June 03, 2026 |
സുമ സണ്ണി
സുമ സണ്ണി
Share on

പാഠ്യപദ്ധതിയിലെ വിടവുകളില്‍ തഴച്ചുവളരുന്ന കോച്ചിങ് സെന്ററുകള്‍ക്ക് കൂച്ചുവിലങ്ങിടാനാകുമോ ?

കോച്ചിങ് സെന്ററുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന എത്ര പേര്‍ക്ക് മെഡിസിനും, എന്‍ജിനീയറിങ്ങിനും സീറ്റ് ലഭിക്കുന്നുണ്ട് എന്ന് ആരും കൃത്യമായി അന്വേഷിക്കാറില്ല

വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, മത്സര പ്രവേശന പരീക്ഷകളുടെ ഫലപ്രാപ്തിയും, ഡമ്മി സ്‌കൂളുകളുടെ വര്‍ദ്ധനവ് എന്ന കാര്യങ്ങള്‍ വിലയിരുത്തുന്നതിനും, ഇവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവലോകനം ചെയ്യുന്നതിനും നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു പാനല്‍ രൂപീകരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഒരു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നതിന് കാരണമാകുന്ന നിലവിലെ സ്‌കൂള്‍ സമ്പ്രദായത്തിലെ വിടവുകള്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ വിമര്‍ശനാത്മക ചിന്ത കുറയുന്നത്, യുക്തിസഹമായ ന്യായവാദവും, വിശകലന കഴിവുകള്‍ എന്നിവ കുറയുന്നതും, ‘മനഃപാഠമാക്കിയ പഠന രീതികളുടെ വ്യാപനം’ എന്നിവയെക്കുറിച്ചും പാനല്‍ ചിന്തിക്കും.

coaching center

ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക എന്നതാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രധാന ചുമതല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി അധ്യക്ഷനായ കമ്മിറ്റിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലെ മുതിര്‍ന്ന പ്രതിനിധികള്‍, കേന്ദ്ര, സ്വകാര്യ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കോച്ചിങ് ഇല്ലാതെ പഠനം പൂര്‍ണമല്ല!

ഹൈസ്‌കൂളില്‍ കയറുന്നതോടെ, കോച്ചിങ് ക്ളാസുകള്‍ക്ക് പോകുന്നത് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സര്‍വ സാധാരണമായിരിക്കുകയാണ്. മക്കളെ ഡോക്ടറും, എന്‍ജിനീയറും ആക്കിയില്ലെങ്കില്‍ ഒരു കാര്യവുമില്ല എന്ന ചിന്താഗതി പണ്ട് കാലത്തേത് പോലെ തന്നെ ഇപ്പോഴും രൂഢമൂലമാണ്. സമൂഹത്തിന്റെ ഈ ചിന്താഗതി വര്‍ഷം ചെല്ലുംതോറും കൂടി വരികയാണോ? കുട്ടികളെ കോച്ചിങ് സെന്ററുകളില്‍ വിട്ടില്ലെങ്കില്‍ ‘എന്തോ പ്രശ്‌നം ഉണ്ട്’ എന്നുവരെ ചിന്തിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തി. ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കോച്ചിങ് സെന്ററുകള്‍ ഉണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് (NSSO) റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന മറ്റൊരു കണക്ക് അനുസരിച്ച് ഇന്ത്യയിലെ നാലില്‍ ഒരു വിദ്യാര്‍ത്ഥി സ്വകാര്യ കോച്ചിംഗ് ഉപയോഗിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ കോച്ചിംഗ് സെന്ററുകളുടെയും സമഗ്രമായ രജിസ്ട്രിയോ ഡാറ്റാബേസോ ഇല്ലാത്തതിനാല്‍ എത്ര കോച്ചിങ് സെന്ററുകള്‍ ഉണ്ടെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയാണ്.

സ്‌കൂള്‍ പദ്ധതിയിലെ പ്രശ്‌നങ്ങള്‍

ഔപചാരിക സ്‌കൂള്‍ പാഠ്യപദ്ധതിയിലെ വിടവുകളും പ്രശ്‌നങ്ങളുമാണ് കോച്ചിങ് സെന്ററുകള്‍ക്ക് വളം വെച്ച് കൊടുക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്‌കൂള്‍ കരിക്കുലം പലപ്പോഴും വിദ്യാര്‍ത്ഥികളെ മത്സര പ്രവേശന പരീക്ഷകള്‍ക്ക് വേണ്ടത്ര സജ്ജരാക്കുന്നില്ല. പ്രൊഫഷണല്‍ കോഴ്‌സുകളിലും സര്‍ക്കാര്‍ ജോലികളിലും മികച്ച സീറ്റുകള്‍ നേടുന്നതിന് നിര്‍ണായകമായ ഈ പരീക്ഷകള്‍ ജയിക്കാനുള്ള ചിന്താശേഷിയോ, കഴിവോ സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്നില്ല എന്ന കാര്യമാണ് മാതാപിതാക്കളെയും, വിദ്യാര്‍ത്ഥികളെയും ട്യൂഷന്‍ സെന്ററുകളിലേക്കും, കോച്ചിങ് സെന്ററുകളിലേക്കും ‘ബൈജൂസ്’ പോലുള്ള ‘ലേണിങ് ആപ്പുകളിലേക്കും’ കൊണ്ടെത്തിച്ചത്. ഇന്ത്യയിലെ സ്‌കൂള്‍ സംവിധാനത്തിന്റെ പരിമിതികള്‍ കോച്ചിങ് സെന്ററുകള്‍ വളര്‍ത്തുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് നോക്കി നില്‍ക്കാനേ ആകുന്നുള്ളൂ. ‘കൂടുതല്‍ ജനസംഖ്യയും കുറവ് ജോലികളും ഉള്ള രാജ്യത്ത് എങ്ങനെയും നല്ലൊരു ജോലി വേണമെങ്കില്‍ സ്‌കൂളില്‍ പഠിച്ചത് കൊണ്ട് കാര്യമില്ല, കോച്ചിങ് കൂടിയേ തീരൂ’ എന്ന മനോഭാവത്തിലേക്ക് ഭൂരിഭാഗം മാതാപിതാക്കളും, മക്കളും എത്തുന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ‘മനഃപാഠം’ പഠിച്ചാല്‍ മാര്‍ക്ക് ലഭിക്കും എന്ന സ്‌കൂള്‍ രീതിയും, മാര്‍ക്കില്‍ മാത്രം അധിഷ്ഠിതമായ പഠന മാര്‍ഗങ്ങളും ഇന്ത്യന്‍ സ്‌കൂളുകളുടെ നിലവാരം തകര്‍ക്കുന്ന കാര്യങ്ങളാണ് എന്ന കാര്യം പല വിദ്യാഭ്യാസ വിചക്ഷണന്മാരും വര്‍ഷങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

റാങ്കുകള്‍ തൂക്കി നോക്കും – മാനസിക സമ്മര്‍ദ്ദം അളക്കാന്‍ ആളില്ല

18 മണിക്കൂര്‍ പഠനവും, മാര്‍ക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളും പല കുട്ടികളേയും വിഷാദത്തിലേക്കും മറ്റു മാനസിക പ്രശ്‌നങ്ങളിലേക്കും തള്ളി വിടുന്നുണ്ട്. താങ്ങാന്‍ പറ്റാത്ത ഭാരം നല്‍കുന്ന പഠന രീതികളും, കോച്ചിങ് സെന്ററുകളും, കുടുംബവും, പല കുട്ടികളെയും ആത്മഹത്യയിലേക്ക് തള്ളിയിട്ടുണ്ട്. തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ തുറന്നു പറഞ്ഞാല്‍ അപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാത്തതും, വീണ്ടും വിദ്യാര്‍ത്ഥികളെ കോച്ചിങ് സെന്ററുകളില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നതുമാണ് പലരെയും ആത്മഹത്യ പോലുള്ള കടുംകൈകള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭൂമിയും വീടും വരെ വിറ്റിട്ടാണ് പലരും മക്കളെ കോച്ചിങ് സെന്ററുകളില്‍ എത്തിക്കുന്നത്. ‘സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍ നിങ്ങള്‍ കോച്ചിങ് സെന്ററുകളില്‍ ചേരണം’ എന്ന പരസ്യ വാചകങ്ങളുമായി എത്തുന്ന കോച്ചിങ് സെന്ററുകളും സ്‌കൂളുകളുടേത് പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ പറയുന്നു. ഇരട്ടി ഫീസ് കൊടുത്ത് ചേരുന്ന കോച്ചിങ് സെന്ററുകളില്‍ പഠനം മാത്രമാകുമ്പോള്‍ പല കുട്ടികളുടെയും മാനസിക നില തകരാറിലാകുന്നുണ്ട്. പലപ്പോഴും ഉറക്കം പോലും മാറ്റിവെച്ച് പഠിക്കേണ്ടി വരുന്നതും മാനസിക സമ്മര്‍ദ്ദം ഏറ്റുന്ന കാര്യമാണ്. മിടുക്കരും, ബുദ്ധിമാന്മാരുമായ കുട്ടികള്‍ക്ക് കോച്ചിങ് സെന്ററുകളുടെ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുമെങ്കിലും, ഭൂരിഭാഗം സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അത് താങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. തങ്ങളുടെ കോച്ചിങ് സെന്ററുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിക്കുന്നത് എന്ന പരസ്യത്തിലും പല മാതാപിതാക്കളും വീഴാറുണ്ട്. ആദ്യ റാങ്കുകള്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ പല കോച്ചിങ് സെന്ററുകളുടെയും പരസ്യത്തില്‍ ഒരുപോലെ പ്രത്യക്ഷപ്പെടാറുണ്ടെന്നുള്ളതും പരസ്യമായ രഹസ്യമാണ്. കോച്ചിങ് സെന്ററുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന എത്ര പേര്‍ക്ക് മെഡിസിനും, എന്‍ജിനീയറിങ്ങിനും സീറ്റ് ലഭിക്കുന്നുണ്ട് എന്ന് ആരും കൃത്യമായി അന്വേഷിക്കാറില്ല. ഇതും ബിസിനസ് നടത്തുന്നവര്‍ക്ക് സഹായകരമാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിങ് പ്രചാരണ പരിപാടികള്‍ ആണ് മിക്ക കോച്ചിങ് സെന്ററുകളുടെയും ബിസിനസ് വളര്‍ത്തുന്നത്.

‘സ്പൂണ്‍ ഫീഡിങ്’ രീതിയിലൂടെ കോച്ചിങ് സെന്ററുകളില്‍ നിന്നും പഠിച്ചിറങ്ങി ഐ ഐ ടികളിലും, ഐ ഐ എമ്മുകളിലും, ഐസറുകളിലും എത്തുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സ് കഷ്ടിച്ച് പാസാവാനാകാതെ പുറത്തു പോകേണ്ടി വരാറുള്ള കാര്യം ഒരിക്കലും ഒരു മീഡിയയിലും ചര്‍ച്ച ചെയ്യപ്പെടാറില്ല. കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച്, ചേര്‍ന്ന ശേഷം പകുതി വഴിക്ക് നിര്‍ത്തുന്നവര്‍, ഒരിക്കലും പത്രങ്ങളുടെ തലകെട്ടില്‍ വരാറില്ല. ചില യു ട്യൂബ് ചാനലുകള്‍ മാത്രമാണ് ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാട്ടാറുള്ളത്. ‘ഇറച്ചി കോഴികളെ’ വളര്‍ത്തുന്ന രീതിയില്‍ വളര്‍ത്തി വലുതാക്കിയവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളിലെത്താനും ഉള്ള കഴിവ് പോലും കുടുംബങ്ങളും സമൂഹവും ഇല്ലാതാക്കുകയല്ലേ?

കോച്ചിങ് സെന്ററുകളുമായി കൈകോര്‍ത്തില്ലെങ്കില്‍ സ്‌കൂള്‍ നിലനില്‍ക്കില്ല!

അതിബുദ്ധിമാന്മാരായ കുട്ടികളെ തേടിപ്പിടിച്ച് കോച്ചിങ് സെന്ററുകളില്‍ ‘സൗജന്യമായി പഠിപ്പിച്ച്’ ‘തങ്ങള്‍ക്ക് റാങ്ക് സ്വന്തമാക്കുന്ന വിദ്യയും’ പല കോച്ചിങ് സെന്ററുകളും പിന്തുടരുന്നുണ്ട്. ഈ ഒരു പ്രവണതയില്‍ നിന്ന് മാറി നിന്നാല്‍ സ്‌കൂളുകള്‍ തന്നെ പൂട്ടി പോകുമെന്ന തിരിച്ചറിവില്‍ ഇപ്പോള്‍ മിക്ക സ്‌കൂളുകളും, കോച്ചിങ് സെന്ററുകളുടെ കൂടെ കൈകോര്‍ത്ത് ബിസിനസ് കൊഴുപ്പിക്കുന്നുണ്ട്. കോച്ചിങ് സെന്ററുകള്‍ കൂടി ഇല്ലെങ്കില്‍ സ്‌കൂളുകള്‍ പൂര്‍ണമല്ല എന്ന അവസ്ഥയിലേക്ക് സ്‌കൂളുകളെ എത്തിച്ചതിന് ഉത്തരവാദികള്‍ ആരാണ്? കോച്ചിങ് സെന്ററുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സ്‌കൂളുകള്‍ തന്നെ നടത്താനുള്ള ധൈര്യം മാനേജുമെന്റുകള്‍ക്കും കൈമോശം വന്നോ? ‘പണത്തിന് മീതെ പരുന്തും പറക്കില്ലെങ്കില്‍’ കോച്ചിങ്ങും നല്ലൊരു ബിസിനസ് തന്നെയാണ് എന്ന ‘തിരിച്ചറിവിലാണോ’ സ്‌കൂളുകള്‍?

സ്‌കൂളുകളുടെ ‘ഹോളിസ്റ്റിക് എഡ്യൂക്കേഷന്‍’ മാതൃകകളാണ് കോച്ചിങ് സെന്ററുകള്‍ തകിടം മറിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. ഉയര്‍ന്ന ക്ളാസുകളില്‍ സ്‌കൂളുകള്‍ തന്നെ അക്കാദമിക് താല്പര്യങ്ങള്‍ക്ക് പുറത്തുള്ള മറ്റു അഭിരുചികള്‍ വളര്‍ത്താന്‍ താല്പര്യം അത്ര കാണിക്കുന്നില്ല. അത്ര കൂടി കോച്ചിങ് സെന്ററുകള്‍ നല്കുന്നില്ലെങ്കില്‍ അത് വീണ്ടും കുട്ടികളെ വളര്‍ത്തുകയല്ല, തളര്‍ത്തുകയാണ് എന്ന് മാതാപിതാക്കളും തിരിച്ചറിയാറില്ല. കോച്ചിങ്ങില്‍ ഉന്നത വിജയം നേടുന്നവരെ മീഡിയ ആഘോഷിക്കാറുണ്ടെങ്കിലും, തെരഞ്ഞെടുക്കപ്പെടാത്തവരുടെ സങ്കടവും, മാനസിക വിഷമങ്ങളും ആരും ശ്രദ്ധിക്കാന്‍ മെനക്കെടാറില്ല. ‘കോച്ചിങ് ഇന്‍ഡസ്ട്രി’ ഇന്ത്യയില്‍ തഴച്ചു വളരുമ്പോള്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് ഇതിനെതിരെ നിലപാട് എടുക്കാത്തത് എന്ന കാര്യവും പൊതുചര്‍ച്ചകളില്‍ പോലും വരാറില്ല.

ചിന്താശേഷിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കല്‍

ചില കോച്ചിങ് സെന്ററുകള്‍ മനഃപാഠ പഠനത്തിന് അമിത പ്രാധാന്യം നല്‍കുമെന്നത് സത്യമാണ് എന്ന് വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ വിമര്‍ശനാത്മക ചിന്തയെയും പ്രശ്‌നപരിഹാര കഴിവുകളെയും തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അടിസ്ഥാനപരമായ അറിവ് വളര്‍ത്തുന്നതിനും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും ആവര്‍ത്തനത്തിലൂടെയുള്ള മനഃപാഠമാക്കല്‍ ഉപയോഗപ്രദമാകുമെങ്കിലും, അതിനെ അമിതമായി ആശ്രയിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിച്ചേക്കാം എന്ന ആശങ്കയും വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കുവെക്കുന്നു.

coaching center

ശക്തമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം, വസ്തുതകള്‍ മനഃപാഠമാക്കാന്‍ മാത്രമല്ല, സ്വന്തം അറിവ് പ്രയോഗിക്കാന്‍ കഴിയുന്ന സ്വതന്ത്ര ചിന്തകരെ വാര്‍ത്തെടുക്കേണ്ട സ്ഥലങ്ങളാണ് എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും ഇല്ലാതാകുന്നത് കോച്ചിങ് സെന്ററുകളുടെ തഴച്ചു വളരലിനെ സഹായിക്കുന്നുണ്ട്. ഒരു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കോച്ചിങ് സെന്ററുകളില്‍ മുടക്കുമ്പോള്‍ അവിടെയും സമ്പത്തുള്ളവര്‍ക്ക് കൂടുതല്‍ ‘പ്രീമിയം’ സേവനങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെ പഠിച്ചിറങ്ങുന്നവര്‍ക്ക് കൂടുതല്‍ ‘ഉയരങ്ങളില്‍’ എത്താനാകുമ്പോള്‍ ഈ രീതിയില്‍ നോക്കിയാല്‍ കോച്ചിങ് സെന്റര്‍ സംസ്‌കാരവും ഇന്ത്യയില്‍ അസമത്വം വളര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകുമോ?

ഏഴ് കോടി വിദ്യാര്‍ഥികള്‍ ആണ് ഇന്ത്യയില്‍ പല കോച്ചിങ് സെന്ററുകളില്‍ ആയി പഠനം നടത്തുന്നത് എന്ന ഏകദേശ കണക്കുകള്‍ തന്നെ ഞെട്ടിക്കുന്നതാണ്. ഐ ഐ ടി കളില്‍ നിന്നും പഠിച്ചിറങ്ങുന്ന പലര്‍ക്കും ജോലി ലഭിക്കുന്നില്ല എന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും, മറ്റും പങ്കുവെക്കപ്പെടുന്ന ‘വിവരം’ ഇത്തരം കോച്ചിങ് സെന്ററുകളിലേക്ക് മക്കളെ ഉന്തി തള്ളി വിടുന്ന മാതാപിതാക്കളിലേക്ക് പലപ്പോഴും എത്താറില്ല. മക്കളെ സന്തോഷത്തോടെ അവരുടെ വഴികള്‍ തെരഞ്ഞിടുക്കാന്‍ പിന്തുണ നല്‍കേണ്ടവര്‍ ഡോക്ടര്‍, എന്‍ജിനീയര്‍ അല്ലാതെ മറ്റൊരു ജോലിയും ലോകത്തില്ല എന്ന രീതിയില്‍ പെരുമാറുമ്പോള്‍ നിസഹായരായി കോച്ചിങ് സെന്ററുകളുടെ ബിസിനസിന് നിന്ന് കൊടുക്കേണ്ടി വരുന്ന; മെഡിസിനും, എന്‍ജിനീയറിങ്ങിനും അഡ്മിഷന്‍ ലഭിക്കാത്തതിനാല്‍ തങ്ങള്‍ ഒരു കഴിവില്ലാത്തവരാണ് എന്ന് സ്വയം വിശ്വസിക്കാന്‍ വിധിക്കപ്പെടുന്ന കൗമാരക്കാര്‍ ഇനിയെങ്കിലും മാറി ചിന്തിക്കാന്‍ തയ്യാറായാല്‍ അത് ഇന്ത്യയുടെ നാളെയെത്തന്നെ മാറ്റിമറിക്കാന്‍ പര്യാപ്തമായതായിരിക്കും. Can coaching centers that thrive on gaps in the curriculum be curtailed?

Content Summary: Can coaching centers that thrive on gaps in the curriculum be curtailed?

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×