June 29, 2026 |
Share on

അയോധ്യ ക്ഷേത്രക്കൊള്ള: ആർ.എസ്.എസ് അന്വേഷണത്തിന്; ട്രസ്റ്റ് പുനഃസംഘടനയ്ക്ക് നീക്കം

ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ നിർദേശപ്രകാരം ഉത്തർപ്രദേശിന്റെ മേഖലാ പ്രചാരക് അന്വേഷണത്തിനായി കഴിഞ്ഞദിവസം അയോധ്യയിലെത്തി. അദ്ദേഹം സന്യാസിമാരുമായും പുരോഹിതരുമായും മറ്റും കൂടിക്കാഴ്ചകൾ നടത്തിവരികയാണ്.

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതി ആരോപങ്ങൾ ആർ.എസ്.എസും അന്വേഷിക്കും. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ നിർദേശപ്രകാരം ഉത്തർപ്രദേശിന്റെ മേഖലാ പ്രചാരക് അന്വേഷണത്തിനായി കഴിഞ്ഞദിവസം അയോധ്യയിലെത്തി. പ്രചാരക് അനിൽ കുമാർ സന്യാസിമാരുമായും പുരോഹിതരുമായും മറ്റും കൂടിക്കാഴ്ചകൾ നടത്തിവരികയാണ്.
കാണിക്കക്കൊള്ളയുടെ ആരോപണനിഴലിൽ നിൽക്കുന്ന ശ്രീ രാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ അഴിച്ചുപണി നടത്തുമെന്നും സൂചനയുണ്ട്. വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ട്രസ്റ്റ് പുനഃസംഘടനയ്ക്കുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹൻ ഭാഗവത്‌

ട്രസ്റ്റിൽ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ പ്രചാരക് അനിൽ കുമാർ സന്യാസിമാരോടും പുരോഹിതരോടും ആവശ്യപ്പെടും. നിർദേശങ്ങൾ സമാഹരിച്ച് അദ്ദേഹം ആർ.എസ്.എസ് തലവന് റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ ആർ.എസ്.എസ് അഖിലേന്ത്യ എക്‌സിക്യൂട്ടീവ് അംഗം ഭയ്യാജി ജോഷി അയോധ്യയിലെത്തി ഒരു ദിവസം തങ്ങുകയും സന്യാസിമാരുമായും പുരോഹിതരുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. തന്റെ കണ്ടെത്തലുകളും നിർദേശങ്ങളുമടങ്ങിയ റിപ്പോർട്ട് ഭയ്യാജി ജോഷി മോഹൻ ഭാഗവതിന് സമർപ്പിച്ചിട്ടുണ്ട്.
സംഭാവനക്കൊള്ള ആരോപണത്തെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച ചമ്പത് റായിയോട് ജൂലൈ 11ന് നടക്കുന്ന ട്രസ്റ്റ് യോഗത്തിൽ വിശദീകരണം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ചമ്പത് റായിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചമ്പത് റായിയുടെ രാജി സംബന്ധിച്ച തീരുമാനവും ട്രസ്റ്റ് യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വി.എച്ച്.പി ഉപാധ്യക്ഷൻ കൂടിയായ ചമ്പത് റായിയെ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. രാജിവച്ച ട്രസ്റ്റ് അംഗം അനിൽ മിശ്രയെയും ഉടൻ ചോദ്യംചെയ്യും. സംഭാവന തട്ടിപ്പ് വിവാദത്തെ തുടർന്ന് ക്ഷേത്രത്തിന്റെ ഭരണച്ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന് ഭക്തർ സംഭാവന ചെയ്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും കാതായാണ് ആരോപണം ഉയർന്നത്. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
പ്രതിചേർക്കപ്പെട്ട എട്ടുപേരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം അയോധ്യ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജീവനക്കാരിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഘപരിവാർ നേതാക്കളിലേക്കും അന്വേഷണം നീളുകയാണ്. സംഘപരിവാർ നേതാക്കളെ ചോദ്യംചെയ്യാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അന്വേഷണം ജീവനക്കാരിൽ മാത്രമൊരുക്കി നേതാക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് യോഗി ആദിത്യനാഥ് സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ചമ്പത് റായ്‌

അയോധ്യയിലെ സംഭാവനക്കൊള്ള കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. ചമ്പത് റായിയുടെ ഡ്രൈവറും വിശ്വസ്തനുമായ ടിനു യാദവ് ഉൾപ്പെടെയുള്ളവരെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ടിനു യാദവിനായിരുന്നു കാണിക്ക പെട്ടികളുടെയും പണം എണ്ണുന്ന മുറിയുടെയും ചുമതല. പൊലീസ് റെയിഡിൽ ഇയാളുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു. ക്ഷേത്രത്തിലേക്ക് പണവും ആഭരണങ്ങളും ചമ്പത് റായി മുഖേനയാണ് സംഭാവന ചെയ്തതെന്ന് വ്യവസായികൾ മൊഴി നൽകിയിരുന്നു. ചമ്പത് റായിക്കെതിരെ നടപടി വേണമെന്ന് കർസേവകരുടെ സംഘടനയായ ധർമസേന പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ടവിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് കശ്യപ് ആണ് അറസ്റ്റിലായ മറ്റൊരാൾ. ഇയാൾക്ക് എണ്ണിതിട്ടപ്പെടുത്തുന്ന കാണിക്ക പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനുള്ള ചുമതലയായിരുന്നു. അറസ്റ്റിലായ മറ്റ് ആറുപേർ കാണിക്ക എണ്ണുന്ന ചുമതലയുള്ള ജീവനക്കാരാണ്.
രാമക്ഷേത്രത്തിലെ സി.സി ടി.വി ക്യാമറകളുടെ നിരീക്ഷണ ചുമതലയുണ്ടായിരുന്ന റേഡിയോ ഓപ്പറേഷൻ ഓഫീസർ (ആർ.എം.ഒ) അർജുൻ ദേവിനെയും സംഭാവനക്കൊള്ള കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്തു. കാണിക്ക എണ്ണുന്ന മുറിയിലേതുൾപ്പെടെ 1600 കാമറകളുടെ ചുമതലയാണ് അർജുൻ ദേവിന് ഉണ്ടായിരുന്നത്. കഴിഞ്ഞ 17 വർഷത്തിനിടെ തുടർച്ചയായി അയോധ്യയിൽ നിയമിക്കപ്പെട്ട അർജുൻ ദേവ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലും ഇടപെടൽ നടത്തിയിരുന്നു. എസ്.ഐ.ടിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതിരുന്ന അർജുൻ ദേവ് താൻ അഭിഭാഷകൻ മുഖേന മറുപടി നൽകുമെന്നാണ് അറിയിച്ചത്.

Content Summary: The RSS has initiated an inquiry into the alleged Ayodhya Ram Temple donation scam amid mounting allegations of financial irregularities.

Leave a Reply

Your email address will not be published. Required fields are marked *

×