഒരു നാട്

                       

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ച് താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിന് പിന്നാലെയാണ് ജില്ലയിൽ കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 10-ാം വാർഡിലെ ഫാമിലെ കോഴികൾക്കും, ചേർത്തല മുനിസിപ്പാലിറ്റിയിലെ 15-ാം വാർഡിലും, മുഹമ്മ പഞ്ചായത്തിലെ നാലാം വാർഡിലെ കോഴികളിലും കാക്കകളിലുമാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷിപ്പനി ആശങ്ക ഉണർത്തുന്നതാണെന്നും ജനങ്ങൾ ആശങ്കയിലാണെന്നുമാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ 15-ാം വാർഡ് കൗൺസിലർ അനൂപ് ചാക്കോ പറയുന്നത്.

‘ നിലവിൽ കോഴികൾക്ക് മാത്രമാണ് വാർഡിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവർ അത്യന്തം ആശങ്കാകുലരാണ്. രോഗം ബാധിച്ച കോഴികളെയും താറാവുകളെയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. കുരിക്കാച്ചിറ വാർഡിലെ ഫാമിലാണ് ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. കർഷകർക്ക് വലിയ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ കൂട്ടത്തോടെ പക്ഷികൾ ചത്തൊടുങ്ങിയതിനെ തുടർന്ന്, മൃഗസംരക്ഷണ വകുപ്പ് (എഎച്ച്ഡി) ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് (എൻഐഎച്ച്എസ്എഡി) സാമ്പിളുകൾ പരിശോധനയ്ക്കയച്ചിരുന്നു , ജൂൺ 13 വ്യാഴാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ വർഷം ഏപ്രിൽ മുതൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 17 സ്ഥലങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ മാത്രം 12 ഇടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്’ എന്നാണ് അനൂപ് പറയുന്നത്.’

പക്ഷിപ്പനി പ്രതിരോധത്തിന് വേണ്ട മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും പഞ്ചായത്തിൽ നടപ്പിലാക്കുന്നതോടൊപ്പം ജനങ്ങൾക്ക് ബോധവത്കരണവും നൽകുന്നുണ്ട്, എന്നാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ പറയുന്നത്.

പക്ഷിപ്പനി മൂലം കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് മുഹമ്മ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറായ സി ഡി വിശ്വനാഥൻ പറയുന്നത്.

‘ കോഴികൾ ചാകാൻ തുടങ്ങിയപ്പോൾ തന്നെ പരിശോധനകൾ നടത്തിയിരുന്നു. പക്ഷെ, അന്ന് വന്ന ഫലങ്ങളിൽ പക്ഷിപ്പനി അല്ല എന്നാണ് കണ്ടെത്തിയത്,  പിന്നീട്  നടത്തിയ പരിശോധനകളിൽ പക്ഷിപ്പനി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെയായിരുന്നു  കാക്കകൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്, തുടർന്ന് നടത്തിയ പരിശോധനകളിൽ കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്, ആരോഗ്യ വകുപ്പിൽ നിന്ന് അധികൃതർ വരികയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ വാർഡിലെ സാനിറ്റൈസേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പക്ഷിപ്പനി ബാധിച്ച കോഴികളെ കൂട്ടത്തോടെ കൊന്നുകൊണ്ടുള്ള രോഗ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കാക്കകളിലെ രോഗത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉളള പക്ഷികളുടെ എണ്ണം എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കായപ്പുറത്തുള്ള ചെറിയ ഫാമിലാണ് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടുള്ള ജനങ്ങളുടെ പ്രധാന ഉപജീവന മാർഗമാണ് കോഴിയും താറാവ് വളർത്തലും. പക്ഷിപ്പനി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം അവർക്ക് താങ്ങാനാകുന്നതിനും അപ്പുറമാണ്. തൊഴിൽ മേഖല തന്നെ സ്തംഭിച്ചു എന്ന തരത്തിലുളള അവസ്ഥയാണ്. പലയിടത്ത് നിന്നും വായ്‌പയും കടം മേടിച്ചുമാണ് പലരും ഫാം നടത്തുന്നത് ഇതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. പലരും നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.

പക്ഷിപ്പനി ബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിൽ കോഴി, താറാവ് മറ്റു പക്ഷികളെ വളർത്തുന്നവർ കർശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമ ഡിസീസസിലെ വിദഗ്ധ സംഘത്തെ ഉൾപ്പെടുത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

content summary : bird flu in alappuzha misery of farmers

Share on

മറ്റുവാര്‍ത്തകള്‍