അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെടുന്ന ഭരണഘടന ഭേദഗതി ബില്ലിനെതിരെ അഴിമുഖത്തോട് പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാവിലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്‍ ഒരു സ്വേച്ഛാധിപത്യ നീക്കമാണ്. ഇന്ത്യന്‍ ഭരണഘടനയിലെ 75-ാം വകുപ്പിന് (മന്ത്രിസഭയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്) കൊണ്ടുവന്ന പ്രസ്തുത ഭേദഗതി അനുസരിച്ച്, പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ 30 ദിവസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നാല്‍, 31-ാം ദിവസം മുതല്‍ അവര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമാകും.
പ്രധാനമന്ത്രിയുടെ പേര് ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത് വെറും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. നമ്മുടെ രാജ്യത്തെ അനുഭവം വെച്ച്, മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്ന രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുണ്ട്. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് രാഷ്ട്രീയമായി വഴങ്ങാത്തവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് 2014 മുതല്‍ നാം കണ്ടുവരുന്നത്. ബിജെപി ക്ക് വഴങ്ങാത്ത മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഉപദ്രവിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാം, ഒത്തുവന്നാല്‍ മുഖ്യമന്ത്രിയാകാം; അസം മുഖ്യമന്ത്രിയായ ഹേമന്ത ശരണ്‍ ബിശ്വയെപ്പോലെ. അദ്ദേഹം കോണ്‍ഗ്രസ്സിലായിരുന്നപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തിന് പിന്നാലെയായിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അന്വേഷണം അവസാനിപ്പിച്ചു. താമസിയാതെ ബിജെപി നേതാവായി, അസം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര ബിജെപി ഇതര, എന്‍ഡിഎ ഇതര രാഷ്ട്രീയക്കാരെയാണ് ബിജെപിയിലോ എന്‍ഡിഎയിലോ ചേരാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ഞാന്‍ പറയുന്നില്ല.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ഹീനമായ ഭീഷണിയുടെ ഈ രാഷ്ട്രീയ അഴിമതിക്ക് നിയമപരമായ അംഗീകാരം നല്‍കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ നീക്കത്തിലൂടെ അവര്‍ നിയമവിരുദ്ധമായ, രാഷ്ട്രീയ ഭീഷണിയെ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ്. ശിക്ഷിക്കപ്പെടും വരെ ഒരാള്‍ നിരപരാധിയാണ് എന്ന് പരിഗണിക്കപ്പെടണമെന്ന് അടിസ്ഥാന നീതിന്യായ കാഴ്ചപ്പാട് ഇവിടെ അട്ടിമറിക്കുക കൂടിയാണ്.
ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത് തീര്‍ത്തും സ്വേച്ഛാധിപത്യപരവും അസംബന്ധവും അംഗീകരിക്കാനാവാത്തതുമാണ്. സ്വാഭാവികമായും, ഇന്ന് രാവിലെ ലോക്‌സഭയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഈ സ്വേച്ഛാധിപത്യ നീക്കത്തെ ചോദ്യം ചെയ്തു. ഇത് അടിയന്തരാവസ്ഥയുടെ തുറന്ന പ്രഖ്യാപനത്തെക്കാള്‍ ഭീകരമാണ്. ഫാസിസ്റ്റ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍ നവ-ഫാസിസ്റ്റ് തന്ത്രങ്ങളിലേക്ക് നീങ്ങുകയാണെന്ന് സിപിഐഎം ന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും നേതൃത്വത്തില്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ സ്വേച്ഛാധിപത്യ പാതയിലാണ് നീങ്ങുന്നതെന്ന് എല്ലാ ജനാധിപത്യ കക്ഷികളും, വ്യക്തികളും, സാമൂഹ്യ ഗ്രൂപ്പുകളും, പൊതു ബുദ്ധിജീവികളും ഈ സ്വേച്ഛാധിപത്യ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും എംഎ ബേബി അഴിമുഖത്തോട് പറഞ്ഞു. Amit Shah’s is a dictatorial move, and the Prime Minister’s name is a tactic to deceive people; M.A. Baby
Content Summary: Amit Shah’s is a dictatorial move, and the Prime Minister’s name is a tactic to deceive people; M.A. Baby
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.