June 23, 2026 |

എല്‍ഡിഎഫ് അല്ലാതെ മറ്റാര്… എം എ ബേബി

വിഡി സതീശന്റേത് ആഗ്രഹങ്ങള്‍ മാത്രം

കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബേബി അഴിമുഖത്തോട് പറഞ്ഞു. വലിയ ജനക്ഷേമ പദ്ധതികളും വികസന പരിപാടികളും ആണ് കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നതിന് നിരവധി തെളിവുകള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലുമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, ഗതാഗതം, ഐടി, ബയോടെക്‌നോളജി, കൃഷി, വ്യവസായം, വാണിജ്യം, പരമ്പരാഗത വ്യവസായം, ടൂറിസം, പിന്നോക്കക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ആസൂത്രണം, തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജ്ജനം തുടങ്ങി എല്ലാ മേഖലകളിലും വികസനം ഉണ്ടായിരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. ഇത് തീര്‍ച്ചയായും എല്‍ഡിഎഫിനെ മൂന്നാം തവണയും വിജയിപ്പിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

എന്റെ പ്രിയ സുഹൃത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 100 സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നത് കണ്ടു. അദ്ദേഹം അങ്ങനെ ഉന്നയിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുവാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും അത്. കേരളത്തില്‍ 500 ല്‍പരം നിയമസഭാ സീറ്റ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആഗ്രഹം ഒരുപക്ഷേ സാധിച്ചു പോയേനെ. എന്നാല്‍ കേരളത്തില്‍ 140 സീറ്റ് മാത്രമാണ് ഉള്ളത്.

വിവിധ മുന്നണികള്‍ ഇറക്കിയ പ്രകടനപത്രിക ജനങ്ങള്‍ പരിശോധിക്കണം. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചു എന്നുള്ളത് ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. ഇത്തവണ വീണ്ടും ഇടതുപക്ഷം പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ സാക്ഷാത്കരിക്കും എന്നുള്ളതിന് ഒരു സംശയവുമില്ല. നടപ്പിലാക്കാന്‍ സാധിക്കുന്നത് മാത്രമേ ഇടതുമുന്നണി പറയുകയുള്ളൂ. മറ്റു മുന്നണികള്‍ മുന്‍കാലങ്ങളില്‍ ഇറക്കിയ പ്രകടനപത്രികകള്‍ നോക്കണം. അവര്‍ അതിനെ പ്രചാരണപത്രിക മാത്രമായാണ് കാണുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എല്‍ ഡി എഫിനാകട്ടെ പ്രകടന പത്രിക പ്രവര്‍ത്തന പത്രികയാണ്.

സത്യം പറയുന്ന ഇടതുപക്ഷവും അസത്യം മാത്രം പറയുന്ന വലതുപക്ഷവും തമ്മിലാണ് ഇവിടെ മത്സരം. ഉദാഹരണം ചൂരല്‍മലയില്‍ വീടുകള്‍ക്ക് അടിത്തറ പണിതുകഴിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുകയുണ്ടായി. വീട് വെക്കാനുള്ള സ്ഥലം മേടിക്കാന്‍ പോകുന്നതായാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. ഇത്തരത്തില്‍ എത്രയെത്ര സത്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുള്ളത്. വി ഡി സതീശന് പ്രയാസം ഉണ്ടാക്കുന്നതാണ് നുണ പറയുന്നു എന്ന വാചകം. നിരന്തരം സത്യമല്ലാത്ത കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ നേതാവിന്റെ ആശ്വാസത്തിന് നമുക്ക് അസത്യം പറയുന്ന പ്രതിപക്ഷ നേതാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

Content Summary: Development and welfare to fuel LDF’s hat-trick win: cpim leader M.A. Baby on Kerala elections

Leave a Reply

Your email address will not be published. Required fields are marked *

×