June 23, 2026 |
Share on

അയോധ്യ രാമക്ഷേത്രത്തില്‍ 200 കോടിയുടെ ഫണ്ട് തട്ടിപ്പ്? ട്രസ്റ്റിനെതിരെ പരാതിയുമായി മുന്‍ കര്‍സേവകന്‍

രാമക്ഷേത്രത്തില്‍ ഭക്തരില്‍ നിന്നും കാണിക്കയായി പ്രതിദിനം ഒരു കോടി രൂപയോളം രൂപ പണമായും, സ്വര്‍ണ്ണ-വെള്ളി നാണയങ്ങളായും ആഭരണങ്ങളായും ലഭിക്കുന്നുണ്ടെന്ന് സന്തോഷ് ദുബെ തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായും ഫണ്ട് വിനിയോഗവുമായും ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വന്‍ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലും രാജ്യത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് 1980-കളുടെ അവസാനം മുതല്‍ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന മുന്‍ കര്‍സേവകന്‍ സന്തോഷ് ദുബെ നല്‍കിയ പരാതിയാണ് വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയോടൊപ്പം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായിരുന്ന സന്തോഷ് ദുബെ, ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരെ 200 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് ആരോപിച്ചാണ് അയോധ്യയിലെ രാമജന്മഭൂമി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

രാമക്ഷേത്രത്തില്‍ ഭക്തരില്‍ നിന്നും കാണിക്കയായി പ്രതിദിനം ഒരു കോടി രൂപയോളം രൂപ പണമായും, സ്വര്‍ണ്ണ-വെള്ളി നാണയങ്ങളായും ആഭരണങ്ങളായും ലഭിക്കുന്നുണ്ടെന്ന് സന്തോഷ് ദുബെ തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സംഭാവനകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട ചുമതല ട്രസ്റ്റിനാണ്. എന്നാല്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ബന്‍സാല്‍, അനില്‍ മിശ്ര, ഗോപാല്‍ റാവു, ചമ്പത് റായുടെ ഡ്രൈവര്‍ രാമശങ്കര്‍ യാദവ് എന്നിവര്‍ ചേര്‍ന്ന് ജീവനക്കാരുമായി ഗൂഢാലോചന നടത്തി ഏകദേശം 200 കോടിയിലധികം രൂപയുടെ കാണിക്ക വകമാറ്റിയെന്നാണ് ദുബെയുടെ പ്രധാന ആരോപണം. അക്കൗണ്ട് പുസ്തകങ്ങളില്‍ വ്യാജ വിവരങ്ങള്‍ രേഖപ്പെടുത്തിയും കണക്കുകളില്‍ കൃത്രിമം കാണിച്ചുമാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൂടാതെ, ഭക്തര്‍ സമര്‍പ്പിച്ച വിലപിടിപ്പുള്ള ആഭരണങ്ങളും കോടിക്കണക്കിന് രൂപയും മോഷ്ടിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്തതായും ഇതില്‍ ചിലത് പിന്നീട് ചെറിയ കള്ളന്മാരില്‍ നിന്ന് പോലീസ് കണ്ടെടുത്തതായും മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദുബെ ആരോപിക്കുന്നു.

ഈ വിഷയത്തില്‍ സന്തോഷ് ദുബെയെ കൂടാതെ യു.പി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശരദ് ശുക്ല ഉള്‍പ്പെടെ മൂന്ന് പേരാണ് അയോധ്യ പോലീസില്‍ സമാനമായ പരാതികള്‍ നല്‍കിയിട്ടുള്ളത്. ചമ്പത് റായ് ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് അമിതവിലയ്ക്ക് ഭൂമി ഇടപാടുകള്‍ നടത്തിയതായും ഇതില്‍ അഴിമതിയുണ്ടെന്നും പരാതികളില്‍ പറയുന്നു. അയോധ്യയിലെ പ്രമുഖ ഹൈന്ദവ നേതാക്കള്‍ കൂടിയായ വിനയ് കത്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രസ്റ്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ട്രസ്റ്റികള്‍ തന്നെ അഴിമതിയില്‍ പങ്കാളികളായാല്‍ അത് ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്നും കുറ്റക്കാരെ ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ രാഷ്ട്രീയമായി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലക്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ഐ.ജി കിരണ്‍ എസ്, ധനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി നീല്‍ രതന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല സമിതിയാണ് കേസ് അന്വേഷിക്കുന്നത്. ക്ഷേത്രത്തില്‍ ലഭിച്ച സ്വര്‍ണ്ണം, വെള്ളി, മറ്റ് കാണിക്കകള്‍ എന്നിവയുടെ രേഖകളില്‍ വലിയ അപാകതകള്‍ എസ്.ഐ.ടി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലില്‍ പല ട്രസ്റ്റ് ഭാരവാഹികള്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് അന്വേഷണസംഘം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണിക്ക തട്ടിപ്പിന് പുറമേ, വിവിധ ഘട്ടങ്ങളിലായി ട്രസ്റ്റ് നടത്തിയ ഭൂമി വാങ്ങലുകളും നിര്‍മ്മാണ സാമഗ്രികളുടെ സംഭരണവും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം, ട്രസ്റ്റിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ശക്തമായി തുടരുമ്പോഴും പോലീസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ എഫ്.ഐ.ആര്‍ ഇടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് പോലീസ് നിലപാട്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെക്കാള്‍ വലിയ സ്രാവുകളെയും സര്‍ക്കാരിനെയുമാണ് യു.പി പോലീസ് സംരക്ഷിക്കാന്‍ നോക്കുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍, ട്രസ്റ്റിന്റെ ഫണ്ടുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും കൃത്യമായ ഓഡിറ്റിങ് നടക്കുന്നുണ്ടെന്നുമാണ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കുന്നത്. പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തിവരികയാണ്.

Content Summary; A former kar sevak has filed a complaint alleging a Rs 200 crore fund embezzlement in the Ayodhya Ram Temple Trust, prompting the UP government to set up an SIT probe

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×