നവരാത്രി അഥവാ മഹാനവരാത്രി എന്ന സംസ്കൃത പദത്തിന്‍റെ അര്‍ത്ഥം ഒന്‍പത് രാത്രികള്‍ എന്നാണ്. ഇതില്‍ തന്നെ അവസാന മൂന്ന് ദിവസങ്ങള്‍ ആണ് ഏറ്റവും വിശേഷം. ഇവ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കേരളത്തില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് സരസ്വതി പൂജയ്ക്ക് പ്രാധാന്യം നല്‍കുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻ്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്‍റെ സന്ദേശം. പൊതുവേ ദുര്‍ഗ്ഗയെ വിവിധ ഭാവങ്ങളില്‍ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന് പറയാം.
പ്രാദേശിക ഭേദങ്ങള്‍ക്കനുസരിച്ച് നവരാത്രി ആഘോഷം വ്യത്യസ്തമാണ്. കേരളത്തില്‍ പൂജവെപ്പും വിദ്യാരംഭവും, തമിഴ്നാട്ടില്‍ കൊലുവെയ്പ്പ്, കര്‍ണാടകയില്‍ ദസറ, കൊല്ലൂര്‍ മൂകാംബികയില്‍ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗ്ഗാപൂജ, അസമില്‍ കുമാരീ പൂജ, ശ്രീവിദ്യാ ഉപാസകര്‍ക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങള്‍. ചിലര്‍ നവരാത്രി നാളുകളില്‍ വ്രതം അനുഷ്ഠിക്കുന്നു.

രാവണനെ ആരാധിക്കുന്ന ബിസ്റാക്കിലെ ശിവക്ഷേത്രം
രാവണന്‍ രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. ശ്രീരാമനും ലക്ഷ്മണനും പോലെ തന്നെ രാവണന്‍റെ ജീവിതവും അറിഞ്ഞിരിക്കേണ്ടതാണ്. ശ്രീരാമനും ലക്ഷമണനും ജനിച്ചത് അയോധ്യയിലാണെന്നാണ് വിശ്വാസം. വിജയദശ്മി നാളില്‍ രാവണനെ ശ്രീരാമന്‍ വധിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിജയദശ്മി എന്നത് നവരാത്രിയുടെ അവസാന ദിവസമാണ്. നവരാത്രി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നത് രാവണനെയാണ്. ദസറ എന്ന ആഘോഷം വലിയ വിപുലമായാണ് വടക്കേ ഇന്ത്യയില്‍ ആഘോഷിക്കുന്നത്. ശ്രീരാമന്‍ രാവണനു മേല്‍ നേടിയ വിജയമാഘോഷിക്കുന്ന ഉത്സവമാണ് ദസറ.
വടക്കേ ഇന്ത്യയില്‍ രാമലീല എന്നും ദസറയെ പറയാറുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് വടക്കേ ഇന്ത്യയില്‍ ദസറ ആഘോഷം വലിയ വിപുലമായാണ് നടക്കുന്നത്. രാമന്‍റെയും സീതയുടെയും കഥയായ രാമായണം പല പ്രദേശങ്ങളിലും നാടകമായി അവതരിപ്പിക്കുക പതിവാണ്. രാവണന്‍റെയും കുംഭകര്‍ണ്ണന്‍റെയും ഇന്ദ്രജിത്തിന്‍റെയും കോലങ്ങള്‍ക്ക് അവസാന ദിവസം പടക്കങ്ങള്‍ നിറച്ച് തീകൊളുത്തി പൊട്ടിക്കുന്നത് ഒരു പ്രധാന ആഘോഷമായി തന്നെ വടക്കേ ഇന്ത്യയില്‍ ഉണ്ട്. ദസ് എന്നാൽ ഹിന്ദിയിൽ പത്ത് എന്നാണഅ. ദസറ എന്നു പറഞ്ഞാല്‍ 10 ദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണസിയിലൊക്കെ ദസറ 30 ദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച ചടങ്ങുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു. 10 തലയുള്ള രാവണനെ തോല്‍പ്പിച്ചതിനാലാണ് ദസറ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.

ശിവക്ഷേത്രം
തെക്കേ ഇന്ത്യയില്‍ ദസറയ്ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. ഹിന്ദു ഐതിഹ്യത്തില്‍ ചാമുണ്ഡേശ്വരി ദേവി അതായത് ദുര്‍ഗ മഹിഷാസുരനെ വധിച്ച ദിവസത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ദസറ ആഘോഷിക്കുന്നത്. ഒമ്പത് രാത്രികളില്‍ നവരാത്രിയും അവസാന ദിവസം വിജയദശമിയും ആഘോഷിക്കുന്ന പതിവാണ് തെക്കേ ഇന്ത്യയില്‍ ഉള്ളത്. മൈസൂരില്‍ നടക്കുന്ന ദസറ ആഘോഷങ്ങള്‍ തെക്കേ ഇന്ത്യയില്‍ വളരെ പ്രശസ്തമാണ്.
ദസറയെക്കുറിച്ച് ഒട്ടേറെ കഥകള്‍ സമൂഹത്തിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ദസറയുടെ പ്രധാന കഥാപാത്രമായ രാവണന്‍റെ ജന്മഭൂമിയിലേക്ക് ഒരു യാത്ര പോകേണ്ട ഒരു സാഹചര്യം ഉണ്ടായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ രാവണ ജന്‍മഭൂമി പുതിയ അറിവായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ദൂരത്താണ് ബിസ്റാക്ക് ഗ്രാമം.
വലിയ കെട്ടിടങ്ങള്‍, മികച്ച സൗകര്യങ്ങളോടുകൂടിയ വലിയ റോഡുകള്‍, സ്ഥലം ഇന്ത്യ തന്നെയാണോ എന്ന് സംശയം തോന്നിക്കുന്ന ചുറ്റുപാടുകളാണ് ഗ്രേറ്റര്‍ നോയിഡയില്‍ ഉള്ളത്. ജിപിഎസിന്‍റെ സഹായത്താല്‍ അതിവേഗം പറഞ്ഞ വാഹനം ഒരു ഗ്രാമത്തിലേക്കാണ് കേറിയത്. വികസനം അത്രകണ്ട് കടന്നു വന്നിട്ടില്ലാത്ത ഒരു തനി വടക്കേ ഇന്ത്യ ഗ്രാമം. റോഡുകള്‍ പക്ഷേ കോണ്‍ക്രീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയുള്ള കടകള്‍ക്കെല്ലാം രാവണന്‍റെ പേരുകളായിരുന്നു. പെട്ടിക്കിടകളും ബാര്‍ബര്‍ ഷോപ്പുകളും പ്രോപ്പര്‍ട്ടി ഡീലേഴ്സും രാവണന്‍ എന്ന പേര് ചേര്‍ത്തുള്ള ബോര്‍ഡുകള്‍ കൊണ്ട് അലങ്കൃതമായിരുന്നു.

ഒട്ടും വികസിക്കാത്തതും, ചുറ്റിനും ആധുനിക കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു ഗ്രാമമാണ് ബസ്റാക്ക്. ഇനി അല്‍പം പുരാണ കഥയാകാം. ബ്രഹ്മാവിന്‍റെ മാനസപുത്രന്‍മാരായ സനത്കുമാരന്മാര്‍ ഒരിക്കല്‍ വൈകുണ്ഠം സന്ദര്‍ശിച്ചപ്പോള്‍ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ ദ്വാരപാലകരായ ജയവിജയന്മാര്‍ അവരെ തടഞ്ഞുനിര്‍ത്തി. ഇതില്‍ കോപിച്ച് സനത് കുമാരന്‍മാര്‍ അവരെ മൂന്നു ജന്‍മം അസുരന്‍മാരായി ഭൂമിയില്‍ പിറക്കുമെന്ന് ശപിച്ചു. ഈ മൂന്നു ജന്‍മങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും സന്നത്കുമാരന്‍മാര്‍ ശപിച്ചു. ഈ ശാപത്താല്‍ ആദ്യത്തെ ജന്‍മം അവര്‍ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജന്‍മം ഇവര്‍ രാവണനും കുംഭകര്‍ണ്ണനും ആയി പിറന്നു. രാമാവതാരത്തില്‍ ഇവര്‍ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം കംസനും ശിശുപാലനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തില്‍ ഇവരും നിഗ്രഹിക്കപ്പെട്ടു.
വിശ്രവസ്സ് എന്ന ബ്രാഹ്മണമുനിയുടെ മകനായാണ് രാവണന്‍ ജനിച്ചത്. വിശ്രവസ്സ് മുനി ശിവ ഭക്തനായിരുന്നു. അദ്ദേഹം പൂജകള്‍ നടത്തുന്നതിനായി സ്ഥാപിച്ച ശിവക്ഷേത്രം ഈ ഗ്രാമത്തിലുണ്ട്. വിശ്രവസ്സ് മുനിയുടെ നാടായതിനാലാണ് ഇവിടം ബിസ്റാക്ക് എന്ന് അറിയപ്പെടുന്നത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്‍റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്‍റെ മകള്‍ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാള്‍ ശക്തികുറഞ്ഞവര്‍ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയില്‍ തിരഞ്ഞ് ഒടുവില്‍ വിശ്രവസ്സിനെ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണന്‍ ഭാഗികമായി അസുരനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.

ക്ഷേത്രത്തിൻ്റെ ഉൾഭാഗം
രാവണന്‍റെ ജന്മസ്ഥലം ഉത്തര്‍പ്രദേശിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെ ബിസ്റാക്ക് എന്ന ഗ്രാമമാണെന്നുള്ളത് ചരിത്രപരമായി ജനങ്ങള്‍ വിശ്വസിക്കുന്ന ഒന്നാണ്- ബിസ്റാക്ക് ഗ്രാമത്തിലാണ് രാവണന്‍ ജനിച്ച് വളര്‍ന്നതെന്ന് കാലങ്ങളായി ജനങ്ങള്‍ വിശ്വസിക്കുന്നു. രാമജന്‍മ ഭൂമിയിലെ പോലെയോ, കൃഷ്ണ ജന്‍മ ഭൂമിയിലോ ഉണ്ടാകുന്ന ഭക്തര്‍ ഇവിടെ ഇല്ല. ദസറ അഥവാ നവരാത്രിയുടെ കാലത്ത് വടക്കേ ഇന്ത്യയില്‍ എല്ലാം 10 തലകള്‍ ഉള്ള രാവണന്‍റെ രൂപം കത്തിക്കുക പതിവാണ്. എന്നാല്‍ നവരാത്രിയുടെ അവസാന ദിവസം രാവണനെ കത്തിക്കാത്ത ഒരേയൊരു ഗ്രാമമാണ് രാജ്യത്തുള്ളത്. അത് രാവണ ജന്മഭൂമിയായ ഗ്രേറ്റര്‍ നോയിഡയിലെ ബിസ്റാക്ക് എന്ന ഗ്രാമമാണ്. അന്ന് രാജ്യത്താകമാനം രാവണന്‍റെ രൂപം കത്തിക്കുമ്പോള്‍ ഈ ഗ്രാമത്തിലുള്ളവര്‍ രാവണന്‍റെ ആത്മാവിന് ശാന്തി നേടുന്നതിന് വേണ്ടി പ്രത്യേക പൂജകളാണ് നടത്തുന്നത്. ബിസ്റാക്കിലെ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഭക്തജനങ്ങളുടെ വലിയ തിരക്കും ഉണ്ടാവുക പതിവ് കാഴ്ചയാണ്.
നവരാത്രി നാളില്‍ രാവണനെ വീരാരാധന നടത്തുന്ന ഒരു പ്രദേശമാണ് ബിസ്റാക്ക് ഗ്രാമം. ഈ ഗ്രാമത്തില്‍ ദസറയില്‍ എല്ലാ ഗ്രാമീണരും രാവണനെ പൂജിക്കുന്നു എന്നുള്ളത് എടുത്തുപറയണം. ബിസ്റാക്കിലെ ശിവക്ഷേത്രത്തിലെ പൂജകള്‍ക്കായി മുരളീധരന്‍ ചേട്ടനേയും ഗീത ചേച്ചിയേയും കൂട്ടി ശിവക്ഷേത്രത്തിലേയ്ക്ക് പോയത് അവിടുത്തെ അത്ഭുതം നേരില്‍ കാണുവാനാണ്. അവിടെയുള്ള ഒരു പ്രത്യേകത ശിവക്ഷേത്രത്തിലെ ശിവലിംഗത്തിലേക്ക് ഭക്തര്‍ ഒഴിക്കുന്ന ജലം വറ്റുന്നില്ല എന്നുള്ളതാണ്. അങ്ങനെയാണ് ഗ്രാമത്തിലുള്ളവര്‍ വിശ്വസിക്കുന്നത്. വീണ്ടും ഒരു ദസറ വരുമ്പോള്‍ ബിസ്റാക്ക് എന്ന ഗ്രാമത്തെ ഓര്‍ക്കുന്നത് നല്ലതാണ്. രാവണന്‍റെ ജന്മഭൂമിയായി ബിസ്റാക്കാണെന്ന ഒരു വിഭാഗം ജനങ്ങളുടെ വിശ്വസത്തിന് നമുക്കും സാക്ഷിയാവാം. തലസ്ഥാനത്തിന് തൊട്ടടുത്ത് കിടക്കുന്ന ഗ്രേറ്റര്‍ നോയിഡയുടെ അടുത്തുള്ള ബിസ്റാക്ക് എന്ന ഗ്രാമം പുരാണങ്ങളിലെ ഒരിടം ആണെന്ന് നമുക്ക് തിരിച്ചറിയാം.
Content Summary: Bisrakh unique village where Ravana is worshipped. Unlike most of India where Ravana is burned on Dussehra, people in Bisrakh perform pujas and rituals for his soul’s peace
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.