June 13, 2026 |
Share on

യു എസ് ജന്മാവകാശ പൗരത്വം; ഫെഡറല്‍ ജഡ്ജിമാരുടെ അധികാരം കുറച്ച് സുപ്രിം കോടതി

കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്ക, ‘ വലിയ വിജയം അവകാശപ്പെട്ട് ട്രംപ്‌

കീഴ്‌ക്കോടതികളെക്കാള്‍ നിയന്ത്രിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താത്പര്യം കാണിച്ച് അമേരിക്കന്‍ സുപ്രിം കോടതി. പൗരത്വ വിഷയത്തില്‍ ട്രംപിന് പ്രധാന തടസമായിരുന്നത് ഫെഡറല്‍ കോടതികളായിരുന്നു. ട്രംപിന്റെ പല നീക്കങ്ങളും ഫെഡറല്‍ ജഡ്ജിമാര്‍ തടഞ്ഞിരുന്നു. ഇതിന് ബദലായി, ഫെഡറല്‍ കോടതികളുടെ അധികാരം പരിമിതപ്പെടുത്താനായിരുന്നു ട്രംപിന്റെ ശ്രമം. ആ ശ്രമങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സുപ്രിം കോടതി.

ജന്മാവകാശ പൗരത്വ നിരോധനം തടയുന്ന കീഴ്‌ക്കോടതി ഉത്തരവുകള്‍ പരിമിതപ്പെടുത്താനുള്ള പ്രസിഡന്റിന്റെ ശ്രമത്തെ പിന്താങ്ങുന്ന തരത്തില്‍, ഫെഡറല്‍ ജഡ്ജിമാരുടെ അധികാരം നിയന്ത്രിക്കുന്ന ഉത്തരവാണ് സുപ്രിം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രസിഡന്റിന്റെ അധികാരത്തെയും ജുഡീഷ്യല്‍ മേല്‍നോട്ടത്തെയും സംബന്ധിക്കുന്ന സുപ്രധാന വിധി ട്രംപ് ഭരണകൂടത്തിന് അനുകൂലമായി 6-3 എന്ന ഭൂരിപക്ഷത്തിനാണ് സുപ്രിം കോടതി പുറപ്പെടുവിച്ചത്. എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ വിവിധ വശങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപകമായ സ്റ്റേ ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള ഫെഡറല്‍ ജില്ലാ കോടതികളുടെ അധികാരത്തെ ഈ വിധി പരിമിതപ്പെടുത്തുകയാണ്.

യുഎസ് ഫെഡറല്‍ കോടതികള്‍ക്ക് പ്രസിഡന്റിന്റെ അധികാരം എങ്ങനെ നിയന്ത്രിക്കാമെന്നതിലാണ് സുപ്രിം കോടതി അടിസ്ഥാനപരമായ മാറ്റം വരുത്തിയിരിക്കുന്നത്. മുമ്പ്, രാജ്യത്തെ 94 ജില്ലാ കോടതികളിലെ 1,000-ത്തിലധികം ജഡ്ജിമാരില്‍ ആര്‍ക്കും(വിചാരണകളും പ്രാരംഭ വിധികളും കൈകാര്യം ചെയ്യുന്ന ഫെഡറല്‍ കോടതിയുടെ ഏറ്റവും താഴ്ന്ന തലം) 50 സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാര്‍ നയങ്ങളും ഉത്തരവുകളും ഉടനടി നിര്‍ത്തലാക്കുന്നതരത്തില്‍ രാജ്യവ്യാപകമായ നിരോധനം പുറപ്പെടുവിക്കാന്‍ അധികാരം ഉണ്ടായിരുന്നു. സര്‍വാത്രികമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിലൂടെ അമേരിക്കന്‍ കോണ്‍ഗ്രസ് ഫെഡറല്‍ കോടതികള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരത്തിന്റെ അമിത ഉപയോഗമാണ് നടക്കുന്നതെന്നായിരുന്നു സുപ്രിം കോടതിയിലെ യഥാസ്ഥിതിക ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സുപ്രിം കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്, കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രത്യേക കക്ഷികള്‍ക്ക്(ഉദാഹരണത്തിന് കേസ് നല്‍കിയ സംസ്ഥാനങ്ങള്‍, അല്ലെങ്കില്‍ എന്‍ജിഒകള്‍) മാത്രമേ കോടതി ഉത്തരവുകള്‍ ബാധകമാകൂ എന്നാണ്.

എന്നാലും, ഈ വിധി ട്രംപിന്റെ ജന്മാവകാശ പൗരത്വ നയത്തിന്റെ വിജയമായി ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. കാരണം. കുടിയേറ്റക്കാരുടെ മക്കളായി അമേരിക്കയില്‍ ജനിച്ച കുട്ടികളുടെ പൗരത്വം നിഷേധിക്കപ്പെടുമോ എന്നതിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് കോടതി അഭിപ്രായം പറഞ്ഞിട്ടില്ല. ജന്മാവകാശ പൗരത്വ അവകാശങ്ങള്‍ റദ്ദാക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ഉത്തരവിന് ഇപ്പോഴത്തെ വിധിയില്‍ വ്യക്തത വരുത്തിയിട്ടില്ല. പക്ഷേ, ട്രംപ് ഈ വിധി തന്റെ ‘ വലിയ വിജയം’ ആയി ആഘോഷിക്കുകയാണ്.

ജസ്റ്റിസ് ആമി കോണി ബാരറ്റ് എഴുതിയ വിധിയില്‍ ജന്മാവകാശ പൗരത്വം നിരോധിക്കണമെന്ന ട്രംപിന്റെ നയം ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ അനുവാദം നല്‍കിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ നയത്തിന്റെ നിയമസാധുതയെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് ട്രംപ് നയത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

എങ്കിലും, സുപ്രിം കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന പുതിയ ഉത്തരവ് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ട്രംപിന്റെ ജന്മാവകാശ പൗരത്വ നയം നടപ്പാക്കുന്നത് തടയാനായി നിയമവഴികള്‍ തേടാനുള്ള തിടുക്കത്തിലാണ് കുടിയേറ്റ സഹായ ഗ്രൂപ്പുകള്‍. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുള്ള കാസ, അസൈലം സീക്കര്‍ അഡ്വക്കസി പ്രോജക്റ്റ് (അസാപ്) എന്നിവയുള്‍പ്പെടെയുള്ള കുടിയേറ്റ അഭിഭാഷക ഗ്രൂപ്പുകള്‍, ജന്മാവകാശ പൗരത്വ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് മേരിലാന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജിക്ക് മുന്നില്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ സ്ഥിരതാമസക്കാരാകുന്നതിന് ആവശ്യമായ പെര്‍മനന്റ് ലീഗല്‍ സ്റ്റാറ്റസ് ഇല്ലാത്ത കുടിയേറ്റ കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്കും, ആ കുടുംബങ്ങളിലുള്ള ഗര്‍ഭിണികള്‍ക്കും സംരക്ഷണം നല്‍കണമെന്നാണ് അഭിഭാഷക സംഘടനകളുടെ ആവശ്യം.  Trump’s Birthright Citizenship Ban Order, Supreme Court limited Federal Judges power 

Content Summary; Trump’s Birthright Citizenship Ban Order, Supreme Court limited Federal Judges power

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×