രേഖകളില്ലാത്ത ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് ഒരു പതിറ്റാണ്ടില്‍ രാജ്യത്തിന് ചെലവ് നൂറ്റമ്പത് കോടി; കോടതികള്‍ക്ക് മൗനം

ദി കാരവന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ വിവര്‍ത്തനം-അവസാന ഭാഗം

കാരവന്‍ മാസികയില്‍ അമൃത സിങ് എഴുതിയ ‘രേഖകളില്ലാത്ത ആര്‍.എസ്.എസ്, ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യഘടനയുടെ രൂപരേഖ’ എന്ന ദീര്‍ഘ ലേഖനത്തിന്റെ പരിഭാഷയുടെ അവസാനഭാഗം. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം. വിവര്‍ത്തനം; ശ്രീജിത്ത് ദിവാകരന്‍)

2017 ഓഗസ്റ്റില്‍ നാഗ്പൂരിലെ വിരമിച്ച സ്‌കൂള്‍ അധ്യാപകനും നേരത്തേ കോര്‍പറേഷന്‍ അംഗവുമായിരുന്ന ജനാര്‍ദ്ദന്‍ മൂന്‍ എന്നയാള്‍ അതിസാഹസം നിറഞ്ഞ ഒരു കാര്യം ചെയ്തു: രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന് പേരുള്ള ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം ശ്രമം നടത്തി. ‘ഞങ്ങള്‍ ഇക്കാര്യം കുറേ നാള്‍ പഠിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നത് ഒരു വലിയ സംഘടനയാണ്. അത് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എവിടേയും രജിസ്റ്റര്‍ ചെയ്തിട്ടില്ല.”- ജനാര്‍ദ്ദന്‍ മൂന്‍ പറഞ്ഞു. ജനാര്‍ദ്ദനും മറ്റ് പന്ത്രണ്ട് സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരും ചേരികളില്‍ തൊഴിലാളികളായ ബഹുജന്‍ സമുദായാംഗങ്ങളും ചേര്‍ന്നാണ് ഇതിനായി രംഗത്തിറങ്ങിയത്. അവര്‍ നാഗ്പൂരെ ചാരിറ്റി കമ്മീഷന് മുന്നാകെ രേഖകള്‍ സമര്‍പ്പിക്കുകയും സ്ഥാപക ദിനം ആഘോഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അവര്‍ ആ പേരില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും വിദ്യാഭ്യാസ പരിപാടികളും പൗരാവകാശ പരിപാടികളും നടത്താന്‍ ആരംഭിച്ചു. 2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തനം വരെ അവര്‍ നടത്തി.

എന്നാല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസ് ജനാര്‍ദ്ദന്‍ മൂനിന്റെ സംഘടനയുടെ രജിസ്ട്രേഷന്‍ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിഷേധിച്ചു. നേരത്തേ ഈ പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതും ‘രാഷ്ട്രീയ’ അഥവാ ദേശീയ എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചാല്‍ അതിന് സര്‍ക്കാരിന്റെ രക്ഷകര്‍ത്തൃത്വമുണ്ടെന്ന അബദ്ധധാരാണയുണ്ടാകും എന്നതുമായിരുന്നു കാരണങ്ങള്‍. ഇത് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചില്‍ ജനാര്‍ദ്ദന്‍ മൂന്‍ ചോദ്യം ചെയ്തു. എന്നാല്‍ മോഹന്‍ ഭാഗവത് മേധാവിയായ ആര്‍.എസ്.എസ് മഹാരാഷ്ട്രയിലെ ചന്ദ്രനഗറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന വാദം കോടതിയില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ അത് പൂര്‍ണമായ ഒരു നുണയായിരുന്നു. ഞാന്‍ ചന്ദ്രപൂരിലെ പബ്ലിക് ട്രസ്റ്റ് രജിസ്ട്രേഷന്‍ ഓഫീസില്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കി. അവര്‍ ഇങ്ങനെയൊരു കാര്യം നിഷേധിച്ചു. കോടതി എന്തായാലും ജനാര്‍ദ്ദന്‍ മൂനിന്റെ ഹര്‍ജി തള്ളി.

ഇത്തരമൊരു രജിസ്ട്രേഷന്‍ പരിപാടിയുമായി മുന്നോട്ട് പോകാനുണ്ടായ യുക്തിയെ കുറിച്ച് ജനാര്‍ദ്ദന്‍ മൂന്‍ വിശദീകരിച്ചു. ”രാജ്യത്തുടനീളം ഒരു അനധികൃത സംഘടന പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. അവരാകട്ടെ മനുവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നു. നമ്മളവതിനെ സാമൂഹ്യസംഘടന എന്നാണോ ജാതീയ സംഘടന എന്നാണോ വിളിക്കേണ്ടത്?”-അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെ മറ്റേ ആര്‍.എസ്.എസ് ഭരണഘടനപരമായല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാനുള്ള ഒരു വഴിയായാണ് അദ്ദേഹമിത് കണ്ടത്. അത് ഒരു കണ്ണാടി ഉയര്‍ത്തിക്കാണിക്കുന്നത് പോലെയായിരുന്നു. ആ കണ്ണാടിയില്‍ പ്രതിഫലിച്ച് കാണുന്നത് രാജ്യത്ത് ഒരു നിയമ പരമായി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന, അധികാരസ്ഥാനങ്ങളിലെല്ലാം പിടിമുറുക്കിയ ആര്‍.എസ്.എസിനെ ആണ്.

സത്യം വരെ ലളിതമാണ്-ജനാര്‍ദ്ദന്‍ മൂന്‍ വിശദീകരിച്ചു. രാജ്യത്ത് ഏറ്റവും അധികാരമാളുന്ന, ഇസഡ് പ്ലസ് സുരക്ഷയും കണക്കില്ലാത്ത ഭൂസ്വത്തും കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന സ്വാധീനവും ഉള്ള സംഘടന നിയമപരമായി നിലനില്‍ക്കുന്നില്ല. ‘എനിക്ക് 10 കോടി രൂപയുടെ ഒരു ബംഗ്ലാവ് ഉണ്ടെങ്കില്‍ സി.ബി.ഐയും ഇഡിയും എല്ലാം എന്നേ അന്വേഷിച്ച്, ഞാന്‍ എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളാണോ എന്ന് നോക്കി വരില്ലേ? -അദ്ദേഹം ചോദിച്ചു. ‘പക്ഷേ, എന്റെ കെട്ടിടത്തിന് 10 കോടി വിലയുണ്ട്, പക്ഷേ ഞാന്‍ പറയുന്നു, ഇത് ഗുരുദക്ഷിണയാണ്, ഞങ്ങളുടെ പ്രവര്‍ത്തകര്‍ തന്നെ പണമാണെന്ന്. സര്‍ക്കാര്‍ വിശ്വസിക്കുമോ?” മോഹന്‍ ഭാഗവത് നയിക്കുന്ന ആര്‍.എസ്.എസ് ‘അവര്‍ക്ക് ആരൊക്കെയാണ്, എത്രയൊക്കെ കോടികളാണ് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നല്‍കിയിട്ടുള്ളത് എന്ന് പറയാനുള്ള ബാധ്യതയുണ്ട്.”

ആര്‍.എസ്.എസിനെതിരായ ഇത്തരം ചോദ്യങ്ങള്‍ അപൂര്‍വ്വമാണ്. 2021 ജൂണ്‍ മുതല്‍ ലലന്‍ കിഷോര്‍ സിങ്ങ് എന്ന, ജീവിതകാലം മുഴുവന്‍ തൊഴിലാളി സംഘടനകളുടെ ഭാഗമായിരുന്ന, 64 കാരന്‍ ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് വേണ്ടി എത്ര പണം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട് എന്നത് അറിയാനുള്ള ശ്രമം പൊടുന്നനെ ആരംഭിച്ചു. ”ആര്‍.എസ്.എസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടന പോലുമല്ല, എന്നിട്ടും എന്ന് നിയമപ്രകാരമാകും സര്‍ക്കാര്‍ ഇവരുടെ സുരക്ഷയ്ക്ക് ഇത്രയേറെ പണം ചെലവഴിക്കുന്നത്? അല്ല, ഇനിയിപ്പോ ആര്‍.എസ്.എസ് ആണ് അവരുടെ സുരക്ഷയ്ക്ക് പണം ചെലവഴിക്കുന്നതെങ്കില്‍ എത്രമാത്രമാണത് എന്ന് പുറത്തറിയിക്കേണ്ടേ?’

ലലന്‍ കിഷോര്‍ സിങ്ങ് ഇക്കാര്യം വിവരാവകാശ അപേക്ഷകളായി സര്‍ക്കാരിന്റെ മുന്നില്‍ വച്ചു. വിവരാവകാശ നിയമത്തിന്റെ 24(എ) ചട്ടപ്രകാരം ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാവില്ല എന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞു. രഹസ്യാന്വേഷണ, സുരക്ഷ ഏജന്‍സികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ പുറത്ത് നല്‍കുന്നതിനെ വിലക്കുന്ന നിയമങ്ങളാണിവ. ഈ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയ ശേഷം ട്രാഫിക് പോലീസ് തന്നെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മണിക്കൂറുകളോളം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായും ലലന്‍ കിഷോര്‍ സിങ്ങ് പറയുന്നു.

2024-ല്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചില്‍ ലലന്‍ സിങ്ങ് ഒരു റിട്ട് ഹര്‍ജി നല്‍കി. കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയായ ഇസഡ് പ്ലസ് സുരക്ഷ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനും ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തിനും 2015 മുതല്‍ നല്‍കുന്നുണ്ടെന്നറിയുന്നു, ഇതെന്തിനാണ് നല്‍കുന്നത് എന്നറിയാനുള്ള ഹര്‍ജിയായിരുന്നു അത്. ‘നൂറ്റിയന്‍പതോളം ഉദ്യോഗസ്ഥര്‍ ഈ സുരക്ഷാ പ്രവര്‍ത്തിയില്‍ നിയുക്തരാണ്.’-അദ്ദേഹം കോടതിയോട് പറഞ്ഞു. അദ്ദേഹം തുടര്‍ന്ന് കോടതിക്ക് മുന്നാകെ ഉദ്ധരിക്കുന്നത് മുകേഷ് അംബാനിക്ക് 58 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്കായി നല്‍കിയ വാര്‍ത്തയാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്ന വ്യവസായി ആയ മുകേഷ് അംബാനിയുടെ സുരക്ഷയ്ക്ക് 40 ലക്ഷം രൂപ സര്‍ക്കാരിന് പ്രതിമാസം ചെലവാകുന്നുണ്ട്. ഇത് പ്രകാരം ആര്‍.എസ്.എസിനും മോഹന്‍ ഭാഗവതിനും സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയ്ക്ക് മാസം 1.25 കോടി രൂപയെങ്കിലും ചെലവുണ്ടാകും. എത്രമാത്രം ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ക്കായി വിന്യസിക്കപ്പെടുന്നുണ്ട് എന്ന് നോക്കിയാല്‍ കണക്ക് ലഭ്യമാകും. അതിന്നര്‍ത്ഥം ചുരുങ്ങിയത് 150 കോടി രൂപയെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട് എന്നാണ്. ലലന്‍ സിങ്ങ് 2023 ഫെബ്രുവരിയിലെ സുപ്രീം കോടതി ഉത്തരവും ചൂണ്ടിക്കാണിക്കുന്നു. അംബാനിയോട് തന്റെ സുരക്ഷയ്ക്കുള്ള പണം ചെലവാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുന്ന ഉത്തരവാണിത്. ആ അര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് അവരുടെ സുരക്ഷയ്ക്കുള്ള ചെലവ് വഹിക്കേണ്ടതല്ലേ? ‘പൊതു ഖജനാവിലെ പണമാണിത്. ഇത് പൊതുജന താത്പര്യത്തിന് വേണ്ടിയാണ് ചെലവഴിക്കപ്പെടേണ്ടത്. മാത്രമല്ല, രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലാത്ത, മൂന്ന് തവണ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ഒരു സര്‍ക്കാര്‍ ഇതര സംഘടനയ്ക്ക് സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ഇത്രയും പണം ചെലവഴിക്കുന്നത്.”

ഞാന്‍ ശ്രീ കേശവ് സ്മാരക് സമിതി അധ്യക്ഷന്‍ അലോക് കുമാറിനോട് എന്തുകൊണ്ടാണ് നിങ്ങളിപ്പോഴും രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയായി തുടരുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ”എന്തിനാണ് രജിസ്റ്റര്‍ ചെയ്യുന്നത്? ഇതൊരു നിയമപരമായ ബാധ്യതയാണോ? അല്ല!” എങ്ങനെയാണ് സംഘപരിവാറിന്റെ തൊഴില്‍ വിഭജന യുക്തിയെന്നും അവരുടെ പ്രവര്‍ത്തന രീതിയെന്ത് എന്നും അദ്ദേഹം വിശദീകരിച്ചു. ”നോക്കൂ, നിങ്ങള്‍ക്ക് കേശവ് സ്മാരക് സമിതി എന്ത് എന്നറിയാം. ഇത് വിഭിന്നമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്. പലതും ആര്‍.എസ്.എസിന്റെ നേരിട്ടുള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതല്ല. ആര്‍.എസ്.എസിന്റെ പരിപാടി കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ്, അല്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയല്ല’. അദ്ദേഹം വിശദീകരിച്ചു. ആര്‍.എസ്.എസിനകത്തുള്ള പലരും പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ചിലര്‍ക്ക് പുസ്തക പ്രസാധനത്തിലാകും താത്പര്യം. ചിലര്‍ക്ക് ജ്ഞാനവ്യാപനത്തിലാകും. അത് ആര്‍.എസ്.എസ് നേരിട്ട് ഉത്തരവാദിത്തമെടുക്കേണ്ട കാര്യമല്ല. ‘ഇത്തരം സംഘടനകള്‍ സ്വയം സേവകര്‍ പ്രത്യേക കാര്യങ്ങള്‍ക്കായി ആരംഭിക്കും. അത് തികച്ചും നിശ്ചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതങ്ങനെ തന്നെ പ്രവര്‍ത്തിക്കും.’-അദ്ദേഹം പറഞ്ഞു. ‘അത്തരം സമിതികള്‍ ശാഖ നടത്താറില്ല, ശാഖ നടത്തുക ആര്‍.എസ്.എസ് മാത്രമാണ്. ഞങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കുന്ന രീതി നമ്മളേത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും.’

എന്നാല്‍ വിവിധ സംഘടനളോട് ചേര്‍ന്ന ക്ഷമാപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്ന് ആര്‍.എസ്.എസിന് നല്ലവണ്ണമറിയാം. അവരെ എങ്ങനെ ആശയപരമായി മനസ് മാറ്റണമെന്നും. ‘ആര്‍.എസ്.എസ് നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല.” ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്റെ ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. ‘അവര്‍ നിങ്ങളെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം അവര്‍ക്ക് വേണ്ടത് ചെയ്യിക്കും’. ഇത് ആ സംഘടനയുടെ പതിറ്റാണ്ടുകളായുള്ള യാത്രയെ കുറിച്ചുള്ള കൃത്യമായ വിശദീകരണമാണ്. ആര്‍.എസ്.എസിന്റെ മുഴുവന്‍ മാര്‍ഗ്ഗ ദര്‍ശക ബിംബങ്ങളേയും രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്കുള്ളില്‍ ഉന്നത പദവികളില്‍, പൊതുദൃഷ്ടിയില്‍ തന്നെ, ആര്‍.എസ്.എസിന്റെ എക്കാലത്തും വികസിച്ചുകൊണ്ടിരിക്കുന്ന സംവിധാനത്തിന്റെ പ്രതിരൂപങ്ങളായി അവര്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ നിത്യസംഘര്‍ഷങ്ങളുടെ കാലം കഴിഞ്ഞു- അയോധ്യയിലെ ബി.ജെ.പി മണ്ഡല്‍ അധ്യക്ഷന്‍ മഹേന്ദ്ര മിശ്ര എന്നോട് പറഞ്ഞു. ഞാന്‍ ഇതുവരെ കണ്ട മറ്റേത് ആര്‍.എസ്,എസുകാരേക്കാള്‍ വാക്കുകള്‍ അളന്നുപയോഗിക്കുന്ന ശരദ് ശര്‍മ്മ ആ പറഞ്ഞതിനെ നിഷേധിച്ചു. ‘തൊണ്ണൂറുകളില്‍ ഞങ്ങള്‍ക്കെതിരെ വെടിയുണ്ടകള്‍ ഉതിര്‍ക്കപ്പെട്ടു.’-ബാബ്രി പള്ളിപൊളിക്കാനായി അയോധ്യയിലേയ്ക്കു പോയിരുന്ന ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെ ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങ് സര്‍ക്കാര്‍ നടത്തിയ വെടിവെയ്പിനെ അനുസ്മരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഇന്നിപ്പോള്‍ ആരും വെടിവയ്ക്കാനില്ല. അതുമാത്രമാണ് വ്യത്യാസം. ഞങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ ജയിലില്‍ പോകേണ്ടി വരുന്നില്ല.’-ശരദ് ശര്‍മ്മ പറഞ്ഞു.

തലസ്ഥാന നഗരമായ ഡല്‍ഹിയിലെ ആര്‍.എസ്.എസിന്റെ പുതിയ ആസ്ഥാനം സംഘടന എത്രമാത്രം ശക്തിമത്തായി, എത്രമാത്രം രഹസ്യാത്മകമായി, എത്രമാത്രം നിയമബാധ്യതകളില്ലാതെ രാജ്യത്തിനെ അവരുടെ വറുതിക്ക് നിയന്ത്രിക്കുന്നതില്‍ വിജയിച്ചുവെന്നതിന്റെ ദൃഷ്ടാന്തമാണ്. ‘ഈ കെട്ടിടം പണിതിരിക്കുന്നത് അടുത്ത നൂറ് വര്‍ഷത്തെ മുന്‍ നിര്‍ത്തിയാണ്’- ആര്‍.എസ്.എസിന്റെ ജില്ലാ കാര്യവാഹ് അനില്‍ പറഞ്ഞു. Central government spent 150 crore on security for RSS in one decade

അവസാനിച്ചു.

(റിപ്പോര്‍ട്ടിന് ഒപ്പമുള്ള ചിത്രം അഴിമുഖത്തിന്റെതല്ല, രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും എടുത്ത് ഉപയോഗിക്കുന്നതാണ്)

Content Summary; Central government spent 150 crore on security for RSS in one decade

This post was last modified on July 29, 2025 2:39 pm

അമൃത സിംഗ്:
Related Post
Leave a Comment