’48 ദിവസമായി ഒരേ ഇരിപ്പാണ്. ഒന്ന് കിടക്കണമെന്ന് ആഗ്രഹമുണ്ട്. എന്തിന് ഒരു ചായ കുടിക്കാനോ ഒന്ന് പുറത്തിറങ്ങാൻ പോലും പോലും സാധിക്കാത്ത അവസ്ഥയാണ്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഐസിയുലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ ദുരിതങ്ങളെപ്പറ്റി ബൈസ്റ്റാൻഡറായ സണ്ണി അഴിമുഖത്തോട് പങ്കുവച്ച വാക്കുകളാണിത്.ernakulam General Hospital face facility issues
ഐസിയുവിന്റെ മുമ്പിൽ നിന്നും ഒന്ന് മാറിയാൽ തിരികെ വരുമ്പോൾ അകത്ത് നിൽക്കുന്ന നഴ്‌സുമാരുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണം. നമ്മളെ കാണാതെ വന്നാൽ ആ ദേഷ്യം അകത്ത് കിടക്കുന്ന നമ്മുടെ വേണ്ടപ്പെട്ടവരോടും തീർക്കും’. സണ്ണി വ്യക്തമാക്കി.
ദിവസവും പതിനായിരക്കണക്കിന് ആളുകളാണ്എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്. കാർഡിയോളജി, സിടിവിഎസ്, നെഫ്രോളജി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി എന്നിവയിൽ പരിശീലനത്തിനും ചികിത്സയ്ക്കും മികച്ച സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. 2024 ഡിസംബർ ഒന്നിനാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പുതുക്കിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആശുപത്രിയുടെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഈ ഐസിയുവിൽ സർജിക്കൽ ഐസിയു, ഐസിസിയു, ഐസൊലേഷൻ ഐസിയു എന്നീ മൂന്ന് വിഭാഗങ്ങളിലായി അഡ്മിറ്റായ രോഗികളാണ് ഉള്ളത്.
‘ഐസിയുവിന് മുന്നിലെ കൂട്ടിരിപ്പുകാർക്ക് എല്ലാവർക്കും കൂടി വിശ്രമിക്കാനുള്ളത് 20ൽ താഴെ കസേരകൾ മാത്രമാണ്. രാത്രിയായാൽ പോലും ഈ കസേരകളിൽ തല ചായ്ക്കാൻ പാടില്ല.’ ഐസിയുവിന് മുന്നിൽ ഇരിക്കുന്ന ത്രേസ്യാമ എന്ന അൻപതുകാരി പ്രതികരിച്ചു.
മൂന്ന് ഐസിയുവിലുമായി 22 കിടക്കകളാണുള്ളത്. 22 പേരുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ളത് 15 കസേരകളും 3പേർക്കിരിക്കാവുന്ന ഒരു ബെഞ്ചും മാത്രമാണ്. ബാക്കി ആളുകൾ നിലത്തും അടുത്തുള്ള സ്റ്റെപ്പുകളിലുമൊക്കെയായിട്ടാണ് ഇരിക്കുന്നത്. ദിവസങ്ങളും ആഴ്ച്ചകളും ഇത്തരത്തിൽ ഇരിക്കുമ്പോൾ തങ്ങളും രോഗികളാകുമോ എന്ന ഭയമാണ് കൂട്ടിരിപ്പുകാർക്ക്.
‘രാപകൽ വ്യത്യാസമില്ലാതെ ഒരേയിരിപ്പ് ഇരിക്കണം. ഭക്ഷണം കഴിക്കുന്നതിന് വേറെ സ്ഥലമില്ല. ആകെയുള്ള രണ്ട് ശുചിമുറികൾക്ക് ആൺ-പെൺ വത്യാസവുമില്ല. മാസങ്ങളായി ഐസിയുവിന് മുൻപിൽ രോഗിക്ക് കൂട്ടിരിക്കുന്ന നിരവധിയാളുകളുണ്ട് ഇവിടെ. ഐസിയുവിൽ കിടക്കുന്ന രോഗിക്ക് മരുന്നിനോ ടെസ്റ്റിനോ എപ്പോൾ വിളിക്കുമെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇതിന് മുന്നിൽ നിന്നും ഒരു നിമിഷം പോലും നമുക്ക് മാറാൻ പറ്റില്ല’ ത്രേസ്യാമ വ്യക്തമാക്കുന്നു.
ഇത്രയും ആളുകൾ മാസങ്ങളോളം ചിലവഴിക്കേണ്ട സ്ഥലത്ത് അത്യാവിശ്യ സാധനങ്ങളോ, തുണികൾ പോലും വയ്ക്കാൻ ആവിശ്യത്തിനുള്ള സ്ഥലമില്ല. ഇത്രയും ആളുകൾക്കും രോഗികൾക്കും ഇടയിലിരുന്ന് സ്വസ്ഥമായി ഒന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല. എത്ര നേരം എന്ന് കരുതിയാണ് തങ്ങൾ കമ്പി കൊണ്ടുണ്ടാക്കിയ കസേരയിൽ ഇരിക്കുക. ആശുപത്രി വിടുമ്പോഴേക്കും തങ്ങൾ ഇവിടെ അഡ്മിറ്റാകേണ്ട അവസ്ഥ ഉണ്ടാകില്ലേയെന്നും ത്രേസ്യാമ ചോദിക്കുന്നു. ശുചിമുറി പോലും ഒരു വാതിലിനപ്പുറം രണ്ടെണ്ണമാണ്, സ്ത്രീകൾക്ക് വേണ്ടത്ര സ്വകാര്യത ലഭിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
ഒരു മാസത്തോളം നന്നായി ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ ഐസിയുവിന് മുൻപിൽ തന്റെ ഉറ്റവരുടെ ജീവന് വേണ്ടി കാത്തിരിക്കുന്ന നിരവധി ജീവിതങ്ങൾ നമുക്ക് ജനറൽ ആശുപത്രിയുടെ ഐസിയു വിഭാഗത്തിന് മുന്നിൽ കാണാം.
ലബോറട്ടറിയിൽ ഉണ്ടാകുന്ന അമിതമായ തിരക്കാണ് മറ്റൊരു പ്രശ്‌നം. രക്തത്തിന്റെ സാംപിൾ എടുത്ത ശേഷം ലാബിൽ എത്തിയാൽ ബാർകോഡ് അടിക്കുന്നതിനും രക്തം പരിശോധിക്കാൻ കൊടുക്കുന്നതിനും പ്രത്യേകം വരികളാണ്. എന്നാൽ ഏത് വരി എന്തിന് നിൽക്കുന്നു എന്നത് സംബന്ധിച്ച് പ്രത്യേക അറിയിപ്പുകളൊന്നും എവിടെയും എഴുതി വച്ചിട്ടില്ല.
പലപ്പോഴും നീണ്ട വരിയിൽ നിന്ന് ബാർകോഡ് അടിച്ച് രക്തത്തിന്റെ സാംപിൾ പരിശോധനയ്ക്ക് കൊടുക്കമ്പോഴേക്കും കട്ട പിടിച്ചിട്ടുണ്ടാകും. പിന്നീട് വീണ്ടും പോയി രോഗിയുടെ രക്തവുമായി വരണം. ലാബിന് മുന്നിലെ വലിയ വരിയുടെ പിന്നിൽ ആശങ്കയോടെ നിന്നപകൊണ്ട് അമൃത അഴിമുഖത്തോട് പറഞ്ഞു.
ആശുപത്രിയുടെ 17ാം വാർഡിനുള്ളിൽ ശുചിമുറിയില്ല. രോഗികൾക്കോ, കൂട്ടിരിപ്പുകാർക്കോ ശുചിമുറി ഉപയോഗിക്കേണ്ടതായി വന്നാൽ പുറത്താണ് അതിനുള്ള സൗകര്യം. കിടപ്പുരോഗികളല്ലാത്ത എല്ലാവരും ഉപയോഗിക്കേണ്ടത് അതാണ്. എന്നാൽ രോഗികളെ ശുചിമുറിയിലെത്തിക്കാൻ പലപ്പോഴും ഒരു വീൽചെയറോ, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ വീൽചെയർ ഉണ്ടാകാറ് പോലുമില്ല. ഏറ്റവും അടിസ്ഥാന സൗകര്യം പോലുമില്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്ക്കുന്നതാണ്.
വയ്യാതെ കിടക്കുന്നവരെ ബാത്റൂമിൽ കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടാണ്. അകത്ത് ബാത്റൂം ഇല്ലല്ലോ, എല്ലാത്തിനും പുറത്ത് വരണം. രണ്ടാഴ്ച്ചയായി ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കുന്ന അയിഷ പറഞ്ഞു.
ക്യാഷ്വാലിറ്റിയിൽ നിന്ന് ഐസിയുവിലേക്ക് കൊണ്ടുപോകുന്നതും രോഗികളെ വലയ്ക്കുന്ന രീതിയിലാണ്. സ്ട്രെച്ചറിൽ കിടത്തിയ രോഗിയെ ഒരു ഇറക്കവും പിന്നീട് കുലുക്കമുള്ള നിലത്തിലൂടെയും ഉരുട്ടി വേണം ഐസിയുവിൽ എത്തിക്കാൻ പലപ്പോഴും രോഗികൾ സ്ട്രച്ചർ കുലുങ്ങുമ്പോൾ വേദനമൂലവും അസ്വസ്ഥത മൂലവും കരയുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും കാണാറുണ്ടെന്ന് കൂട്ടിരിപ്പുകാർ പറയുന്നു.
ഐസിയുവിലെ രോഗികളുടെ കൂട്ടിരിപ്പുകാർ ആവിശ്യപ്പെട്ടത് പരിഗണിച്ചാണ് കസേരകൾ കുറച്ച് അവിടെ പായിട്ട് കിടക്കാൻ സൗകര്യം ചെയ്ത് കൊടുത്തതെന്ന് ജനറൽ ആശുപത്രി അധികൃതർ അഴിമുഖത്തോട് പ്രതികരിച്ചു.
പല സ്ഥലങ്ങളിൽ നിന്നെത്തുന്ന ആളുകളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. അവരെ പരമാവധി സഹായിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. ബൈസ്റ്റാൻഡർമാരുടെ ആവശ്യ പ്രകാരമാണ് അവിടെ കസേരകൾ കുറച്ചതും അവർക്ക് കിടക്കാൻ സ്ഥലമുണ്ടാക്കി കൊടുത്തതും. അവർക്ക് സാധനങ്ങൾ വയ്ക്കാൻ സ്ഥലമില്ല എന്ന് പറഞ്ഞപ്പോൾ റാക്കുകളും സജ്ജീകരിച്ചിരുന്നു. ആശുപത്രി അധികൃതർ പറഞ്ഞു.
ഒരു രോഗിയുടെ കൂടെ ഒരു ബൈസ്റ്റാൻഡർ എന്നതാണ് നിയമം, എന്നാൽ ഒന്നിൽ കൂടുതൽ ആളുകൾ അവിടെ വന്നിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ സർജിക്കൽ ഐസിയു എട്ട് ബെഡുകളുള്ള സ്ഥലമാണ്. ഇവിടെ സർജറി കഴിഞ്ഞ് വരുന്ന ആളുകളെയാണ് കിടത്തുക, അത് കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി മാത്രമായിരിക്കും. കൂടാതെ താഴത്തെ നിലയിൽ രോഗികളുടെ ബൈസ്റ്റാൻഡേഴ്സിന് വിശ്രമിക്കാൻ വെയിറ്റിങ് ഏരിയ ഉണ്ട്. വളരെ ക്രിട്ടിക്കലല്ലാത്ത ആളുകളുടെ കൂട്ടിരിപ്പുകാർക്ക് അവിടെ വിശ്രമിക്കാവുന്നതാണ് ആശുപത്രി അധികൃതർ പറഞ്ഞു.
വളരെ അത്യാവിശ്യ ഘട്ടങ്ങളിൽ രോഗിയുടെ കൂടെയുള്ളയാൾ എപ്പോഴും ഐസിയുവിന് മുന്നിൽ ഉണ്ടായിരിക്കണം. അല്ലാത്തവരുടെ മൊബൈൽ നമ്പർ വാങ്ങി വച്ച് അത്യാവിശ്യ ഘട്ടങ്ങളിൽ വിളിക്കാറാണ് പതിവ് എന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഒരു ഗവൺമെന്റ് സ്ഥാപനം എന്ന നിലയിൽ കുറഞ്ഞ സ്രോതസുകൾ ഉപയോഗിച്ച് പരമാവധി സൗകര്യം ആളുകൾക്ക് ചെയ്ത് കൊടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ആശുപത്രിയുടെ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളാണ്. ഒരു രോഗിയുടെ കൂടെ എപ്പോഴും ഒരാൾ തന്നെ ആയിരിക്കില്ല, പലരും മാറി വരും. ആദ്യം വരുന്നവരുടെ ആവിശ്യമായിരിക്കില്ല രണ്ടാമത് വരുന്നവർക്ക്. രോഗികളുടെയും കൂട്ടിരിപ്പുാരുടെയും നമ്മളെക്കൊണ്ട് കഴിയുന്ന ന്യായമായ പരാതികൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്.
ശുചിമുറി പോലുള്ള കാര്യങ്ങളൊക്കെ നിലവിൽ ഉണ്ടാക്കി പൂർത്തിയായവയാണ്. അതിൽ നമുക്ക് ചെയ്യാൻ കഴിയുന്ന പരിഹാരങ്ങൾക്ക് പരിമിതിയുണ്ട്. എങ്കിലും താഴത്തെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമുറിയിൽ ആവിശ്യത്തിന് ശുചിമുറികളും അത്യാവശ്യ സൗകര്യങ്ങളുമുണ്ട്. അത് ഉപയോഗിക്കാവുന്നതാണ്. ദൂരെ നിന്ന് വരുന്ന രോഗികളോടൊപ്പം പലപ്പോഴും ഒന്നിലധികം കൂട്ടിരിപ്പുകാർ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും, പക്ഷെ ഇത്രയും ദൂരെ നിന്ന് ഇവിടെ ചികിത്സയ്ക്കെത്തുന്ന മനുഷ്യരോട് അൽപം പരിഗണന നമ്മളും കാണിക്കാറുണ്ട്. അധികൃതർ പറഞ്ഞു.
നേഴ്സുമാർക്ക് എതിരെ വരുന്ന ആരോപണങ്ങളിലെല്ലാം നടപടി സ്വീകരിക്കാറുണ്ട്. ആശുപത്രിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിക്കാറുണ്ട് പലപ്പോഴും നേഴ്സിങ് കെയറിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് കേൾക്കാറുള്ളത്. എങ്കിലും ചിലരുണ്ടാവാം ഇത്തരത്തിൽ പെരുമാറുന്നവർ. അതിനുള്ള പരാതി ലഭിച്ചാൽ തീർച്ചയായും നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ലബോറട്ടറിയിലെത്തുന്ന പലരും രക്തത്തിന്റെ സാംപിളുകൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള പ്രശ്നം മൂലമാണ് രക്തം കട്ടപിടിച്ച് പോകുന്നത്. ഇത്തരം കേസുകളൊക്കെ വളരെ വിരളമായിരിക്കും. രക്തത്തിന്റെ സാംപിളുകൾ കൈകാര്യം ചെയ്യുന്ന രീതി നേഴ്സുമാർ പറഞ്ഞ് കൊടുക്കും ഇത് പാലിക്കാതെ വരുമ്പോഴാണ് പലപ്പോഴും രക്തം കട്ടപിടിക്കുകയൊക്കെ ചെയ്യുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സാധാരണ സർക്കാർ ആശുപത്രികളിൽ 8 മണി മുതൽ 1 മണി വരെയൊക്കെയാണ് ജനറൽ ഒപി ഉണ്ടാവുക. എന്നാൽ ഇവിടെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ജനറൽ ഒപി പ്രവർത്തിക്കുന്നു. ജനറൽ ഒപിയിൽ ഇരിക്കുന്ന ഡോക്ടർമാർ തന്നെയാണ് അഡ്മിറ്റായവരെ പരിശോധിക്കാൻ വാർഡുകളിലേക്കും പോകുന്നത് റൗണ്ട്സിന് പോയി വരുമ്പോൾ ചില സാഹചര്യങ്ങളിൽ വൈകുന്നത് അവിടെ രോഗികളെ വിശദമായി നോക്കുന്നതിനാലാണ്, എങ്കിലും അതേ ഒപിയിൽ അതേ വിഭാഗത്തിൽ മറ്റ് ഡോക്ടർമാർ ഉണ്ടായിരിക്കും പക്ഷെ ചില രോഗികൾക്ക് ചില ഡോക്ടർമാരെ തന്നെ കാണേണ്ടതുണ്ടാവും അത്തരം സാഹചര്യങ്ങളിലാണ് കാത്തിരിക്കേണ്ടി വരിക എന്നും അധികൃതർ കൂട്ടിച്ചേർത്തു.
കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതുവരെ 1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. ഇതിൽ 1300 ഓളം ലാപ്രോസ്‌കോപ്പിക് കീഹോൾ ശസ്ത്രക്രിയകളാണ്. പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നത് എന്നതും ആരോഗ്യ രംഗത്തെ വലിയ മുന്നേറ്റമാണ്.
ജില്ലാതല ആശുപത്രി എന്ന നിലയിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള മുന്നേറ്റങ്ങളാണ് എറണാകുളം ജനറൽ ആശുപത്രി നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. റേഡിയേഷൻ തെറാപ്പിക്ക് ലിനാക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള സെൻട്രൽ ലാബ്, ആൻജിയോഗ്രാഫിക്കും ആൻജിയോപ്ലാസ്റ്റിക്കുമുള്ള കാർഡിയാക് കാത്ത്‌ലാബ്, കളർഡോപ്ലർ, എക്കോ കാർഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.ernakulam General Hospital face facility issues
*കൂട്ടിരിപ്പുകാരുടെ യഥാര്‍ത്ഥ പേര് വിവരങ്ങളല്ല ഉപയോഗിച്ചിരിക്കുന്നത്
content summary; Bystanders at Ernakulam General Hospital face facility issues, and the hospital gives an explanation