തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വാക്‌പോര് രൂക്ഷമാകുന്നു. ഡിഎംകെയും ബിജെപി-എഐഎഡിഎംകെ സഖ്യവും തമ്മിലുള്ള പോരാട്ടം ആശയങ്ങളില്‍ നിന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ ചെന്നൈയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും പുറത്തുവരുന്നത്.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ കോയമ്പത്തൂരില്‍ നടത്തിയ പ്രസംഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കുമെന്നത് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമര്‍ശവുമായാണ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ പിതാവ് വന്നാല്‍ പോലും ഡിഎംകെ ഭയപ്പെടില്ലെന്ന ഉദയനിധിയുടെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനോടും ബിജെപിയോടുമുള്ള പാര്‍ട്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കാനാണെങ്കിലും, അത് വ്യക്തിപരമായ അധിക്ഷേപമാണെന്ന വിമര്‍ശനം ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ പദ്ധതികളെ ജനങ്ങള്‍ കാത്തിരിക്കുന്നുവെന്നും താരതമ്യം ചെയ്തുകൊണ്ട് ഭരണപക്ഷത്തെ പ്രതിരോധിക്കാനാണ് ഉദയനിധി ശ്രമിച്ചത്. എന്നാല്‍ ഇത് ഡിഎംകെ ക്ക് തന്നെ പ്രതികൂലമാകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
”മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം നോട്ട് നിരോധനം പോലെയുള്ള പ്രഖ്യാപനങ്ങള്‍ വരുമോ എന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ടിവിയില്‍ വന്നാല്‍ ജനങ്ങള്‍ സന്തോഷത്തിലാണ്. തമിഴ്നാടിന്റെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പോരാടും. മോദിയെ ഞങ്ങള്‍ക്ക് ഭയമില്ല, അദ്ദേഹത്തിന്റെ പിതാവ് വന്നാലും ഡിഎംകെ ഭയപ്പെടില്ല,” ഉദയനിധി പറഞ്ഞു.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച ഉദയനിധി, പത്ത് തവണ പരാജയം ഏറ്റുവാങ്ങിയ പളനിസ്വാമിയെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്തു. പളനിസ്വാമിയെ ‘പരാജയപ്പെട്ട നേതാവ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നിരയിലെ വിള്ളലുകള്‍ മുതലെടുക്കാനാണ് ഉദയനിധി സ്റ്റാലിന്‍ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ബിജെപിയുടെ പ്രതിരോധവും തിരിച്ചടിയും
ഉദയനിധിയുടെ വാക്കുകള്‍ക്കെതിരെ ബിജെപി ദേശീയ നേതൃത്വം ആസൂത്രിതമായ രീതിയിലാണ് പ്രതികരിക്കുന്നത്. ഷെഹ്സാദ് പൂനവല്ലയും എന്‍. രാംചന്ദര്‍ റാവുവും ഉദയനിധിയുടെ പ്രസ്താവനയെ കേവലം രാഷ്ട്രീയ വിമര്‍ശനമായല്ല, മറിച്ച് പ്രധാനമന്ത്രിയുടെ പശ്ചാത്തലത്തോടുള്ള അനാദരവായാണ് ചിത്രീകരിക്കുന്നത്. പ്രധാനമന്ത്രി ഒരു പിന്നാക്ക സമുദായത്തില്‍ നിന്നുള്ള വ്യക്തിയായതിനാലാണ് ഇന്ത്യാ സഖ്യം അദ്ദേഹത്തിന്റെ മാതാപിതാക്കളെ ലക്ഷ്യം വയ്ക്കുന്നതെന്ന ബിജെപിയുടെ ആരോപണം വലിയ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് തിരഞ്ഞെടുപ്പില്‍ ഒരു വൈകാരിക വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുമെന്നുറപ്പാണ്.
അതേസമയം, ഡിഎംകെയെ ‘വിവേകവും ധാര്‍മ്മികതയുമില്ലാത്ത പ്രസ്ഥാനം’ എന്ന് വിശേഷിപ്പിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല രംഗത്തെത്തി. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നടത്തിയ ഷര്‍ട്ടില്ലാതെ നടത്തിയ പ്രതിഷേധത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധര്‍മ്മ’ പരാമര്‍ശത്തെയും പൂനവല്ല പരാമര്‍ശിച്ചു. സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന ഉദയനിധിയുടെ 2024-ലെ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടി, ഡിഎംകെയുടെ രാഷ്ട്രീയ നിലവാരത്തകര്‍ച്ചയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”നേരത്തെ ഹിന്ദുക്കള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത ഉദയനിധി, ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പരേതനായ പിതാവിനെപ്പോലും അധിക്ഷേപിക്കുകയാണെന്ന്’ അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഒരു ഒബിസി സമുദായത്തില്‍ നിന്നുള്ള നേതാവായതിനാലാണ് ഇന്ത്യാ സഖ്യം അദ്ദേഹത്തിന്റെ മാതാപിതാക്കളെ നിരന്തരം ലക്ഷ്യം വയ്ക്കുന്നതെന്നും, ഇതിനോടകം നൂറ്റമ്പതിലേറെ തവണ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും” പൂനവല്ല അവകാശപ്പെട്ടു.
ബിജെപി തെലങ്കാന യൂണിറ്റ് അധ്യക്ഷന്‍ എന്‍. രാംചന്ദര്‍ റാവുവും ഉദയനിധിക്കെതിരെ വിമര്‍ശനവുമായി പൂനവല്ലയ്‌ക്കൊപ്പം ചേര്‍ന്നു. ഇത്തരം പ്രസ്താവനകള്‍ തമിഴ്നാട് ഭരണകക്ഷിയുടെ നിരാശയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേരിടാന്‍ പോകുന്ന പരാജയ ഭീതിയാണ് ഇത്തരം തരംതാണ വ്യക്തിഹത്യകള്‍ക്ക് പിന്നിലെന്നും റാവു കൂട്ടിച്ചേര്‍ത്തു.
”തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം രണ്ട് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഭരണകക്ഷിയായ ഡിഎംകെ കടുത്ത നിരാശയിലാണ്. ഉദയനിധി സ്റ്റാലിന്റെ നിലവിലെ പ്രസ്താവനകള്‍ ഈ പരാജയ ഭീതിയുടെ തെളിവാണ്” ബിജെപി നേതാവ് എന്‍. രാംചന്ദര്‍ റാവു കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡിഎംകെ ക്യാമ്പില്‍ നിരാശ പടര്‍ന്നിട്ടുണ്ടെന്നും, രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ വ്യക്തിഹത്യയിലേക്ക് കടക്കുന്നതെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.
സനാതന ധര്‍മ്മം മുതല്‍ എഐ ഉച്ചകോടി വരെ
ഉദയനിധിയുടെ പഴയ ‘സനാതന ധര്‍മ്മ’ പരാമര്‍ശവും കോണ്‍ഗ്രസിന്റെ പ്രതിഷേധ രീതികളും വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് യാദൃശ്ചികമല്ല. ഡിഎംകെയെ ഒരു ‘ധര്‍മ്മവിരുദ്ധ’ പാര്‍ട്ടിയായി മുദ്രകുത്തുക വഴി ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിന് മറുപടിയായി, തമിഴ്നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്ന ഏക പ്രസ്ഥാനം ഡിഎംകെയാണെന്ന് സ്ഥാപിക്കാനാണ് ഉദയനിധി ശ്രമിക്കുന്നത്.
ഏപ്രില്‍/മെയ് മാസങ്ങളിലെ വോട്ടെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ഈ വാക്പോരുകള്‍ വെറും തുടക്കം മാത്രമാണ്. തമിഴ്നാട് രാഷ്ട്രീയം എന്നും ദ്രാവിഡ സ്വത്വവും കേന്ദ്രവിരുദ്ധ വികാരവും തമ്മിലുള്ള ചര്‍ച്ചകളിലാണ് കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ, വ്യക്തിപരമായ അധിക്ഷേപങ്ങളും ജാതി-മത രാഷ്ട്രീയത്തിന്റെ കനലുകളും അതിലേക്ക് കലരുന്നു എന്നത് തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഉദയനിധിയുടെ ഈ വിവാദ പ്രസ്താവന വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ദിശ മാറ്റുമെന്ന് ഉറപ്പാണ്.
Content Summary: BJP blasts Udhayanidhi’s ‘Prime minister father’ remark as anti-OBC
This post was last modified on February 23, 2026 5:24 pm
Leave a Comment