June 03, 2026 |

മസ്തിഷ്‌കപ്രക്ഷാളനം ജീവികളില്‍

ഒരു കാര്യം നിസ്സംശയം പറയാം; അമ്പരപ്പിക്കുന്നതാണ് പ്രകൃതിയുടെ അതിജീവന രീതികളെന്നത്

മസ്തിഷ്‌കപ്രക്ഷാളനം എന്ന വാക്ക് നിങ്ങള്‍ക്കു പരിചിതമായിരിക്കും. ഒരു തത്പരകക്ഷിയുടെ ആശയാഭിപ്രായങ്ങള്‍ മറ്റൊരാളിലേക്ക് തന്ത്രപൂര്‍വ്വം സന്നിവേശിപ്പിക്കുന്നതിനുള്ള ഇടപെടല്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത്. ഒട്ടും മാന്യമായ സമീപനമല്ലിത്. നിരന്തരമായ വര്‍ത്തമാനങ്ങളിലൂടെ മറ്റൊരാളുടെ മനസ്സുമാറ്റി, ദുരുദ്ദേശ്യപരമായി ചൂഷണം ചെയ്യുക എന്നതാണിതിന്റെ ഫലം. എന്നാല്‍, മനുഷ്യന്‍ മാത്രമല്ല, മറ്റു ചില ജീവികളും ഇത്തരത്തിലുള്ള എര്‍പ്പാടുകള്‍ ചെയ്യുന്നതായി നിങ്ങള്‍ക്കറിയാമോ? അവയ്ക്കു നമ്മളെപ്പോലെ സംസാരിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ നേരിട്ട് തലച്ചോറിലേക്കു ചെന്നാണ് കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതെന്നു മാത്രം. ഞാന്‍ വിശദമാക്കാം.

ടോക്‌സൊപ്ലാസ്മ ഗോണ്ടി എന്നൊരു ഏകകോശ ജീവിയുണ്ട്. പ്രോട്ടൊസോവ വിഭാഗത്തില്‍പെടുന്ന ഈ ജീവി മനുഷ്യനടക്കമുള്ള പല മൃഗങ്ങളുടെ ശരീരത്തിലും കയറിപ്പറ്റാറുണ്ട്. ഈ പരാദജീവിയെ നമുക്ക് ടോക്‌സൊ എന്ന ഓമനപ്പേരിട്ടു തല്ക്കാലം വിളിക്കാം. രണ്ടുതരം പ്രത്യുത്പാദന മാര്‍ഗ്ഗങ്ങളുണ്ടിതിന്. അലൈംഗികവും ലൈംഗികവും. അലൈംഗികം എന്നാല്‍ വെറുതെയുള്ള കോശവിഭജനമാണ്. എന്നാല്‍ ലൈംഗികബന്ധത്തിലൂടെയുള്ള പ്രത്യുത്പാദനം ടോക്‌സോയില്‍ സംഭവിക്കണമെങ്കില്‍ പ്രകൃതി ഒരു നിബന്ധന വെച്ചിട്ടുണ്ട്. അസാധാരണമെന്നു പറയട്ടെ, അക്കാര്യം പൂച്ചയുടെ കുടലില്‍ മാത്രമേ സാധിക്കൂ. ഫെറ്റിഷിസം പോലൊരു ലൈംഗികരീതി എന്നൊക്കെ തമാശയ്ക്കു പറയാം. എവിടെയാണ് ടോക്‌സൊ കഴിയുന്നത് എന്നുവെച്ചാലും, എങ്ങനെയെങ്കിലും പൂച്ചക്കുടലില്‍ എത്താനാണ് അതിനു ത്വര. വല്ലാത്തൊരു ലൈംഗികേഛ തന്നെയത്. എന്തൊക്കെയായാലും പൂച്ചകളുടെ കുടലില്‍ എത്തിയാലേ അതിനു ജീവിതചക്രം പൂര്‍ത്തിയാക്കാനും, പ്രത്യുത്പാദനത്തിലൂടെ പുതുജീവികളെ സൃഷ്ടിക്കാനും സാധിക്കുകയുള്ളൂ. അതായത്, പൂച്ചയാണ് ടോക്‌സൊപ്ലാസ്മയുടെ പ്രാഥമിക ആതിഥേയേജീവി. തുടര്‍ന്ന്, പ്രത്യുത്പാദനശേഷം ഒവോസിസ്റ്റ് അഥവാ അണ്ഡപുടങ്ങളുടെ രൂപത്തില്‍ അവ പൂച്ചയുടെ മലത്തിലൂടെ പുറത്തുവരുന്നു. ഇനി ഈ അണ്ഡപുടങ്ങള്‍ക്ക് മറ്റൊരു രൂപത്തിലേക്കു മാറി, തിരിച്ചു പൂച്ചയിലേക്കു കയറുന്നതിനു മുമ്പ് വേറൊരു ജീവിയില്‍ക്കൂടി കയറിപ്പറ്റേണ്ടതുണ്ട്. എലിയാണ് പ്രധാനമായും ഈ രണ്ടാം ആതിഥേയജീവി. അവയുടെ പേശികളിലോ തലച്ചോറിലോ വെച്ച് പുതുജീവരൂപങ്ങളായി മാറും. ഇവ രണ്ടു തരമുണ്ട് ടാക്കിസോയിറ്റ് എന്ന ശീഘ്രജീവകണവും, ബ്രാഡിസോയിറ്റ് എന്ന മന്ദജീവകണവും. ഈ ജീവരൂപങ്ങളുടെ കോശവിഭജനവേഗതയ്ക്കനുസരിച്ചാണ് ഈ പേരുകള്‍. ഇവയ്ക്ക് തിരിച്ചു പൂച്ചയില്‍ ചെന്നെത്താതെ വയ്യ- ജീവിതചക്രപൂര്‍ത്തീകരണത്തിനായി. ശീഘ്രജീവകണമാണ് അതു മുഴുവനാക്കുക. ഇനി പൂച്ചയില്‍ എത്താനായില്ലെങ്കിലോ, അവ അതേ ജീവിയില്‍ത്തന്നെ മന്ദജീവകണമായി തുടരുകയും ചെയ്യും.

toxoplasma gondi

ടോക്‌സൊപ്ലാസ്മ ഗോണ്ടി

ഒന്നോര്‍ക്കണം. എലിയില്‍ നിന്നു മാത്രമേ പൂച്ചയിലേക്കു ചെന്നെത്താനുള്ള സാധ്യതയുള്ളൂ. കാരണം, അതിനെയല്ലേ പൂച്ചയ്ക്കു തിന്നാനാവൂ. ടോക്‌സൊ ശീഘ്രജീവകണരൂപമായാണ് എലിയില്‍ പ്രവര്‍ത്തിക്കുക. പക്ഷെ, പൂച്ചയിലേക്കുള്ള കൈമാറ്റത്തിനു സാധ്യതയില്ലാത്ത മനുഷ്യനിലോ പശുവിലോ ഒക്കെ എത്തിച്ചേര്‍ന്നാല്‍ അവ കുടുങ്ങിയതുതന്നെ. ജീവിതാന്ത്യം വരെ അതിന് ആ രൂപത്തില്‍ കഴിയേണ്ടി വരും. അപ്പോള്‍ പിന്നെ കോശവിഭജനത്തിനൊന്നും സ്ഥാനമില്ല. അങ്ങനെയാണ് മന്ദജീവകണമായി അതു മാറുന്നത്. മനുഷ്യനില്‍ ഇങ്ങനെ കഴിയുന്നവ അന്ധതയടക്കമുള്ള ഗുരുതരരോഗങ്ങള്‍ക്കു കാരണമാവാറുമുണ്ട്.

ഞാനിനി പറയാന്‍ പോകുന്ന കഥ ശീഘ്രകണരൂപത്തിന്റേതാണ്. ടാക്കിസോയിറ്റ്. ഇതിനു പൂച്ചയിലേക്കെത്തണം. അതായത്, എലിയില്‍ നിന്നു പൂച്ചയിലേക്കുള്ള കൈമാറ്റം നടക്കണം. കേട്ടാല്‍ തോന്നും അതെളുപ്പമല്ലേ, പൂച്ചയ്ക്ക് എലിയെ തിന്നാല്‍ മതിയല്ലോ എന്ന്. പക്ഷെ, അത്രയെളുപ്പത്തില്‍ അതു നടക്കണമെന്നില്ല. കാരണം, എലിയുടെ പ്രാഥമികചോദനതന്നെ പൂച്ചയില്‍ നിന്നു രക്ഷപ്പെടുക എന്നതാണല്ലോ. എലിയുടെ ശരീരത്തില്‍ കയറിയ ടോക്‌സോയ്ക്ക് ഇതു സമ്മതിക്കാനാവില്ല. കാരണം, അതിനാവശ്യം തന്റെ ആതിഥേയനായ എലി പൂച്ചയ്ക്ക് ഭക്ഷണമാവുക എന്നതാണ്. അതിനുവേണ്ടി അതു കണ്ടെത്തുന്ന രീതിയാണ് ഏറ്റവും വിചിത്രം.

അങ്ങനെയാണ് അതിശയകരമായൊരു മസ്തിഷ്‌കപ്രക്ഷാളനത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത്. എലിയെ സ്വയം പൂച്ചയ്ക്കിരയാവാന്‍ പ്രേരിപ്പിക്കുന്ന ക്രൂരത.

cat and mouse - brainwash in animals

പൂച്ചയെ പേടിക്കാത്ത എലി

എലിയുടെ തനതുസ്വഭാവമായ സ്വജീവരക്ഷണം തന്നെ ഇല്ലാതാക്കുന്ന ഈ ഏര്‍പ്പാടെങ്ങനെയാണ്? അതിനാദ്യം വേണ്ടത് പൂച്ചയോടുള്ള ഭയം ഇല്ലാതാക്കുക എന്നതാണല്ലോ. അതാണ് ടോക്‌സൊപ്ലാസ്മ ആദ്യം തന്നെ നടപ്പില്‍ വരുത്തുക. പൂച്ചയുടെ ഗന്ധമുണര്‍ത്തുന്ന രോമം, മൂത്രം എന്നിവയുള്ള പരിസരത്തുനിന്ന് ഓടിയൊളിപ്പിക്കുന്ന, ഭയം എന്ന വികാരം എലിയില്‍ ഇല്ലാതെയാവും. മാത്രമല്ല, ഇത്തരം മണങ്ങള്‍ ഒരുതരം അന്ത്യപ്രലോഭനമെന്നോണം എലിയില്‍ ആകര്‍ക്ഷണീയതാണ് ഉണര്‍ത്തുക. മരണത്തിലേക്കുള്ള സ്വയം സമര്‍പ്പണം.

ഇത്തരം കാര്യങ്ങള്‍ നടത്തണമെങ്കില്‍ ടോക്‌സൊയ്ക്ക് മൂഷികമസ്തിഷ്‌കത്തില്‍ കയറിപ്പറ്റണം. പ്രത്യേകിച്ച്, വികാരങ്ങളുടെ കേന്ദ്രസ്ഥാനമായ അമിഗ്ഡലയില്‍. ഭീതിയുടെ ഉണര്‍ത്തുകേന്ദ്രമാണത്. വികാരങ്ങള്‍ക്ക് അനുസൃതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുന്നതും അവിടെവെച്ചുതന്നെ. ഇതു നടപ്പിലാക്കുന്നത് ഒരു രാസസൂത്രവഴിയിലൂടെയാണ്. എലിയുടെ ജനിതകത്തില്‍ത്തന്നെയാണ് ടോക്‌സൊ പിടിമുറുക്കുന്നത്. അതിലൂടെ ടൈരൊസീന്‍ ഹൈഡ്രോക്‌സിലേസ് എന്ന ത്വരിതകം അഥവാ എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിച്ച് ഡോപ്പമീന്‍ എന്ന വസ്തുവിന്റെ നിര്‍മ്മാണം അധികരിപ്പിക്കുന്നു. ഡോപ്പമീന്‍ ഒരു നാഡീവിനിമയവസ്തുവാണെന്നറിയാമല്ലോ.

toxo

ടോക്‌സോ ജീവിതചക്രം

ഡോപ്പമീന്‍ കൂടുമ്പോള്‍ മാര്‍ജ്ജാരഗന്ധങ്ങളോടുള്ള അകല്‍ച്ചയും ഇഷ്ടമില്ലായ്മയും എലിയില്‍ ഇല്ലാതാവും. രണ്ടാമത്തെ രീതി ഗാബ എന്ന നാഡീവിനിയമ വസ്തുവിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതാണ്. അതിലൂടെ പൂച്ചയോടുള്ള ഭീതിയും ഉത്കണ്ഠയും ഇല്ലാതാവുന്നു. ടോക്‌സൊപ്ലാസ്മ മസ്തിഷ്‌കത്തിലെത്തിയാല്‍ അവിടെ ഒരു തരം നീര്‍ക്കെട്ട് ഉണ്ടാക്കുന്ന പതിവുണ്ട്. തലച്ചോറിലെ പൊതുവായ നാഡീപ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കും. പ്രത്യേകിച്ച്, ഭീതിയെ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളില്‍.

ടോക്‌സോയുടെ എണ്ണായിരം ജീനുകളില്‍ രണ്ടെണ്ണമാണ് എലികളില്‍ ഡോപ്പമീന്‍ മാന്ത്രികത സൃഷ്ടിക്കുന്നത്. മയക്കുമരുന്നുകളായ കൊക്കെയിനും എക്സ്റ്റസിയുമെല്ലാം ചെയ്യുന്ന അതേ ആനന്ദസൂത്രം തന്നെയിത്. ഡോപ്പമീനിലൂടെ ടോക്‌സോയുടെ മരണക്കെണിയില്‍ മൂഷികന്‍ വീഴുകയും ചെയ്യും. കൂടാതെ, എലിയുടെ ജനിതകവസ്തുവായ ഡി. എന്‍. എ യുടെ പ്രവര്‍ത്തനത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ സ്വഭാവക്രമീകരണനാഡീപാതകളിലും വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനുവേണ്ടിയാണ് എലിയുടെ ശരീരത്തില്‍ കയറുന്ന ടോക്‌സൊപ്ലാസ്മയുടെ അണ്ഡപുടങ്ങള്‍ കൃത്യമായി അമിഗ്ഡല ലക്ഷ്യമാക്കി സഞ്ചരിക്കുന്നത്. ഇത്തരുണത്തില്‍ പൊതുവെ എലിയുടെ ഭയം എന്ന വികാരത്തില്‍ കുറവു വരുന്നതിനാല്‍ പൂച്ചകളുള്ള പ്രദേശങ്ങളിലേക്കു കയറിച്ചെല്ലാനുള്ള മടിയും ഇല്ലാതാവുന്നു.

ടോക്‌സൊപ്ലാസ്മയുടെ ജനിതകവസ്തുവിലെ റോപ്ട്രി പ്രോട്ടീന്‍ പോലുള്ള മാംസ്യങ്ങളാണ് ഇത്തരം വ്യത്യാസങ്ങളുണ്ടാക്കുന്നതിനു നിദാനമാവുന്നത്. പോരാത്തതിന് ചിലയവസരങ്ങളില്‍ എലിയിലെ ടെസ്റ്റസ്റ്റിറോന്‍ എന്ന പുരുഷഹോര്‍മോണിന്റെ അളവിലും വര്‍ദ്ധനയുണ്ടാക്കുന്നുണ്ട് ഈ പരാദം. അപകടങ്ങളെ മുന്‍കൂട്ടി മണത്തറിഞ്ഞ് അവയെ ഒഴിവാക്കാനുള്ള സ്വാഭാവികരീതിക്കു പകരം, അപകടങ്ങളില്‍ ചെന്നുചാടാനുള്ള പ്രവണതയും എലികളില്‍ അതോടെ പ്രത്യക്ഷപ്പെടും. മാര്‍ജ്ജാരമൂത്രത്തോടുള്ള അപാരമായ ആകര്‍ഷണവും സംഭവിക്കും. ഈ വിധ മാരകവേലകളാല്‍ പൂച്ചയോടു ആകര്‍ഷിക്കപ്പെടുന്ന പാവം എലിയുടെ വിധി പൂച്ചയുടെ വയറ്റിലെത്താനാണ്. അതിലൂടെ ടോക്‌സോ തന്റെ ലൈംഗികജീവിതം പൂര്‍ത്തിയാക്കുകയും ചെയ്യും. ഇത്തരത്തില്‍ മരണക്കെണി നിരത്തുന്ന ഈ ജീവിയെ രാഷ്ട്രീയകുടിലതന്ത്രങ്ങളുടെ അധിപന്റെ ഓര്‍മ്മയ്ക്കായി മക്കിയാവെല്ലിയന്‍ പരാദം എന്നല്ലാതെ എന്തു വിളിക്കാന്‍.

toxo

സൂക്ഷ്മദര്‍ശനിയിലൂടെ ടോക്‌സോയുടെ കാഴ്ച്ച

പരിണാമപരമായി നോക്കിയാല്‍ ഇത്തരത്തില്‍ ആതിഥേയജീവിയെ തനിക്കനുസരിച്ച് രൂപപ്പെടുത്തുന്ന തന്ത്രങ്ങള്‍ ജീവിയുടെ അതിജീവനമാര്‍ഗ്ഗങ്ങളിലൊന്നാണ്. താനിരിക്കുന്ന എലി പൂച്ചക്കു തീറ്റയാവുക എന്ന ലക്ഷ്യം അതിലൂടെ സാധിച്ചെടുക്കുകയും ചെയ്യും. എത്രയോ കാലങ്ങളായി ടോക്‌സൊപ്ലാസ്മ ഈ അതിജീവനരീതിയില്‍ പ്രാവീണ്യം നേടിയിട്ട്.

പൂച്ചക്ക് ഇരയാവാന്‍ സാധ്യതയില്ലാത്ത മൃഗങ്ങളില്‍ കയറിയാലും ഇത്തരം രീതികളൊക്കെ പരാദം പയറ്റുമെങ്കിലും അതു ഫലവത്താവുകയില്ല എന്നു നിങ്ങള്‍ക്കു ആലോചിച്ചാലറിയാം. അതിനാല്‍ അതു മന്ദജീവകണരൂപത്തിലേക്കു നീങ്ങുകയാണ് പതിവ്.

ടോക്‌സോപ്ലാസ്മയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്തരം അതിജീവനതന്ത്രങ്ങള്‍. ഉദാഹരണത്തിന്, പേപ്പട്ടി വൈറസുകള്‍ മൃഗങ്ങളില്‍ കയറിപ്പറ്റുമ്പോള്‍ മറ്റു ജീവികളെ കടിക്കാനതിനെ പ്രേരിപ്പിക്കുന്നതു ഇതേ മസ്തിഷ്‌കസ്വാധീനതന്ത്രമാണ്. പ്രേതക്കൂണ് എന്നു വിളിക്കുന്ന ഒഫിയോകോര്‍ഡിസെപ്‌സ് എന്ന കൂണ്‍ ആശാരിയുറുമ്പുകളെ ഇത്തരത്തില്‍ ചിത്രവധം ചെയ്യാറുണ്ട്. ഈ കൂണുബാധയെത്തുടര്‍ന്ന് ഉറുമ്പുകള്‍ കൂട്ടത്തില്‍ നിന്നിറങ്ങിപ്പോവുകയും മരത്തിന്റെ അഗ്രഭാഗങ്ങളിലെത്തി തൂങ്ങിനില്ക്കുകയും ചെയ്യും. ആ നില്പില്‍ പ്രേതക്കൂണിന്റെ സ്‌പോറുകള്‍ അഥവാ കൂണ്‍ബീജങ്ങളെ അന്തരീക്ഷത്തിലക്കു പടര്‍ത്തിവിടാന്‍ എളുപ്പം സാധിക്കുമെന്നതാണ് ഇവിടെ അതിജീവിതരീതിയാവുന്നത്. വാള്‍ക്കരള്‍ വിര എന്ന ഡൈക്രൊസീലിയം ഉറുമ്പിനെ അക്രമിച്ച് പുല്‍നാമ്പുകളുടെ അറ്റത്തു കൊണ്ടുപോയി നിര്‍ത്തും. പുല്ലില്‍ മേയുന്ന കന്നുകാലികള്‍ അവയെ ഭക്ഷണമാക്കുന്നതിലൂടെ വിര അവയുടെ വയറ്റിലുമെത്തും.

toxo

ടോക്‌സോ മറ്റൊരു കാഴ്ച്ച

പിന്നൊരാള്‍ യുഫലോര്‍ക്കിസ് എന്ന വിരയാണ്. കില്ലിമീനുകളാണ് അവയുടെ ഇര. യുഫലോര്‍ക്കിസ് ഈ മത്സ്യങ്ങളില്‍ കയറിക്കൂടി നേരെ മസ്തിഷ്‌കബാധയാണുണ്ടാക്കുക. അതോടെ കില്ലിമീനുകള്‍ വിചിത്രമായ സ്വഭാവങ്ങള്‍ കാണിക്കുകയായി. ജലോപരിതലത്തിലൂടെ നീന്തിക്കളിക്കാനുള്ള പ്രേരണയാണിതില്‍ മുഖ്യം. അതുമൂലം സംഭവിക്കുന്നതാകട്ടെ, ഈ പാവം ജീവികള്‍ പക്ഷികള്‍ക്ക് എളുപ്പത്തില്‍ ഇരയാവുക എന്നതും. അതാണ് യുഫലോര്‍ക്കിസിന്റെ ആവശ്യവും. കാരണം, പക്ഷികളില്‍ മാത്രമാണ് ഈ പരാദജീവികളുടെ പ്രത്യുത്പാദനം സാധ്യമാവുക എന്നതുതന്നെ.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു നാടവിരയാണ് ഷിസ്റ്റൊസെഫലസ്. സ്റ്റിക്ക്ള്‍ബാക്ക് എന്നൊരുതരം മത്സ്യത്തെയാണ് ഈ പരാദം ഇരയാക്കുക എന്നു മാത്രം. ഒച്ചുകളെ അക്രമിക്കുന്ന ല്യുക്കോക്ലൊറീഡിയം എന്ന പരാദവും ഇതേ ഏര്‍പ്പാടു തന്നെയാണ് നടത്തുന്നത്. ഇവ രണ്ടിലും പക്ഷികള്‍ പ്രാഥമിക ആതിഥേയരായി പരാദത്തിന്റെ പ്രത്യുത്പാദനജീവികളാവുന്നു.
എന്തായാലും ഇനിയുമേറേ ഗവേഷണങ്ങള്‍ നടന്നാലേ കൂടുതല്‍ വിവരങ്ങള്‍ ഈ അത്ഭുതമസ്തിഷ്‌ക പ്രക്ഷാളനരീതികളെക്കുറിച്ച് നമുക്കു പൂര്‍ണ്ണമായി മനസ്സിലാക്കാനാവൂ. എങ്കിലും, ഒരു കാര്യം നിസ്സംശയം പറയാം. അമ്പരപ്പിക്കുന്നതാണ് പ്രകൃതിയുടെ അതിജീവന രീതികളെന്നത്.  Brainwashing among living creatures

Content Summary; Brainwashing among living creatures

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×