തിംപുവിന്റെ ഹൃദയഭാഗമായ കാവാജാംഗ്‌സയിലെ പെല്‍ച്ചേയ് തോങ്ഖ്യിം എന്ന ഭൂട്ടാനീസ് പൈതൃക മ്യൂസിയത്തില്‍ വെച്ചാണ് ഞാനാദ്യമായി പുഴുക്കൂണിനെക്കുറിച്ച് കേള്‍ക്കുന്നത്. അതിനെക്കുറിച്ച് കൂടുതല്‍ വായിക്കുകയും അറിയുകയും ചെയ്തപ്പോള്‍ അത്ഭുതം പതിന്മടങ്ങായി. എന്നാല്‍പ്പിന്നെ സംഗതിയൊന്നു കണ്ടേപറ്റൂ എന്നു തീരുമാനിച്ച് തിംപുവിലെ തെരുവുകളിലേക്കിറങ്ങി.

യാര്‍ത്സ ഗോന്‍ബൂബ് എന്നാണ് ഭൂട്ടാന്റെ ഭാഷയായ ദ്സോംഗയില്‍ പുഴുക്കൂണിനെ വിളിക്കുക. അതു തെറ്റാതെ പഠിച്ചുവെച്ചിരുന്നു. ഒടുവില്‍, പുഴുക്കൂണുകള്‍ വില്ക്കുന്ന കടയിലെത്തി. യാര്‍ത്സ ഗൊന്‍ബൂബ് എന്നു പറഞ്ഞപ്പോള്‍ വില്പനക്കാരന്‍ ദോര്‍ജിയുടെ മുഖമൊന്നു തിളങ്ങി. വാങ്ങിക്കാനൊന്നുമല്ല. ഒന്നു കാണാനാണ് എന്നു ഭവ്യതയോടെ പറഞ്ഞപ്പോഴും ആ തിളക്കത്തിനൊട്ടും മങ്ങലുണ്ടായതുമില്ല. അതു ഭൂട്ടാന്റെ പ്രത്യേകതയാണെന്നു ഞാന്‍ പറയും. പ്രസന്നതയാണ് അവരുടെ മുഖമുദ്ര. ചിരിച്ചുകൊണ്ട്, അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ചെറിയ കുട്ട പുറത്തെടുത്ത് എന്റെ മുന്നിലേക്കു വെച്ചു. അതിനുള്ളില്‍ നിറയെ ചെറിയൊരു നീണ്ട പ്രാണിയോ പുഴുവോ എന്നുറപ്പിച്ചു പറയാനാവാത്ത പുഴുക്കൂണുകള്‍. തവിട്ടു മുതല്‍ ഇരുണ്ട നിറം വരേയുള്ളതുണ്ട്. ഒരെണ്ണമെടുത്ത് ദോര്‍ജി എന്റെ കൈയ്യിലേക്കു വെച്ചുതന്നു. സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ ഒരു പകുതി ശരിക്കുമൊരു ചൊറിയാന്‍ പുഴു ഉണങ്ങിപ്പിടിച്ചതുപോലുണ്ട്. മറുപകുതി ഒരു നീണ്ട ചെടിത്തണ്ടു പോലെയും. അതോ ഒരു കൂണ്‍നാമ്പോ? ആ ഭാഗവും നന്നായി ഉണങ്ങിയതുതന്നെ.
കാഴ്ചയില്‍ കാണുന്നപോലെത്തന്നെയാണ് ഇംഗ്ലീഷിലെ പേര്. കാറ്റര്‍പില്ലര്‍ ഫംഗസ്! യാര്‍ത്സ ഗൊന്‍ബൂബ് എന്നത് തിബത്തന്‍ ഭാഷയില്‍ നിന്നു വന്നതാണ്. യാര്‍ത്സ ഗുന്‍ബു എന്നാണ് തിബത്തര്‍ക്ക്. അതിന്റെ അര്‍ത്ഥമാണ് രസകരം. രണ്ട് സംയുക്തപദങ്ങളാണിവിടെ. വേനല്‍പ്പുല്ല്, ശൈത്യപ്പുഴു. ഒരുപാട് അര്‍ത്ഥങ്ങള്‍ അതില്‍ മറഞ്ഞിരിക്കുന്നുണ്ടെന്നു എനിക്കു തോന്നി. ജീവശാസ്ത്രം മാത്രമല്ല. തത്വശാസ്ത്രവുമുണ്ട് ആ പേരില്‍. ജീവപ്രതിഭാസത്തിന്റെ ദാര്‍ശനികമുഖം ആ പുഴുക്കൂണില്‍ തെളിഞ്ഞു നിന്നു. ചൈനീസിലെ പേര് ദോങ്ചോങ് ഷിയാകാവോ എന്നാണ്. അര്‍ത്ഥത്തില്‍ വ്യത്യാസമില്ല. ഒന്നാലോചിച്ചു നോക്കൂ. വേനലില്‍ സസ്യമായും, ശീതകാലത്ത് പുഴുവായും മാറുക എന്നൊക്കെ വെച്ചാല്‍ ലോകാത്ഭുതം തന്നെയല്ലേ. ഒരു ജീവിക്കു സസ്യമായും പ്രാണിയായും ജീവിക്കാനാവുക. പക്ഷെ, സത്യത്തില്‍ ജീവി ഒന്നല്ല, രണ്ടെണ്ണമാണ്. എന്തായാലും, ആ വിസ്മയത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തന്നെ തീരുമാനിച്ചു.

ഒഫിയോകോര്‍ഡിസെപ്‌സ് സൈനന്‍സിസ് എന്ന ഫംഗസ് അഥവാ കുമിള്‍ ആണ് ഇവിടെ നായകന്‍. ലോകമെമ്പാടുമായി മുന്നൂറ്റമ്പതോളം കോര്‍ഡിസെപ്‌സ് കുമിളുകള്‍ ഉണ്ട്. എല്ലാത്തിന്റേയും സ്വഭാവം ഏതാണ്ടൊരുപോലിരിക്കും. ഇക്കൂട്ടത്തില്‍ ഒഫിയോകോര്‍ഡിസെപ്‌സ് സൈനന്‍സിസിനെ ഹിമാലയപരിസരത്താണ് കാണുക.
ഏതാണ്ട് പന്ത്രണ്ടായിരം അടിപ്പൊക്കത്തിനും മുകളിലെ പുല്‍മേടുകളില്‍ മാത്രമേ വളരൂ. പതിനാറായിരം അടിക്കു മീതെ കാണാറുമില്ല. ഈയിടങ്ങളില്‍ കാണുന്ന ഒരുതരം ശലഭമുണ്ട്. ഹെപിയാലിഡേ എന്നാണ് പേര്. ചിലര്‍ പ്രേതശലഭം എന്നും വിളിക്കും. മുപ്പതിലധികം ഇനങ്ങളുണ്ടവ. അതിന്റെ ലാര്‍വയ്ക്ക് അതായത് പുഴുദശയില്‍ ഭൗമോപരിതലത്തിനു ഒന്ന് രണ്ടിഞ്ചു താഴെയാണ് ജീവിതം. ഒരു പരാദമായി ഈ കുമിള്‍ അതിനകത്തു കയറിക്കൂടും. ശൈത്യകാലത്താണ് ഈ പരാദപ്രവര്‍ത്തനം നടക്കുക.
കുമിളിന്റെ വളര്‍ച്ചക്കു വേണ്ടത് ശലഭപ്പുഴുവിന്റെ ശരീരം തന്നെയാണ്. അതിനുള്ളിലെ പോഷകങ്ങളെല്ലാം വലിച്ചെടുത്ത് പുഴു പാടെ ഉണങ്ങിയ ഒരു മമ്മിയായി മാറും. പതുക്കെ, മാസങ്ങള്‍ കഴിയുമ്പോള്‍ അതായത് വസന്തത്തിന്റെ തുടക്കത്തില്‍ പുഴുവിന്റെ ഭൂമിക്കുമീതെയുള്ള ശിരോഭാഗത്തുനിന്നും മുളച്ചുപൊന്തും. അതായത്, കൂണിന്റെ ഇളം തണ്ട് മറ്റൊരു ജീവിയില്‍ നിന്നു വളര്‍ന്നുപൊങ്ങിയതായിരിക്കുമെന്ന്. അങ്ങനെയാണത് പുഴുക്കൂണായി മാറുന്നത്. പകുതി പുഴുവും പകുതി കൂണും. സസ്യമൃഗമിശ്രജീവിതം.

വേനല്‍ തീരാറാവുമ്പോഴേക്കും പ്രത്യുത്പാദനത്തിനു തയ്യാറായിട്ടുണ്ടാവും ഈ കുമിളുകള്‍. സ്‌പോറുകള്‍ എന്ന കുമിള്‍പ്പൊട്ടുകള്‍ അന്തരീക്ഷത്തിലേക്കു വിതരണം ചെയ്യപ്പെടുന്നതാണ് അതിന്റെ ആദ്യപടി. ഭൂമിക്കടിയില്‍ വേരുകളെ കാര്‍ന്നുതിന്നുകൊണ്ടു കഴിയുന്ന ശലഭപ്പുഴുക്കളാണ് ആ കുമിള്‍ കണങ്ങളുടെ ലക്ഷ്യം. ശരത്കാലമായാല്‍ പുഴുവിന്റെ ശരീരവും കുമിള്‍കണങ്ങളുമായി രാസപ്രവര്‍ത്തനം നടക്കുകയായി. അതിലൂടെ കുമിള്‍കണങ്ങളില്‍നിന്നു മൈസീലിയ എന്ന നാമ്പുകള്‍ ശലഭപ്പുഴുവിനുള്ളിലേക്കു പ്രവേശിക്കും. അതോടെ പുഴു കൂണിന്റെ നിയന്ത്രണത്തിലാണ്. അവന്റെ ജീവന്‍ എരിഞ്ഞടങ്ങും. ശലഭമായി പറന്നു നടക്കാനിരുന്ന അവന്‍ ഒരു ഭൂമിയിലുറച്ച കുമിള്‍ അങ്ങനെ ഒരു സസ്യമായി മാറും. ഒരു ജീവിതചക്രം വഴി തെറ്റി മറ്റൊന്നിനു അടിപ്പെടുന്ന വിസ്മയപ്രതിഭാസം.
കുമിള്‍നാമ്പുകള്‍ കയറിക്കഴിഞ്ഞാല്‍ ഭൂമിക്കടിയില്‍ പുഴു കുത്തനെയാണ് നില്ക്കുക. തല മാത്രം പുറത്ത്. അങ്ങനെയൊക്കെ നിര്‍ത്താന്‍ കുമിളിനറിയാം. പതിയെ ആ ലംബമായ നില്പില്‍ പുഴു ജീവന്‍ വെടിയും. ജീവന്റെ നിലനില്പിനു വേണ്ടതെല്ലാം അതിനകം കുമിളിനു പകര്‍ന്നുകൊടുത്തിട്ടുമുണ്ടാവും. ഉണങ്ങിക്കട്ടിയാവുന്ന പുഴു ഒരു ശിലീന്ധ്രവല്ക്കമെന്നോണം കുമിളിന്റെ വളര്‍ച്ചയെ കാത്തു രക്ഷിക്കുകയും ചെയ്യും. തണുത്ത അന്തരീക്ഷത്തിലേ ഇതൊക്കെ സംഭവിക്കൂ എന്നുറപ്പാണല്ലോ. 20 ഡിഗ്രിയിലും കൂടുതല്‍ ചൂടില്‍ ഈ ജൈവവിസ്മയം സംഭവിക്കില്ലത്രെ.
ഞാന്‍ അത്ഭുതത്തോടെ എന്റെ കൈവെള്ളയിലുണ്ടായിരുന്ന പുഴുക്കൂണിനെത്തന്നെ കുറേനേരം നോക്കിനിന്നു. എന്നിട്ടു ഞാനതിന്റെ വില ചോദിച്ചു. ദോര്‍ജിയുടെ ചിരി പടര്‍ന്നു. അന്താരാഷ്ട്ര കമ്പോളത്തില്‍ അരക്കിലോ പുഴുക്കൂണിന്റെ വില കേട്ടാല്‍ ഞെട്ടരുത്. അമ്പതിനായിരം ഡോളര്‍! അതായത് നാല്‍പ്പത് ലക്ഷം രൂപ. അറിയാതെ ആ കൂണ്‍ എന്റെ കൈയ്യില്‍ നിന്നു താഴെവീണു. ആ വിലപറച്ചില്‍ പോലും താങ്ങാനായില്ല!
ശലഭമാവാന്‍ കൊതിച്ചു വളര്‍ന്ന്, മമ്മിയായി, കുമിളിനെ ഉയിര്‍പ്പിക്കുന്ന ഈ പുഴു ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളില്‍ ഒന്നാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നുപോയി. സ്വര്‍ണ്ണം, വജ്രം എന്നിവയോടെല്ലാം കിടപിടിക്കുന്ന ജീവമുകുളം. അതേസമയം സ്വയം സമര്‍പ്പിച്ച മൃതശരീരവും.

എന്തുകൊണ്ടാണിത്ര വിലയിതിന്? അന്വേഷിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അപാരമായ ഔഷധമൂല്യം തന്നെ കാരണം. ചൈനീസ് വൈദ്യത്തില്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണിത്. അര്‍ബുദരോഗ ചികിത്സയിലും പ്രതിരോധശക്തി വര്‍ദ്ധനവിനും ആയി ഇതുപയോഗിക്കുന്നുണ്ട്. നല്ലൊരു ആന്റിഓക്‌സിഡന്റും ആണിത്. പ്രമേഹത്തിനും വൃക്കകളുടെ ആരോഗ്യത്തിനും കരള്‍ രോഗങ്ങള്‍ക്കും ലൈംഗികശേഷിക്കു വേണ്ടിയും പുഴുക്കൂണ്‍ കഴിക്കുന്നത് നല്ലതാണത്രെ. പുഴുക്കൂണ്‍ പൊടിയാക്കി തയ്യാറാക്കുന്ന മിശ്രിതം പത്തോ പതിനഞ്ചോ ഗ്രാം ഒരാഴ്ച തുടര്‍ച്ചയായി സേവിക്കണം എന്നാണ് ചൈനീസ് വൈദ്യന്മാരുടെ നിര്‍ദ്ദേശം. എന്തായാലും അസംഖ്യം ഔഷധവസ്തുക്കള്‍ ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഗവേഷണങ്ങള്‍ നടന്നുവരുന്നു എന്നത് തീര്‍ത്തും സ്വാഗതാര്‍ഹം തന്നെ. ദോര്‍ജിയുടെ കടയില്‍ നിന്നിറങ്ങുമ്പോള്‍ താജ്മഹല്‍ കണ്ട സന്തോഷമായിരുന്നു എനിക്ക്.caterpillar fungus is the worlds most valuable parasite
Content Summary: caterpillar fungus is the worlds most valuable parasite