ട്വിറ്ററിലെ വാക്കും മോദിയുടെ പ്രവര്‍ത്തിയും

കാര്‍ത്തികേയ് മെഹ്‌റോത്ര

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലെ ‘ജോലി ചെയ്യാന്‍ അറിയുന്ന ലോകനേതാക്കള്‍ ആരും ഇല്ലെന്നു തന്നെ പറയാം. എത്ര പെട്ടന്നാണ് അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച അംബാസിഡറും, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും നയതന്ത്ര വിദഗ്ദ്ധനും ആയി തീര്‍ന്നത്.

അതുപോലെ, എത്രമാത്രം ജോലിയാണ് അദ്ദേഹം ട്വിറ്ററില്‍ ചെയ്തു തീര്‍ക്കുന്നത്? 61.2 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് പിന്നില്‍ 13.4 മില്യണ്‍ ഫോളോവേഴ്‌സിന്റെ ബലത്തില്‍ രണ്ടാംസ്ഥാനമാണ് അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയവഴി തന്റെ പദ്ധതികളും ആശയങ്ങളും പ്രചരിപ്പിക്കാനും അത് വൈറല്‍ ആക്കാനും തന്റെ അധികാരം പോലും ഉപയോഗിക്കാന്‍ മോഡിക്ക് യാതൊരു മടിയും ഇല്ല.

മകള്‍ക്കൊപ്പം ഒരു സെല്‍ഫി എന്ന ഹാഷ് ടാഗ് വച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യ എന്ന വിപത്തിനെയും, അതിലൂടെ ലിംഗാനുപാതത്തില്‍ ഉണ്ടാകുന്ന ഇടിവിനെക്കുറിച്ചും ഉള്ള ആശങ്കകള്‍ അദ്ദേഹം പങ്കുവച്ചു. ഈ ഹാഷ് ടാഗിന് കീഴില്‍ ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ട് ഇന്ത്യയുടെ മകള്‍ എന്ന ആശയത്തെ ആഘോഷിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആശയം ഒരു വൈറല്‍ ആയിത്തീരുകയും, ട്വിറ്ററിലേക്ക് ഇന്ത്യയുടെ നഗര, ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പ്രവഹിക്കുകയും ചെയ്തു.

ഇത്തരത്തില്‍ ലിംഗാനുപാതത്തിലെ വ്യതിയാനത്തെയും, തുല്യതയുടെ പ്രശ്‌നങ്ങളെയും കുറിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകള്‍ നടത്താന്‍ ആവശ്യമായതെല്ലാം കൃത്യമായി തന്നെ മോഡി ചെയ്തുവെങ്കിലും രാജ്യത്തിലെ പൊതുമുതല്‍ വിതരണത്തിലും അത് പദ്ധതികളിലൂടെ പ്രവര്‍ത്തികമാക്കുന്നതിലും അദ്ദേഹത്തിനും ഭരണകൂടത്തിനും പിഴവുകള്‍ സംഭവിക്കുന്നുണ്ട് എന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ വര്‍ഷം മോഡിയുടെ ഭരണകൂടം, കുട്ടികള്‍ക്കിടയിലെ ലിംഗാനുപാതത്തില്‍ വര്‍ധിച്ചു വരുന്ന വിടവ് നികത്താനായി വകയിരുത്തിയ തുകയായ 900 മില്യണിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ചെലവാക്കിയത്. ഈ വര്‍ഷം ആകട്ടെ, ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി വനിതാ ശിശു വികസന മന്ത്രാലയത്തിനുള്ള ബജറ്റ് വകയിരുത്തലില്‍ 45 ശതമാനത്തോളം കുറവും വരുത്തിയിരിക്കുന്നു. ട്വിറ്ററിലെ വാക്കും ആളുകളുടെ പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നത് കൃത്യമായി കാണാന്‍ നമുക്ക് സാധിക്കും.

പെണ്‍ഭ്രൂണഹത്യ, ആണ്‍ കുഞ്ഞിനോടുള്ള അമിത താത്പര്യം, ബാലവിവാഹം എന്നിവയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ലിംഗാനുപാതം ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കാരണം. ഈ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും കുറഞ്ഞ അനുപാതമാണ് ഇന്ത്യക്കുള്ളത്. അതായത് നമ്മുടെ പിന്നില്‍ ചൈന മാത്രമേ ഉള്ളൂ.

മകള്‍ക്കൊപ്പം ഒരു സെല്‍ഫീ എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയാ പ്രചാരണങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമോ? ആളുകളുടെ ചിന്തയെ സ്വാധീനിക്കാനും, അവരെ ബോധവത്കരിക്കാനും ഇത്തരം പ്രചരണങ്ങള്‍ക്ക് കഴിയുമോ? ലിംഗനീതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര ശുഭ പ്രതീക്ഷയില്ല.
‘ഇതൊരു തെറ്റാണു എന്നൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇന്ത്യയിലെ സ്ത്രീ ജീവിതത്തെ ദുരിതത്തില്‍ ആഴ്ത്തുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആയ പിതൃമേധാവിത്വത്തെയും അസമത്വത്തെയും പാടെ മറന്നപോലെയാണ് ഈ പ്രചാരണങ്ങള്‍ മുന്നോട്ടു പോകുന്നത്.’ ന്യൂഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ എല്‍ എന്നിലെ (ഹ്യുമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്ക്) കെറി മാക്ബ്രൂം അഭിപ്രായപ്പെട്ടു. ‘മകളോടൊപ്പം ചിരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ, നിലവിലെ ഭരണകൂടം പെണ്‍കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ് എന്ന ബോധം നിര്‍മ്മിക്കുന്നു. എന്നാല്‍ പാവപ്പെട്ടവരുടെ കാര്യം പ്രത്യേകിച്ച് പാവപെട്ട സ്ത്രീകളുടെ കാര്യം സംസാരിക്കുകയും, എന്നാല്‍ പ്രവൃത്തിയില്‍ അതൊന്നും കൊണ്ടുവരാതിരിക്കുകയും ചെയ്യുകയാണ് ഇവിടെ നടക്കുന്നത്.’

മകളോടൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ഫോട്ടോകള്‍ മോഡിയുടെ ട്വിറ്ററിലേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. ഭൂരിഭാഗവും സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയില്‍നിന്നും സമ്പന്നകുടുംബങ്ങളില്‍ നിന്നും ഉള്ളവ തന്നെ. ലിംഗാനുപാതം ഏറ്റവും കുറവുള്ള ഇന്ത്യയിലെ ദരിദ്ര മേഖലയായ ഹരിയാന പോലുള്ള ഗ്രാമങ്ങളിലെ ആളുകള്‍ക്ക് സെല്‍ഫി എടുക്കാനുള്ള ഫോണ്‍ ഉണ്ടാകില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ആര്‍ക്കാണോ ഏറ്റവും കൂടുതല്‍ ബോധവത്കരണവും പിന്തുണയും നല്‍കേണ്ടത് അവരിലേക്ക് ഈ പ്രചാരണങ്ങള്‍ എത്തുന്നില്ല. അവരുടെ കഥകള്‍ നാം അറിയുന്നതേയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Post
Leave a Comment