UPDATES

ബ്ലോഗ്

‘കൊട്ടിഘോഷിച്ച പല ആണുങ്ങളെക്കാളും മികച്ച പ്രകടനം പാർലമെന്റിൽ കാഴ്ചവെച്ച എം പിയായിരുന്നു ശ്രീമതി ടീച്ചര്‍’

കണ്ണൂരെ ഒരു സാധാരണ സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന Sreemathy PK ഇത്രയൊക്കെ നേടിയത് സ്ത്രീ എന്ന നിലയിലുള്ള ഈ പാട്രിയര്‍ക്കിയല്‍ സമൂഹത്തിലെ എല്ലാ പിന്നോട്ടടികളും നേരിട്ടു തന്നെയായിരിക്കും.

                       

ഇംഗ്ലീഷ് ഒഴുക്കോടെ പറയാനറിയാത്ത പി കെ ശ്രീമതി ടീച്ചറെ ചാനല്‍ പരിപാടികളില്‍ കളിയാക്കുമ്പോള്‍ കൂടെ ചിരിച്ചിരുന്ന ആളായിരുന്നു ആദ്യകാലത്ത് ഞാനും. കിളിരൂര്‍ കേസിലെ വിഐപി ഇവരാണെന്ന്, ഗ്രൂപ്പുവഴക്ക് കാലത്തെ വിഎസിന്റെ മുനവെച്ച വാചകത്തെ ദുരൂപയോഗിച്ചുണ്ടാക്കിയ ക്രൈം നന്ദകുമാറിന്റെ നുണക്കഥ മാതൃഭൂമിയില്‍ വന്നതും ഞാന്‍ അന്നൊക്കെ വിശ്വസിച്ചിരുന്നു (കോട്ടയത്തെ ഡോക്ടറെ നേരില്‍ കാണുംവരെ).

എന്‍ഡോസള്‍ഫാന്‍ രോഗികളുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ഞാന്‍ ആദ്യമായി അന്നത്തെ ആരോഗ്യമന്ത്രിയായ പി കെ ശ്രീമതിയെ നേരില്‍ കാണുന്നത്. ‘തണലി’ന്റെ ഡയറക്ടര്‍ ജയകുമാറേട്ടന്റെ കൂടെ. മക്കള്‍ക്ക് ഭക്ഷണം ചവച്ചു കൊടുക്കേണ്ടി വരുന്ന കാസര്‍്‌ഗോട്ടെ അമ്മമാരുടെ വിഷമം ടീച്ചര്‍ സശ്രദ്ധം കേട്ടു, ഒരു സ്ത്രീയും അമ്മയും ആയതിനാല്‍ ആകണം, അത് അവരുടെ കണ്ണ് നനച്ചു.

നോഡല്‍ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് അഷീലിനെ വിളിച്ച് അപ്പോള്‍ത്തന്നെ ടീച്ചര്‍ പ്രത്യേകമായി ആ ദൗത്യമേല്പിച്ചു. ആരോഗ്യവകുപ്പിനാല്‍ കഴിയുന്നതെല്ലാം അവര്‍ക്കായി ചെയ്യണമെന്നും, ആരുടെയെങ്കിലും ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടായാല്‍ നേരില്‍ക്കണ്ട് പറയണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓരോ രോഗിയുടെ കുടുംബത്തിനും പെന്‍ഷന്‍ ഏര്‍പ്പാട് ചെയ്ത പി കെ ശ്രീമതി, അതത് മാസം 5ആം തീയതിക്ക് മുന്‍പ് അത് അയച്ചുകൊടുത്തു എന്നു വിളിച്ചു ഉറപ്പ് വരുത്തുകയും ചെയ്യാറുണ്ട്. സഞ്ചരിക്കാന്‍ കഴിയാത്തവരുടെ അടുത്തേയ്ക്ക് ഡോക്ടര്‍ സഞ്ചരിച്ചെത്തി പരിശോധിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് ശ്രീമതി ടീച്ചറുടെ കാലത്താണ് തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കപ്പെടാനുള്ള ഏക സാധ്യതയായ അന്താരാഷ്ട്ര സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ സര്‍ക്കാര്‍ പ്രതിനിധിയെ അയച്ചു കാസര്‌ഗോട്ടെ കാര്യം അവിടെ അറിയിക്കണം എന്നു ആരോഗ്യമന്ത്രി തീരുമാനിച്ചു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് കിട്ടിയ അവസരം സന്തോഷത്തോടെയാണ് സര്‍ക്കാര്‍ പ്രതിനിധിയായ ഡോ.അഷീലിന് കൈമാറിയത്. ബാക്കി കഥ ചരിത്രമായി.

മന്ത്രിയായി ആദ്യം ഒന്നുരണ്ടു വര്‍ഷം അവര്‍ പകച്ചു നിന്നെങ്കിലും പിന്നീട് കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ മുന്‌പെങ്ങുമില്ലാത്ത വലിയ മാറ്റമാണ് ക്രമേണ ശ്രീമതി ടീച്ചര്‍ കൊണ്ടുവന്നത്. ഒട്ടുമിക്ക PHC കളും CHC കളും വികസിപ്പിച്ചു. ഭൗതിക സൗകര്യങ്ങളില്‍ വന്‍ കുതിച്ചുചാട്ടം ഒരുക്കി. താലൂക്ക് ആശുപത്രികളില്‍ ഒട്ടുമിക്ക ചികിത്സാ സൗകര്യങ്ങളും ഉണ്ടാക്കി. രാഷ്ട്രീയ കാരണങ്ങളാല്‍ ശ്രീമതി ടീച്ചറെ ഒട്ടും ഇഷ്ടമില്ലാതിരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ പല ഡോക്ടര്‍മാരും അവരുടെ ആരോഗ്യ മേഖലയിലെ സംഭാവനകളെ പരസ്യമായി അഭിനന്ദിച്ചു കണ്ടു.

Read: ‘കണ്ണൂരിലെ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ ആണഹന്തയുടെ ഈ ഹുങ്ക്…’: കെ സുധാകരന്റെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ

പിന്നീട് അവര്‍ എംപിയായി. ലോക്‌സഭയില്‍ ഇംഗ്ലീഷില്‍ തെറ്റില്ലാതെ പ്രസംഗിച്ച് നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ക്ഷണിച്ചു. കൈത്തറി തൊഴിലാളികള്‍ക്കും വിമാനത്താവളത്തിനും ഒരുപോലെ കേന്ദ്രസഹായം ചോദിച്ചുവാങ്ങി. നിര്‍ഭയ വിഷയത്തിലും ജയിലിലെ സ്ത്രീകളുടെ അവകാശ വിഷയത്തിലും അവരുടെ പ്രസംഗം രാജ്യം കേട്ടു. കൊട്ടിഘോഷിച്ച പല ആണുങ്ങളെക്കാളും മികച്ച പ്രകടനം പാര്‍ലമെന്റില്‍ കാഴ്ചവെച്ചതായി പൊതുവില്‍ വിലയിരുത്തപ്പെട്ടു. ചുരുങ്ങിയപക്ഷം രാഹുല്‍ ഗാന്ധിയെക്കാള്‍ കൂടുതല്‍.

പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്ത്രീകളാണ് നന്നായി ദീര്‍ഘവീക്ഷണത്തോടെ സാമ്പത്തിക മാനേജ്മെന്റ് നടത്തുന്നത് എന്ന് ഇന്ന് പത്തനാപുരത്ത് പ്രസംഗിച്ചത് കോണ്ഗ്രസിന്റെ രാഹുല്‍ ഗാന്ധിയാണ്. രാജ്യസഭാ മുന്‍ ഉപാധ്യക്ഷനായ എണ്ണം പറഞ്ഞ ആണായ കുര്യന്‍ പോലും ബബ്ബബ്ബ വെച്ചപ്പോള്‍ ഉശിരോടെ തര്‍ജ്ജമ ചെയ്തത് ജ്യോതി വിജയകുമാര്‍ എന്ന സ്ത്രീയാണ്. കെ.സുധാകരനെക്കാള്‍ കഴിവുള്ള എത്രയോ സ്ത്രീകള്‍ ഇന്നാട്ടിലുണ്ട്.

കണ്ണൂരെ ഒരു സാധാരണ സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന Sreemathy PK ഇത്രയൊക്കെ നേടിയത് സ്ത്രീ എന്ന നിലയിലുള്ള ഈ പാട്രിയര്‍ക്കിയല്‍ സമൂഹത്തിലെ എല്ലാ പിന്നോട്ടടികളും നേരിട്ടു തന്നെയായിരിക്കും. സ്ത്രീകള്‍ പൊതുവിടത്തില്‍ നേരിടുന്ന അപവാദപ്രചാരണങ്ങളെ നേരിട്ടുമായിരിക്കും. ഷാനിമോള്‍ ഉസ്മാനും രമ്യയ്ക്കും അടക്കം വളരെ കുറച്ചു സ്ത്രീകള്‍ക്കെ സീറ്റ് പോലും കിട്ടുന്നുള്ളൂ. സ്ത്രീ ആയതുകൊണ്ട് അവര്‍ പുരുഷന്മാരേക്കാള്‍ കഴിവ് കുറഞ്ഞവരാണ് എന്ന് ദ്യോതിപ്പിക്കുന്ന കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യം ശുദ്ധസ്ത്രീവിരുദ്ധവും അപമാനകരവുമാണ്.

പൊതുപ്രവര്‍ത്തന പരിചയത്തിനപ്പുറം പി കെ ശ്രീമതിയോട് എനിക്ക് ഒരു വ്യക്തിബന്ധവും മമതയുമില്ല. ഒട്ടേറെ കാര്യങ്ങളില്‍ PK ശ്രീമതിയോട് രാഷ്ട്രീയമായി ഞാന്‍ വിയോജിക്കുമ്പോഴും, ചിലതില്‍ ശക്തമായി എതിര്‍ക്കുമ്പോഴും, ഇന്നാട്ടിലെ 50% സ്ത്രീകളുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് കഴിവ് തെളിയിച്ച അപൂര്‍വ്വം സ്ത്രീകളില്‍ ഒരാളായ അവരെ അപമാനിക്കുന്നത്, ഇന്നാട്ടിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. കണ്ണൂരെ സ്ത്രീകള്‍ ഇതിന് മറുപടി പറയിക്കണം.

അഡ്വ. ഹരീഷ് വാസുദേവന്‍

അഡ്വ. ഹരീഷ് വാസുദേവന്‍

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍